ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 2

അധശ്ചോര്‍ദ്ധ്വം പ്രസൃതാസ്തസ്യ ശാഖാ
ഗുണപ്രവൃദ്ധാ വിഷയപ്രവാളഃ
അധശ്ചമൂലാന്യനുസന്തതാനി
കര്‍മ്മാനുബന്ധീനി മനുഷ്യലോകേ.

സത്വരജസ്തമോഗുണങ്ങളിലൂടെ പടര്‍ന്നുപന്തലിക്കുന്നവയും വിഷയങ്ങളാകുന്ന തളിരുകള്‍ സദാപൊട്ടിമുളക്കുന്നവയുമായ സംസാരവൃക്ഷത്തിന്‍റെ കൊമ്പുകള്‍ ചുവട്ടിലേക്കും മുകളിലേക്കും പടര്‍ന്നിരിക്കുന്നു. താഴെ മനുഷ്യലോകത്തില്‍ കര്‍മ്മബന്ധങ്ങളായ വേരുകള്‍ വ്യാപിച്ചുമിരിക്കുന്നു.

അത്ഭുതകരമായ ഈ വൃക്ഷത്തിന്‍റെ ശാഖകള്‍ അധോമുഖമായി വളര്‍ന്ന് ഭൂതലംവരെ വ്യാപിക്കുമ്പോള്‍ അനേകം ശാഖകള്‍ കോട്ടമില്ലാതെ ചൊവ്വായി ഊര്‍ദ്ധമായും വളരുന്നു. ഭൂമിയിലെത്തുന്ന ശാഖകളില്‍ വേരുകള്‍ പൊടിക്കുകയും അവയില്‍ നിന്ന് പച്ചിലത്തഴപ്പോടുകൂടിയ വല്ലികള്‍ മുളയ്ക്കുകയുംചെയ്യുന്നു. ഞാന്‍ ആരംഭത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നിനക്ക് അനായാസേന മനസ്സിലാക്കുന്നതിനുവേണ്ടി ലളിതമായി വീണ്ടും പറയാം. അജ്ഞാനത്തില്‍ വേരൂന്നിയിരിക്കുന്ന ഈ വൃക്ഷം അജ്ഞാനബദ്ധമാണ്. അജ്ഞാനമെന്ന മൂലവേരില്‍ നിന്ന് തായ്ത്തടിയായി മഹദാദികളായ എട്ടുവിധ പ്രകൃതികള്‍ ഉണ്ടായി അവയില്‍ നിന്നു വേദങ്ങളെന്ന പെരുംകാടുകള്‍ ഉണ്ടാകുന്നു. പിന്നീട് സ്വേദത്തില്‍നിന്നു ജനിക്കുന്ന സ്വേദജം, ഗര്‍ഭപാത്രത്തില്‍നിന്നു ജനിക്കുന്ന ജരായുജം, ഭൂമിയില്‍നിന്നു ജനിക്കുന്ന ഉദ്ഭിജം, അണ്ഡത്തില്‍നിന്നു ജനിക്കുന്ന ​അണ്ഡജം എന്നിങ്ങനെ നാലു ശാഖകള്‍ ഇതിന്‍റെ തായ്ത്തടിയില്‍നിന്നുണ്ടാകുന്നു. ഇവയില്‍ ഒരോന്നും വലുതായതിനുശേഷം അവയില്‍നിന്നു എണ്‍പത്തിനാലുലക്ഷം വര്‍ഗ്ഗങ്ങള്‍ ചെറിയചെറിയ ശാഖകളായി പൊട്ടിമുളക്കുന്നു. ഇവയോരന്നില്‍ നിന്നും എണ്ണമറ്റ ജീവജാലങ്ങളാകുന്ന ചില്ലകള്‍ മുളക്കുന്നു. ഇവയെല്ലാം നേരെ മേല്‍പ്പോട്ടു വളരുന്ന ചില്ലകളാണ്. ഇവയ്ക്കു കുറുകേ വളരുന്ന ചില്ലകളും ഉണ്ട്. അവ ഉപവര്‍ഗ്ഗങ്ങളാണ്. പിന്നീട് ഇവിടെ ആണെന്നും പെണ്ണെന്നും നപുംസകങ്ങളെന്നും തരംതിരിക്കപ്പെടുകയും അവ കാമാദിവികാരങ്ങളെന്ന ഭാരം ചുമന്നുകൊണ്ട് കൂടിക്കലര്‍ന്ന് ഉരുണ്ടു മറിയുകയും ചെയ്യുന്നു.

