ശ്രീ രമണമഹര്‍ഷി
ജനുവരി 18 1939

മിസിസ് ഹിക്ക്റിഡിങ് രണ്ടു ചോദ്യം എഴുതി കാണിച്ചു.
രമണമഹര്‍ഷി: ആത്മാവ് ജ്ഞാനാജ്ഞാനങ്ങള്‍ക്കും അപ്പുറമാണ്. സംശയിക്കുന്നത് ആത്മാവായ ഞാനോ അഹങ്കാരനായ ഞാനോ എന്നറിയണം. ആത്മാവ് സംശയാതീതനും സത്യവുമായതിനാല്‍ സംശയം അഹങ്കാരനാണ്. അത് സത്യമല്ലാത്തതിനാല്‍ അന്വേഷണം നടത്തുമ്പോള്‍ അവന്‍ തന്‍റെ സംശയങ്ങളോടുകൂടി മാറും. നിജമായ ആത്മാവവശേഷിക്കും.

ഈ സമയത്ത് ലേഡിബേറ്റ്മനും ഹാളിലെത്തി.

ചോദ്യം: (ബേറ്റ്മന്‍) ഒരുവന്‍ ശുദ്ധജ്ഞാനത്തോടടുത്തിരിക്കുന്നത് ജാഗ്രദാവസ്ഥയേക്കാളും സുഷുപ്തിയിലല്ലേ?
രമണമഹര്‍ഷി: അവസ്ഥകള്‍ മൂന്നും ശുദ്ധജ്ഞാനത്തിനന്യവും അസ്ഥിരവുമാണ്. അതിനാല്‍ ഞാനെന്നോടടുത്തിരിക്കുന്നത് ജാഗ്രത്തിലെന്നതിനെക്കാളും സുഷുപ്തിയിലാണ് എന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം അടുത്തെന്നും ദൂരെ എന്നും പറയുന്നതില്‍ ദ്വൈതമുണ്ട്. മറ്റൊരു ദ്വൈതഭാവത്തിലേ ഈ ചോദ്യത്തിനു പ്രസക്തിയുള്ളൂ. എനിക്കെന്നു പറയുന്നിടത്തും ദ്വൈതമുണ്ട്. ശുദ്ധജ്ഞാനം അഥവാ ആത്മാവ് അദ്വൈതമാണ്. ദ്വൈതത്തെ അദ്വൈതത്തോടു താരതമ്യപ്പെടുത്താന്‍ പാടില്ല. താരതമ്യമറ്റതാണ് അദ്വൈതം.

മാത്രമല്ല ഉറക്കത്തിലുണ്ടായിരുന്നയാള്‍ തന്നെയാണ് ഉണര്‍ച്ചയിലുള്ളതും. ജാഗ്രത്തിനെ വഹിച്ചും കൊണ്ടാണവന്‍ നിദ്രയിലിരിക്കുന്നത്. രണ്ടിനും തുടര്‍ച്ചയുണ്ട്.

ചോദ്യം: ഉറക്കത്തില്‍ ഞാനതറിയുന്നില്ലല്ലോ?
മഹര്‍ഷി: ശരിയാണ്. ഇപ്പറയുന്നതാര്? ദേഹാത്മബോധത്തിലിരുന്നുകൊണ്ട് ലോകത്തെ കാണുന്നവനാണ്. ഈ ‘ലോകദര്‍ശി’ ഉറക്കത്തിലില്ല, അപ്പോഴും താനുണ്ട്. അപ്പോഴുള്ള താന്‍ എപ്പോഴുമുണ്ട്. അത് സത്യം. തോന്നിമറിയുന്നത്‌ സത്യമല്ല.

ചോദ്യം: അതെ.
മഹര്‍ഷി: ഉറക്കത്തില്‍ സങ്കല്‍പ്പങ്ങളില്ലാത്തതുകൊണ്ട് ആ അവസ്ഥ ആത്മാവോടടുത്തിരിക്കുന്നു എന്നു ഒരുവിധം പറയാം. എങ്കിലും ഉറക്കം കാമ്യമല്ല. കാരണം അതില്‍ മറ്റവസ്ഥകളും ഉണ്ട്. മാറ്റമുണ്ട്. അത് മൂഢമാണ്. അതിലറിവില്ല. ജാഗ്രത്തിലാണെങ്കില്‍ ദേഹാത്മബുദ്ധിയെ മാറ്റാന്‍ പരിശ്രമിക്കുന്നതിനിടമുണ്ട്. ഉറക്കത്തില്‍ അതിനിടമില്ല. അതിനാല്‍ ആവരണത്തെക്കാള്‍ വിക്ഷേപം നല്ലതാണെന്ന് പറയണം. “പകല്‍ചെയ്യുമൂഴിയം നിശയ്ക്കുണ്ടോ”? എന്ന് കൈവല്യത്തിലും ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു.