സ്വാമി വിവേകാനന്ദന്‍

16. തത്പരം പുരുഷഖ്യാതേര്‍ഗുണവൈതൃഷ്ണ്യം.
പരം തത് = പരമായ ആ വൈരാഗ്യം, പുരുഷഖ്യാതേഃ = പുരുഷ (സ്വരൂപത്തെ സംബന്ധിച്ചു) ഖ്യാതിയില്‍നിന്ന് (ജ്ഞാനത്തിന്റെ അഭ്യാസബലംകൊണ്ട്, അതായത് ധര്‍മ്മമേഘമെന്നു പേരുള്ള ധ്യാനത്തില്‍നിന്ന് ഉണ്ടാകുന്നു.) (തസൈ്യവ ഫലീ ഭൂതം = പുരുഷജ്ഞാനത്തിന്റെതന്നെ ഫലമാണ്) ഗുണവൈ തൃഷ്ണ്യം = ഗുണകാര്യങ്ങളിലും ഗുണങ്ങളില്‍പ്പോലുമുള്ള വൈതൃഷ്ണ്യം (തൃഷ്ണയില്ലായ്മ).

പുരുഷജ്ഞാനാഭ്യാസത്തിന്റെ ഫലവും ഗുണങ്ങളെക്കൂടി നിരസിക്കുന്നതുമാണു പരവൈരാഗ്യം.

ഗുണത്രയത്തോടുള്ള ആകര്‍ഷണത്തെപ്പോലും ത്യജിക്കുമ്പോഴാണു വൈരാഗ്യത്തിന്റെ അത്യുത്കടമായ അഭിവ്യക്തി, പരവൈരാഗ്യം. പുരുഷന്‍ (ആത്മാവ്) എന്താണെന്നും, ഗുണങ്ങള്‍ എന്താണെന്നും നാം ആദ്യമേ മനസ്സിലാക്കേണ്ടതുണ്ട്. യോഗശാസ്ത്രപ്രകാരം സമസ്തപ്രകൃതിയും തമസ്സ്, സത്ത്വം, രജസ്സ് എന്ന മൂന്നു ഗുണങ്ങള്‍ അഥവാ ശക്തിവിശേഷങ്ങള്‍ ചേര്‍ന്നതാണ്. സ്ഥൂല പ്രപഞ്ചത്തില്‍ ഈ മൂന്നു ഗുണങ്ങളും യഥാക്രമം അന്ധകാരം (അജ്ഞാനം) അഥവാ അകര്‍മ്മം ആയിട്ടും, ആകര്‍ഷണമോ നിരസനമോ ആയിട്ടും, ഇവ രണ്ടിന്റെയും സമത്വമായിട്ടും അഭിവ്യക്തമാകുന്നു. പ്രാകൃതികമായ സമസ്തഭാവങ്ങളും ഈ ത്രിഗുണങ്ങള്‍ സംഘടിച്ചും വിഘടിച്ചും പുനഃസംഘടിച്ചും ഉണ്ടായതാണ്. സാംഖ്യന്മാര്‍ പ്രകൃതിയെ പലതത്ത്വങ്ങളായി വിഭജിച്ചിട്ടുണ്ട്. ഈ പ്രകൃതി വികൃതികള്‍ക്കെല്ലാം അതീതമാണു മനുഷ്യന്റെ ആത്മസ്വരൂപം. അതു ചൈതന്യമാത്രവും ശുദ്ധവും പൂര്‍ണ്ണവുമാകുന്നു. പ്രകൃതി യില്‍ ചേതനമായി കാണപ്പെടുന്നതെല്ലാം ആത്മചൈതന്യത്തിന്റെ പ്രതിബിംബമാണ്. പ്രകൃതി സ്വതേ അചേതനമാകുന്നു. പ്രകൃതി എന്നു പറയുന്നതില്‍ മനസ്സും അന്തര്‍ഭവിക്കുന്നുവെന്നോര്‍ക്കണം. ചിത്തം പ്രകൃതിവികാരമാണ്, എല്ലാ ചിത്തവൃത്തികളും പ്രാകൃതികമാണ്. വിചാരംമുതല്‍ ഏറ്റവും സ്ഥൂലമായ മൂര്‍ത്തദ്രവ്യംവരെയുള്ള സര്‍വ്വപദാര്‍ത്ഥങ്ങളും പ്രകൃതിയിലന്തര്‍ഭവിക്കുന്നു. എല്ലാം പ്രകൃതിവികാരങ്ങളാണ്. ഈ പ്രകൃതി ആത്മാവിനെ ആവരണം ചെയ്തിരിക്കുന്നു. ഈ ആവരണത്തെ പ്രകൃതിതന്നെ എപ്പോള്‍ നീക്കുന്നുവോ, അപ്പോള്‍, ആത്മസ്വരൂപം സ്വകീയമഹിമയില്‍ പ്രകാശിക്കുന്നു. പതിനഞ്ചാം സൂത്രത്തില്‍ വിവരിച്ച വശീകാരസംജ്ഞ മായ അപരവൈരാഗ്യം അദ്ധ്യാത്മപ്രസാദത്തിന് അത്യന്തസഹായമാകുന്നു.

