യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 385 [ഭാഗം 6. നിര്‍വാണ പ്രകരണം]

സനാനാതോഽപ്യനാനാതോ യഥാഽണ്ഡരസബര്‍ഹിണഃ
അദ്വൈതദ്വൈതസത്താത്മാ തഥാ ബ്രഹ്മ ജഗദ്ഭ്രമം (6/47/31)

വസിഷ്ഠന്‍ തുടര്‍ന്നു: കാലം, ദേശം എന്നുവേണ്ട സൃഷ്ടിയിലെ എല്ലാ ഘടകങ്ങളും ബോധമല്ലാതെ മറ്റൊന്നല്ല. അവയെല്ലാം ബോധത്തിന്റെ മറ്റ് ഭാവങ്ങളാണ്. വൈവിദ്ധ്യതയാര്‍ന്ന എല്ലാമെല്ലാം ചിന്തകളും ധാരണകളും മാത്രമാണെന്നും ആത്മാവ് അവിച്ഛിന്നമായ ഒരേയൊരു സത്തയാണെന്നും അറിവുറച്ചാല്‍ അവ അസത്താണെന്ന് എങ്ങിനെ പറയും?

എന്നാല്‍ വിത്തില്‍ വിത്തല്ലാതെ മറ്റു വൈവിദ്ധ്യമാർന്ന വസ്തുക്കള്‍ ഉണ്ടാവുക വയ്യ. എന്നാല്‍ അതില്‍ സാദ്ധ്യതകളായി പൂക്കളും കായ്കളും ഉണ്ടെന്നാണ് നമ്മുടെ ധാരണ.അതുപോലെയാണ് വിശ്വത്തിലെ നാനാത്വവും. അതും വെറും ധാരണ മാത്രം. മുന്‍പ് പറഞ്ഞ ദൃഷ്ടാന്തത്തിലെ പാറക്കല്ലില്‍ അനേകം താമരപ്പൂക്കളുള്ളത് ധാരണാപരമായി മാത്രമാണ്. കല്ല് സ്വയം അനേകം ഭാവങ്ങളെ ആര്‍ജ്ജിച്ചിട്ടല്ലാ ആ ധാരണയെ നിലനിര്‍ത്തുന്നത്. അതുപോലെയാണ് വിശ്വവും. മരുഭൂമിയിലെ മരീചികാ ജലവും ശരിയായ ജലവും ഒരേസമയം ഉണ്ടാവുക എന്നത് അസാദ്ധ്യം. അതുപോലെയാണ് വൈവിദ്ധ്യതയും അനന്താവബോധവും. അവയ്ക്ക് ഒരേസമയം നിലനിക്കാനാവില്ല.

എല്ലാമെല്ലാം ബ്രഹ്മമാകുന്നു. അനന്തമായ ബോധമാകുന്നു. കല്ലിലെ താമരപ്പൂക്കളുടെ ധാരണാസാന്നിദ്ധ്യം കല്ലിനെ ബാധിക്കാത്തതുപോലെ ലോകങ്ങളുടെ സാന്നിദ്ധ്യം അനന്താവബോധത്തെ ബാധിക്കുന്നില്ല. ബ്രഹ്മം ബ്രഹ്മമായി പരിലസിക്കുന്നു. ലോകവും ബ്രഹ്മവും ഉണ്മയില്‍ തമ്മില്‍ അന്തരമില്ല. അവ തുല്യാര്‍ത്ഥ സംജ്ഞകളാണ്. എന്നാല്‍ സത്യസാക്ഷാത്ക്കാരമാവുമ്പോള്‍ ബ്രഹ്മം മാത്രമേയുള്ളു. പുറമേ ജലമായി കാണപ്പെടുന്നുണ്ടെങ്കിലും ജലം വാസ്തവത്തില്‍ രണ്ടുതരം വാതകങ്ങളുടെ സംഘാതമാണല്ലോ. അതുപോലെ ഇന്ദ്രിയഗോചരമായ ഒന്നല്ല ബ്രഹ്മം.

ബഹുവര്‍ണ്ണത്തൂവലുകളായും മയില്‍പ്പേടകളുടെ ചിറകുകളായും മയിലിന്റെ മുട്ടയില്‍ എല്ലാം അടങ്ങിയിരിക്കുന്നു. എല്ലാവിധ പ്രഭാവസവിശേഷതകളും സാദ്ധ്യതകളായി അനന്തബോധത്തില്‍ അടങ്ങിയിരിക്കുന്നു. ഒരേയൊരു ബോധം മനസ്സായും മലകളായും ഇരിക്കുന്നു.

വൈവിദ്ധ്യമാര്‍ന്നതായി വിശ്വത്തില്‍ കാണപ്പെടുന്ന എല്ലാം ജ്ഞാനദൃഷ്ടികൊണ്ട് കാണുമ്പോള്‍ ബ്രഹ്മം മാത്രമാണ്. ബോധം മാത്രമാണ്. “കാരണം വിവിധമെന്നു തോന്നുന്നുവെങ്കിലും അത് അദ്വൈതമാണ്. മയിലിന്റെ മുട്ടയ്ക്കുള്ളിലെ ദ്രവാവസ്ഥയെപ്പോലെയാണ് ഈ നാനാത്വഭാവം. ബ്രഹ്മം എന്ന ധാരണയും ലോകമെന്ന ധാരണയും രണ്ടും ഒരേസമയം ദ്വൈതവും അദ്വൈതവുമാണ്.”

ഈ അവസ്ഥകള്‍ക്ക് നിദാനമായ അടിസ്ഥാന തത്വം പരമമായ അവസ്ഥയത്രേ. വിശ്വം മുഴുവനും വ്യാപരിക്കുന്നതാണ് അനന്താവബോധം. എന്നാല്‍ ഈ വിശ്വം കുടികൊള്ളുന്നത് ഇതേ ബോധത്തിലാണ്. മയിലിന്റെ മുട്ടയില്‍ അടങ്ങിയിരിക്കുന്ന വര്‍ണ്ണമനോഹരമായ ശരീര ഭാഗങ്ങളോടുകൂടിയ മയിൽപേടയെന്നപോലെയാണ് വൈവിദ്ധ്യതയും ഏകതയും ഉള്ളത്. എല്ലാം മുട്ടയെന്ന ഏകവസ്തുവില്‍ അടങ്ങിയിരിക്കുന്നു. കാര്യങ്ങള്‍ അങ്ങിനെയിരിക്കെ ഇതില്‍ വൈവിദ്ധ്യത സത്യത്തില്‍ എവിടെയാണുള്ളത്?