യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 370 [ഭാഗം 6. നിര്‍വാണ പ്രകരണം]

ന തസ്യാഹ്വാനമന്ത്രാദി കിഞ്ചിദേവോപയുജ്യതേ
നിത്യാഹൂതഃ സ സര്‍വസ്ഥോ ലഭ്യതേ സര്‍വതഃ സ്വചിത് (6/35/24)

അങ്ങിനെ സ്വരൂപത്തില്‍ സ്വയം ആമഗ്നനായി കുറച്ചുനേരം ഇരുന്നശേഷം പരമശിവന്‍ തന്റെ കണ്ണുകള്‍ തുറന്ന് ഇങ്ങിനെ പറഞ്ഞു: അല്ലയോ മഹര്‍ഷേ, മനസ്സുകൊണ്ട് വിഷയങ്ങളെ പിടിച്ചുവെയ്ക്കുന്ന സ്വഭാവം അവസാനിപ്പിച്ചാലും. ആത്മാവിനെ അറിഞ്ഞവര്‍ അറിയേണ്ടതെല്ലാം അറിഞ്ഞുകഴിഞ്ഞു. അതില്‍ കൂടുതലായി ഇനിയെന്താണ് കാണാനും കാണാതിരിക്കാനുമുള്ളത്?

ആത്മാവിനെ കാണൂ. പ്രശാന്തമെന്നു കരുതുന്നതിനെയും അശാന്തമെന്നു കരുതുന്നതിനെയും തുണ്ടം തുണ്ടമാക്കുന്ന ഒരു ഖട്ഗമാവൂ. അല്ലെങ്കില്‍ ഒരല്‍പം ബഹിര്‍മുഖത്വം കൈക്കൊണ്ട് ഞാന്‍ പറയാന്‍ പോവുന്നത് ശ്രദ്ധിച്ചാലും. വെറുതെ മൗനം അവലംബിക്കുന്നതുകൊണ്ട് യാതൊരു നേട്ടവുമില്ല. പ്രാണശക്തിയാലാണ് ഈ ദേഹം ജീവത്തായി, ചലനമുള്ളതായി നിലകൊള്ളുന്നത്. ദേഹത്തെ ചലിപ്പിക്കുന്നത് പ്രാണനാണ്. പ്രാണന്‍ ഇല്ലെങ്കില്‍ ദേഹം വെറും ജഡമാണ്.

എല്ലാത്തിലും, എല്ലാത്തിലൂടെയും അനുഭവങ്ങള്‍ വേദ്യമാവുന്നത് ബോധം മൂലമാണ്. ആകാശത്തേക്കാള്‍ രൂപരഹിതവും, സൂക്ഷ്മവും, നിര്‍മലവുമാണത്. ദേഹവും പ്രാണനും തമ്മിലുള്ള ബന്ധം അവസാനിക്കുമ്പോള്‍ ജീവശക്തിമാത്രം ദേഹത്തില്‍ നിന്നും വേര്‍പെടുകയാണ് ചെയ്യുന്നത്. ആകാശത്തേക്കാള്‍ പരിശുദ്ധമായ ബോധത്തിന് നാശമുണ്ടാകുന്നില്ല. ശുദ്ധമായ കണ്ണാടിക്ക് മുന്നിലെ പ്രതിബിംബം ഭംഗിയായി തെളിഞ്ഞു കാണും. എന്നാല്‍ ചെളിപിടിച്ച കണ്ണാടിയില്‍ കാണുന്ന പ്രതിബിംബം മങ്ങിയതായിരിക്കും. അതുപോലെ ദേഹമുണ്ടെങ്കിലും പ്രാണന്‍ പോയിക്കഴിഞ്ഞാല്‍ വിഷയങ്ങളെ പ്രതിഫലിപ്പിക്കാന്‍ ബുദ്ധിക്കു കഴിയുകയില്ല.

ബോധം അനന്തവും സര്‍വ്വവ്യാപിയും ആണെങ്കിലും മനോദേഹങ്ങളുടെ ചലനത്തെപ്പറ്റി അതിനറിയാനാവുന്നു. ദര്‍ശനത്തിലെ ഈ വികലത (ധാരണാ മാലിന്യം) ഇല്ലാതായിക്കഴിഞ്ഞാല്‍ ബോധം മാത്രം പരംപൊരുളായി പ്രോജ്വലിക്കുന്നു.

ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, സൂര്യന്‍, ചന്ദ്രന്‍, ഇന്ദ്രന്‍, എന്നുവേണ്ട പരമദൈവതം തന്നെയായി അത് സ്വയം പരിലസിക്കുന്നു. എന്നാല്‍ ബ്രഹ്മാ-വിഷ്ണു-ശിവ-സ്വരൂപങ്ങളായറിയപ്പെടുന്ന ചില ദൈവസത്വങ്ങള്‍ വിശ്വപ്രളയം മുതലായ മായക്കാഴ്ചകളില്‍ മയങ്ങിപ്പോകുന്നില്ല. തീയില്‍ പഴുത്ത്ചുവന്ന ഇരുമ്പ് തീയിന്റെ തനത് സ്വഭാവത്തെ പ്രകടിപ്പിക്കുന്നതുപോലെ അവര്‍ അനന്താവബോധത്തിന്റെ പ്രസ്ഫുരണങ്ങള്‍ തന്നെയാണ് ദൃശ്യമാക്കി നല്‍കുന്നത്. വാസ്തവത്തില്‍ ഇവരൊന്നും അനന്താവബോധത്തിന്റെ സൃഷ്ടികളല്ല. എന്നാല്‍ അവയ്ക്കൊന്നും ബോധവിഭിന്നമായി നിലകൊള്ളാനും സാദ്ധ്യമല്ല.

എല്ലാമെല്ലാം ധാരണകള്‍ മാത്രം. ചില ധാരണകള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് സാന്ദ്രത കൂടുതലുണ്ട്. അവിദ്യാജന്യമായ അവയുടെ വ്യാപ്തി എത്രയെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. പരംപൊരുളാണ് (അനന്താവബോധം) ബ്രഹ്മാവിഷ്ണുശിവപ്രഭൃതികള്‍ക്കും മറ്റുള്ളവര്‍ക്കും പിതാവാകുന്നത് എന്ന് വേണമെങ്കില്‍ പറയാം. അനന്തമായ ബോധം മാത്രമാണ് പൂജാര്‍ഹമായുള്ളത്.

എന്നാല്‍ അതിനെ പൂജിക്കാനായി ആവാഹിച്ചു വരുത്തുന്നതില്‍ അര്‍ത്ഥമില്ല. യാതൊരുവിധ മന്ത്രങ്ങള്‍കൊണ്ടും ഇത്ര അടുത്തുള്ള സ്വന്തം ആത്മാവിനെ വിളിച്ചു വരുത്താന്‍ കഴിയില്ല. അത്രമേല്‍ അടുത്തായതിനാല്‍ അതിന്റെ ആവശ്യവുമില്ല. സര്‍വ്വവ്യാപിയായ ആത്മാവാണത്. ആയാസരഹിതമായി ഈ അനന്താവബോധത്തെ സാക്ഷാത്ക്കരിക്കുകയെന്നതാണ് ഏറ്റവും ഉചിതമായ പൂജയും ആരാധനയും.