ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 34

ക്ഷേത്രക്ഷേത്രജ്ഞയോരേവ-
മന്തരം ജ്ഞാനചക്ഷുഷാ
ഭൂതപ്രകൃതി മോക്ഷം ച
യേ വിദുര്‍യാന്തി തേ പരം.

ഇപ്രകാരം ക്ഷേത്രക്ഷേത്രജ്ഞന്മാര്‍ തമ്മിലുള്ള അന്തരത്തേയും ജീവരാശികള്‍ക്ക് പ്രകൃതിബന്ധത്തില്‍ നിന്നുള്ള മോക്ഷത്തേയും വിവേകജ്ഞാനലക്ഷണമായിരിക്കുന്ന കണ്ണുകൊണ്ട് ആരറിയുന്നുവോ അവര്‍ പരമപദത്തെ പ്രാപിക്കുന്നു.

അല്ലയോ ശബ്ദതത്ത്വസാരജ്ഞാനായ അര്‍ജ്ജുന, ക്ഷേത്രവും ക്ഷേത്രജ്ഞനും തമ്മിലുള്ള അന്തരം, അഥവാ പ്രകൃതിയും പുരുഷനും തമ്മിലുള്ള വ്യത്യാസം അനുഭഗോചരമാകുന്ന പ്രജ്ഞാശക്തിക്ക് മാത്രമേ, പുരുഷനും പ്രകൃതിക്കും അപ്പുറത്തുള്ള ദിവ്യമായ അനന്തതയെപ്പറ്റി ഗ്രഹിക്കുന്നതിന് സാധ്യമാവുകയുള്ളൂ. ഈ അന്തരം മനസ്സിലാക്കുന്നതിനുവേണ്ടി സത്യാന്വേഷികള്‍ ഇപ്രകാരമുള്ള പ്രജ്ഞാശക്തിക്കുടമകളായ ജ്ഞാനികളുടെ പടിവാതില്‍ തേടിയെത്തി അവരെ ആരാധിക്കുന്നു. ഇതിനുവേണ്ടിത്തന്നെയാണ് ബുദ്ധിമാന്‍മാര്‍ അവരുടെ ഗേഹത്തില്‍ ശാസ്ത്രമാകുന്ന ഗോക്കളെ വളര്‍ത്തി ദോഹനം ചെയ്തു ശാന്തിസമ്പത്ത് സമ്പാദിക്കുന്നതും. ക്ഷേത്രക്ഷേത്രജ്ഞ വ്യത്യാസം അറിയാനായി യോഗികള്‍ ഏകാഗ്രചിത്തരായി യോഗാകാശത്തില്‍ ഒഴുകി നടക്കുന്നു. ഇതിന് തന്നെയായി മറ്റു ചിലര്‍ സമസ്ത ശരീരാദി സമ്പത്തും തൃണവല്‍ഗണിച്ചു മഹാത്മാക്കളുടെ പാദപൂജനടത്തി അവരുടെ പാദുകങ്ങള്‍ ശിരസ്സിലേറ്റി നടക്കുന്നു. ഇവരെല്ലാം ഈ അറിവിനുവേണ്ടി സകല സങ്കല്‍പങ്ങളേയും ഉപേക്ഷിച്ച് അന്തഃകരണസ്ഥൈര്യത്തോടെ അനവരതം പ്രയത്നിക്കുകയാണ്. അവര്‍ അവസാനം ക്ഷേത്രവും ക്ഷേത്രയജ്ഞനും തമ്മിലുള്ള വ്യത്യാസം അതിന്‍റെ യഥാര്‍ത്ഥരൂപത്തില്‍ കണ്ടെത്തുന്നു. പ്രിയപ്പെട്ട അര്‍ജ്ജുനാ, അങ്ങനെയുള്ളവരെ എത്ര അഭിനന്ദിച്ചാലും എനിക്ക് മതിവരുകയില്ല. അവര്‍ക്ക് എന്‍റെ ജ്ഞാനദീപം കൊണ്ട് ഞാന്‍ ആരതി ഉഴിയുന്നു. പ്രകൃതി, പുരുഷനില്‍ നിന്നും തികച്ചും വ്യത്യസ്തമാണെന്നും പ്രകൃതി പഞ്ചഭൂതങ്ങള്‍ വഴിയായി വിവിധരൂപങ്ങളില്‍കൂടി പ്രപഞ്ചത്തിലൊട്ടാകെ വ്യാപിച്ചിരിക്കുന്നുവെന്നും അവര്‍ ബോധവാന്മാരാകുന്നു. ശുകനളികന്യായേന ഒരോരുത്തരും പ്രകൃതിയില്‍ (മായയില്‍ – അജ്ഞാനത്തില്‍) മുറുകിപ്പിടിച്ചു തൂങ്ങിക്കിടക്കുകയാണെന്നുള്ള വാസ്തവം അവര്‍ മനസ്സിലാക്കുന്നു. പൂമാല സര്‍പ്പമാണെന്നു തോന്നിയ മനോഭ്രാന്തി മറയുന്നത് പോലെ, അഥവാ മുത്തുചിപ്പി വെള്ളിയാണെന്നുള്ള അബദ്ധധാരണ അസ്തമിക്കുന്നതുപോലെ, പുരുഷന്‍ പ്രകൃതിയില്‍നിന്നു തികച്ചും ഭിന്നനാണെന്നറിയുന്നവന്‍ പരബ്രഹ്മവുമായി ഐക്യം പ്രാപിക്കുന്നു. ഈ പരബ്രഹ്മം വാനത്തേക്കാള്‍ വ്യാപ്ത്മാണ്. അവ്യക്തപ്രകൃതിയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്താണ്. അതു കൈവരിക്കുന്നവന് സാമ്യാസാമ്യത്തിന്‍റെ അനുഭവം ഉണ്ടാവുകയില്ല. എല്ലാ രൂപങ്ങളെയും സ്വത്വാഭിമാനത്തേയും ദ്വദ്വഭാവത്തേയും വെടിഞ്ഞു അതു അദ്വയരൂപത്തില്‍ സ്ഥിതിചെയ്യുന്നു. ഇപ്രകാരം ആത്മാവിനെയും അനാത്മാവിനെയും തമ്മില്‍ വിവേചിച്ച് അറിയാന്‍ കഴിയുന്നവര്‍ പാലും വെള്ളവും ചേര്‍ന്ന മിശ്രിതത്തില്‍ നിന്ന് പാലിനെ വേര്‍തിരിക്കാന്‍ കഴിയുന്ന രാജഹംസങ്ങളെപ്പോലെയാണ്.

