യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 337 [ഭാഗം 6. നിര്‍വാണ പ്രകരണം]

ചിദാത്മാ ബ്രഹ്മ സത്സത്യമൃതം ജ്ഞ ഇതി നാമഭിഃ
പ്രോച്യതേ സര്‍വഗം തത്വം ചിന്മാത്രം ചേത്യവര്‍ജിതം (6/11/66)

വസിഷ്ഠന്‍ തുടര്‍ന്നു: “സര്‍വ്വവ്യാപിയായ സത്യം, വിഷയനിബദ്ധമല്ലാത്ത ശുദ്ധബോധമാണ്. അതുതന്നെയാണ് ബോധം, ആത്മാവ്, സത്യം, അസ്തിത്വം, ക്രമം, ശുദ്ധജ്ഞാനം എന്നിങ്ങിനെയെല്ലാം വിവിധ നാമങ്ങളാല്‍ അറിയപ്പെടുന്നത്.” പരിശുദ്ധമായ അതിന്റെ പ്രകാശത്തിലാണ് എല്ലാ ജീവികളും അവരവരുടെ ആത്മസത്തയെ തിരിച്ചറിയുന്നത്. ബോധത്തിന്റെതന്നെ പ്രകടിത ഭാവങ്ങളായ മനോബുദ്ധിന്ദ്രിയാദികളെ നിരാകരിച്ചുകഴിഞ്ഞാല്‍ ശേഷിക്കുന്ന ശുദ്ധബോധമായ ബ്രഹ്മമാണ് ഞാന്‍. നാശമേതുമില്ലാത്ത ഈ ബ്രഹ്മത്തിന്റെ വെളിച്ചത്തിലാണ് പഞ്ചഭൂതങ്ങളും വിശ്വമാകെയും പ്രോജ്വലത്താകുന്നത്.

വിശ്വംമുഴുവനും പരന്നു നിറയുന്ന ബോധപ്രതിഫലനത്തിനു കാരണമായ ജ്യോതിസ്ഫുരണം ഉണ്ടാവുന്നത് കേവലബ്രഹ്മമായ എന്നില്‍നിന്നാണ്. ശുദ്ധമനസ്സുകൊണ്ട് കാണുമ്പോഴും അതിനെ വ്യാഖ്യാനിക്കാന്‍ മൌനത്തിനു മാത്രമേ കഴിയൂ. എണ്ണമറ്റ ജീവജാലങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത അഹംകാരനിബദ്ധമായ അനുഭവങ്ങളുമായി ബന്ധമുണ്ടെന്നു തോന്നുമെങ്കിലും, അവയെല്ലാം ബ്രഹ്മാനുഭാവത്തിന്റെ ആനന്ദം അറിയുന്നുണ്ടെങ്കിലും ബ്രഹ്മം അവയ്ക്കൊന്നും പ്രാപ്യമല്ല. അവയ്ക്കൊന്നും ബ്രഹ്മത്തെ സ്പര്‍ശിക്കാനുമാവില്ല. എല്ലാ ആനന്ദത്തിന്റെയും പരമമായ അടിസ്ഥാനം അതാണെങ്കിലും ദീര്‍ഘസുഷുപ്തി അവസ്ഥയിലെന്നപോലെ വൈവിദ്ധ്യതകള്‍ ബാധിക്കാത്ത പ്രശാന്തനിര്‍മലമായ ഒരു തലമാണത്.

വിഷയ-വിഷയീ ബന്ധങ്ങള്‍ നല്‍കുന്ന സുഖാനുഭവങ്ങളില്‍ ബ്രഹ്മാനന്ദം തുലോം തുഛമായേ വേദ്യമാവൂ. സുഖദുഖങ്ങള്‍ മുതലായ ധാരണകള്‍ ഇല്ലാത്ത അനശ്വരമായ പരബ്രഹ്മമാണ് ഞാന്‍. നിത്യശുദ്ധന്‍. ശുദ്ധസത്യമായ അനുഭവത്തിന്റെ ഇരിപ്പിടമായ ബോധമാണ് ഞാന്‍. ചിന്താമാലിന്യങ്ങള്‍ ശല്യപ്പെടുത്താത്ത ശുദ്ധപ്രജ്ഞയുടെ ഇരിപ്പിടമാണ് ഞാന്‍. എല്ലാ ഘടകങ്ങളിലും ജലം വായു മുതലായ പഞ്ചഭൂതങ്ങളിലും ഉള്ള ബുദ്ധിയും ചൈതന്യവും ഞാനാണ്.

ഫലവര്‍ഗ്ഗങ്ങളുടെയും മറ്റും നൈസര്‍ഗ്ഗീകഗുണങ്ങളായ സ്വാദ്, മുതലായവയെ പ്രകടിപ്പിക്കുന്ന ശുദ്ധാവബോധം ഞാനാണ്. ഒരുവന്‍ എപ്പോഴാണോ വിലപിടിപ്പുള്ള നേട്ടങ്ങളില്‍ ഉണ്ടാകുന്ന അത്യാഹ്ലാദത്തിനും അവ നഷ്ടപ്പെടുന്നതുമൂലമുണ്ടാകുന്ന വിഷാദത്തിനും അതീതനായി വര്‍ത്തിക്കുന്നത്, അപ്പോള്‍ സാക്ഷാത്കരിക്കപ്പെടുന്ന മാറ്റങ്ങളേതുമില്ലാത്ത ബ്രഹ്മമാണ് ഞാന്‍.

സൂര്യന്‍ വസ്തുക്കളില്‍ പ്രഭചൊരിഞ്ഞ് അവയെ പ്രകാശിപ്പിക്കുമ്പോള്‍ അവയെ ദൃശ്യമാക്കി അനുഭവവേദ്യമാക്കുന്ന ശുദ്ധബോധമാണ് ഞാന്‍. പ്രകാശത്തിന്റെ ആത്മാവും ശോഭായമാനമായ വസ്തുക്കളുടെ ആത്മസത്തയും ഞാന്‍ തന്നെയാണ്.

ജാഗ്രദ്സ്വപ്നസുഷുപ്തികളാകുന്ന മൂന്ന്‍ അവസ്ഥകളിലും അവിച്ഛിന്നമായി നിലനില്‍ക്കുന്നതാകയാല്‍ ബ്രഹ്മം നാലാമത്തെ അവസ്ഥയാകുന്നു. അതീന്ദ്രിയമായ സത്യം. നൂറുകണക്കിന് കരിമ്പിന്‍തോട്ടങ്ങളില്‍ നിന്നുമുള്ള കരിമ്പുനീരിനെല്ലാം ഒരേ തരം മധുരമുള്ളതുപോലെ എല്ലാ ജീവജാലങ്ങളിലും ഒരേപോലെ നിറഞ്ഞു വിളങ്ങുന്ന ബോധമാണ് ഞാന്‍.

ഞാനാണ് വിശ്വത്തേക്കാള്‍ സ്ഥൂലമായ ചിത്ശക്തി. എന്നാല്‍ ഞാന്‍ അണുവിനെക്കാള്‍ സൂക്ഷ്മതരവുമാണ്. ഒരേസമയം സ്ഥൂലവും സൂക്ഷ്മവുമാകയാല്‍ ഞാന്‍ അദൃശ്യനാണ്. പാലില്‍ വെണ്ണപോലെ ഞാന്‍ എല്ലാടവും നിറഞ്ഞു നിലകൊള്ളുന്നു. അനുഭവവേദ്യതയാണെന്റെ പ്രകൃതി.