സ്വാമി വിവേകാനന്ദന്‍

നാമെല്ലാം നമ്മേക്കാള്‍ ഉയര്‍ന്നവയുമായി ഒന്നിക്കാന്‍ കൊതിക്കുന്നു. ആര്‍ക്കും തന്നെക്കാള്‍ താണവരുമായി ഒന്നിക്കേണ്ട. പൂര്‍വ്വികന്‍മാരെ സമുദായം ആദരിച്ചിരുന്നെങ്കില്‍ – അവര്‍ മൃഗങ്ങളെപ്പോലെ ക്രൂരന്‍മാരോ കൊള്ളക്കാരോ അക്രമിപ്രഭുക്കന്‍മാരോ ആരായാലും – അവരുടെ പാരമ്പര്യമുറപ്പിക്കുവാന്‍ നമ്മളില്‍ ഓരോരുത്തനും ശ്രമിക്കുന്നു. അത്രയ്ക്കുണ്ട് മനുഷ്യന്റെ അജ്ഞത എന്നാല്‍, അതേസമയം, നമ്മുടെ പൂര്‍വ്വികന്‍മാരില്‍ നിര്‍ദ്ധനരും സത്യസന്ധരും മര്യാദക്കാരുമുണ്ടെങ്കില്‍, അവരുമായി നമുക്കാര്‍ക്കും പാരമ്പര്യം പുലര്‍ത്തേണ്ട. എന്തായാലും, നമ്മുടെ കണ്ണുകളില്‍നിന്നു മൂടുപടലങ്ങള്‍ പൊഴിയുകയാണ്. സത്യം ഏറെയേറെ വെളിപ്പെടാനും തുടങ്ങിയിരിക്കുന്നു. ഇതു മതത്തിനു വലിയൊരു നേട്ടംതന്നെ. ഞാന്‍ ഇപ്പോള്‍ നിങ്ങളോടു പറയുന്ന ഈ തത്ത്വംതന്നെയാണ് അദൈ്വതവേദാന്തത്തിന്റെ ഉപദേശം. ആത്മാവ് ജഗത്‌സാരമാണ്, സര്‍വ്വജീവസാരമാണ്, നിങ്ങളുടെ സ്വന്തം ജീവിതത്തിന്റെ സാരമാണ്, പോര, തത്ത്വമസി, ”നീ അതുതന്നെയാകുന്നു.” സമസ്തജഗത്തും നീതന്നെ. താന്‍ മറ്റുള്ളവരില്‍നിന്നു ഭിന്നനാണെന്ന്, ഒരു തലനാരിടയ്‌ക്കെങ്കിലും അന്തരമുള്ളവനാണെന്ന്, ഏതൊരുവന്‍ പറയുന്നുവോ അവന്‍ ആ നിമിഷംതന്നെ ദുഃഖിയാകുന്നു. ഏതൊരുവന്‍ ഈ ഏകത്വമറിയുന്നുവോ, താന്‍ സര്‍വ്വജഗത്തുമായി ഒന്നാണെന്ന് ഏതൊരുവന്‍ അറിയുന്നുവോ, അവനുള്ളതാണ് സുഖം.

