സ്വാമി വിവേകാനന്ദന്‍

രസതന്ത്രജ്ഞന്‍ ചില ദ്രവ്യങ്ങളെ കൂട്ടിക്കലര്‍ത്തി ചില കാര്യങ്ങള്‍ ഉണ്ടാക്കുന്നു. അതു നാം കണ്ടറിയുന്ന വാസ്തവമാണ്. അതിനെ അടിസ്ഥാനമാക്കിയാണ് പിന്നെ രസതന്ത്രവിഷയകമായ വാദങ്ങളുണ്ടാകുന്നത്. പ്രകൃതിശാസ്ത്രജ്ഞരും മറ്റേതു ശാസ്ത്രജ്ഞരും അതേവിധം ചെയ്യുന്നു. ഏതുവിധം ജ്ഞാനവും നമ്മുടെ വിഷയാനുഭവത്തെ ആസ്പദിച്ചിരിക്കുന്നു. അതിനെ ആശ്രയിച്ചേ നമ്മുടെ വാദവും നില്‍ക്കൂ. എന്നിട്ടും, മതകാര്യങ്ങളില്‍ അങ്ങനെ ഒരനുഭവമുണ്ടാവാന്‍ വഴിയില്ലെന്നും, വെറും വാദങ്ങള്‍കൊണ്ടേ മതജ്ഞാനം ഉണ്ടാകൂ എന്നുമാണ് അധികപക്ഷം ജനങ്ങളും വിശ്വസിക്കുന്നത് – പ്രത്യേകിച്ച് ഈ കാലത്ത്. എന്തൊരാശ്ചര്യം! അതുകൊണ്ടാണ് വാദിച്ചു മനസ്സു കലക്കേണ്ട എന്നുപദേശിച്ചിരിക്കുന്നത്.

മതം അനുഭവിച്ചറിയേണ്ട വാസ്തവമാണ്, വാദവിഷയമല്ല. നമ്മുടെ ആത്മാവിനെ പരീക്ഷിച്ച് അതില്‍ എന്താണുള്ളതെന്ന് കാണണം. അതു മനസ്സിലാക്കണം, മനസ്സിലാക്കിയതു സാക്ഷാല്‍ക്കരിക്കണം. അതാണ് മതം. വാക്ക് എത്ര ചെലവാക്കിയാലും മതമാവില്ല. ഈശ്വരന്‍ ഉണ്ടെന്ന് എങ്ങനെ വാദിക്കാമോ ഇങ്ങനെ ഈശ്വരന്‍ ഇല്ലെന്നും വാദിക്കാം. വാദംകൊണ്ട് ഈശ്വരന്‍ ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കാന്‍ കഴിയില്ല. ഈശ്വരനുണ്ടെങ്കില്‍ നമ്മുടെ ഹൃദയത്തിലുണ്ട്. അതു നാം കണ്ടിട്ടുണ്ടോ? ഈ ലോകം ഉള്ളതോ ഇല്ലാത്തതോ എന്ന തര്‍ക്കം ഇനിയും തീര്‍ച്ചപ്പെട്ടിട്ടില്ല. ഇതു സത്യമാണെന്നും, അല്ല വെറും ഭാവനയാണെന്നുമുള്ള തര്‍ക്കത്തിന്നറുതിയില്ല. എന്നാല്‍ ലോകം നടന്നുവരുന്നു. അതു വാസ്തവമാണെന്നു നമുക്കറിയാം. നാം വാക്കുകള്‍ക്ക് അര്‍ത്ഥം മാറ്റുന്നതേയുള്ളൂ. ജീവിതത്തെസ്സംബന്ധിച്ച കാര്യങ്ങളെല്ലാം ഇങ്ങനെതന്നെ. നാം വസ്തുതയിലേക്കു ചെന്നെത്തണം. പ്രകൃതിശാസ്ത്രങ്ങളിലെന്നപോലെ മതത്തിലുമുണ്ട്, നാം അനുഭവപ്പെടുത്തേണ്ട ചില സംഗതികള്‍. ആ സംഗതികളിന്‍മേലാണ് മതത്തെ പ്രതിഷ്ഠിക്കേണ്ടത്.

ഒരു മതത്തിലെ സര്‍വ്വസിദ്ധാന്തങ്ങളേയും കണ്ണു മൂടി വിശ്വസിക്കണമെന്നു പറയുന്നതു തീര്‍ച്ചയായും മനുഷ്യമനസ്സിനെ ദുഷിപ്പിച്ച് അധഃപതിപ്പിക്കുകയാണ്. അങ്ങനെ വിശ്വസിക്കണമെന്നു പറയുന്നവന്‍ തന്നെത്താന്‍ അധഃപതിപ്പിക്കുന്നു: നിങ്ങള്‍ വിശ്വസിച്ചാല്‍ അതു നിങ്ങളേയും അധഃപതിപ്പിക്കും. ഞങ്ങള്‍ ഞങ്ങളുടെ മനസ്സു പരീക്ഷിച്ച് ഇന്നിന്ന സംഗതികള്‍ കണ്ടിരിക്കുന്നു എന്നു പറയുവാനേ ജ്ഞാനികള്‍ക്ക് അവകാശമുള്ളൂ. നാം അങ്ങനെ പരീക്ഷിച്ചശേഷം നമുക്കു വിശ്വസിക്കാം. അതിനു മുമ്പു വയ്യ. അതാണ് മതകാര്യം, അത്രയേ ഉള്ളൂ. എന്നാല്‍ മതത്തെ എതിര്‍ക്കുന്നവരില്‍ ആയിരത്തിലൊരാള്‍പോലും സ്വന്തമനസ്സിനെ പരീക്ഷിച്ചിട്ടില്ല: അതിലുള്ളത് അനുഭവപ്പെടുത്തുവാന്‍ ക്ലേശിച്ചിട്ടില്ല. ഈ സംഗതി നിങ്ങള്‍ ഓര്‍മ്മവെയ്ക്കണം. അതുകൊണ്ട് അങ്ങനെയുള്ളവരുടെ വാക്കും, “സൂര്യനുണ്ടെന്നു വിശ്വസിക്കുന്നതു വിഡ്ഢിത്തമാണ്” എന്നു വിളിച്ചുകൂവുന്ന കുരുടന്റെ വാക്കും തമ്മില്‍ ഭേദമില്ല. അവരുടെ വാക്ക് വാസ്തവത്തില്‍ മതത്തിനെതിരായ തെളിവാവില്ല.

സ്വാനുഭവം, സാക്ഷാല്‍ക്കാരം – ഇതു നാം നന്നായി ധരിക്കേണ്ടതും മുറുകെപ്പിടിക്കേണ്ടതുമായ പ്രധാനസംഗതിയാണ്. മതം ഗ്രന്ഥങ്ങളിലല്ല, ദേവാലയങ്ങളിലല്ല, അത് സാക്ഷാല്‍ അനുഭവമാണ് എന്നു മനസ്സിലാക്കുമ്പോഴേ മതകാര്യങ്ങളിലുള്ള തര്‍ക്കവും വഴക്കും വക്കാണവും കലാശിക്കൂ. ഈശ്വരനേയും ആത്മാവിനേയും സാക്ഷാല്‍ക്കരിച്ച മനുഷ്യനേ മതമുള്ളൂ. ധാരമുറിയാതെ പ്രസംഗിക്കുന്ന ഗംഭീരനായ പള്ളിമേലാവിനും, ഒരറിവുമില്ലാതെ നന്നെ താണപടിയിലുള്ള വിഷയിക്കും തമ്മില്‍ യഥാര്‍ത്ഥത്തില്‍ വ്യത്യാസമില്ല. നാമെല്ലാം നിരീശ്വരന്‍മാരാണ്, നമുക്കങ്ങു സമ്മതിക്കാം. വെറും യുക്തികൊണ്ടുള്ള സമ്മതം മതമാവില്ല. (മതം അനുഭവപ്പെടലാണ്.) യേശുക്രിസ്തു മലമുകളില്‍ വെച്ചു ചെയ്ത ഉപദേശത്തിലെ തത്ത്വം സാക്ഷാല്‍ക്കരിക്കുന്നവന്‍ ക്രിസ്ത്യനോ മുഹമ്മദീയനോ മറ്റേതു മതക്കാരനോ ആയാലും അയാള്‍ സിദ്ധനായി. എന്നിട്ടും കോടിക്കണക്കിനു ക്രിസ്ത്യാനികള്‍ ലോകത്തിലുണ്ടെന്നാണ് പറയുന്നത്. ഈ പറയുന്നതിന്റെ സാരം, ആ ഉപദേശം സാക്ഷാല്‍ക്കരിപ്പാന്‍ മനുഷ്യര്‍ ഒരു കാലം ശ്രമിച്ചേയ്ക്കാമെന്നാണ്. രണ്ടു കോടി മനുഷ്യരില്‍ ഒരാളെങ്കിലും യഥാര്‍ത്ഥക്രിസ്ത്യനായിട്ടില്ല.

