ശ്രീ രമണമഹര്‍ഷി
മാര്‍ച്ച് 18, 1939

ഹിന്ദുവേദാന്തം പഠിക്കാന്‍ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യയില്‍ താമസിച്ചു വരുന്ന, വളരെ ശാലീനനായ ഒരിംഗ്ലീഷ് വിദ്യാര്‍ത്ഥി.

ചോദ്യം: ഭഗവദ്ഗീതയില്‍ ഒരിടത്ത് പറയുന്നു ഞാന്‍ ബ്രഹ്മത്തിനും ആധാരമാണ്. ഇനിയൊരിടത്ത് പറയുന്നു ഞാന്‍ എല്ലാ ജീവജാലങ്ങളുടെയും അന്തര്യാമിയാണ്. ഇതു പരമതത്വത്തിന്‍റെ വിവിധഭാവങ്ങളെ പറയുകയാണെന്ന് വിചാരിക്കുന്നു. മൊത്തത്തില്‍ ഗീതയില്‍ ഭാവനാതീതം, സര്‍വ്വാന്തര്യാമിത്വം, ജഗദ്‌രൂപം എന്നീ മൂന്നു നിലകളുണ്ടെന്ന് തോന്നുന്നു. ഇതില്‍ ഏതെങ്കിലും ഒരവസ്ഥയില്‍ കൂടിത്തന്നെ സാക്ഷാല്‍ക്കാരം സാധ്യമാണോ, അതോ എല്ലാം കൂടിചേര്‍ത്ത് കാണണമോ? അതീതത്തില്‍ നിന്ന് ജഗദ്‌രൂപത്തില്‍ വരുമ്പോള്‍ വേദാന്തം നാമരൂപങ്ങളെ മായയാണെന്ന് ത്യജിക്കുന്നു. വീണ്ടും വേദാന്തം, ആഭരണങ്ങളെല്ലാം സ്വര്‍ണമെന്നതുപോലെ സര്‍വ്വവും ബ്രഹ്മമാണെന്നും പറയുന്നു. സത്യമെന്താണ്?

മഹര്‍ഷി: ഗീതയില്‍ – ‘ബ്രാഹ്മണോ ഹി പ്രതിഷ്ഠാഽഹം’ എന്നു പറയുന്നതില്‍ ‘അഹം’ എന്നതിനെ അറിഞ്ഞാല്‍ സര്‍വ്വവുമറിഞ്ഞതാവും.

ചോദ്യം: അത് അന്തര്യാമി ഭാവം മാത്രമല്ലേ?
മഹര്‍ഷി: നിങ്ങള്‍ ഇപ്പോള്‍ ഒരു ജീവനാണെന്നും നമ്മുക്കുവെളിയില്‍ ലോകമെന്നുള്ളതായും അതിനും അപ്പുറം ഈശ്വരനൊരാള്‍ ഉണ്ടെന്നും കരുതുന്നു. ഈ ഭേദസങ്കല്പം ഒഴിയണം. നമ്മെയും ലോകത്തെയും വിട്ടുള്ള ഒരീശ്വരന്‍ എങ്ങുമില്ല. സൃഷ്ടി, സ്ഥിതി, സംഹാരങ്ങളും ഈശ്വരനായതിനാല്‍ ഈശ്വരന് ലോകത്തെ വിട്ടിരിക്കാന്‍ സാധ്യമല്ല.

ചോദ്യം: ‘എന്‍റെ ഒരംശത്താല്‍ ലോകമുണ്ടായിരിക്കുന്നു’ എന്ന് ഗീതയില്‍ പറയുന്നതിന്‍റെ പോരുളെന്ത്?
മഹര്‍ഷി: ഈശ്വരന്‍റെ ശക്തിവിശേഷത്താല്‍ ലോകമുണ്ടായിരിക്കുന്നു എന്നുവേണം അതിനര്‍ത്ഥം പറയാന്‍. അതുപോലെ ഈശ്വരന്‍റെ പാദത്തില്‍ നിന്ന് ലോകമുണ്ടാക്കപ്പെട്ടിരിക്കുന്നു എന്നുപറഞ്ഞാല്‍ ഈശ്വരന്‍റെ നാലിലൊന്ന് ഭാഗംകൊണ്ട് ലോകം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നര്‍ത്ഥമല്ല. ഈശ്വരനെ അറിയാത്തതിനാല്‍ നാം നമ്മെ ഒരു ജീവനായി കരുതുന്നു. ഈ അജ്ഞാനത്തെ മൌനം മൂലം മാറ്റേണ്ടതാണ്.