ഇപ്രകാരം, പരമസാമാന്യകല്പനയേയും പരിണാമവ്യവസ്ഥയേയും അനുസരിക്കുന്നതിനാല്‍ ആധുനികവിജ്ഞാനലോകത്തിന്റെ നിഷ്‌കര്‍ഷകളെ നിറവേറ്റാന്‍ വേദാന്തം പര്യാപ്തമാണെന്നു കാണുന്നു. മാത്രമല്ല, ഒരു വസ്തുവിന്റെ വിശദീകരണം അതില്‍നിന്നുതന്നെ വരണം (വസ്തുതന്ത്രമാണ്) എന്നുള്ള വ്യവസ്ഥയെ വേദാന്തം മതിയാവോളം നിറവേറ്റുന്നുണ്ട്. വേദാന്തപ്രതിപാദ്യനായ ഈശ്വരന്‍ ബ്രഹ്മമാണ് ഈശ്വരന്‍ ബ്രഹ്മമാണ്. ബ്രഹ്മത്തില്‍നിന്ന് അന്യമായി ഒന്നുമില്ല, യാതൊന്നുമില്ല. ഇതെല്ലാം അവന്‍തന്നെ, അവന്‍ ജഗത്തിന്റെ അന്തര്യാമി. അവന്‍തന്നെ ഈ ജഗത്ത്. ”നീയാണ് പുരുഷന്‍: നീയാണ് സ്ര്തീ: യൗവനംകൊണ്ടു പുളയ്ക്കുന്ന ചെറുപ്പക്കാരനും നീ: കാലിടറി നടക്കുന്ന കിഴവനും നീ.” അവന്‍ ഇവിടെയുണ്ട്: അവനെ നാം കാണുകയും സ്പര്‍ശിക്കുകയും ചെയ്യുന്നു: അവനില്‍ നാം ജീവിക്കുന്നു, ചേഷ്ടിക്കുന്നു, ഉണ്‍മയുള്ളവരായിരിക്കുകയും ചെയ്യുന്നു ഈ സങ്കല്പം ക്രിസ്ത്യാനികളുടെ ‘പുതിയ നിയമ’ത്തിലും കാണാം, അന്തര്യാമിയായ ഈശ്വരനെസ്സംബന്ധിച്ച സങ്കല്പം. അവന്‍ സര്‍വ്വത്തിന്റെയും സാരമായി, ഹൃദയവും ആത്മാവുമായിരിക്കുന്നു, അവന്‍ അവനെത്തന്നെ ഈ ജഗത്തായി പ്രകാശിപ്പിക്കുന്നു എന്നു പറയാം. നിങ്ങളും ഞാനുമെല്ലാം ആ അഖണ്ഡസച്ചിദാനന്ദസമുദ്രത്തില്‍ വര്‍ത്തിക്കുന്ന അതിന്റെ അല്പമാത്രകള്‍, ചെറുബിന്ദുക്കള്‍ കൊച്ചുചാലുകള്‍ കീറി, ചിറ്റലകള്‍ ആകുന്നു. മനുഷ്യനും മനുഷ്യനും തമ്മിലും, ദേവന്‍മാരും മനുഷ്യരും തമ്മിലും മനുഷ്യനും മൃഗങ്ങളും തമ്മിലും മൃഗങ്ങളും സസ്യങ്ങളും തമ്മിലും, സസ്യങ്ങളും ശിലകളും തമ്മിലുമുള്ള ഭേദം വാസ്തവത്തില്‍ ജാതികൊണ്ടുള്ളതല്ല. എന്തെന്നാല്‍ അങ്ങേയറ്റത്തെ ദേവന്‍മുതല്‍ ഇങ്ങേയറ്റത്തെ ജഡാണുവരെയുള്ള ഓരോന്നും ആ അനന്തസമുദ്രത്തിന്റെ അഭിവ്യക്തിമാത്രമാകുന്നു: തരതമ്യഭേദമേയുള്ളു ഞാന്‍ താഴ്ന്ന ഒരഭിവ്യക്തിയും നിങ്ങള്‍ ഉയര്‍ന്ന ഒരഭിവ്യക്തിയുമാവാം. എന്നാല്‍ രണ്ടിലുമുള്ള വസ്തു ഒന്നുതന്നെ. നിങ്ങളും ഞാനും ഒരേ നദിയില്‍നിന്നു പോകുന്ന രണ്ടു ചാലുകളാണ്: ആ നദി ഈശ്വരനുമാണ്. ഈ നിലയില്‍ നിങ്ങളുടെ പ്രകൃതി ഈശ്വരനാണ്: അതുപോലെ എന്റേയും. ഈശ്വരപ്രകൃതി നിങ്ങള്‍ക്കു ജന്‍മാവകാശമാണ്: അതുപോലെ എനിക്കും. നിങ്ങള്‍ പവിത്രതയുടെ ദേവതയാവാം, ഞാന്‍ തമോമൂര്‍ത്തിയായ അസുരനാവാം: എന്നാലും എന്റെ ജന്‍മാവകാശമാണ് ആ അഖണ്ഡസച്ചിദാനന്ദസമുദ്രം. അതുപോലെ നിങ്ങളുടെയും. നിങ്ങള്‍ നിങ്ങളുടെ സ്വരൂപത്തെ ഇന്ന് അധികം അഭിവ്യക്തമാക്കിയിട്ടുണ്ട്. ക്ഷമിക്കൂ: ഞാനും എന്റെ സ്വരൂപത്തെ ഇതിലേറെ വെളിപ്പെടുത്തും: അതെല്ലാം എന്നില്‍ത്തന്നെയുണ്ടല്ലോ. ഇവിടെ ബാഹ്യമായ വിശദീകരണമൊന്നും തേടിയിട്ടില്ല, ഒന്നും വേണ്ടിവന്നിട്ടില്ല. ഈ ജഗത്തിന്റെയെല്ലാം ആകെത്തുക ഈശ്വരന്‍തന്നെ. അങ്ങനെയാണെങ്കില്‍ ഈശ്വരന്‍ ജഡവസ്തുവാണോ? അല്ല, തീര്‍ച്ചയായും അല്ല. എന്തെന്നാല്‍ ജഡം, പഞ്ചേന്ദ്രിയങ്ങളാല്‍ ഗ്രഹിക്കപ്പെട്ട ആ ഈശ്വരനാണ്. അതേ ഈശ്വരസ്വരൂപം ബുദ്ധിയില്‍ക്കൂടി ഗ്രഹിക്കപ്പെടുമ്പോള്‍ മനസ്സാകുന്നു. ആത്മാവു ദര്‍ശിക്കുമ്പോള്‍ അവന്‍ ചൈതന്യമായി ദര്‍ശിക്കപ്പെടുന്നു. അവന്‍ ജഡമല്ല, എന്നാല്‍ ജഡത്തില്‍ സത്യമായിട്ടെന്തുണ്ടോ, അത് അവനത്രേ. ഈ കസേരയില്‍ സത്യമായിട്ടെന്തുണ്ടോ, അത് അവനാണ്. എന്തെന്നാല്‍ കസേരയുണ്ടാകുവാന്‍ രണ്ടെണ്ണം വേണം. ഇന്ദ്രിയദ്വാരാ എന്റെ മനസ്സലേക്കു പ്രവേശിച്ച എന്തോ ഒന്ന് പുറത്തുണ്ടായിരുന്നു. അതിലേക്ക് മറ്റൊന്നിനെ മനസ്സു സംഭാവന ചെയ്തു. ഇവ രണ്ടും കൂടിയതാണ് ഈ കസേര. ഇന്ദ്രിയങ്ങളെയും അന്തഃകരണത്തെയും അപേക്ഷിക്കാതെ, സ്വതന്ത്രമായി എന്നുമുണ്ടായിരുന്നത് ഈശ്വരന്‍തന്നെ. ഇന്ദ്രിയങ്ങള്‍ അവന്റെമേല്‍ കസേരകളെയും മേശകളെയും മുറികളെയും വീടുകളെയും ലോകങ്ങളെയും ചന്ദ്രന്‍മാരെയും സൂര്യന്‍മാരെയും നക്ഷത്രങ്ങളെയും എന്നുവേണ്ട എല്ലാ വിഷയങ്ങളെയും ചിത്രീകരിച്ചിരിക്കുന്നു.ക്‌സ അങ്ങനെയാണെങ്കില്‍, നാമെല്ലാവരും ഒരു കസേരതന്നെ കാണുന്നതെന്തുകൊണ്ട്? സച്ചിദാനന്ദസ്വരൂപനായ ഈശ്വരന്റെമേല്‍ നാമെല്ലാം ഒരേ പ്രകാരത്തില്‍ ചിത്രം വരയ്ക്കുന്നതെങ്ങനെ? അതിനു സമാധാനം; എല്ലാവരും ചിത്രീകരിക്കുന്നത് ഒരേ പ്രകാരമാകണമെന്നില്ല. ഒരുപോലെ വരയ്ക്കുന്നവര്‍ ഒരേ ഭാവഭൂമികയിലാണ്. അതുകൊണ്ട് അവര്‍ അന്യോന്യമെന്നപോലെ അന്യോന്യചിത്രങ്ങളെയും കാണുന്നു എന്നാണ് ന്യായം. നാം വരയ്ക്കുന്ന രീതിയിലല്ലാതെ ഈശ്വരനെ ചിത്രീകരിക്കുന്ന ലക്ഷോപലക്ഷം ജീവികള്‍ എന്റേയും നിങ്ങളുടേയും മദ്ധ്യത്തിലുണ്ടാകാം. അവരെയും അവരുടെ ചിത്രങ്ങളെയും നാം കാണുന്നില്ല.

നേരെ മറിച്ച് പരമാര്‍ത്ഥം സൂക്ഷ്മതരമാണെന്നും സ്ഥൂലം വെറും പ്രതിഭാസമാണെന്നും തെളിയിക്കുവാനാണ് ആധുനികഭൗതികവിജ്ഞാനങ്ങള്‍ അധികമധികം പ്രവണമാകുന്നതെന്നു നിങ്ങള്‍ക്കറിയാമല്ലോ അതെന്തുമാകട്ടെ, ആധുനികയുക്തിപരീക്ഷണത്തെ താങ്ങാവുന്ന ഒരു മതസിദ്ധാന്തമുണ്ടെങ്കില്‍ അത് അദ്വൈതം മാത്രമാണെന്നു നാം കണ്ടു. എങ്ങനെയെന്നാല്‍ അതിന്റെ രണ്ടാവശ്യങ്ങളെയും അദ്വൈതം നിറവേറ്റുന്നുണ്ട്. സാമാന്യജ്ഞാനത്തിന്റെ അത്യന്തമാണ് അദ്വൈതം. അതു പുരുഷധര്‍മ്മതയേയും അതിക്രമിക്കുന്നു. സത്തായ സര്‍വ്വത്തിനും പൊതുവായി നില്‍ക്കുന്ന സാമാന്യമാണ് അദ്വൈതം. പുരുഷധര്‍മ്മിയായ സഗുണേശ്വരനില്‍ പര്യവസാനിക്കുന്ന സാമാന്യം ഒരിക്കലും സര്‍വ്വമാവുകയില്ല. എന്തെന്നാല്‍ സഗുണേശ്വരനെ സങ്കല്പിക്കുമ്പോള്‍ ആദ്യമേതന്നെ ആ ഈശ്വരന്‍ ദയാനിധിയും ഗുണനിധിയുമാണെന്നു പറയണം. ഈ ലോകമാകട്ടെ, കുറെ നന്‍മയും കുറെ തിന്‍മയും കലര്‍ന്ന ഒന്നാണ് നമുക്കിഷ്ടമുള്ളതിനെ മാത്രം അതില്‍നിന്നു വേര്‍പെടുത്തി തത്‌സാമാന്യമായി പുരുഷധര്‍മ്മിയായ ഒരീശ്വരനെ നാം കല്പിക്കുന്നു! ആ ഈശ്വരന്‍ ഇതും അതും ആണെന്നു പറയുംപോലെതന്നെ അവന്‍ ഇതല്ല, അതല്ല എന്നും പറയേണ്ടിവരും. എന്നു മാത്രമല്ല, പുരുഷധര്‍മ്മിയായ ഒരു പിശാചിനെക്കൂടെ എടുക്കേണ്ടിവരുന്നുവെന്നു കാണാം. ഇപ്രകാരമാണ് പുരുഷധര്‍മ്മിയായ ഈശ്വരന്‍ ശരിയായ സാമാന്യമല്ലെന്നു വ്യക്തമായിക്കാണുന്നത്. ഇതിനുമപ്പുറം നിര്‍ഗുണമായ ഈശ്വരതത്ത്വത്തിലേക്കു കടക്കേണ്ടിയിരിക്കുന്നു അതിലാണ് ഈ ജഗത്ത് അതിന്റെ സര്‍വ്വവിധ സുഖദുഃഖങ്ങളോടും കൂടിയിരിക്കുന്നത്. എന്തെന്നാല്‍, ജഗത്തില്‍ എന്തെല്ലാമുണ്ടോ അതെല്ലാം ആ നിര്‍ഗുണത്തില്‍നിന്നു വന്നതാണ്. തിന്‍മകളും മറ്റും ആരോപിക്കപ്പെടുന്ന ആ ഈശ്വരന്‍ ഏതു തരമായിരിക്കും? ഇവിടത്തെ ആശയമിതാണ്; നന്‍മയും തിന്‍മയും, രണ്ടും ഒരേ വസ്തുവിന്റെ രണ്ടു ഭാവങ്ങള്‍ അഥവാ പ്രകടനങ്ങള്‍ മാത്രമാകുന്നു. അവ വെവ്വേറെ രണ്ടു വസ്തുക്കളാണെന്നുള്ള ആശയം ചുവടേ പിഴച്ചു നന്‍മയും തിന്‍മയും തികച്ചും രണ്ടു ഭിന്നവസ്തുക്കളാണെന്നും, അവ പരസ്പരാപേക്ഷയില്ലാതെ പ്രത്യേകം വേര്‍പെട്ടിരിക്കുന്ന രണ്ടെണ്ണമാണെന്നുമുള്ള ആശയം നമ്മുടെ ഈ ലോകത്തില്‍ ഒട്ടുമിക്ക ദുഃഖങ്ങള്‍ക്കും കാരണമായിട്ടുണ്ട്. എല്ലാ കാലത്തും നന്‍മമാത്രമായിട്ടും, അതുപോലെ എല്ലായ്‌പോഴും തിന്‍മമാത്രമായിട്ടുമിരിക്കുന്ന വല്ലതിനെയും ഒന്നു കാണിച്ചുതരാന്‍ കഴിവുള്ള ആളെ എനിക്കൊന്നു കണ്ടാല്‍ക്കൊള്ളാം. ഈ ജീവിതത്തിലെ ചില സംഭവങ്ങളെ തികച്ചും നല്ലതെന്നും ചിലതിനെ തികച്ചും ചീത്തയെന്നും സഗൗരവം തീര്‍ത്തുപറയാന്‍ കഴിയുമെന്നു തോന്നിപ്പോകും. ഇതു കേട്ടാല്‍. ഇന്നു നന്‍മയായിരിക്കുന്നത് നാളെ തിന്‍മയാവാം. ഇന്നു തിന്‍മയായിരിക്കുന്നത് നാളെ നന്‍മയായെന്നും വരാം. എനിക്കു നന്‍മയായിട്ടുള്ളത് നിങ്ങള്‍ക്കു തിന്‍മയാകാം. മറ്റെല്ലാ വസ്തുക്കള്‍ക്കുമുള്ളതുപോലെ നന്‍മതിന്‍മകള്‍ക്കും പരിണാമമുണ്ട്, ഇതാണ് സിദ്ധാന്തം. ഒരു വസ്തു പരിണമിക്കെ ഒരവസ്ഥയില്‍ തിന്‍മയെന്നും പറയുന്നു. എന്റെ സ്നേഹിതനെ കൊല്ലുന്ന കൊടുംകാറ്റു തിന്‍മയാണെന്നു ഞാന്‍ പറയുന്നു. എങ്കിലും അത് വായുവിലുള്ള രോഗാണുക്കളെക്കൊന്ന് ലക്ഷോപലക്ഷം ജനങ്ങളുടെ ജീവനെ രക്ഷിച്ചുവെന്നു വരാം. അവര്‍ അതിനെ നന്‍മയെന്നു വിളിക്കുന്നു, എന്നാല്‍ ഞാന്‍ അതു തിന്‍മയാണെന്നു പറയുന്നു. അതുകൊണ്ട് നന്‍മതിന്‍മകള്‍ രണ്ടും സാപേക്ഷമായ ലോകത്തിലാണ്, പ്രാപഞ്ചികമാണ്. നാം ഇവിടെ ഉപന്യസിക്കുന്ന നിര്‍ഗുണനായ ഈശ്വരന്‍ സോപാധികനല്ല: അതുകൊണ്ട് ആ ഈശ്വരസ്വരൂപം നന്‍മയെന്നോ, തിന്‍മയെന്നോ, പറയാവതല്ല. അതു നന്‍മയുമല്ല, തിന്‍മയുമല്ല, അവയ്ക്കു രണ്ടിനും അതീതമായ ഒന്നാണ്. എന്നിരുന്നാലും നന്‍മ തിന്‍മയെ അപേക്ഷിച്ച് ഈശ്വരസ്വരൂപത്തോട് അധികം അടുത്ത അഭിവ്യക്തിയാണ്.

ഇപ്രകാരം നിര്‍ഗ്ഗുണനായ ഒരീശ്വരനെ സ്വീകരിക്കുന്നതുകൊണ്ട് എന്തു ഫലം? നമുക്കെന്തു ലാഭമുണ്ടാകും. മതം മനുഷ്യജീവിതത്തില്‍ ആശ്വാസപ്രദവും സഹായപ്രദവും സഹായവുമായ ഒരു ഘടകമായി നിലകൊള്ളുമോ? ഏതെങ്കിലുമൊരു സത്വത്തോടു സഹായമര്‍ത്ഥിക്കാന്‍ മനുഷ്യഹൃദയത്തിലുദിക്കുന്ന ആഗ്രഹങ്ങള്‍ക്ക് എന്തു സംഭവിക്കും? അതെല്ലാം അങ്ങനെയുണ്ടായിരിക്കും. പുരുഷവിധനായ സഗുണേശ്വരന്‍ ഉണ്ടായിരിക്കും, എന്നാല്‍ കുറേക്കൂടി നല്ല അടിസ്ഥാനത്തില്‍, നിര്‍ഗ്ഗുണത്തെക്കൊണ്ടു സഗുണം ബലപ്പെടുകയേ ചെയ്യൂ. നിര്‍ഗുണത്തെക്കൂടാതെ സഗുണത്തിനു നിലയില്ലെന്നു നാം കണ്ടു. ജഗത്തില്‍നിന്നു അത്യന്തഭിന്നനായ ഒരു ദേവന്‍ സ്വേച്ഛാമാത്രത്താല്‍ ശുന്യത്തില്‍നിന്നു ജഗത്തിനെ സൃഷ്ടിച്ചുവെന്നാണ് നിങ്ങളുടെ വിവക്ഷയെങ്കില്‍ അതു തെളിയിക്കാന്‍ വയ്യ. അങ്ങനെയൊരു വസ്തുസ്ഥിതി സാധ്യമല്ല. എന്നാല്‍ നിര്‍ഗ്ഗുണസ്വരൂപത്തെ സംബന്ധിച്ച ആശയം മനസ്സിലാക്കിയാല്‍ അവിടെ സഗുണസ്വരൂപത്തിനും സ്ഥാനമുണ്ടെന്ന് കാണാം. നാനാരൂപത്തിലിരിക്കുന്ന ഈ ജഗത്ത് ഒരേ നിര്‍ഗുണത്തിന്റെ നാനാദര്‍ശനങ്ങളാകുന്നു. പഞ്ചേന്ദ്രിയങ്ങളില്‍ക്കൂടി ദര്‍ശിക്കുമ്പോള്‍ നാമതിനെ ജഡപ്രപഞ്ചമെന്നു വിളിക്കുന്നു. അഞ്ചിലധികം ഇന്ദ്രിയങ്ങളുള്ള വല്ല ജീവിയുമുണ്ടെങ്കില്‍ അതു ജഗത്തിനെ മറ്റൊരു തരത്തില്‍ കാണും. നമുക്കാര്‍ക്കെങ്കിലും വൈദ്യുതേന്ദ്രിയം ലഭിക്കുന്നെങ്കില്‍ അവന്‍ ഇതിനെ വേറൊരു പ്രകാരത്തില്‍ കാണും. നാനാരൂപങ്ങളും ആ ഏകവസ്തുവിനുള്ളതാണ്. നാം സങ്കല്പിക്കുന്ന വിവിധലോകങ്ങളെല്ലാം അതിന്റെ വിവിധദര്‍ശനങ്ങളാണ്. സഗുണനായ ഈശ്വരനാകട്ടെ, മനുഷ്യബുദ്ധിക്കു കിട്ടാവുന്ന അത്യുത്കൃഷ്ടമായ നിര്‍ഗുണദര്‍ശനമാകുന്നു.ക്‌സ ആകയാല്‍ ഈ കസേരയും ഈ ലോകങ്ങളുമെല്ലാം എത്രത്തോളം സത്യമാണോ അത്രത്തോളം സത്യമാണ് പുരുഷവിധനായ സഗുണേശ്വരനും: എന്നാല്‍ അതിലേറെയില്ല. അതു പരമാര്‍ത്ഥസത്യമല്ല. എന്നുവെച്ചാല്‍, നിര്‍ഗുണേശ്വരന്‍തന്നെയാണ് സഗുണേശ്വരന്‍ എന്ന നിലയില്‍ സത്യം തന്നെ. ഞാന്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഒരേ സമയത്തു സത്യവും അസത്യവുമായിരിക്കുംപോലെയാണിത്. നിങ്ങള്‍ കാണുംപോലെയുള്ളവനല്ല ഞാന്‍. ഇതു നിങ്ങള്‍ക്കുതന്നെ ബോധപ്പെടുന്ന വിഷയമാണ്. നിങ്ങള്‍ മനസ്സിലാക്കുന്ന തരത്തിലുള്ള ഒരു സത്വമല്ല ഞാന്‍. ഇതു യുക്തിപൂര്‍വ്വം നിങ്ങള്‍ക്ക് അനുഭവപ്പെടുത്താം. എങ്ങിനെയെന്നാല്‍ വെളിച്ചം, അന്തരീക്ഷത്തിന്റെ പലതരം സ്പന്ദനങ്ങള്‍ അഥവാ അവസ്ഥാവിശേഷങ്ങള്‍, എന്റെ ഉള്ളില്‍ നടക്കുന്ന സര്‍വ്വവിധ പ്രാണചേഷ്ടകള്‍ എന്നിവ സഹായിച്ചിട്ടാണ് നിങ്ങളിപ്പോള്‍ ഒരു പ്രത്യേകതരത്തില്‍ എന്നെ അറിയുന്നത്. ഈ ഉപാധികളില്‍ ഏതെങ്കിലുമൊന്നിനു മാറ്റമുണ്ടായാല്‍ ഞാനും മാറിപ്പോകും. നിങ്ങള്‍ക്കു വേണമെങ്കില്‍, വെളിച്ചത്തിന്റെ വിവിധാവസ്ഥകളില്‍ ഒരുവന്റെതന്നെ പലപ്രകാരത്തിലുള്ള ഛായകളെടുത്ത് ഈ വസ്തുത പരീക്ഷിച്ചറിയാം. അതിനാല്‍, ഇക്കാണപ്പെടുന്ന ഞാന്‍ നിങ്ങളുടെ ഇന്ദ്രിയങ്ങള്‍ക്ക് പിടികിട്ടിയവന്‍മാത്രം. ഇത് എന്റെ നിത്യസ്വരൂപമല്ല. ഇങ്ങനെ മാറ്റങ്ങളൊക്കെ ഉണ്ടെങ്കിലും മാറ്റമില്ലാത്ത ഏതോ ഒരു ഞാന്‍ ഉണ്ട്. നിര്‍വ്വികാരനായ ആ എന്റെ വിവിധവികാരങ്ങളാണ് ഈ അവസ്ഥാവിശേഷങ്ങള്‍. നിര്‍ഗുണമായ എന്റെ ആ യഥാര്‍ത്ഥസ്വരൂപത്തെ അപേക്ഷിച്ചുള്ളതാണ്, ഗുണവിശിഷ്ടമായ എന്റെ ആയിരക്കണക്കായ വ്യക്തിഭാവങ്ങള്‍. ഞാന്‍ ഒരു ശിശുവായിരുന്നു, പിന്നീടൊരു യുവാവായി, ഇപ്പോള്‍ വൃദ്ധനായിവരുന്നു. എന്റെ ആയുസ്സിലെ ഓരോ ദിവസവും ഈ ശരീരവും മനസ്സും മാറിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഈ മാറ്റ(വികാര)ങ്ങളുടെയെല്ലാം ആകെത്തുകയായ എന്റെ സമഷ്ടിസ്വരൂപം എന്നും ഒരേ നിലയില്‍ നില്‍ക്കുന്നതാണ്. നിര്‍വ്വികാരനും നിര്‍വ്വിശേഷനുമായ ആ എന്റെ വിശേഷാംശങ്ങളെന്നപോലെയാണ് ഈ വികാരങ്ങളെല്ലാം.

ഇതേ ക്രമത്തില്‍ ജഗത്തിന്റെ സമഷ്ടിയും നിശ്ചലമാണെന്ന് നാമറിയുന്നു. എന്നാല്‍ ജഗത്തിലെ സര്‍വ്വവും ചലനാത്മകമാണ്. ഇതിലുള്ളതെല്ലാം ഒരൊഴുക്കില്‍പ്പെട്ടു പ്രതിക്ഷണപരിണാമിയായി ചലിച്ചുകൊണ്ടിരിക്കുന്നു. അതേസമയം ജഗത്‌സമഷ്ടി അചലമാണെന്നു കാണാം. ചലനം എന്നത് ഒരു സാപേക്ഷസംജ്ഞയാണല്ലോ. നിശ്ചലമായ ഈ കസേരയെ അപേക്ഷിച്ച് ഞാന്‍ ചലിക്കുന്നു. ചുരുങ്ങിയതു രണ്ടെണ്ണമുണ്ടെങ്കിലേ ചലനമുള്ളു. ഈ സമസ്തജഗത്തിനേയും ഏകവസ്തുവായി ഗണിച്ചാല്‍ അതിനു ചലനമില്ല. എന്തിനെ അപേക്ഷിച്ചാണ് അതു ചലിക്കേണ്ടത്? ഇപ്രകാരം, നിര്‍വികാരവും നിശ്ചലവുമാണ് കേവലം. ചലനങ്ങളും വികാരങ്ങളുമെല്ലാം പ്രപഞ്ചത്തില്‍, പരിച്ഛിന്നത്തില്‍, മാത്രമേയുള്ളു. സമഷ്ടി നിര്‍ഗുണമാണ്. ഏററവും താഴത്തെ പടിയിലുള്ള പരമാണുമുതല്‍ അത്യുത്കൃഷ്ടനായ ഈശ്വരന്‍ (സഗുണബ്രഹ്മം) വരെയുള്ള സര്‍വ്വവ്യക്തിവിശേഷങ്ങളും ആ നിരുപാധികത്തിലാണ് വര്‍ത്തിക്കുന്നത്. അതിനെ ജഗത്സ്രഷ്ടാവായും നിയന്താവായും മറ്റും കല്പിച്ചു പുരുഷവിധനാക്കി നാം നമസ്‌കരിക്കയും ആ ഈശ്വരനോടു പ്രാര്‍ത്ഥിക്കയും ചെയ്യുന്നു. ഇപ്രകാരം പുരുഷവിധനായ ഈശ്വരനെ ബഹുയുക്തികളെക്കൊണ്ടു സ്ഥാപിക്കാം. ആ ഈശ്വരനെ നിരുപാധികബ്രഹ്മവസ്തുവിന്റെ അത്യുത്ക്കൃഷ്ടമായ അഭിവ്യക്തിയായി വ്യാഖ്യാനിക്കയും ചെയ്യാം. നിങ്ങളും ഞാനും വളരെ താണനിലയിലുള്ള അഭിവ്യക്തികളാണ്. പുരുഷവിധനായ ഈശ്വരന്‍ നമ്മുടെ ബുദ്ധികൊണ്ടു സങ്കല്പിക്കാവുന്നതില്‍വെച്ച് അത്യുത്കൃഷ്ടമായ അഭിവ്യക്തിയാകുന്നു. നിങ്ങള്‍ക്കോ എനിക്കോ, ആ സോപാധികേശ്വരനായിത്തീരുക സാധ്യമല്ല. നിങ്ങളും ഞാനും ഈശ്വരന്‍തന്നെയെന്നുള്ള വേദാന്തോപദേശത്തില്‍ ഈ സോപാധികേശ്വരനെയല്ല ലക്ഷ്യമാക്കുന്നത്. ഇതിനൊരു ദൃഷ്ടാന്തമെടുക്കാം. കുറേ കളിമണ്ണെടുത്ത് അതില്‍നിന്നു വലിയൊരാനയെയും ചെറിയൊരെലിയെയും ചമയ്ക്കുന്നു എന്നു വിചാരിക്കുക. ആ മണ്ണെലി എപ്പോഴെങ്കിലും മണ്ണാനയാകുമോ? എന്നാല്‍ അതു രണ്ടും വെള്ളത്തിലിട്ടുവെച്ചാല്‍, രണ്ടും കളിമണ്ണ്. കളിമണ്ണ് എന്ന നിലയില്‍ രണ്ടും ഒന്നുതന്നെ. എന്നാല്‍ ആനയും എലിയുമായിട്ടുള്ള വിശേഷാവസ്ഥയില്‍ അവ നിത്യഭിന്നങ്ങളായിരിക്കയും ചെയ്യും. അനന്തവും നിരുപാധികവും ഈ ദൃഷ്ടാന്തത്തിലെ കളിമണ്ണുപോലെയാണ്. നമ്മളും ജഗദീശ്വരനും നിരുപാധികദൃഷ്ട്യാ ഒന്നാണ്. എന്നാല്‍ ജീവന്‍മാരായ മനുഷ്യരുടെ നിലയില്‍ സോപാധികമായി നോക്കുമ്പോള്‍ നാം എന്നും ഈശ്വരന്റെ അടിമകളും ആരാധകന്‍മാരുമായിരിക്കും. സഗുണേശ്വരന്‍ നിലനില്‍ക്കുകതന്നെ ചെയ്യുന്നുവെന്ന് നമുക്കു കാണാം. അപ്രകാരംതന്നെ ഈ സാപേക്ഷപ്രപഞ്ചത്തിലെ മറ്റു സര്‍വ്വവസ്തുക്കളും നിലകൊള്ളും. മതത്തിനു കുറേക്കൂടി നല്ല അടിസ്ഥാനത്തില്‍ ഉറച്ചുനില്‍ക്കാനും സാധിക്കും. അതിനാല്‍ സോപാധികനെ ശരിയായി അറിയണമെങ്കില്‍ ആദ്യം നാം നിരുപാധികനെ അറിയേണ്ടതാണ്.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II ജ്ഞാനയോഗം. അദ്ധ്യായം 2 യുക്തിവിചാരവും മതവും. പേജ് 33-43]