ശ്രീ രമണമഹര്‍ഷി
ജനുവരി 3, 1937
അമൃതബിന്ദുക്കള്‍

ഗാഡനിദ്രയിലെ സമ്പൂര്‍ണ്ണ ജ്ഞാനമാണ് ആത്മാവെന്നും സുഷുപ്തിയില്‍ നിന്നും ജാഗ്രത്തിലേക്ക് മാറുന്നതാണ് ശരിയായ ബോധോദയം എന്നും മുന്‍ദിവസം അരുളിച്ചെയ്തതിനെ കൂടുതല്‍ വിശദീകരിക്കണമെന്ന് അഭ്യര്‍ഥിക്കപ്പെട്ടു.

രമണ മഹര്‍ഷി: ആത്മാവ് ഗാഢനിദ്രയിലെ പരിപൂര്‍ണ്ണ ബോധമാണ്. അതു ‘ഇദം’ (ഇതു) ഇല്ലാത്ത അഹം (ഞാന്‍) ബോധം മാത്രമായിരിക്കുന്നു. എന്നാല്‍ ഉണര്‍ച്ചയില്‍ ‘അഹവും’ ‘ഇദ’വുമായി പരിണമിക്കുന്നു. വ്യക്തി, തന്നെ ബോധിക്കുന്നത് അഹംബോധത്തില്‍ കൂടിത്തന്നെയാണ്. ഇങ്ങനെ പരിവര്‍ത്തനാത്മകമായ ‘ഞാന്‍’ സാധകന്‍റെ സാക്ഷാല്‍ക്കാര ലക്ഷ്യമായി നിലകൊള്ളുന്നു. ഈ ‘ഞാന്‍’ അനുഭവപരമായിത്തീരുമ്പോള്‍ അധിഷ്ഠാനം കണ്ടെത്തി ലക്ഷ്യം നിറവേറുന്നു.

സുഷുപ്തിയെ അജ്ഞാനമെന്നു പറയുന്നത് ജാഗ്രത്തിലെ തെറ്റായ അറിവിനെ പശ്ചാത്തലമാക്കിക്കൊണ്ടാണ്. ജാഗ്രത്ത്‌ അജ്ഞാനവും സുഷുപ്തി പ്രജ്ഞാനവുമാണ്. പ്രജ്ഞാനം ബ്രഹ്മവും ബ്രഹ്മം നിത്യവുമാണ്. ഇതു ശ്രുതിവാക്യം. ഉറങ്ങുന്നവന്‍ പ്രജ്ഞാനഘനനായിരിക്കുമെന്നതാണ് അതിന്‍റെ ലക്ഷണം.

ജ്ഞാനവിജ്ഞാനങ്ങള്‍ എപ്പോഴും എല്ലാ ബോധത്തിലും രണ്ടും ഒന്നു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ജാഗ്രത്തിലെ വിജ്ഞാനം വിപരീത ജ്ഞാനമാണ്‌. ഇതു വിസ്പഷ്ടമാവുമ്പോള്‍ ബ്രഹ്മമാണ്. സുഷുപ്തിയില്‍ വിപരീത ജ്ഞാനമില്ലാതിരിക്കുന്ന അവസ്ഥ പ്രജ്ഞാനമാണ് (പ്രജ്ഞാനഘനം) ഐതരേയ ഉപനിഷത്തില്‍ പ്രജ്ഞാനം, വിജ്ഞാനം, അജ്ഞാനം, സംജ്ഞാനം എല്ലാം ബ്രഹ്മത്തെ കുറിക്കുന്നതായി പറയുന്നു.

ജാഗ്രത്തിലെ ‘ഞാന്‍’ അശുദ്ധമാണ്. സുഷുപ്തിയിലെ ‘ഞാന്‍’ ശുദ്ധവുമാണ്. എന്നാല്‍ ഇതിനെ എങ്ങനെ സാക്ഷാല്‍ക്കരിക്കാന്‍? ‘ഏഷ സ്വയം ജ്യോതിരശേഷസാക്ഷി വിജ്ഞാനകോശേ വിലസത്യജസ്രം’ എന്ന് വിവേകചൂഢാമണിയില്‍ പറയുന്നു. (വിജ്ഞാനകോശം എപ്പോഴും ബുദ്ധിയില്‍ പ്രകാശിക്കുന്നു.) ചേര്‍ന്നുവരുന്ന രണ്ടു ചിന്തകളുടെ ഇടയില്‍ ശുദ്ധ ‘ഞാന്‍’ ഇരിക്കുന്നുവെന്നു ത്രിപുര രഹസ്യത്തിലും മറ്റു ഗ്രന്ഥങ്ങളിലും പറയുന്നു. അതിനാല്‍ ഈ ശുദ്ധ അഹംവൃത്തികൊണ്ടുവേണം പ്രജ്ഞാനഘനമായ ആത്മാവിനെ പ്രാപിക്കാന്‍. അപ്പോള്‍ വൃത്തി സംഭവിക്കുകയും ചെയ്യുന്നു.

