സ്വാമി വിവേകാനന്ദന്‍

2. ജാത്യന്തരപരിണാമഃ പ്രകൃത്യാപൂരാത്.

പ്രകൃത്യാപൂരാത് പ്രകൃതിയുടെ ആ (എങ്ങുനിന്നുള്ള) പൂരണം കൊണ്ട്, ജാത്യന്തരപരിണാമഃ മറ്റൊരു ജന്മത്തിന്റെ പരിണാമം ഉണ്ടാകുന്നു.
ഒരു ജാതി മറ്റൊന്നായി മാറുന്നതു പ്രകൃതി നടത്തുന്ന ആപൂരണംകൊണ്ടാകുന്നു.

സിദ്ധികള്‍ ജന്മത്തോടുകൂടിയും, ചിലപ്പോള്‍ ഔഷധങ്ങളെക്കൊണ്ടും തപോബലംകൊണ്ടും ലഭിക്കുന്നതാണെന്നു പതഞ്ജലിമഹര്‍ഷി പ്രഖ്യാപനം ചെയ്തിട്ടുണ്ടല്ലോ. ഈ ശരീരം എത്രകാലമെങ്കിലും നിലനിര്‍ത്താവുന്നതാണെന്നും അദ്ദേഹം സമ്മതിക്കുന്നു. ഇനിയിപ്പോള്‍ പറയാന്‍പോകുന്നത് ഒരു ജാതി മറ്റൊന്നായി പരിണമിക്കാനുള്ള കാരണത്തെയാണ്. അതു പ്രകൃതി നടത്തുന്ന ആപൂരണനിമിത്തമാണെന്നു പറയുന്നു. ഇതിന്റെ താല്പര്യം അടുത്ത സൂത്രത്തില്‍ വിവരിക്കും.

3. നിമിത്തമപ്രയോജകം പ്രകൃതീനാം
വരണഭേദസ്തു തതഃ ക്ഷേത്രികവത്.

നിമിത്തം ധര്‍മ്മാധര്‍മ്മങ്ങള്‍, പ്രകൃതീനാം പ്രകൃതികള്‍ക്ക്, അപ്രയോജകം ആപൂരണം ചെയ്‌വാന്‍ പ്രേരകമല്ല: തതഃ ആ ധര്‍മ്മാധര്‍മ്മങ്ങളില്‍നിന്നു, തു ആകട്ടെ, വരണഭേദഃ പ്രതിബ ന്ധഭേദനം (തടസ്സം നീക്കല്‍) മാത്രമാണ് ഉണ്ടാകുന്നത്. ദൃഷ്ടാന്തം, ക്ഷേത്രികവത് കൃഷിക്കാരന്റെ മാതിരി.
ധര്‍മ്മാധര്‍മ്മങ്ങള്‍ പ്രകൃതിയുടെ പരിണാമങ്ങള്‍ക്കു നേരിട്ടു കാരണമാകുന്നില്ല. എന്നാല്‍ അവ പ്രകൃതിപരിണാമത്തിനുള്ള തടസ്സങ്ങളെ നീക്കുന്നു: കൃഷിക്കാരന്‍ വെള്ളത്തിന്റെ ഒഴുക്കിനുള്ള തടസ്സങ്ങളെ പൊളിക്കുകയും വെള്ളം തനിയെ താഴേക്ക് ഒഴുകുകയും ചെയ്യുന്നതുപോലെ.

