ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 1

പരംഭൂയഃ പ്രവക്ഷ്യാമി
ജ്ഞാനാനം ജ്ഞാനമുത്തമം
യജ്ജ്ഞാത്വാ മുനയഃ സര്‍വ്വേ
പരാം സിദ്ധിമിതോ ഗതാഃ

ഏതൊന്നറിഞ്ഞിട്ടാണോ മുനികളൊക്കെയും ദുഃഖമയമായ ഈ സംസാരബന്ധത്തില്‍ നിന്ന് വിമുക്തരായി പരമസത്യസ്വരൂപം പ്രാപിച്ചത്, എല്ലാ ജ്ഞാനങ്ങളിലും വെച്ച് ശ്രേഷ്ഠമായ പ്രസ്തുത പരമജ്ഞാനത്തെ വീണ്ടും നിനക്ക് ഞാന്‍ പറഞ്ഞു തരാം.

ഭഗവാന്‍ അരുളി: അല്ലയോ അര്‍ജ്ജുന, നിന്‍റെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചു ഈ ജ്ഞാനത്തെ ഗ്രഹിക്കുക. ഞാന്‍ ഇതിനോടകം ഇതേപ്പറ്റി വിവിധതരത്തില്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും നീ ശരിക്കും മനസ്സില്ലാക്കിയെന്നു തോന്നുന്നില്ല. പരാ എന്ന് വേദങ്ങള്‍ വിളിക്കുന്ന ഈ ജ്ഞാനത്തെപ്പറ്റി വീണ്ടും ഞാന്‍ പറയാം. ഈ ജ്ഞാനം നമ്മുടെതായിരുന്നു. എന്നാല്‍ ഇപ്പോള്‍ നമ്മുടേതല്ല. സ്വര്‍ഗ്ഗലോകം ഇതിനെ വളരെ താല്പര്യത്തോടെ അംഗീകരിച്ചു. അങ്ങനെ ഇത് ഇപ്പോള്‍ അവരുടെ വകയായിത്തീര്‍ന്നിരിക്കുകയാണ്. ഇക്കാരണത്താല്‍ ഇതിനെ ഏറ്റവും ശ്രേഷ്ഠമായ ജ്ഞാനം എന്ന് ഞാന്‍ വിളിക്കുന്നു. ഈ ജ്ഞാനം അഗ്നിയെപ്പോലെയാണ്. മറ്റുള്ളവയെല്ലാം ഇതിന്‍റെ മുന്നില്‍ വെറും വൈക്കോല്‍ത്തുരുമ്പുമാത്രം. മറ്റുള്ള ജ്ഞാനങ്ങള്‍ ഐഹികവും സ്വര്‍ഗ്ഗീയവുയമായ ജീവിതങ്ങളെയാണ്‌ വിലമതിക്കുന്നത്. അവ യജ്ഞകര്‍മ്മങ്ങളെ പ്രത്യേകമായി അംഗീകരിക്കുകയും ദ്വന്ദ്വഭാവങ്ങളെ പ്രോതാസാഹിപ്പിക്കുകയും ചെയ്യുന്നു. അപ്രകാരമുള്ള ജ്ഞാനങ്ങളെല്ലാം യഥാര്‍ത്ഥ ജ്ഞാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെറും സ്വപ്നം പോലെയാണ്. അവ ആകാശത്തില്‍ അലിഞ്ഞുചേരുന്ന ചണ്ഡമാരുതനെപ്പോലെയോ, ഉദയസൂര്യനു മുന്നില്‍ മങ്ങിപ്പോകുന്ന ചന്ദ്രനെപ്പോലെയോ, പ്രളയകാലത്ത് അപ്രത്യക്ഷമാകുന്ന മഹാനദികളെപ്പോലെയോ ആണ്.ഉത്തമജ്ഞാനം ഉദിക്കുമ്പോള്‍ മറ്റെല്ലാ ജ്ഞാനങ്ങളും അന്തര്‍ദ്ധാനം ചെയ്യുന്നു. ആകയാല്‍ അതാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ള ജ്ഞാനം. അല്ലയോ പാണ്ഡുപുത്ര, അനാദികാലം മുതല്‍ക്കേ നമ്മില്‍ത്തന്നെ നിലനിന്നു പോരുന്ന പരിശുദ്ധവും നിര്‍വ്വാണപ്രദവുമായ മുക്തി ഈ ജ്ഞാനം കൊണ്ട് മാത്രമേ കൈവരിക്കാന്‍ സാധ്യമാവുകയുള്ളൂ. ഈ മുക്തിയുടെ അനുഭവം സിദ്ധിച്ചിട്ടുള്ള വിചാരശൂരന്മാരായ മഹാത്മാക്കള്‍, സംസാരജീവിതത്തിന്‍റെ ശിരസ്സ്‌ അവരുടെ മുന്നില്‍ ഉയര്‍ത്താന്‍ അനുവദിക്കുയില്ല. അവര്‍ മനസ്സിനെ നിയന്ത്രണവിധേയമാക്കി എല്ലാ ആഗ്രഹങ്ങളില്‍ നിന്നും പ്രാത്യാഹരിച്ചു പരിപൂര്‍ണ്ണശാന്തത കൈവരിക്കുന്നു. അവര്‍ ശരീരത്തില്‍ ഇരിക്കുമ്പോഴും അതിന്‍റെ ആജ്ഞാനുവാഹകരാകുന്നില്ല. അവര്‍ സ്ഥൂലസൂക്ഷ്മദേഹങ്ങളുടെ വലയം അതിക്രമിച്ച് കടന്നു എല്ലാ സംഗതികളിലും എന്നോടോപ്പമായിത്തീരുന്നു.