ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 9

ശ്രോതം ചക്ഷുഃ സ്പര്‍ശം
ചരസനം ഘ്രാണമേവ ച
അധിഷ്ഠായ മനശ്ചായം
വിഷയാനുപസേവതേ


ജീവാത്മാവ് ചെവി, കണ്ണ്, ത്വക്ക്, നാക്ക്, മൂക്ക് എന്നീ ഇന്ദ്രിയങ്ങളേയും മനസ്സിനേയും ഉപാധികളായി സ്വീകരിച്ച് അവയിലിരുന്നുകൊണ്ട് വിഷയങ്ങളെ ഭുജിക്കുന്നു.

ജീവാത്മാവ് ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഇഹലോകത്തോ പരലോകത്തോ എവിടെയായാലും അത്, ഇന്ദ്രിയങ്ങളെ കൈയേല്‍ക്കുന്നു. അല്ലയോ അര്‍ജ്ജുന! ഒരു ദീപനാളത്തെ കെടുത്തുമ്പോള്‍ വെളിച്ചം അതോടൊപ്പം പോകുന്നു; വീണ്ടും കത്തിക്കുമ്പോള്‍ തിരിച്ചുവന്ന് എല്ലായിടത്തും പ്രഭപരത്തുകയും ചെയ്യുന്നു. ജീവാത്മാവ് ശരീരത്തില്‍ പ്രവേശിക്കുകയും ഇന്ദ്രിയവിഷയങ്ങളെ അനുഭവിക്കുകയും ചെയ്യുന്നുവെന്നും ഇതെല്ലാം ജീവാത്മാവിന്‍റെ സ്വഭാവമാണെന്നും ആളുകള്‍ വിചാരിക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം അങ്ങനെയല്ല. ജനനവും മരണവും പ്രവൃത്തിയും അനുഭവവും എല്ലാം പ്രകൃതിയുടെ സ്വഭാവമാണ് ആത്മാവിന്‍റേതല്ല.