ശ്രീ രമണമഹര്‍ഷി

ആത്മാവ് സച്ചിദാനന്ദമാണ്. അതില്‍ ആദ്യത്തെ രണ്ടും എല്ലാ അവസ്ഥകളിലും അനുഭവമാണ്. ഒടുവിലത്തെ ആനന്ദം ഉറക്കത്തിലേ അനുഭവമാകുന്നുള്ളൂ. അതിനാല്‍ ഈ ആനന്ദം എന്തുകൊണ്ടാണ് മറ്റവസ്ഥകളിലനുഭവമാകാത്തതെന്നു ചോദിക്കാം. ആനന്ദം മറ്റവസ്ഥകളിലുമില്ലാത്തതുകൊണ്ടല്ല. ഉറക്കത്തില്‍ മനോവൃത്തിയില്ലാത്തതുകൊണ്ട് ആത്മാവു നേരെ പ്രകാശിക്കും. മറ്റവസ്ഥകളില്‍ പ്രകാശിക്കുന്നതു ആത്മാവിന്‍റെ പ്രതിഫലനമാണ്. അപ്പോഴും സന്തോഷങ്ങള്‍ തോന്നാമെങ്കിലും അവ ചിത്തവൃത്തികളാണ്.

നവംബര്‍ 3,6, 1938

ഉള്ളതുനാല്പത് എന്ന ഗ്രന്ഥത്തിലെ ആ മംഗളശ്ലോകത്തിന് ഭഗവാന്‍ മാക് ക്ലീവറിനോട് ഇപ്രകാരം അര്‍ത്ഥംപറഞ്ഞു

സത്ത് (എന്നെന്നുമുള്ളത്) സത്തു തന്നെ. അതറിവില്ലാതെ മറ്റൊന്നുമല്ല. ഈ പരം പൊരുളിനെ എങ്ങനെ ധ്യാനിക്കാനും സ്തുതിക്കാനും ? അതായിത്തന്നെ ഇരിക്കുകയാണു ശരിയായ തുടക്കം. ജ്ഞാനമാര്‍ഗ്ഗത്തില്‍ ഇതിനെ നിര്‍ഗുണബ്രഹ്മമെന്നു പറയുന്നു.

രണ്ടാം പദ്യം സഗുണബ്രഹ്മത്തെ വാഴ്ത്തുന്നു. അത് ആത്മാവിനേയും ആത്മാര്‍പ്പണത്തെപ്പറ്റിയും പറയുന്നു.

മൂന്നാം പദ്യത്തില്‍ പഞ്ചഭൂതങ്ങളേയും പഞ്ചതന്മാത്രകളെപ്പറ്റിയും പറയുന്നു.

നാലാം പദ്യം പരമവസ്തുവിനെ എങ്ങനെ പ്രാപിക്കാം. ഈ ലോകത്തെ ത്യജിക്കുക. ലോകം എന്നതിനെ ലോകത്തെപ്പറ്റിയുള്ള വിചാരം എന്നര്‍ത്ഥം. വിചാരമില്ലെങ്കില്‍ അഹന്ത ഉണ്ടാവുകയില്ല. കര്‍ത്താവോ കര്‍മ്മമോ ഇല്ലാതെ പോകും.