ശ്രീ രമണമഹര്‍ഷി
ജനുവരി 2, 1937

പൊന്തിവരുന്ന ‘വ്യഷ്ടി – ഞാന്‍'(അഹന്ത) താഴുകയും ചെയ്യും. പൊന്തിവരാത്ത ‘സമഷ്ടി – ഞാന്‍’ (ആത്മാവു) പൊങ്ങുകയോ താഴുകയോ, അഥവാ ഉദിക്കുകയോ അണയുകയോ ചെയ്യുന്നില്ല.

വൈകിട്ട് അഞ്ചരമണിക്കു സ്വിസ്സ് വനിത ധ്യാനം നീണ്ടുപോകുമ്പോള്‍ തലവേദന ഉണ്ടാകുന്നു എന്ന് പരാതി പറഞ്ഞു.
രമണ മഹര്‍ഷി: ധ്യാനിക്കുന്നവനും ധ്യാനവും ഒന്നാണെന്നറിയുമ്പോള്‍ ഒരുപദ്രവവും ഉണ്ടാവുകയില്ല. ശാന്തി അനുഭവമാകും.

ചോ: അവ രണ്ടും രണ്ടല്ലേ? ഒന്നാണെന്നു തോന്നുന്നില്ലല്ലോ?

രമണ മഹര്‍ഷി: അതുകൊണ്ടാണ് നമ്മുടെ യഥാര്‍ത്ഥത്തെ നാമറിയണമെന്നു പറഞ്ഞത്. ദൈവസാമ്രാജ്യം നമ്മുക്കുള്ളിരിലിക്കുന്നു (The kingdom of heaven is within) എന്നു ബൈബിളില്‍ പറഞ്ഞിരിക്കുന്നതെന്തെന്നറിയണം. താന്‍ ദേഹമാണെന്നു കരുതുമ്പോഴേ അകം പുറമുള്ളൂ. “ദൃഷ്ടീം ജ്ഞാനമയിം കൃത്വാ പശ്യേത് ബ്രഹ്മമയം ജഗത്”. ജ്ഞാനക്കണ്ണു കൊണ്ടുനോക്കിയാല്‍ ജഗത്തിനെ ബ്രഹ്മമയമായികാണാം. അപ്പോള്‍ സര്‍വ്വവും തങ്കലുത്ഭവം എന്ന അനുഭവം പ്രകാശിക്കും. ഉറക്കത്തില്‍ എന്തെങ്കിലും ഭേദം തോന്നിയിരുന്നുവോ? ഭേദം സത്യമാണെങ്കില്‍ എപ്പോഴും ഉണ്ടായിരിക്കേണ്ടേ?

ചോ: ഉറക്കത്തില്‍ എങ്ങനെയിരുന്നെന്നാര്‍ക്കറിയാം.

മഹര്‍ഷി: അന്യവിഷയജ്ഞാനമറ്റ ഉറക്കമാണ് യഥാര്‍ത്ഥനില. അതാണാനന്ദമയം. അത് അപ്പോഴും എപ്പോഴും ഉണ്ട്. അതിനെ ജാഗ്രത്ത് – സുഷുപ്തി എന്ന് പറയുന്നു. (മോക്ഷസ്വരൂപം)

ചോ: പുനര്‍ജ്ജന്മം അഹന്തയ്ക്കല്ലേ?

മഹര്‍ഷി: അഹന്ത ഒന്നാണ് ശരീരാദികള്‍ അതില്‍ തോന്നിമറയുന്നു. ശരീരത്തെ വിട്ടു മറ്റൊരു ശരീരത്തില്‍ പോവുകയല്ല. തോന്നലുകളെല്ലാം തന്നുള്ളില്‍ നിന്നുമാണ്. സ്വപ്നത്തില്‍ നിങ്ങള്‍ സ്വപ്നലോകത്തു പോകുന്നുവോ അതോ നിങ്ങള്‍ക്കുള്ളില്‍ നിന്നും സ്വപ്നം തോന്നുന്നുവോ? നിങ്ങള്‍ വാഹനങ്ങളില്‍ കയറി ദേഹം അനങ്ങാതെ ദൂരദേശത്തു ചെന്നെത്തുന്നു. എന്നാലും നിങ്ങള്‍ പറയുന്നത് നിങ്ങള്‍ ചരിച്ചു എന്നാണ്. വാഹനങ്ങളുടെ ചലനം നിങ്ങളില്‍ ആരോപിതമായി. അതുപോലെ അഹന്ത മാറാതിരുന്നാലും ശരീരങ്ങളുടെ ഭേദത്തെ അഹന്തക്കു കല്പിക്കുന്നു.

സുഷുപ്തിയില്‍ ദേശകാല ഭേദമില്ല. സുഷുപ്തി കഴിഞ്ഞ് അഹന്ത അങ്കുരിച്ചതിനുശേഷം ദേശകാലഭേദമില്ല. അഹന്താരഹിതനായ ആത്മാവു അവസ്ഥാത്രയങ്ങളെ കടന്നവനാണ്. അവന്‍ കേവലജ്ഞാനമയനായിരിക്കുന്നു. ഇതിനെ ശ്രദ്ധിച്ചുകൊണ്ടിരുന്നതിനാല്‍ തന്‍റെ സാക്ഷാല്‍ സ്വരൂപനില മനസിലാക്കാം.

ചോ: എനിക്കിത് ശരിയായിട്ടു മനസിലാകുന്നില്ല.

മഹര്‍ഷി: അതു മനസിലാക്കാന്‍ വേണ്ടിയുള്ള ഒരു വിഷയമല്ല. അതു നീ തന്നെയാണെന്നിരിക്കെ ആര് എന്തിനെ മനസ്സിലാക്കാന്‍?