ശ്രീ രമണമഹര്‍ഷി
ജനുവരി 23, 1937

മിസിസ് ജെന്നിംഗ്സ് എന്ന അമേരിക്കന്‍ വനിത ചോദിച്ചു:
ഞാനാരെന്ന വിചാരണയെക്കാളും അതു ഞാനാണ് (സോഹം) എന്ന ധ്യാനം ഭേദമല്ലേ? ഞാനാരാണെന്നതില്‍ ദ്വൈതം വന്നുചേരുന്നല്ലോ.
രമണമഹര്‍ഷി: ശരി. അതു എന്നതു ആരെന്നറിയാതെ ഏതോ ഒരു സങ്കല്പത്തെ ആധാരമാക്കിക്കൊള്ളുന്നത് അടിസ്ഥാപരമായ പിശകാണ്. ധ്യാനം മനസിന്‍റെ ഒരു സങ്കല്പമാണ്. വിചാരണ തന്‍റെ സത്യത്തെ നേരിട്ടാരായുന്നതാണ്.

ചോ: വിചാരണയ്ക്കും ശാസ്ത്രീയമായ മാര്‍ഗ്ഗം ആവശ്യമാണല്ലോ.
മഹര്‍ഷി: സങ്കല്‍പ്പങ്ങളെ എല്ലാമൊഴിച്ചു, മേല്‍ ഒഴിക്കാനൊന്നുമില്ലാതെ താനേ താനായവശേഷിക്കുന്നതാണ് വിചാരണയുടെ അവസാനം. നിശ്ചലനിലയില്‍നിന്ന് പരംപൊരുള്‍ താനാണ് എന്നറിയുക. പരാനുഭൂതിക്ക് മുഖ്യസാധനം പരിപൂര്‍ണ്ണ ശാന്തിയാണ്.

ചോ: ഈ അതിസൂക്ഷ്മ ഉപദേശത്തെ അന്യനാട്ടുകാര്‍ മനസ്സിലാക്കുമോ?
മഹര്‍ഷി: അന്യനാട്, സ്വന്തംനാട്, ദേശകാലഭേദമൊന്നും വേദാന്തത്തിനില്ല. പക്വമതികള്‍ ഈ സത്യത്തെ അറിയും. ഞാനേ ഞാനായിട്ടിരിക്കുന്നു ( i am that i am ) എന്ന ബൈബിള്‍ വാക്യത്തില്‍ എല്ലാ വേദാന്തവും അടങ്ങുന്നു.

കെ. എസ്. എന്‍. അയ്യര്‍: ആത്മാനുഭവം ഒരു പ്രായത്തിനുള്ളിലേ സാദ്ധ്യമാവൂ എന്ന് സമഷ്ടിബോധം (cosmic consciousness) എന്ന പുസ്തമെഴുതിയയാള്‍ പറയുന്നു.
മഹര്‍ഷി: താന്‍ എത്ര വയസ്സുവരെ ഇരിക്കുമെന്നൊരാളിനു പറയാന്‍ കഴിയുമോ? ഇപ്പോഴും എപ്പോഴും എവിടെയുമുള്ള ഒന്നിനെ അറിയാന്‍ ദേശകാലമേത്? നിത്യാപരോക്ഷത്തെ ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴറിയാന്‍? ഈ ഭ്രമം അജ്ഞാനജന്യമാണ്.