പാടം നനയ്ക്കാനുള്ള വെള്ളം ചാലില്‍ സ്വതേയുണ്ട്. ചിറകെട്ടി ചീപ്പിട്ടു തടഞ്ഞുനിര്‍ത്തുകയാല്‍ ഒഴുകിവരുന്നിലെന്നേ ഉള്ളു. കൃഷിക്കാരന്‍ ചീപ്പു തുറക്കുന്നതോടുകൂടി കെട്ടി നില്ക്കുന്ന വെള്ളം തനിയേ ഒഴുകുന്നു. എപ്പോഴും താഴ്ന്ന സ്ഥലത്തേക്ക് ഒഴുകുകയാണല്ലോ ജലസ്വഭാവം, അതുപോലെയാണിവിടെയും. സര്‍വവിധമായ ഉത്കര്‍ഷങ്ങളും ശക്തികളും ഓരോ പുരുഷനിലും സ്വതേയുണ്ട്. പൂര്‍ണ്ണതയാണു മനുഷ്യന്റെ ആത്മപ്രകൃതി (സ്വഭാവം). അതിന്റെ സ്വാഭാവികഗതിക്കു പ്രതിബന്ധം നേരിട്ടിരിക്കുന്നുവെന്നേ യുള്ളു. ഈ പ്രതിബന്ധം നീങ്ങിയാല്‍ ഉടനടി ആ പ്രകൃതി പാഞ്ഞൊഴുകിവന്നു നിറയും. അപ്പോള്‍ പുരുഷന്‍ തന്നില്‍ സ്വതേയുള്ള ഐശ്വര്യങ്ങളാല്‍ സമ്പന്നനാവും. പാപികളെന്നു കരുതപ്പെടുന്നവരുടെ പ്രതിബന്ധങ്ങള്‍ നീങ്ങി പ്രകൃതി അനുപ്രവേശിക്കുന്നതോടുകൂടി അവര്‍ പുണ്യാത്മാക്കളാവും. നമ്മുടെ ആത്മപ്രകൃതിയാണു നമ്മെ മേല്ക്കുമേല്‍ പൂര്‍ണ്ണതയിലേക്കു നയിക്കുന്നത്. ഒടുവില്‍ എല്ലാവരെയും അവിടെ എത്തിക്കുകയും ചെയ്യും. ധാര്‍മ്മികമായ ഈ വിവിധ സാധനാനുഷ്ഠാനങ്ങളെല്ലാം, നമുക്കു സ്വതഃസിദ്ധമായ, നമ്മുടെ പ്രകൃതിതന്നെയായ, ആ പൂര്‍ണ്ണതയുടെ കവാടം തുറക്കുവാന്‍, തത്പ്രതി ബന്ധികളായ അധര്‍മ്മങ്ങളെ അപനയിക്കുവാന്‍, ഉദ്ദേശിച്ചുള്ള നിവൃത്തിനിഷ്ഠകളാകുന്നു. പ്രാചീനയോഗികളുടെ പരിണാമവാദത്തിന്റെ അര്‍ത്ഥമെന്തെന്നു നവീനശാസ്ത്രഗവേഷണങ്ങളുടെ വെളിച്ചത്തില്‍ നമുക്കിന്നു കുറെക്കൂടി സ്പഷ്ടമായി മനസ്സിലാക്കാം. അതോടൊപ്പം യോഗികളുടെ വാദമാണ് അധികം ഉപപന്നമെന്നും കാണാം. പരിണാമത്തിനു കാരണമായി നവീനന്മാര്‍ ഉന്നയിക്കുന്ന രണ്ടു സംഗതികളും-അതായത്, ഇണയെ തിരഞ്ഞെടുക്കലും അര്‍ഹതയേറിയതിന്റെ അതിജീവനവും – മതിയായ ന്യായങ്ങളല്ല. ആകട്ടെ, ദേഹസന്ധാരണത്തിനും ഇണയെ സമ്പാദിക്കാനുമുള്ള ഇരു മത്‌സരങ്ങളും കൂടാതെ ജീവിക്കത്തക്കവണ്ണം മനുഷ്യബുദ്ധി വികസിച്ചുവെന്നു വിചാരിക്കുക. അങ്ങനെ വന്നാല്‍, നവീനന്മാരുടെ അഭിപ്രായപ്രകാരം, മനുഷ്യരാശിയുടെ അഭ്യുദയം നിലച്ചു പോവുകയും മാനവജാതിതന്നെ നശിച്ചുപോവുകയും വേണം. ഈ വാദത്തിന്റെ പരിണതഫലമെന്തെന്നാല്‍ ഓരോ ഖലനും ഉള്ളില്‍ത്തോന്നുന്ന പാപശങ്കയെ ആറ്റുവാന്‍ പറ്റിയ ഒരു യുക്തി ഒരുക്കിക്കൊടുക്കുകമാത്രം.