വര്‍ഷകാലത്ത് പുതിയപുതിയ മേഘങ്ങള്‍ വന്ന് ആകാശം നിറയുന്നതുപോലെ, അജ്ഞാനം കൊണ്ട് അനേകവര്‍ഗ്ഗത്തില്‍പ്പെട്ട ശരീരങ്ങളാകുന്ന ശാഖകള്‍ ഉണ്ടായി അഭിവൃദ്ധിപ്പെടുന്നു. ഈ ശാഖകള്‍ക്ക് അവയുടെ ഭാരം താങ്ങാനാവാതെ അവകള്‍ താഴുകയും അവ ഒന്നിനോടൊന്ന് ചുറ്റിപ്പിണഞ്ഞ് ഗുണക്ഷോഭമാകുന്ന കാറ്റില്‍പ്പെട്ട് ചാഞ്ചാടുകയും ചെയ്യുന്നു. ഗുണങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ കാരണം ഊര്‍ദ്ധ്വമൂലമായ ഈ വൃക്ഷത്തിന്‍റെ മൂന്നുഭാഗങ്ങള്‍ പിളര്‍ന്ന് മൂന്നുഭാഗത്തിന്‍റെ രൂപത്തിലായി മൂന്നുലോകങ്ങള്‍ ഉണ്ടാകുന്നു.

രജോഗുണത്തിന്‍റെ കാറ്റ് ശക്തിയായി വീശുമ്പോള്‍ മനുഷ്യജാതിയെന്ന ശാഖ ദ്രുതഗതിയില്‍ വളരുന്നു. ഇത് മേലോട്ടോ താഴോട്ടോ വളരാതെ മദ്ധ്യഭാഗത്തുതന്നെ സ്ഥിതിചെയ്യുന്നു. ഇതാണ് മര്‍ത്യലോകം. ഇതില്‍ ചാതുര്‍വര്‍ണ്യങ്ങള്‍ എന്ന ചെറിയ നാലുശാഖകള്‍ കുറുകേ വളരുന്നു. അപ്പോള്‍ വിധിനിഷേധങ്ങളാകുന്ന ഇലകള്‍ തഴച്ചുവളരുന്ന വേദവാക്യങ്ങളെന്ന മനോഹരങ്ങളായ ഇളം ശാഖകളും ഉണ്ടാകുന്നു. പിന്നീട് അര്‍ത്ഥം, കാമം എന്ന പുരുഷാര്‍ത്ഥങ്ങളായ കിളകളുണ്ടായി. അവയുടെ നാമ്പില്‍ നശ്വരങ്ങളായ ഐഹികസുഖങ്ങളെന്ന കിളിന്തുകള്‍ ഉണ്ടാകുന്നു. അടുത്തതായി പ്രവൃത്തിമാര്‍ഗ്ഗത്തെ വിസ്താരപ്പെടുത്തി വയ്ക്കണമെന്ന ആഗ്രഹത്തോടെ ശുഭാശുഭ കര്‍മ്മങ്ങളുടെ എണ്ണമറ്റ ഇല്ലികള്‍ ഉണ്ടാകുന്നു. മുന്‍ കര്‍മ്മഫലം അനുഭവിച്ചുതീരുന്നതോടുകൂടി, മുമ്പുണ്ടായിരുന്ന ദേഹങ്ങളായ ഇല്ലികള്‍ ചുള്ളികളായി ചുക്കിവീണുപോയിട്ട് തല്‍സ്ഥാനത്ത് പുതിയ ദേഹങ്ങളാകുന്ന പുതിയ പുതിയ കിളകള്‍ ഉണ്ടാകുന്നു. ശബ്ദാദി പഞ്ചവിഷയങ്ങളാല്‍ ഇച്ഛകള്‍ ഉണ്ടായി, പുതിയപുതിയ വിഷയങ്ങളാകിയ ഇളം കിളകള്‍ വീണ്ടും വീണ്ടും ഉണ്ടായി വൃദ്ധിയടയുന്നു. ഇപ്രകാരം രജോഗുണത്തിന്‍റെ ശക്തമായ കാറ്റ് മനുഷ്യജാതിയെന്ന ശാഖയെ വിസ്താരമുള്ളതാക്കിത്തീര്‍ക്കുന്നു. മനുഷ്യലോകം യഥായോഗ്യം സ്ഥാപിതമാകുന്നു.