അസത്ത് – ജാഗ്രത്തിലെ ഞാന്‍
സത്ത് – സുഷുപ്തിയിലെ ഞാന്‍
അസദ്വിലക്ഷണം – സത്ത് ( സത്തിനും അസത്തിനും അതീതം – സര്‍വ്വസാക്ഷി)

(ശുദ്ധ) ആത്മാവിനെ (അശുദ്ധ) അഹം (ഞാന്‍) കൊണ്ടെങ്ങനെ അറിയാന്‍ കഴിയും? എല്ലാവരും ‘സുഖമായി ഉറങ്ങി’ എന്ന് പറയാറുണ്ടല്ലോ. പറയുന്ന ആളിന്‍റെ അനുഭവമാണ് സുഖം. താനനുഭവിക്കാത്തതിനെപ്പറ്റി ഒരാള്‍ എങ്ങനെ പറയും? ആത്മാവു ശുദ്ധമാണെങ്കില്‍ നിദ്രയില്‍ സുഖത്തിന്‍റെ അനുഭവം എങ്ങനെ ഉണ്ടായി? ആ അനുഭവത്തെപ്പറ്റി ഇപ്പോള്‍ പറയുന്നതാര്?

വിജ്ഞാനാത്മാവ് – ഉറക്കത്തില്‍ അനുഭവപ്പെടുന്നു.
അജ്ഞാനാത്മാവ് – ഉണര്‍ച്ചയില്‍ അനുഭവമാകുന്നു.

അജ്ഞാനാത്മാവ് വിജ്ഞാനാത്മാവിനെപ്പറ്റി പറഞ്ഞാല്‍ അതെങ്ങനെ ശരിയാവും? നിദ്രയില്‍ വിജ്ഞാനാത്മാവുണ്ടായിരുന്നോ? ഉണ്ടായിരുന്നുവെന്നു തന്നല്ലോ മുകളില്‍ പറഞ്ഞതനുസരിച്ച് അനുമാനിക്കണം? അപ്പോള്‍ എങ്ങനെ ഉണ്ടായിരുന്നു? അതു ജാഗ്രത്തിലുണ്ടായിരിക്കുന്നതുപോലായിരിക്കുകയില്ല. സുഷുപ്തിയില്‍ അതിശുദ്ധ(സൂക്ഷ്മ)മായിരുന്നു. നിദ്രയില്‍ (പ്രജ്ഞാനാത്മാവോടുചേര്‍ന്ന് എകമായിരുന്നിട്ട് ഉണര്‍ച്ചയില്‍ – വിജ്ഞാനാത്മാവ്) താന്‍ ആരെ വിട്ടു പിരിയുന്നോ ആ പ്രജ്ഞാനാത്മാവിനെ – അതെ , അതിന്‍റെ സ്വരൂപമായ സുഖത്തെ (മായാ രൂപേണ) സുഷുപ്തിക്കും ജാഗ്രത്തിനും ഇടയ്ക്കുള്ള നേരിയ മുഹൂര്‍ത്തത്തില്‍ അറിയുന്നു. ഇതു വൃക്ഷക്കൊമ്പുകള്‍ക്കും ഇലകള്‍ക്കും അടിയില്‍ പ്രാകാശിക്കുന്ന ചന്ദ്രപ്രകാശം പോലെയാണ്.

വ്യക്തമായ വിജ്ഞാനാത്മാവിന്‍റെ മുമ്പില്‍ അവ്യക്തമായ വിജ്ഞാനാത്മാവ് അപരിചിതനെപ്പോലെ നില്‍ക്കുന്നു. നിദ്രയില്‍ അവന്‍റെ സാന്നിദ്ധ്യത്തെ നാം എന്തിനനുമാനിക്കണം? അവഗണിച്ചുകൂടെ? പാടില്ല. അതനുഭവമാണ്. അനുഭവസത്യത്തെ നിഷേധിക്കാന്‍ പാടില്ല. കാരണം ആരും അതിനെ ഇഷ്ടപ്പെടുന്നു. അതിനെപ്പറ്റിയുള്ള ചിന്തപോലും ഒരുവനെ സന്തോഷഭരിതനാക്കുന്നു.

ഇതില്‍ നിന്നും ജ്ഞാതാവ്, ജ്ഞാനം, ജ്ഞേയം ഈ മൂന്ന്‍ അവസ്ഥാത്രയങ്ങളിലും സ്ഥിതിചെയ്യുന്നു എന്നത് തീര്‍ച്ചയാണ്. അവയുടെ ശുദ്ധിക്ക് വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുമെന്നേ ഉളളൂ. പരിവര്‍ത്തന ഘട്ടത്തില്‍ ശുദ്ധാത്മാവ് (അഹംവൃത്തി) മുന്തിനില്‍ക്കും. ഇദം വൃത്തികള്‍ നിയന്ത്രിക്കപ്പെടുന്നു.

എന്നാല്‍ ശുദ്ധാത്മാവ് എന്തുകൊണ്ട് അറിയപ്പെടുന്നില്ല? അതിനെ ഓര്‍മ്മിക്കാന്‍ പോലും കഴിയുന്നില്ല. അതുമായുള്ള പരിചയക്കുറവു കൊണ്ട് മാത്രം. അതിനാല്‍ അതിനെ ബോധപൂര്‍വ്വം പ്രാപിക്കാന്‍ ശ്രമിക്കേണ്ടതാണ്.