ചിത്തവൃത്തിനിരോധരൂപമായ സമാധിയാണു യോഗിയുടെ ലക്ഷ്യം. അതിന്റെ ലക്ഷണം പ്രതിപാദിക്കുന്നു;

17. വിതര്‍ക്കവിചാരാനന്ദാസ്മിതാനുഗമാത് സംപ്രജ്ഞാതഃ.
വിതര്‍ക്കവിചാരാനന്ദാസ്മിതാനുഗമാത് = വിതര്‍ക്കം, വിചാരം, ആനന്ദം, അസ്മിത ഇവയാല്‍ അനുഗതമായിട്ട്, സംപ്രജ്ഞാതഃ = സംപ്രജ്ഞാതസമാധി ഉണ്ടാവുന്നു.
വിതര്‍ക്കം, വിചാരം, ആനന്ദം. അസ്മിത ഇവ തുടര്‍ന്നു നില്ക്കുന്നതുകൊണ്ടു സംപ്രജ്ഞാതസമാധി (നാലുതരം).

സമാധിയെ സംപ്രജ്ഞാതമെന്നും അസംപ്രജ്ഞാതമെന്നും രണ്ടുവിധമായി തിരിച്ചിട്ടുണ്ട്. സംപ്രജ്ഞാതം എന്ന സമാധിയിലാണു പ്രകൃതിയെ നിയന്ത്രിക്കാനുള്ള സര്‍വ്വശക്തികളും സിദ്ധിക്കുന്നത്. ആ സമാധിയും നാലുവിധമുണ്ട്. അതില്‍ പ്രഥമമായ സവിതര്‍ക്കസമാധിയില്‍ മനസ്സ് ഒരു വിഷയത്തെ ഇതരവിഷയങ്ങളില്‍ നിന്നു വേര്‍പെടുത്തി അനുസന്ധാനം ചെയ്യുന്നു. സാംഖ്യന്മാരുടെ ഇരുപത്തഞ്ചു തത്ത്വങ്ങളില്‍ രണ്ടുതരം ധ്യാനവിഷയങ്ങളുണ്ട്. (1) അചേതനങ്ങളായ ഇരുപത്തിനാലു പ്രകൃതിതത്ത്വങ്ങള്‍ (2) ചേതനമായ ഏകതത്ത്വം, പുരുഷന്‍. യോഗശാസ്ത്രത്തിലെ ഈ പ്രകരണം സര്‍വ്വഥാ സാംഖ്യദര്‍ശനത്തെയാണ് അനുസരിക്കുന്നതെന്നു ഞാന്‍ മുമ്പേ പറഞ്ഞു. ബുദ്ധി, അഹങ്കാരം, മനസ്സ് എന്നീ കരണങ്ങള്‍ അവയ്ക്കു സാമാന്യാശ്രയമായ ചിത്തത്തില്‍നിന്നുണ്ടായതാണെന്നു ഞാന്‍ നേരത്തെ പറഞ്ഞതും ഓര്‍മ്മയുണ്ടല്ലോ. ഈ അന്തഃകരണം പ്രകൃതിശക്തികളെ സമാഹരിച്ചു വിചാരരൂപേണ പ്രസരിപ്പിക്കുന്നു. ഇനി, ഇതുപോലെതന്നെ ദ്രവ്യത്തിനും (Matter) പ്രാണനും (Energy) സാമാന്യമായ ഒരു മൂലവസ്തു ഉണ്ടായിരിക്കണം. അതാണ് അവ്യക്തം. സൃഷ്ടിക്കുമുമ്പുള്ള പ്രകൃതിയുടെ അവ്യാകൃതാവസ്ഥയാണിത്. കല്പാന്തത്തില്‍ സമസ്തകാര്യപ്രപഞ്ചവും ഈ അവ്യക്തത്തില്‍ ലയിക്കുകയും അടുത്ത കല്പാദിയില്‍ എല്ലാം വീണ്ടും ആവിര്‍ഭവിക്കുകയും ചെയ്യുന്നു. ഈ അവ്യക്തത്തിനും അപ്പുറമാണു ചിന്മാത്രനായ പുരുഷന്‍. ജ്ഞാനമാണു നിയന്ത്രണശക്തി (ഈശിത്വം). നാം ഒരു വസ്തുവിനെ അറിയുന്നതോടുകൂടി നമുക്ക് അതിന്‌മേല്‍ നിയന്ത്രണം സിദ്ധിക്കുന്നു. അങ്ങനെ വിവിധ ഭൂതങ്ങളെയും അനുസന്ധാനം ചെയ്യുന്ന ചിത്തത്തിന് അവയുടെ മേല്‍ ഈശിത്വം സിദ്ധിക്കും. ഏതു സമാധിയില്‍ സ്ഥൂലഭൂതങ്ങള്‍ ധ്യാനവിഷയമാകുന്നുവോ, അതിനെ സവിതര്‍ക്കസമാധി എന്നു പറയുന്നു. വിതര്‍ക്കം എന്നതിനു വിജിജ്ഞാസ (അഥവാ അന്വീക്ഷ) എന്നര്‍ത്ഥം. വിതര്‍ക്കസഹിതമായതു സവിതര്‍ക്കം. ധ്യേയഭൂതങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളും ശക്തികളും ധ്യാതാവിനു സാക്ഷാത്കരിക്കുവാന്‍ അവയെ തര്‍ക്കവിധേയമാക്കും പോലെയാണ് ഈ അനുസന്ധാനം. ഇതില്‍നിന്നു പല യോഗസിദ്ധി(വിഭൂതി)കളും സമ്പാദിക്കാം. എന്നാല്‍ അതു കൊണ്ടൊന്നും മുക്തി ലഭിക്കില്ല. അതു ലോകഭോഗങ്ങളെ തേടുകമാത്രമാണ്. ഈ ജീവിതത്തില്‍ വാസ്തവമായ സുഖമില്ലെന്നും സുഖാന്വേഷണങ്ങളെല്ലാം വ്യര്‍ത്ഥമാണെന്നും അനാദികാലംമുതല്‌ക്കേ മനുഷ്യനെ പഠിപ്പിക്കാന്‍ ശ്രമിച്ചുവരുന്നതാണ്. എന്നാല്‍ അവനതു മനസ്സിലാക്കാന്‍ പ്രയാസം. ഈ വസ്തുത എപ്പോള്‍ ബോധ്യമാകുന്നുവോ, അപ്പോള്‍ അവന്‍ ഈ ലോകബന്ധത്തെ ത്യജിച്ചു മുക്തനായിത്തീരുന്നു. നിഗൂഢ ശക്തികള്‍ എന്നു പറയുന്ന യോഗസിദ്ധികളുടെ സമ്പാദനം കൊണ്ടു ലോകബന്ധം ദൃഢതരമാവുകയേ ഉള്ളു. അതിന്റെ ഫലമാകട്ടെ, ഭൂയിഷ്ഠമായ ദുഃഖവും. ശ്രീ പതഞ്ജലിമഹര്‍ഷിക്ക്, ഒരു ദാര്‍ശനികന്റെ നിലയില്‍, ഈ ശാസ്ത്രത്തിന്റെ വിവിധസാദ്ധ്യതകളെ ചൂണ്ടിക്കാണിച്ചുതരേണ്ട ചുമതലയുണ്ട്. എന്നാല്‍ അതോടൊപ്പം അവ ആപത്കരമാണെന്നു മുന്നറിവു തരാനും അദ്ദേഹം ഒരിക്കലും മറക്കുന്നില്ല.