പിന്നീട് രജോഗുണത്തിന്‍റെ കാറ്റ് ശമിച്ച് തമോഗുണത്തിന്‍റെ പ്രചണ്ഡവാതം അടിച്ചു തുടങ്ങുന്നു. അപ്പോള്‍ മനുഷ്യജാതിയെന്ന ശാഖയുടെ കീഴ്ഭാഗത്ത് ദുഷ്കൃതങ്ങളായ വാസനകള്‍ ഉണ്ടായി അവ ദുഷ്കൃതങ്ങളായ ചില്ലകളെ വളര്‍ത്തുന്നു. നിക്ഷിദ്ധകര്‍മ്മങ്ങളുടെ ശാഖകള്‍ കരടുകരടായി വളര്‍ന്ന് പ്രമാദത്തിന്‍റെ കൊമ്പുകളും ഇലകളും ഉണ്ടാകുന്നതിന് ഇടം നല്കുന്നു. ഋക്, യജുസ്, സാമം എന്ന മൂന്നുവേദങ്ങളിലും വര്‍ണ്ണിക്കപ്പെട്ടിട്ടുള്ള നിക്ഷിദ്ധകര്‍മ്മങ്ങളും അനുഷ്ഠിക്കേണ്ടതായ നിയമങ്ങളും ആ കൊമ്പുകളുടെ നാമ്പില്‍ സദാ മൂളിക്കൊണ്ടിരിക്കും. ജാരണം മാരണം മുതലായ പരപീഡാകരങ്ങളായ ദുഷ്കര്‍മ്മങ്ങളെ പ്രതിപാദിക്കുന്ന അഥര്‍വ്വവേദത്തിന്‍റെ കൊമ്പുകള്‍ പൊട്ടിമുളയ്ക്കുകയും അതിന്മേല്‍ ദോഷഫലങ്ങളുണ്ടാകുന്ന നികൃഷ്ടമായ ഇച്ഛയുടെ വല്ലികള്‍ പടര്‍ന്നു കയറുകയും ചെയ്യുന്നു.

സംസാരവൃക്ഷം നികൃഷ്ടരായ ചണ്ഡാളര്‍ തുടങ്ങിയവരുടെ ഹീനജാതിയെന്ന ഒരു വലിയ ശിഖരത്തെ ഉല്‍പാദിപ്പിക്കുന്നു. കുകര്‍മ്മങ്ങളാല്‍ ആകര്‍ഷിക്കപ്പെടുന്ന ഇവര്‍ ധര്‍മ്മപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് അശക്തരായിത്തീരുന്നു. പിന്നീട് പക്ഷി, പന്നി, പുലി. തേള്‍ സര്‍പ്പം തുടങ്ങിയ ജന്തുക്കളുടെ ജന്മങ്ങളാകുന്ന ശാഖകള്‍ ഈ വൃക്ഷത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും പൊട്ടിമുളയ്ക്കുകയും അവ എപ്പോഴും തഴച്ചുവളരുകയും അതിന്മേല്‍ നരകഭോഗം എന്ന ഫലങ്ങള്‍ സമൃദ്ധിയായി ഉണ്ടാവുകയും ചെയ്യുന്നു. പരപീഡനം ഉണ്ടാക്കുന്ന ദുഷ്കര്‍മ്മങ്ങളാകുന്ന ജന്മങ്ങളുടെ ശാഖകള്‍ കണക്കില്ലാത്ത ജന്മങ്ങള്‍ വീണ്ടും വീണ്ടും എടുക്കത്തക്കവണ്ണം ശീഘ്രഗതിയില്‍ വളരുന്നു. ഇതേപ്രകാരത്തില്‍ മരം, പുല്ല്, കല്ല്, ലോഹം തുടങ്ങിയവകളെ പ്രതിനിധീകരിക്കുന്ന ശാഖകളും ഉണ്ടാകുന്നു. അവയിലും അതുപോലെയുള്ള ഫലങ്ങള്‍ ഉണ്ടാകുന്നു. അര്‍ജ്ജുനാ, മനുഷ്യജന്മം മുതല്‍ താഴോട്ട് സ്ഥാവരങ്ങള്‍വരേയും ഉള്ള ജന്മങ്ങള്‍ ഈ വൃക്ഷത്തിന്‍റെ അധോമുഖമായി വളരുന്ന ശാഖകളാണ്.

