ശ്രീ രമണമഹര്‍ഷി

വേദാഗമങ്ങള്‍ക്കു തീര്‍പ്പു കല്‍പിക്കുന്നവയാണ് ബ്രഹ്മസൂത്രങ്ങള്‍. അവയ്ക്ക് ഭാഷ്യങ്ങളും ഏര്‍പ്പെട്ടിട്ടുണ്ട്. ഒരേ സിദ്ധാന്തത്തിലും വിഭിന്നങ്ങളായ വിശദീകരണങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്നു. അതിനാല്‍ ഒരാള്‍ ഏതിനെ സ്വീകരിക്കും? വാദപ്രദിപാദങ്ങള്‍ അഹന്തയെ മുന്നിട്ടെഴുമ്പുന്നു. അഹന്തയാണെങ്കില്‍ തനിക്കൊരു രൂപവുമില്ലാതെ നാനാത്വങ്ങളെ ജനിപ്പിച്ചിട്ടു മറയുന്നു. അതറ്റ സ്ഥാനത്തേ സന്ദേഹവിപരീതങ്ങളന്യേ ഇടവിടാതെ പ്രകാശിക്കുന്ന ആത്മാനുഭൂതിയുണ്ടാകുന്നുള്ളൂ.

ഭഗവാന്‍: ഇവിടെ വരുന്നവരില്‍ പലരും അവരവരെപ്പറ്റിയല്ല ചോദിക്കുന്നത്. ജീവന്മുക്തന്മാര്‍ ലോകത്തെ കാണുന്നുണ്ടോ ഇല്ലയോ? ദേഹവിയോഗത്തിനുശേഷം ജീവന്‍ എന്താകുന്നു? മുക്തി സിദ്ധിച്ചാല്‍ ദേഹം ഒളിയായിപ്പോകുമോ? ശരീരം പ്രേതമായവനെ മുക്തനെന്നു പറയാമോ? എന്നും മറ്റുമാണ്. മുക്തനേയും മുക്തിയേയുംപറ്റി അറിഞ്ഞതുകൊണ്ട വിശേഷമൊന്നുമില്ല. ബന്ധമെന്നൊന്നുണ്ടോ? ഇക്കാര്യമാരാഞ്ഞുനോക്കിയാല്‍ താന്‍ നിത്യസ്വതന്ത്രനായ ചിന്മാത്ര സ്വരൂപനാണെന്നറിയാനൊക്കും.