സ്വയം വിദ്വാന്മാരെന്നു ഭാവിച്ച്, തങ്ങളുടെ ദൃഷ്ടിയില്‍ ദുഷ്ടരും അപ്രാപ്തരുമായി കാണപ്പെടുന്നവരെയെല്ലാം കൊന്നൊടുക്കി മനുഷ്യവര്‍ഗ്ഗത്തെ സംരക്ഷിക്കാന്‍ ഒരുമ്പെടുന്ന മനുഷ്യരും ലോകത്തില്‍ ഇല്ലാതില്ല. ഇവരാണുപോല്‍ ജനങ്ങളുടെ യോഗ്യതായോഗ്യതകള്‍ നിര്‍ണ്ണയിക്കാനുള്ള ഏകാധികാരികള്‍! പഴയ പരിണാമവാദികളില്‍ അഗ്രഗണ്യനായ പതഞ്ജലിമഹര്‍ഷി പ്രഖ്യാപിക്കുന്നതാകട്ടെ, ഓരോ ജീവിയിലും സ്വതഃസിദ്ധമായുള്ള പൂര്‍ണ്ണതയുടെ ആവിഷ്‌കരണമാണു പരിണാമത്തിലന്തര്‍ഭവിച്ചിരിക്കുന്ന തത്ത്വമെന്നാകുന്നു. പ്രതിരുദ്ധമായിരിക്കുന്ന ആ പൂര്‍ണ്ണപ്രകൃതി, ആ മഹാഗംഭീരതരംഗം, സ്വയം പ്രകാശിപ്പാന്‍ ഉള്ളില്‍നിന്നും ആക്കംകൊള്ളുകയാണ്. സ്ഥൂലമായിക്കാണുന്ന ഈ അദ്ധ്വാനങ്ങളും കിടമത്‌സരങ്ങളുമെല്ലാം നമ്മുടെ അജ്ഞാനംകൊണ്ട് (ആത്മപ്രകൃതിയറിയായ്കകൊണ്ട്) ഉണ്ടായതാകുന്നു: ചിറ തുറന്ന് അകത്തേക്കു വെള്ളം വിടാനുള്ള വഴി നമു ക്കറിഞ്ഞുകൂടാ. നമ്മുടെ ഉള്ളില്‍നിന്ന് ആക്കം കൊള്ളുന്ന ആ മഹാഗംഭീരതരംഗം സ്വയം അഭിവ്യക്തമായേ തീരൂ. അതിന്റെ തള്ളലാണു വിവിധപ്രകൃതിപരിണാമങ്ങള്‍ക്കും കാരണം. ജീവിതമത്‌സരവും കാമപൂരണവുമൊക്കെ ക്ഷണികം: അജ്ഞാനത്തില്‍നിന്നുണ്ടാവുന്ന പരിണാമബാഹ്യങ്ങളായ അനാവശ്യകാര്യങ്ങളാണവ. ഈ മത്‌സരങ്ങളെല്ലാം അവസാനിച്ചാലും നമ്മളിലോരോ പുരുഷനും പൂര്‍ണ്ണതയെ പ്രാപിക്കും. അതുവരെ ഉള്ളിലുള്ള പൂര്‍ണ്ണപ്രകൃതി നമ്മെ മുമ്പോട്ടു തള്ളിക്കൊണ്ടിരിക്കും. ആകയാല്‍ ഉത്കര്‍ഷത്തിനു കിടമത്‌സരം വേണമെന്നു വിശ്വസിക്കാന്‍ ന്യായമില്ല. മൃഗത്തില്‍ മനുഷ്യപ്രകൃതി തടവില്‍പ്പെട്ടുകിടക്കുന്നു. കവാടം തുറക്കുന്ന മാത്രയില്‍ മനുഷ്യന്‍ പ്രത്യക്ഷനാകുന്നു. അതുപോലെ മനുഷ്യനില്‍ ദേവപ്രകൃതി ബദ്ധമായി കിടക്കുന്നു: അജ്ഞാനമാകുന്ന ഇരുമ്പഴിക്കുള്ളില്‍ ദേവനെ പൂട്ടിയിട്ടിരിക്കയാണ്. സമ്യഗ്ജ്ഞാനത്താല്‍ ഈ ബന്ധനം ഛേദിക്കപ്പെട്ടാലുടനെ ദേവന്‍ പ്രത്യക്ഷനാകുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (കൈവല്യപാദം). പേജ് 375-377]