ആകയാല്‍ മനുഷ്യജന്മം എന്ന ശാഖയുടെ കീഴ്ഭാഗത്ത് വേരുകള്‍പൊട്ടി അതില്‍ നിന്നാണ് മറ്റെല്ലാ ശാഖകളും മുളച്ച് സംസാരവൃക്ഷമായിത്തീരുന്നത് എന്ന് അറിഞ്ഞുകൊള്ളുക. എന്നാല്‍ മേല്‍പ്പോട്ടു പോകുന്ന ശാഖകളുടെ യഥാര്‍ത്ഥവേരുകള്‍ എവിടെ ഇരിക്കുന്നുവെന്ന് നിനക്കറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍, അത് മേലോട്ടും കീഴോട്ടും പോകുന്ന ശാഖകളുടെ മദ്ധ്യത്തിലിരിക്കുന്ന മനുഷ്യജന്മം എന്ന ശാഖയില്‍ സ്ഥിതിചെയ്യുന്നുവെന്ന് അറിഞ്ഞാലും. ഈ ശാഖയില്‍ നിന്ന് താമസിക സാത്വിക ഗുണങ്ങളുടെ ശാഖകള്‍ യഥാക്രമം ദുഷ്കൃതങ്ങളായും സുകൃതങ്ങളായും കീഴോട്ടും മേലോട്ടും വളരുന്നു. ഈ മനുഷ്യജന്മം എന്ന ശാഖയിലാണ് മൂന്നു വേദങ്ങളെന്ന ഇലകള്‍ ഉണ്ടാകുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന വേദ ശാസനകള്‍ മനുഷ്യര്‍ക്കല്ലാതെ മറ്റാര്‍ക്കും ബാധകമല്ല. ആകയാല്‍ മനുഷ്യജന്മമെന്ന ഈ ശാഖ ഊര്‍ദ്ധ്വമൂലമായ പരബ്രഹ്മത്തില്‍ നിന്നുണ്ടായതാണെങ്കിലും കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്ന മറ്റു ശാഖകള്‍ക്ക് ഇത് വേരായിത്തീര്‍ന്നിരിക്കുന്നു. എല്ലാ വൃക്ഷങ്ങളുടേയും ശിഖരങ്ങള്‍ തഴച്ചു വളരുമ്പോള്‍ അതിന്‍റെ വേരുകള്‍ കൂടുതല്‍ കൂടുതലായി ഭൂമിയിലേക്ക്ആഴ്ന്നിറങ്ങുന്നതോടെ ശാഖകള്‍ പുഷ്ടിപ്പെട്ട് തഴച്ച് വളരുന്നു. അതുപോലെ കര്‍മ്മങ്ങള്‍ ചെയ്യുന്നിടത്തോളം കാലം മനുഷ്യശരീരം നിലനില്‍ക്കുന്നു. മനുഷ്യശരീരം ഉള്ളിടത്തോളം കാലം കര്‍മ്മങ്ങള്‍ അവസാനിക്കുന്നുമില്ല. ആകയാല്‍ ഈ നരദേഹം കര്‍മ്മങ്ങളാകുന്ന ശാഖകള്‍ക്കു വേരായിരിക്കുന്നുവെന്ന കാര്യത്തില്‍ യാതൊരു സന്ദേഹവുമില്ല.

