ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 6

ന തത് ഭാസയതേ സൂര്യോ
ന ശശാങ്കോ ന പാവകഃ
യത് ഗത്വാ ന നിവര്‍ത്തന്തോ
തദ്ധാമ പരമം മമ.

അതിനു സൂര്യനോ ചന്ദ്രനോ അഗ്നിയോ പ്രകാശിപ്പിക്കുന്നില്ല. യാതൊരു സ്ഥാനത്തെത്തിയാല്‍ പിന്നെ മടങ്ങാന്‍ ഇടവരുന്നില്ലയോ ആ സ്ഥാനമാണ് എന്‍റെ പരമപദം.

ഈ സ്ഥാനത്തെ മറ്റു വസ്തുക്കളെ സാധാരണയായി പ്രകാശിപ്പിക്കുന്ന ദീപമോ, പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്ന രവിചന്ദ്രന്മാരോ പ്രകാശിപ്പിക്കുന്നില്ല. അത് അദൃശ്യസ്ഥാനമായി സ്ഥിതിയെയ്യുന്നുവെങ്കിലും അത് വിശ്വത്തെയൊട്ടാകെ വ്യഞ്ജിപ്പിക്കുന്നു. മുത്തുചിപ്പിയെപറ്റിയുള്ള അറിവു കുറവാണെങ്കില്‍ അതിന്‍റെ പുറംമേനിയായി കാണുന്ന രജതരൂപമാണ് കൂടുതലായി മനസ്സില്‍ പതിയുക. അഥവാ കയറിന്‍റെ യഥാര്‍ത്ഥസ്വഭാവം മനസ്സിലാകാത്ത ഒരുവന്, കയറ് പാമ്പാണെന്നുള്ള തെറ്റിദ്ധാരണയായിരിക്കും ഉണ്ടാവുക. അതുപോലെ പരമാത്മാവിന്‍റെ പ്രകാശം മറഞ്ഞിരിക്കുമ്പോള്‍ മാത്രമാണ് സൂര്യചന്ദ്രന്മാര്‍ അവരുടെ ഒളികൊണ്ട് ഉലകത്തെ പ്രകാശിപ്പിക്കുന്നത്. അല്ലാത്തപക്ഷം രവിചന്ദ്രന്മാര്‍ നിസ്തേജരാണ്. ജാജ്ജ്വല്യമാനവും സര്‍വ്വവ്യാപകവുമായ ഈ പരമാത്മസ്വരൂപമാണ് ആദിത്യനും ശശാങ്കനും പ്രഭ പകര്‍ന്നുകൊടുക്കുന്നത്. സൂര്യനുദിക്കുമ്പോള്‍ താരങ്ങളും താരാനാഥനും അപ്രത്യക്ഷമാകുന്നതുപോലെയോ, ഉറക്കമുണരുമ്പോള്‍ സ്വപ്നദൃശ്യങ്ങള്‍ മാഞ്ഞുപോകുന്നതുപോലെയോ, സായാഹ്നത്തില്‍ മരീചിക മറയുന്നതുപോലെയോ, ആത്മവസ്തുപ്രകാശത്തില്‍ സൂര്യചന്ദ്രന്മാരും ലോകവും ലുപ്തമാകുന്നു. ഹേ അര്‍ജ്ജുന, യാതൊന്നിനും ഭ്രമിപ്പിക്കാനാവാത്ത ധാമമാണ് എന്‍റെ പരമപദം. സാഗരത്തോട് സന്ധിക്കുന്ന സരിത്തുപോലെ അവിടെ എത്തിയവരാരും ഒരിക്കലും മടങ്ങുകയില്ല. അര്‍ണ്ണവത്തില്‍ ആമഗ്നമാക്കപ്പെട്ട ഒരു കുഞ്ജരിയുടെ ലവണ പ്രതിമ അതില്‍ അലിഞ്ഞുചേരുന്നതുപോലെയോ, ചുട്ടുപഴുത്ത ഇരുമ്പില്‍ പതിക്കുന്ന ജലകണങ്ങള്‍ തല്‍ക്ഷണം ബാഷ്പമായിപ്പോകുന്നതുപോലെയോ, ആകാശത്തേയ്ക്കുയര്‍ന്ന അഗ്നിനാളങ്ങള്‍ അടിയിലേക്കു തിരിച്ചു വരാത്തതുപോലെയോ, പരിശുദ്ധ ജ്ഞാനത്തിന്‍റെ പ്രഭാവംകൊണ്ട്, അവര്‍വീണ്ടും ജനിക്കാന്‍ ഇടയാകാത്ത വിധത്തില്‍ ഞാനുമായി വിലയം പ്രാപിക്കുന്നു.