ജ്ഞാദേവന്‍ പറയുന്നു:

ഇപ്രകാരം തന്‍റെ ആത്മസുഹൃത്തായ അര്‍ജ്ജുനന് പ്രകൃതിയും പുരുഷനും തമ്മിലുള്ള നിഗൂഡതയുടെ തതത്വങ്ങള്‍ ഭഗവാന്‍ സ്പഷ്ടമായി വെളിവാക്കിക്കൊടുത്തു. ഒരു പാനപാത്രത്തില്‍നിന്ന് നിന്ന് മറ്റൊരു പാനപാത്രത്തിലേക്ക് ജലം പകരുന്നതുപോലെയാണ് ഭഗവാന്‍ ഇതു ചെയ്തത്. എന്നാല്‍ ആര് ആര്‍ക്കാണ് പകര്‍ന്നു കൊടുത്തത് ? നരനായ അര്‍ജുജുനനും നാരായണനായ കൃഷ്ണനും ഒന്ന് തന്നെയല്ലേ? ഞാന്‍ തന്നെയാണ് അര്‍ജ്ജുനന്‍ എന്ന് ഭഗവാന്‍ പറഞ്ഞിട്ടില്ലേ? ചുരുക്കത്തില്‍ പറഞ്ഞാല്‍ ഭഗവാന്‍ തന്‍റെ പക്കലുണ്ടായിരുന്നതെല്ലാം അര്‍ജ്ജുനനു കൊടുത്തു. എന്നിട്ടും അര്‍ജുനനു തൃപ്തിയായില്ല. അവന്‍ ഭഗവാന്‍റെ ഉപദേശങ്ങള്‍ കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചു. വിളക്കില്‍ കൂടുതലായി എണ്ണയൊഴിക്കുമ്പോള്‍ അത് ആളിക്കത്തുന്നു. അതുപോലെ ശ്രദ്ധകൂടുംതോറും അര്‍ജ്ജുനന്‍റെ മനസ്സില്‍ കേള്‍ക്കുന്നതിനുള്ള ആഗ്രഹവും വര്‍ദ്ധിച്ചു. പാചകത്തിലും ആതിഥ്യമര്യാദയിലും നിപുണയായ ഒരു വീട്ടമ്മയുടെ പാടവത്തെ അഭിനന്ദിക്കുന്ന അതിഥികള്‍ ഭുജിക്കാനുണ്ടെങ്കില്‍ ഇരുകൂട്ടരും ആഹ്ലാദഭരിതരാകും. ഭഗവാന്‍ കൃഷ്ണന്‍റെ ചേതോവികാരം അപ്രകാരമായിരുന്നു. ശ്രദ്ധിക്കുന്നതിലുള്ള അര്‍ജുനന്‍റെ ജാഗ്രത മനസ്സിലാക്കി അദ്ദേഹം കൂടുതല്‍ താല്‍പര്യത്തോടെ വിശദീകരിക്കാനും തുടങ്ങി. അനുകൂലമായ കാറ്റ് മേഘങ്ങളെ തടുത്തുകൂട്ടി മഴപെയ്യിക്കുന്നതുപോലെയോ പൗര്‍ണമി നാളില്‍ വാരിധി വേലിയേറ്റം കൊണ്ട് ഉയരുന്നതുപോലെയോ ശ്രോതാവിന്‍റെ ഔത്സുക്യം വക്താവിന്‍റെ വാചാലതയെ പ്രചോദിപ്പിക്കും.

