ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാല് ഗുണത്രയവിഭാഗയോഗം ശ്ലോകം 9-10

സത്വം സുഖേ സഞ്ജയതി
രജഃ കര്‍മ്മണി ഭാരത
ജ്ഞാനമാവൃത്യ തു തമഃ
പ്രമാദേ സഞ്ജയത്യുതഃ

അല്ലയോ ഭാരത! സത്ത്വഗുണം സുഖത്തിലും രജോഗുണം കര്‍മ്മത്തിലും ബന്ധിപ്പിക്കുന്നു. എന്നാല്‍ തമോഗുണം ജ്ഞാനത്തെ മറച്ചുകൊണ്ട്‌ പ്രമോദം മുതലായവയിലും ബന്ധിക്കുന്നു.

രജസ്തമശ്ചാഭിഭൂയ
സത്ത്വം ഭവതി ഭാരത
രജഃ സത്ത്വം തമശ്ചൈവ
തമഃ സത്ത്വം രജസ്തഥാ

ഹേ അര്‍ജ്ജുന (ചിലപ്പോള്‍) സത്ത്വഗുണം രജോഗുണത്തെയും തമോഗുണത്തേയും കീഴ്പ്പെടുത്തിയിട്ട് പ്രാധാന്യം കൈക്കൊള്ളുന്നു. (മറ്റുചിലപ്പോള്‍) രജോഗുണം സത്ത്വഗുണത്തേയും തമോഗുണത്തേയും കീഴ്പ്പെടുത്തിയിട്ടാണ് വികസിക്കുന്നത്. അതുപോലെ തന്നെ (ഇനിയും ചിലപ്പോള്‍) തമോഗുണം സത്ത്വഗുണത്തേയും രജോഗുണത്തെയും തോല്‍പ്പിച്ച് മുന്നിലെത്തുന്നു.

അല്ലയോ അര്‍ജ്ജുന, കഫത്തെയും വാതത്തെയും തള്ളിനീക്കി പിത്തം ദേഹത്തില്‍ വ്യാപിക്കുമ്പോള്‍ ദേഹം സന്തപ്ത്മാകുന്നു. മഴക്കാലവും വേനല്‍ക്കാലവും കഴിഞ്ഞ് ശിശിരകാലം വരുമ്പോള്‍ ആകാശം കുളിരണിയുന്നതായി തോന്നും. ജാഗ്രതാവസ്ഥയും സ്വപ്നാവസ്ഥയും ഇല്ലാതാകുമ്പോള്‍ ഒരുവന്‍ സുഖസുഷുപ്തിയില്‍ അമരുന്നു. അപ്പോള്‍ അവന്‍റെ ചിത്തവൃത്തി ജഡവും മൂഢവുമായിത്തീരുന്നു. ഇതുപോലെ സത്ത്വഗുണം രജോഗുണത്തെയും തമോഗുണത്തെയും അതിക്രമിച്ച് മുന്നേറി നില്‍ക്കുമ്പോള്‍ ഒരുവന്‍ ചോദിക്കും: ‘ആഹാ, ഞാന്‍ സന്തോഷവാനല്ലേ?’ തമോഗുണത്തിന്‍റെ ആധിപത്യം കൊണ്ട് സത്ത്വരജോഗുണങ്ങള്‍ അശക്തമായിരിക്കുമ്പോള്‍ അവന് അനവധി പ്രമാദങ്ങള്‍ നേരിടും, അതുപോലെ സത്ത്വഗുണത്തേയും തമോഗുണത്തെയും കീഴ്പെടുത്തി രജോഗുണം പ്രകടിതമാവുമ്പോള്‍ ദേഹരാജനായ ജീവാത്മാവിന് കര്‍മ്മത്തേക്കാള്‍ പ്രിയങ്കരമായി മറ്റൊന്നും തന്നെ ഉണ്ടായിരിക്കുകയില്ല. ഇപ്രകാരം മൂന്നു ഗുണങ്ങളുടെയും സ്വഭാവം ഞാന്‍ നിനക്ക് വിശദീകരിച്ചു തന്നു. ഇനിയും ഈ ഗുണങ്ങളുടെ വൃദ്ധിലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് വിവരിക്കാം. ശ്രദ്ധിച്ചു കേള്‍ക്കുക.