ഇന്ത്യയിലും അങ്ങനെതന്നെ. അവിടെ മുപ്പതു കോടി വേദാന്തികളുണ്ടത്രേ. ആയിരത്തിലൊരാളെങ്കിലും മതം അനുഭവപ്പെടുത്തീട്ടുണ്ടെങ്കില്‍ ലോകസ്ഥിതി പെട്ടെന്നു മാറിപ്പോയേനേ. വാസ്തവത്തില്‍ നാം നിരീശ്വരന്‍മാരാണ്. എന്നാല്‍ അതു സമ്മതിക്കുന്നവനോടു നാം കലഹത്തിനു ചെല്ലുകയും ചെയ്യും. അന്ധകാരത്തിലാണ് നാം കിടക്കുന്നത്. നമുക്കു മതമെന്നു പറയുന്നത് ബുദ്ധിയുടെ ഒരു സമ്മതം, വെറും വാക്ക്, കേവലം ശൂന്യം. അതിചതുരമായി പറയാവുന്നവനെ മതപരനായി നാം കരുതാറുണ്ട്. പക്ഷേ അതു മതമല്ല. “വാക്കുകളെ വിചിത്രമായിണക്കി ഭംഗിയില്‍ ശാസ്ത്രവാക്യങ്ങളെ നാനാപ്രകാരേണ വ്യാഖ്യാനിച്ചു വിവരിക്കുന്നതു വിദ്വജ്ജനങ്ങള്‍ക്കു രസിപ്പാന്‍ കൊള്ളാം: അതു മുക്തിക്കുതകുന്നതല്ല. അതു മതമല്ല.” നമ്മുടെ ആത്മാവില്‍ നമുക്കുതന്നെ അനുഭവമാകുമ്പോഴത്രേ മതം ആരംഭിക്കുന്നത്. അതാണ് മതത്തിന്റെ പുലര്‍കാലം: അപ്പോഴേ നാം ധാര്‍മ്മികരാകൂ. ഇപ്പോള്‍ നാം മൃഗങ്ങളെക്കാള്‍ വളരെയൊന്നും ധാര്‍മ്മികരല്ല. സമുദായത്തിന്റെ ചാട്ടവാറാണ് ഇപ്പോള്‍ നമ്മെ ഒതുക്കിനിര്‍ത്തുന്നത്. കട്ടാല്‍ കുറ്റമല്ലെന്ന് സമുദായം ഇന്നു പറയുന്നപക്ഷം ആ വഴിയെ നാം പരസ്വാപഹരണത്തിനു കുതിച്ചുചാടും. പോലീസുകാരനാണ് നമ്മെ ധര്‍മ്മിഷ്ഠരാക്കിവെച്ചിട്ടുള്ളത്. സമുദായാഭിപ്രായമാണ് നമ്മെ ധര്‍മ്മിഷ്ടരാക്കുന്നത്. വാസ്തവത്തില്‍ നാം തിര്യക്കുകളെക്കാള്‍ മീതെയല്ല. ഇത് എത്രത്തോലം വാസ്തവമാണെന്ന് നമ്മുടെ മനസ്സാക്ഷി നമ്മോടു രഹസ്യമായി പറയും. അതുകൊണ്ട് നാം ദംഭം കൈവിട്ടു നമുക്കു മതമില്ലെന്നു തുറന്നുസമ്മതിക്കുക: അന്യരെ നിന്ദിപ്പാന്‍ നമുക്ക് അവകാശമില്ലെന്നും സമ്മതിക്കുക. നാമെല്ലാം സഹോദരന്‍മാര്‍. നമുക്കു മതം അനുഭവപ്പെട്ടാല്‍ നാം വാസ്തവത്തില്‍ ധര്‍മ്മിഷ്ഠരാകും.

[സാക്ഷാല്‍ക്കാരം (ലണ്ടന്‍ പ്രസംഗം, ഒക്‌ടോബര്‍ 29, 1896) -നിന്നുള്ള ഭാഗം]