സഞ്ജയന്‍ പറഞ്ഞു. അല്ലയോ മഹാരാജാവേ പ്രപഞ്ചത്തെ മുഴുവന്‍ പ്രഹര്‍ഷത്തിലാഴ്ത്തുന്ന ഭഗവാന്‍റെ പ്രഭാഷണം ശ്രദ്ധിച്ചുകേട്ടാലും.

അസാമാന്യമായ പാടവത്തോടെ ഈ പ്രഭാഷണം വ്യാസമഹര്‍ഷി ഭീഷമപര്‍വതത്തില്‍ വിവരിച്ചിക്കുകയാണ്.

ജ്ഞാനദേവന്‍ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു;

മനോഹരമായ മറാത്തിയില്‍ ഓവിവൃത്തത്തില്‍, ഞാന്‍ ഇതു നിങ്ങളെ വിശദമായി പറഞ്ഞുകേള്‍പ്പിക്കാം. അതിലുടനീളം തിങ്ങിനിറഞ്ഞിരിക്കുന്ന ശാന്തിരസത്തെ, ശൃംഗാരരസത്തേക്കള്‍ കൗതുകകരമായി ഞാന്‍ വിവരിക്കാം . പ്രാദേശികഭാഷയിലാണ് ഞാന്‍ വിശദീകരിക്കുന്നതെങ്കിലും അതിന്‍റെ ഭാഷാ രീതി മറാത്തിസാഹിത്യത്തിന് പ്രശസ്തിയുണ്ടാക്കിക്കൊടുക്കത്തവണ്ണം മനോജ്ഞമാക്കുകയും മാധുര്യത്തില്‍ അത് അമൃതിനെ വെല്ലുകയും ചെയ്യും അതിന്‍റെ കോമളവും ശീതളവുമായ ശൈലി കുമുദബാന്ധവന്‍റെ കുളിരിനോട് കിടപിടിക്കുന്നതായിരിക്കും . അതിന്‍റെ ഊര്‍ജ്ജസ്വലവും മുക്തകണ്ഠവുവുമായ നിനദം നാദബ്രഹ്മത്തെ മൂടിക്കളയും . അതു കേള്‍ക്കുന്ന പൈശാചികമനഃസ്ഥിതിയുള്ള അജ്ഞാനികളുടെ അന്തരംഗത്തില്‍പോലും സാത്വികവിചാരങ്ങളുടെ സ്രോതസ്സ് ഉറവെടുക്കും. അതു കേള്‍ക്കുന്ന സജ്ജനങ്ങള്‍ ദീര്‍ഘസമാധിയുടെ ആനന്ദം അനുഭവിക്കും. വാചാലമായ ഈ പ്രഭാഷണത്തില്‍ക്കൂടി ലോകത്തെയൊട്ടാകെ ഗീതാര്‍ത്ഥംകൊണ്ട് ഞാന്‍ നിറയ്ക്കും; ലോകത്തിനു ചുറ്റും ആനന്ദത്തിന്‍റെ സംരക്ഷണമതില്‍ നിര്‍മ്മിക്കും. ആത്മാനാത്മവിവേകത്തിന്‍റെ ദാരിദ്ര്യം നശിക്കട്ടെ. ചെവിയും മനസ്സും സ്വാര്‍ത്ഥകമായ അവയുടെ ലക്ഷ്യപ്രാപ്തി കൈവരിക്കട്ടെ. എല്ലാവരും എവിടെ നോക്കിയാലും ബ്രഹ്മവിദ്യയുടെ ഖനി ദര്‍ശിക്കട്ടെ. പരമാത്മാവിന്‍റെ ദര്‍ശനം എല്ലാവര്‍ക്കും ഉണ്ടാകട്ടെ.