വിശ്വനായകനായ ദേവന്‍ ഇപ്രകാരം തുടര്‍ന്നു:

തമോഗുണത്തിന്‍റെ ചുഴലിക്കാറ്റ് അടങ്ങിക്കഴിയുമ്പോള്‍ സത്ത്വഗുണത്തിന്‍റെ ഘോരാനിലന്‍ ശക്തിയായി വീശുന്നു. അപ്പോള്‍ മനുഷ്യലോകമാകുന്ന ശാഖയില്‍ നിന്ന് സദ‍്‍വാസനകളുടെ ശാഖകള്‍ മുളച്ച് അതിന്മേല്‍ സല്‍ക്കര്‍മ്മങ്ങളുടെ നാമ്പുകള്‍ വളരുന്നു. പിന്നീട് ജ്ഞാനവികാസം ഉണ്ടായി ബുദ്ധിയും സാമര്‍ത്ഥ്യവും പൂര്‍ണ്ണമായി വളര്‍ന്നു വികസിക്കുന്നു. ബുദ്ധി വികസിക്കുമ്പോള്‍ അന്തര്‍ഹിത പ്രചോദനത്തിന്‍റെ പ്രേരണയാല്‍ തത്ത്വവിചാരത്തിനുള്ള കഴിവുണ്ടാകുന്നു. പിന്നീട് ശാസ്ത്രങ്ങളിലുള്ള ദൃഢവിശ്വാസം എന്ന ഇലകള്‍ വളരുന്നു. അവ മേധാശക്തിയുടെ രസം നിറഞ്ഞ, വടിവൊത്ത, സദാചാരത്തിന്‍റെ ചിനപ്പുകളായിരിക്കും. ഈ ചിനപ്പുകള്‍ അതിന്‍റെ ചുറ്റിലുമായി വേദാദ്ധ്യയനത്തിന്‍റെ ഉരുവിടലാകുന്ന അനേകം തഴപ്പുകള്‍ വളര്‍ത്തുന്നു. വേദശാസനപ്രകാരമുള്ള അനവധി യാഗയജ്ഞങ്ങളുടെ ഇലകള്‍ അവയില്‍ ഉണ്ടാകുന്നു. പിന്നീട് യമദമങ്ങളും പൂര്‍ണ്ണമായി വളര്‍ന്ന്, തപസ്സെന്ന ചെറിയ കിളകളും ഉണ്ടായി, വൈരാഗ്യം എന്ന ശാഖ മനോഹരമായി നീളത്തില്‍ വളരുന്നു. പിന്നീട് ഉത്തമ വൃതാനുഷ്ഠാനം, സ്ഥൈര്യം എന്നീ ശാഖകല്‍ മുളച്ച് സ്വാഭാവികമായി മുകളിലേക്കു വളരുന്നു.