മേല്‍പ്പറഞ്ഞ ധ്യാനത്തില്‍ത്തന്നെ, സ്ഥൂലഭൂതങ്ങളെ കാലദേശങ്ങളില്‍നിന്നു വേര്‍പെടുത്തി സ്വരൂപമാത്രമായി അനുസന്ധാനം ചെയ്യുന്നതു നിര്‍വ്വിതര്‍ക്ക സമാധിയാകുന്നു. വിതര്‍ക്കമില്ലാത്തതു നിര്‍വ്വിതര്‍ക്കം. ഇനി, ധ്യാനം ഒരു പടികൂടി ഉയര്‍ന്ന്, ധ്യേയവസ്തു കാലദേശാപേക്ഷയോടുകൂടിയ തന്മാത്രകള്‍ (സൂക്ഷ്മഭൂതങ്ങള്‍) ആകുമ്പോള്‍ അതിനെ സവിചാരം (വിചാരത്തോടുകൂടിയത്) എന്നു പറയുന്നു. ഈ ധ്യാനത്തില്‍ത്തന്നെ ധ്യേയമായ സൂക്ഷ്മഭൂതങ്ങളെ കാലദേശങ്ങളില്‍നിന്നു പൃഥക്കരിച്ചു സ്വരൂപമാത്രമായി അനുസന്ധാനം ചെയ്യുമ്പോള്‍ നിര്‍വ്വിചാരം: അതായത്, വിചാരത്തോടു കൂടാത്തത്. അടുത്തപടി, സ്ഥൂലവും സൂക്ഷ്മവുമായ ഭൂതവിഷയങ്ങളെ വിട്ട് അന്തഃകരണം, അതായത് വിചാരേന്ദ്രിയം (ബുദ്ധിസത്ത്വം) തന്നെ ധ്യാനവിഷയമാകുമ്പോഴുള്ളതാകുന്നു. രജസ്തമോവിമുക്തമായ ബുദ്ധിസത്വം ധ്യേയമാകുമ്പോള്‍ ആ സമാധിയെ സാനന്ദം (ആനന്ദത്തോടുകൂടിയത്) എന്നു പറയുന്നു. ശുദ്ധസത്ത്വമായ അന്തഃകരണത്തെ വിഷയീകരിക്കുന്ന ധ്യാനം അത്യന്തം പക്വവും ഏകാഗ്രവുമാകുമ്പോള്‍, സ്ഥൂലവും സൂക്ഷ്മവുമായ മറ്റെല്ലാപ്രത്യയ ങ്ങളും വിട്ട്, സാത്ത്വികമായ അഹംപ്രത്യയം (അഹം അസ്മി, ഞാന്‍ ഉണ്ട് – എന്ന വൃത്തി) മാത്രം ഇതരവിഷയവിവിക്തമായി ശേഷിക്കുന്നു. ധ്യാനത്തിന്റെ ഈ പരിണാമത്തെ സാസ്മിതാസമാധി എന്നു പറയുന്നു. ഈ സമാധി സിദ്ധിച്ച യോഗിയെ ‘വിദേഹന്‍’ എന്നാണു വേദങ്ങളില്‍ പറയുന്നത്. അയാള്‍ക്കു തന്നെപ്പറ്റി സ്ഥൂല ശരീരമില്ലാത്ത നിലയില്‍ ഭാവിക്കാന്‍ കഴിയുമെങ്കിലും തനിക്കൊരു സൂക്ഷ്മശരീരമുണ്ടെന്ന് അപ്പോഴും വിചാരിക്കേണ്ടിവരും. ഈ അവസ്ഥയില്‍, ലക്ഷ്യപ്രാപ്തിക്കുമുമ്പു പ്രകൃതിയില്‍ ലയിച്ചുപോകുന്ന യോഗികളെ ‘പ്രകൃതിലയന്മാര്‍’ എന്നു പറയുന്നു. ഇവിടെയും നില്ക്കാതെ പിന്നെയും മുമ്പോട്ടു പോകുന്നവരാണു യോഗലക്ഷ്യമായ കൈവല്യം പ്രാപിക്കുന്നത്.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍. പേജ് 257-261]