ബുദ്ധിമാനായ പൃഥ്വിരാജന്‍ അര്‍ജ്ജുനന്‍ അപ്പോള്‍ ചോദിച്ചു :

പ്രഭോ! അങ്ങ് എന്നില്‍ അകമഴിഞ്ഞ് കാരുണ്യം ചൊരിഞ്ഞിരിക്കുന്നു. എന്നാല്‍ എന്‍റെ ചില സംശയങ്ങള്‍ പ്രത്യേകം പരിഗണിക്കണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. ആത്മജ്ഞാനത്തിന്‍റെ ബലത്തില്‍ അങ്ങുമായി ഒന്നുചേരുന്നവര്‍ ഒരിക്കലും തിരിച്ചുവരികയില്ലെന്നു അങ്ങു പറഞ്ഞു. അവര്‍ അങ്ങില്‍ നിന്നു ഭിന്നരായിരുന്നുവോ അതോ അഭിന്നരായിരുന്നുവോ, എന്നരുളിച്ചെയ്താലും. അവര്‍ ആദ്യം മുതല്‍ക്കുതന്നെ ഭിന്നരായിരുന്നുവെങ്കില്‍ അവര്‍ ഒരിക്കലും തിരിച്ചുവരികയില്ലെന്നു പറയുന്നത് എങ്ങനെയാണ്? അത് ഒരു വൈരുദ്ധ്യമല്ലേ? പുഷ്പത്തില്‍നിന്ന് തേന്‍നുകരാനെത്തുന്നവണ്ട് എപ്പോഴെങ്കിലും പുഷ്പവുമായി താദാത്മ്യം പ്രാപിക്കുമോ? അതുപോലെ, ലക്ഷ്യത്തിലേക്കയയ്ക്കുന്ന അമ്പ് ലക്ഷ്യത്തില്‍ കൊണ്ടുകഴിഞ്ഞാല്‍ താഴെ വീഴുകയല്ലേ ചെയ്യുന്നത്? പ്രത്യുത അവര്‍ സ്വാഭാവികമായും അഭിന്നരായിരുന്നുവെന്നാണ് അങ്ങു പറയുന്നതെങ്കില്‍ ഇരുവരും ഒന്നാണെന്നല്ലേ അതിന്‍റെ അര്‍ത്ഥം? ആ നിലക്ക്, ശരീരവും ശരീരാവയവങ്ങളും തമ്മില്‍ വിയോഗമില്ലാത്തതുപോലെ, അങ്ങും അവരും തമ്മില്‍ എന്നും ഒന്നായിത്തന്നെയല്ലേ ഇരുന്നിരുന്നത്? അപ്പോള്‍പിന്നെ ആര് ആരിലാണ് ലയിക്കുന്നത്? ആകയാല്‍ അങ്ങുമായിച്ചേര്‍ന്നുകഴിഞ്ഞാല്‍ പിന്നെ അവന്‍ ഈ ലോകത്തിലേക്കു തിരിച്ചുവരുമോ ഇല്ലയോ എന്നുള്ള ചോദ്യം അപ്രസക്തമാണെന്നു പറയാവുന്നതാണോ അല്ലയോ സര്‍വ്വതോന്മുഖ, അങ്ങയെ പ്രാപിച്ചുകഴിയുന്നവന്‍ എങ്ങനെയാണ് തിരിച്ചുവരാത്തതെന്ന കാര്യം വ്യക്തമാക്കിത്തന്ന് എന്നെ അനുഗ്രഹിച്ചാലും.

അര്‍ജ്ജുനന്‍റെ ചോദ്യം കേട്ട് കൃഷ്ണന്‍ പ്രഹൃഷ്ടനായി. അര്‍ജ്ജുനന്‍ സമ്പൂര്‍ണ്ണമായി ജ്ഞാനം കൈവരിച്ചുവെന്ന് മനസ്സിലാക്കിയ, സര്‍വ്വജ്ഞനായ ഭഗവാന്‍ അരുളിച്ചെയ്തു:

എന്നെ പ്രാപിച്ച് ഈ ലോകത്തിലേക്ക് തിരിച്ചുവരാതിരിക്കുന്നവര്‍ അഭിന്നരെന്നതുപോലെ ഭിന്നരുമാണ്. ഗാഢമായ വിവേകത്തോടെ നീ അതിനെ വീക്ഷിക്കുകയാണെങ്കില്‍ ഞങ്ങള്‍ അഭിന്നരാണെന്നു നിനക്കു മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ഉപരിപ്ലവമായി മാത്രം കാണുന്ന അവിവേകികള്‍ക്കു ഞങ്ങള്‍ ഭിന്നരാണെന്നു തോന്നും. ആഴിയുടെ മുകള്‍പ്പരപ്പില്‍ക്കാണുന്ന അലകള്‍ പ്രത്യേകമായി തോന്നുമെങ്കിലും അത് ആഴിയിലുള്ള ജലം മാത്രമാണ്. സ്വര്‍ണ്ണാഭരണങ്ങള്‍ വിവിധതരത്തിലുണ്ടെങ്കിലും സൂഷ്മമായി പരിശോധിക്കുമ്പോള്‍ അവയെല്ലാം സ്വര്‍ണ്ണം മാത്രമാണെന്നു കാണാം. അതുപോലെ ജ്ഞാനദൃഷ്ടികൊണ്ടു വീക്ഷിക്കുന്ന ഒരുവന് എല്ലാ ജീവജാലങ്ങളും ഞാനും അഭിന്നമാണെന്ന് അറിയാന്‍ കഴിയും. അതു ഭിന്നമാണെന്ന് തോന്നുന്നത് കേവലം അജ്ഞാനം കൊണ്ടുമാത്രമാണ്. രണ്ടാമതൊന്നില്ലാത്ത പരംപൊരുളാണ് ഞാനെന്നു കരുതുന്ന ഒരുവന് എങ്ങനെയാണ് ഭിന്നവിചാരം ഉണ്ടാകുന്നത്? സൂര്യമണ്ഡലം ഒന്നായി ആകാശത്തില്‍ നിറഞ്ഞുനില്‍ക്കുകയും ലോകത്തെ മുഴുവനും ഉള്‍ക്കൊള്ളുകയും ചെയ്തു കഴിഞ്ഞാല്‍ അതിന്‍റെ രശ്മിയോ പ്രതിബിംബമോ പ്രത്യേകം ദൃശ്യമാണോ? കല്പാന്ത്യത്തില്‍ ബ്രഹ്മസ്തംബം മുഴുവനും പ്രളയജലം നിറയുമ്പോള്‍ എവിടെയാണ് വേലിയേറ്റവും വേലിയിറക്കവും? അതുപോലെ ഏകവും അവ്യയവുമായ ഏനിക്ക് എങ്ങനെയാണ് ഘടകങ്ങള്‍ ഉണ്ടായിരിക്കുക? അരുവി വളഞ്ഞൊഴുകുന്നതുകൊണ്ട് ജലം വളഞ്ഞിരിക്കുന്നുവെന്ന് കരുതാമോ? സൂര്യനെ ജലത്തില്‍ പ്രതിഫലിച്ചുകാണുന്നതുകൊണ്ട് രണ്ടുസൂര്യന്മാരുണ്ടെന്ന് പറയാനാവുമോ? മഠത്തിലും ഘടത്തിലും കാണുന്ന ആകാശം യഥാക്രമം ചതുരത്തിലും ഗോളാകൃതിയിലും ആയതുകൊണ്ട് ആകാശം ചതുരമാണെന്നോ ഗോളാകൃതിയിലാണെന്നോ പറയാന്‍ കഴിയുമോ? ഞാന്‍ സ്വര്‍ണ്ണംപോലെ പരിശുദ്ധമാണ്. എന്തെങ്കിലും മിശ്രിതം ചേര്‍ക്കുമ്പോള്‍ സ്വര്‍ണ്ണത്തിന്‍റെ മാറ്റുകുറയുന്നു എങ്കിലും അതിലുള്ള സ്വര്‍ണ്ണം പരിശുദ്ധമാണ്. അതുപോലെ എന്‍റെ തന്നെ സൃഷ്ടിയായ ‘മായ’ എന്നോടൊപ്പം ചേരുമ്പോള്‍, അജ്ഞാനിക്ക്, ഞാന്‍ വിശ്വത്തില്‍നിന്ന് വ്യത്യസ്തനായിത്തോന്നുന്നു. ഞാന്‍ ആരാണെന്ന് അവന്‍ ആരായിരുന്നു. ആത്മാവിനേയും എന്നെയും അവന്‍ തരംതിരിക്കുന്നു. മായയുടെ വലയത്തില്‍പ്പെട്ട അവന്‍ സ്വയം ചോദിക്കുന്നു: ‘കോഹം’ (ഞാന്‍ ആര്) ‘ദേഹോഹം’ (ഞാന്‍ ശരീരമാണ്) എന്ന തീരുമാനത്തില്‍ അവന്‍ എത്തുന്നു.