മദ്ധ്യഭാഗത്ത് സാന്ദ്രമായി വളര്‍ന്നിരിക്കുന്ന വേദങ്ങളാകുന്ന ഇലകളിന്മേല്‍ സത്വഗുണത്തിന്‍റെ കൊടുങ്കാറ്റ് ശീഘ്രതരമായി അടിക്കുമ്പോള്‍ ഉത്തമവിദ്യകളാകുന്ന കൊമ്പുകള്‍ അതില്‍നിന്നുണ്ടാകുന്നു. പിന്നീട് ധര്‍മ്മം എന്നൊരു നീണ്ടകൊമ്പ് വളര്‍ന്ന് അതിന്മേല്‍ സ്വര്‍ഗ്ഗാദിലോകങ്ങള്‍ എന്ന പഴങ്ങള്‍ പഴുത്തു തൂങ്ങുന്നു. ലോകകാര്യങ്ങളിലുള്ള നിസ്സംഗത്വമെന്ന ചുവന്ന ഇലകളുമായി വളരുന്ന മോക്ഷം എന്ന ഒരു ശാഖയും ഇവിടെ മുളയ്ക്കുന്നു. സൂര്യന്‍, ചന്ദ്രന്‍, മറ്റ് ഉത്തമഗ്രഹങ്ങള്‍, പിതൃക്കള്‍, ഋഷികള്‍, വിദ്യധരന്മാര്‍, തുടങ്ങിയവര്‍ കുറുകേയുള്ള ശാഖകളായി വളരുന്നു. അതിനു മുകളിലായി ഇന്ദ്രാദികളുടെ പദവികള്‍ എന്ന പഴങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന വലിയ ശാഖകള്‍ വളരുന്നു. അതിനു മുകളിലായി തപോജ്ഞാനങ്ങളില്‍ പ്രകീര്‍ത്തിതരായ മരീചി, കശ്യപന്‍, മുതലായവരായ കിളകള്‍ കാണപ്പെടുന്നു. ഇപ്രകാരമുള്ള ശാഖകള്‍ ഒന്നിനുമേല്‍ ഒന്നായ് നിറയെ പഴങ്ങളും വഹിച്ചുകൊണ്ടു നില്‍ക്കുന്നതിനാല്‍ ഈ വൃഷം ചുവട്ടില്‍ കൃശമായും മുകളില്‍ ഭാരിച്ചതായും കാണപ്പെടുന്നു. എല്ലാ ശാഖകളുടേയും മുകളിലായി ബ്രഹ്മലോകമെന്നും ശിവലോകമായ കൈലാസമെന്നും അറിയപ്പെടുന്ന ശിഖരങ്ങള്‍ പ്രത്യക്ഷമാകുന്നു. സാധാരണ വൃക്ഷങ്ങളെപ്പോലെ ഈ ശാഖഖളില്‍ ഉണ്ടാകുന്ന എണ്ണമറ്റ പഴങ്ങളുടെ ഭാരം കൊണ്ട് കൊമ്പുകള്‍ താഴേക്കു ചാഞ്ഞു വേരില്‍ മുട്ടിയിരിക്കുന്നു. അല്ലയോ അര്‍ജ്ജുനാ, ഈ സംസാരവൃക്ഷത്തിന് ജ്ഞാനത്തിന്‍റെ ആധിക്യത്താല്‍ ഭാരം വര്‍ദ്ധിക്കുമ്പോള്‍ അത് താഴേക്ക് വളയുകയും അവസാനം മനുഷ്യജന്മമെന്ന അതിന്‍റെ വേരുകളില്‍ മുട്ടി നില്‍ക്കുകയും ചെയ്യുന്നു. ആകയാല്‍ ഈ ജീവന് ബ്രഹ്മാവ്, ശിവന്‍ എന്നിവരേക്കാള്‍ ഉന്നതമായ പദമൊന്നും അടയുവാനില്ല. ഇതിലുമുയര്‍ന്ന പദം പരബ്രഹ്മപദം ഒന്നു മാത്രമാണ്.

ബ്രഹ്മാവിന്‍റേയും മറ്റും ശാഖകളോട് സംസാരവൃക്ഷത്തെ താരതമ്യപ്പെടുത്തുവാന്‍ സാദ്ധ്യമല്ല. ഇതിനും മുകളിലായി സനകാദി മുനികളാകുന്ന ശാഖഖള്‍ ഉണ്ട്. എന്നാല്‍ അവര്‍ പരിത്യാഗത്തിന്‍റെ പാതയില്‍ക്കൂടി എത്തിച്ചേര്‍ന്നവരായതുകൊണ്ട് ആ ശാഖകള്‍ പഴമോ വേരോ ഇല്ലാതെ, പരബ്രഹ്മമായിത്തീര്‍ന്നവരുടേതാണ്. ബ്രഹ്മലോകമാകുന്ന ശാഖകള്‍ മര്‍ത്യലോകമാകുന്ന ശാഖയില്‍നിന്നു മുകളിലേക്കുപോയതാണ്. ഈ ശാഖകളുടെ വേരുകള്‍ മര്‍ത്യലോകത്തിലാണ്.

ഇപ്രകാരം ബ്രഹ്മത്തില്‍ വേരൂന്നി നില്‍ക്കുന്നതും താഴോട്ടും മേലോട്ടും ശാഖോപശാഖകള്‍ വ്യാപിച്ചിട്ടുള്ളതും ആയ സംസാരമാകുന്ന അത്ഭുതകരമായ വൃക്ഷത്തെപ്പറ്റി ഞാന്‍ വിവരിച്ചു. ഈ വൃക്ഷത്തിന്‍റെ അടിയില്‍ കാണപ്പെടുന്ന വേരുകളെക്കുറിച്ച് ഞാന്‍ പ്രതിപാദിച്ചു. ഇനിയും ഈ വൃക്ഷത്തെ എങ്ങനെ കടപുഴക്കാമെന്ന് ഞാന്‍ വിശദീകരിക്കാം.