യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 347 [ഭാഗം 6. നിര്‍വാണ പ്രകരണം]

അകാര്‍ദേത്രദൃക്ഷസംചാരാന്‍മേര്‍വാദിസ്ഥാനകാ ദിശഃ
സംസ്ഥാനമന്യഥാ തസ്മിന്‍സ്ഥിതേ യാന്തി ദിശോഽന്യഥാ (6/22/46)

ഭുശുണ്ടന്‍ തുടര്‍ന്നു: ഇക്കഴിഞ്ഞയുഗത്തിലെയും അതിന് മുന്‍പ് വളരെ പണ്ടുണ്ടായതുമായ പലതും ഞാനോര്‍ക്കുന്നു. അങ്ങയേയും, ഗൌരീദേവിയേയും, ഹിരണ്യാക്ഷന്‍ മുതലായ അസുരന്മാരെയും, സിബി തുടങ്ങിയ ചക്രവര്‍ത്തിമാരെയും നേരത്തേ എനിക്കറിയാം. മഹര്‍ഷേ, അങ്ങയുടെ വസിഷ്ഠനായുള്ള ഈ ജന്മം എട്ടാമത്തെതാണ്. നാം തമ്മിലിപ്പോള്‍ കാണുന്നതും എട്ടാമതാണ്. ഒരിക്കല്‍ അങ്ങ് ആകാശത്തില്‍ നിന്നുണ്ടായി. മറ്റൊരിക്കല്‍ ജലത്തില്‍ നിന്നും, പിന്നെ കാറ്റില്‍ നിന്നും, പിന്നെ പര്‍വ്വതത്തില്‍ നിന്നും അഗ്നിയില്‍ നിന്നും അങ്ങ് ജനിച്ചു. ഈ സൃഷ്ടിചക്രത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അതേപടി കഴിഞ്ഞ മൂന്നു വട്ടവും നടക്കുകയുണ്ടായി. എന്നാല്‍ ഞാന്‍ അങ്ങിനെയുള്ള പത്തു സൃഷ്ടിചക്രങ്ങള്‍ ഓര്‍ക്കുന്നു.*

എല്ലാ യുഗത്തിലും സത്യവും വേദശാസ്ത്രവും പ്രചരിപ്പിക്കുവാന്‍ മഹര്‍ഷിമാര്‍ ഉണ്ടായിരുന്നു. അപ്പോഴൊക്കെ പുരാണകഥകളെ ക്രോഡീകരിച്ചെഴുതാന്‍ വ്യാസന്മാരും ഉണ്ടായിരുന്നു. വാല്‍മീകിമഹര്‍ഷി ഓരോ തവണയും രാമായണം എഴുതി. മാത്രമല്ല, ശ്രീരാമന് അങ്ങ് നല്‍കിയ ഉപദേശങ്ങള്‍ സമാഹരിച്ച് ആത്മനിഷ്യന്തിയായ ഒരു ഗ്രന്ഥവും വാല്‍മീകി ഓരോരോ യുഗത്തിലും എഴുതുകയുണ്ടായി. അതില്‍ ആദ്യം ഒരു ലക്ഷം ശ്ലോകങ്ങള്‍ ഉണ്ടായിരുന്നു. ഈ യുഗത്തില്‍ വാല്‍മീകി അതെഴുതുന്നത് പന്ത്രണ്ടാം തവണയാണ്. അതുപോലെ പ്രധാനപ്പെട്ട മറ്റൊരു ഗ്രന്ഥമുണ്ടായിരുന്നു. ‘ഭാരതം’ എന്നാണതിന്റെ പേര്. പക്ഷെ അത് ആര്‍ക്കുമിപ്പോള്‍ അറിയില്ല.

അസുര നിഗ്രഹത്തിനായി ഭഗവാന്‍ വിഷ്ണു വീണ്ടും വീണ്ടും ജന്മമെടുക്കും. ഈ യുഗത്തില്‍ത്തന്നെ രാമനായി അദ്ദേഹം പതിനൊന്നാമത്തെ അവതാരമെടുക്കുന്നതാണ്. കൃഷ്ണനായി ഭഗവാന്‍ പതിനാറാമത്തെ തവണ ജന്മമെടുക്കാന്‍ പോകുന്നു. എന്നാല്‍ ഇതെല്ലാം വെറും മായക്കാഴ്ച്ചകളാണെന്നു തിരിച്ചറിയുക. ലോകം തന്നെ സത്യമല്ലല്ലോ. ഭ്രമാത്മകമനസ്സിനേ അത് ഉണ്മയാണെന്ന് തോന്നൂ. സമുദ്രോപരി കാണപ്പെടുന്ന അലകളെപ്പോലെ കണ്ണടച്ചു തുറക്കുന്ന നേരത്തില്‍ ഉണ്ടായി മറയുന്ന മായക്കാഴ്ചയാണ് ലോകം.