എന്‍റെ ഗുരുവിന്‍റെ അനുഗ്രഹത്തിന് പാത്രമായിരിക്കുന്നത്‌ കൊണ്ട് ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പില്‍വരുത്തുന്നതിനാവശ്യമായ വിധത്തിലുള്ള പ്രഭാഷണമാണ് ഞാന്‍ നടത്താന്‍ പോകുന്നത്. ഗീതയിലടങ്ങിയിരിക്കുന്ന ഓരോ വാക്കും കാവ്യഭംഗി നിറഞ്ഞ ഭാഷയില്‍, അര്‍ത്ഥസമ്പുഷ്ടമായി, ഉപമകള്‍ ഉദ്രിക്തമായി ഉപയോഗിച്ചു ഞാന്‍ വിശദീകരിക്കാം. മഹാമനസ്കനായ എന്‍റെ ഗുരു എല്ലാ വിദ്യയിലും എന്നെ സമര്‍ത്ഥനാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കാരുണ്യം കൊണ്ട് മാത്രമാണ് എന്‍റെ വാക്കുകള്‍ക്കു നിങ്ങളുടെ അംഗീകാരം ലഭിക്കുന്നത്. നിങ്ങളെപ്പോലെയുള്ള മഹത്തുക്കളുടെ സദസ്സില്‍ ഗീതാവ്യാഖ്യാനം നടത്താനുള്ള എന്തെങ്കിലും അര്‍ഹത എനിക്കുണ്ടെങ്കില്‍ അത് എന്‍റെ ഗുരുവിന്‍റെ കൃപാകടാക്ഷം ഒന്ന് കൊണ്ട് മാത്രം നേടിയതാണ്. ഞാന്‍ നിങ്ങളുടെ കാലടികളെ ശരണം പ്രാപിച്ചിരിക്കുന്നതുകൊണ്ട് ഇക്കാര്യത്തില്‍ എനിക്കു യാതൊരു തടസവും ഉണ്ടാവുകയില്ല. വിദ്യാദേവതയ്ക്ക് മൂകനായ മകന്‍ ജനിക്കുമോ? ലക്ഷ്മീദേവിയുടെ കൈത്തലത്തില്‍ ഭാഗ്യരേഖ തെളിയാതിരിക്കുമോ? പിന്നെ എങ്ങനെയാണ് നിങ്ങളെ ശരണം പ്രാപിച്ച ഒരുവനില്‍ അജ്ഞാനം നിലനില്‍ക്കുന്നത്‌? ആകയാല്‍ നവരസങ്ങളും സമൃദ്ധമായി കൂട്ടികലര്‍ത്തി അതിന്‍റെ ധാര എന്‍റെ പ്രഭാഷണം വഴി നിങ്ങളില്‍ തര്‍പ്പണം ചെയ്യാം

സമീപത്തിരുന്ന് ഗുരുവിനെ നോക്കി ജ്ഞാനേശ്വരന്‍ അത്യന്തം വിനീതനായി പറഞ്ഞു. അല്ലയോ ഗുരുദേവാ, എനിക്ക് അനുമതി തന്നാലും.

ഓം തത് സത്
ഇതി ശ്രീമദ് ഭഗവദ് ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാര്‍ജ്ജുനവിഭാഗയോഗോ നാമ
ത്രയോദശോഽദ്ധ്യായഃ

ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം എന്ന പരതിമൂന്നാം അദ്ധ്യായം കഴിഞ്ഞു.