സ്വാമി വിവേകാനന്ദന്‍

യമനിയമങ്ങളെപ്പറ്റി പറഞ്ഞു. ഇനി ആസനം. ഇതില്‍ അറിഞ്ഞിരിക്കേണ്ട ഒറ്റസ്സംഗതി, നെഞ്ചും തോളും തലയും നേരെനിര്‍ത്തി ശരീരത്തെ സ്വസ്ഥമായിരിക്കാന്‍ വിട്ടേക്കുക എന്നതാണ്. പിന്നെ പ്രാണായാമമാണ്. പ്രാണനെന്നതു ശരീരത്തിലെ ജീവശക്തികളാകുന്നു. ആയാമമെന്നാല്‍ നിയന്ത്രണം. പ്രാണായാമം മൂന്നു വിധത്തിലുണ്ട്; മൃദു, മധ്യമം, അധിമാത്രം. പൂരക-കുംഭക-രേചകങ്ങളെന്ന മൂന്നു വിഭാഗങ്ങളും ഇതിനുണ്ട്. പന്ത്രണ്ടുമാത്ര കൊണ്ടാരംഭിക്കുന്നത് മൃദു: ഇരുപത്തിനാലുകൊണ്ടു മധ്യമം: മുപ്പത്താറുകൊണ്ട് അധിമാത്രം. മൃദു പ്രാണായാമത്തില്‍ ശരീരത്തിനു സ്വേദവും (വിയര്‍ക്കലും) മധ്യമത്തില്‍ കമ്പനവും (വിറയലും) ഉത്തമത്തില്‍ ആസനത്തില്‍ നിന്നുത്ഥാനവും (ഇരിക്കുന്ന ഇരിപ്പില്‍നിന്നു തനിയേ ഉയര്‍ന്നു പോകലും) അത്യാനന്ദത്തിന്റെ ആവേശവുമുണ്ടാകും. ഗായത്രി എന്നൊരു വിശുദ്ധവേദമന്ത്രമുണ്ട്; ‘ഈ ജഗത്തിനെ ഉളവാക്കിയ സവിതാവിന്റെ മഹിമയെ ഞങ്ങള്‍ ധ്യാനിക്കുന്നു. ആ ദേവന്‍ ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കേണമേ.’ ഇതിന്റെ ആദിയിലും അന്തത്തിലും പ്രണവം ചേര്‍ക്കണം. ഒരു പ്രാണായാമത്തില്‍ മൂന്നുരു ഗായത്രി ജപിക്കുക. യോഗഗ്രന്ഥങ്ങളെല്ലാം പ്രാണായാമത്തെ രേചക-പൂരക-കുംഭകങ്ങളെന്നു മൂന്നായി ഭാഗിച്ചിട്ടുണ്ട്.

ഇന്ദ്രിയങ്ങള്‍ പുറത്തുപോയി വിഷയങ്ങളോടു ബന്ധിക്കുന്നു. അവയെ മനഃശക്തിക്കു വശപ്പെടുത്തുകയാണു പ്രത്യാഹാരം: പ്രത്യാഹാരമെന്ന പദത്തിന്റെ അര്‍ത്ഥം തന്നിലേക്ക് ഒതുക്കുകയെന്നാണ്. മനസ്സിനെ ഹൃദയകമലത്തിലോ ശിരോ മധ്യത്തിലോ ചേര്‍ത്തു നിര്‍ത്തുന്നതിനു ധാരണ എന്നു പേര്‍. മനസ്സ് ഏതെങ്കിലും ഒരു സ്ഥാനത്തൊതുങ്ങി, അവിടം ചുവടായി ഒരേതരം മനോവൃത്തികള്‍ ഉയരുന്നു. ഇവ വിജാതീയ ഹൃദയവൃത്തികളില്‍ മുങ്ങിപ്പോകാതെ ക്രമേണ പൊങ്ങി വരുന്നു. അതോടെ വിജാതീയവൃത്തികളെല്ലാം പിന്‍വാങ്ങി, ഒടുവില്‍ മറയുന്നു. പിന്നെ സജാതീയവൃത്തികളുടെ ബാഹുല്യവും കുറഞ്ഞ് ഒക്കെക്കൂടെ ഒന്നായി മനസ്സില്‍ ഒരേ ഒരു വൃത്തിമാത്രം ശേഷിക്കുന്നു. ഇതാണു ധ്യാനം. അവലംബമൊന്നും വേണ്ടെന്നാകുമ്പോള്‍. മനസ്സാകെ ഏകവൃത്തിയായി ഏകരൂപമായി പരിണമിക്കുമ്പോള്‍ അതിനു സമാധിയെന്നു പേര്‍. സ്ഥാനമോ കേന്ദ്രമോ കൂടാതെ നിരാലംബമായ ഈ അവസ്ഥയില്‍ അര്‍ത്ഥസ്ഫുരണമേ ഉള്ളു. മനസ്സിനെ ഏതെങ്കിലും ഒരു സ്ഥാനത്തു പന്ത്രണ്ടു മാത്ര (സെക്കന്റ്) നേരത്തേക്കു നിര്‍ത്തിയാല്‍ ഒരു ധാരണയാകും: അങ്ങനെ പന്ത്രണ്ടു ധാരണ കൂടിയാല്‍ ഒരു സമാധിയുമാകും.

ചിലേടത്തുവെച്ചു യോഗം അഭ്യസിച്ചുകൂടാ: തീയോ വെള്ളമോ ഉള്ളിടം, കരിയില ചിതറിക്കിടക്കുന്നിടം പുറ്റുകളോ ദുഷ്ടജന്തുക്കളോ അപകടമോ ഉള്ളിടം, പെരുവഴി കൂടുന്നിടം, അധികം ശബ്ദമുള്ളിടം, വളരെ ദുഷ്ടന്മാരുള്ളിടം – ഇവിടങ്ങളില്‍വെച്ചു യോഗം അഭ്യസിക്കരുത്. ഈ പറഞ്ഞത് അധികവും ഭാരതഭൂമിയെ സംബന്ധിക്കുന്നതാണ്. ദേഹത്തിനു വളരെ ആലസ്യമോ അസുഖമോ തോന്നുമ്പോഴും അഭ്യസിക്കരുത്. നല്ലതുപോലെ മറഞ്ഞ് ആളുകള്‍ വന്നുപദ്രവമുണ്ടാക്കാത്ത സ്ഥലമാണു വേണ്ടത്. എന്നാല്‍ അതു മലിനമായിരിക്കരുത്. പ്രകൃതിസൗന്ദര്യമുള്ള പ്രദേശംതന്നെ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ സ്വന്തം ഗൃഹത്തില്‍ സുന്ദരമായ ഒരു മുറിയായിക്കൊള്ളട്ടെ. അഭ്യാസം ആരംഭിക്കുമ്പോള്‍ പൂര്‍വ്വയോഗീശ്വരന്മാരെയും സ്വഗുരുവിനെയും ഈശ്വരനെയും വന്ദിക്കുക.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 8. പേജ് 231-233]