ചില യുഗങ്ങളില്‍ മൂന്നു ലോകങ്ങളും വളരെ സമാനസ്വഭാവമുള്ളവയാണ്. മറ്റു യുഗങ്ങളില്‍ അവ തുലോം വ്യത്യസ്ഥമത്രേ. ഈ ആപേക്ഷികവ്യതിയാനങ്ങള്‍ മൂലം ഓരോരോ യുഗങ്ങളിലും എനിക്ക് വെവ്വേറെ സുഹൃത്തുക്കളെയും ബന്ധുക്കളെയും സേവകരെയും കിട്ടിയിട്ടുണ്ട്. വെവ്വേറെ കൂടുകളും എനിക്ക് ലഭ്യമായി. ചിലപ്പോള്‍ ഹിമാലയ സാനുക്കളിലും മറ്റുചിലപ്പോള്‍ മലയപര്‍വ്വതത്തിലും ഞാന്‍ കൂടുണ്ടാക്കി. എന്നാല്‍ ആര്‍ജ്ജിതവാസനകളുടെ പ്രഭാവം കൊണ്ട് ഞാനീ മരത്തിലും കൂടുണ്ടാക്കി വസിച്ചുവരുന്നു.

യുഗംതോറും, ദിക്കും ദിശകളും മാറിക്കൊണ്ടിരിക്കുന്നു. ബ്രഹ്മാവിന്റെ രാത്രികള്‍പോലും മാറുന്നു. എപ്പോഴും ഉണര്‍ന്നിരിക്കുന്നതിനാല്‍ ഈ മാറ്റങ്ങളെക്കുറിച്ചുള്ള സത്യം എനിക്കുമാത്രമേ അറിയാവൂ. “ധ്രുവങ്ങളുടെയും സൂര്യചന്ദ്രന്മാരുടെയും സ്ഥാനങ്ങള്‍ , നക്ഷത്രങ്ങളുടെ ചലനം, എന്നിവയെ അനുസരിച്ചാണ് വടക്ക് കിഴക്ക് പടിഞ്ഞാറ് തെക്ക്‌ ഇത്യാദി ദിക്കുകള്‍ നിശ്ചയിക്കപ്പെടുന്നത്.”

എന്നാല്‍ ഈ ലോകം സത്തോ അസത്തോ അല്ല എന്നെനിക്കറിയാം. വിശ്വാവബോധത്തിലെ ചൈതന്യത്തിന്റെ ചലനം മാത്രമാണ് സത്തായുള്ളത്. ഈ ചലനം ഭ്രമാത്മകമായ അവിദ്യകാരണം സൃഷ്ടികളായി ഉണ്ടായി മറയുന്നപോലെയുള്ള ഒരു പ്രതീതി ജനിപ്പിക്കുകയാണ്. അതേ ഭ്രമം തന്നെയാണ് ബന്ധുത്വം, കടമകള്‍ മുതലായ എല്ലാ ചിന്താക്കുഴപ്പങ്ങളെയും സൃഷ്ടിക്കുന്നതും. ചില യുഗങ്ങളില്‍ മകന്‍ അച്ഛനെപ്പോലെ പെരുമാറുന്നു; സുഹൃത്ത്‌ ശത്രുവാകുന്നു; പുരുഷന്‍ സ്ത്രീകളെപ്പോലെയും ചിലപ്പോള്‍ കലിയുഗത്തില്‍ മനുഷ്യര്‍ സുവര്‍ണ്ണയുഗത്തിലെന്നപോലെയും പെരുമാറുന്നു. മറ്റുചിലപ്പോള്‍ മറിച്ചും സംഭവിക്കുന്നു.

*കുറിപ്പ്:ലോകത്തിലെ പ്രധാന സംഭവങ്ങളുടെ വലിയൊരു പരമ്പര ഓരോ സൃഷ്ടിചക്രത്തിലും ആവര്‍ത്തിക്കുന്നത് ഇവിടെ പ്രതിപാദിക്കപ്പെടുന്നു. എന്നാല്‍ അവയില്‍ ചില സംഭവങ്ങള്‍ അതേപടി ആവര്‍ത്തിച്ചതായി പറയാത്തത് കാകഭുശുണ്ടന്‍ അവയെ വീക്ഷിച്ചതില്‍ ഉള്ള വ്യത്യാസങ്ങള്‍ കൊണ്ട് മാത്രമാണ്. ആ വിവരണത്തിലെ ചില സംഭവങ്ങള്‍ ഉദാഹരണത്തിനായി ഇവിടെ എടുത്തു പറയുകയാണ്‌.) എന്നേയുള്ളു.