abhedananda swamikalതിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ശ്രീ ചട്ടമ്പിസ്വാമി സ്മാരക അഭേദാനന്ദാശ്രമം സ്ഥാപകനായ അഭേദാനന്ദ സ്വാമികള്‍ വിവിധ അവസരങ്ങളില്‍ എഴുതിയ കത്തുകളുടെ ശേഖരമാണ് അഭേദദര്‍ശനം എന്ന ഈ പുസ്തകം.

“ദുഃഖമില്ലാത്ത ജീവിതം വേണമെന്നാഗ്രഹിക്കുന്നതുതന്നെ വെറും ഭ്രാന്താണ്. രാത്രിയില്ലാത്ത പകലും, മധുരമില്ലാത്ത പഞ്ചസാരയും വേണമെന്നാലോചിക്കുന്നതുപോലെ, അത്ര വലിയ ഭ്രാന്താണ്. സുഖവും ദുഃഖവും ഉണ്ടെങ്കിലേ, അതിനെ സമമായി കരുതാന്‍ വഴിയുള്ളൂ. അതുകൊണ്ട് ദുഃഖം വന്നുപോയെന്നു നിലവിളിക്കുന്ന ഭ്രാന്തന്മാരുടെ കൂട്ടത്തില്‍ ചാടരുതെന്ന് അപേക്ഷിക്കുന്നു. വെറും അല്പമായ ജീവിതമാണ് നമ്മുടേത്. ഇന്ദ്രിയസുഖങ്ങള്‍ക്ക് വേണ്ടിയുള്ള ജീവിതത്തില്‍ അഭിമാനം കൊള്ളുന്നത്‌ മൃഗീയത വിലയ്ക്ക് വാങ്ങിക്കുകയാണ്.”

അഭേദദര്‍ശനം അഥവാ ദിവ്യസൂക്തങ്ങള്‍ PDF ഡൌണ്‍ലോഡ് ചെയ്യൂ.

അഭേദാനന്ദ സ്വാമികളെക്കുറിച്ച് ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.

നാമജപങ്ങള്‍കൊണ്ട്‌ മാത്രം പാവനമാക്കിയ ജീവിതത്തില്‍ ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങള്‍ അനുഭവിച്ച്‌ ആസ്വദിച്ച്‌ സ്വയം ആനന്ദിക്കുകയും അനേകം സുകൃതികളായ ജീവാത്മാക്കളെ നാമജപസങ്കീര്‍ത്തനത്തിലൂടെ ആനന്ദിപ്പിക്കുകയും ചെയ്ത മഹാപുരുഷനായിരുന്നു ‘അഭേദാനന്ദ ഗുരുദേവന്‍’. വ്രതനിഷ്ഠവും പ്രാര്‍ത്ഥനാമയവുമായ ജീവിതത്തിന്റെ ഫലമായി നമുക്ക്‌ ലഭിക്കുന്ന സന്താനം ലോകാനുഗ്രഹകാരിയായി തീരും എന്നതിന്‌ ഉത്തമ ഉദാഹരണമാണ്‌ അഭേദാനന്ദസ്വാമിയുടെ ജീവിതം.

പഴയ ദക്ഷിണ തിരുവിതാംകൂറിലെ നെയ്യാറ്റിന്‍കര താലൂക്കിന്റെ തെക്കേ അറ്റത്തുള്ള ഗ്രാമമാണ്‌ പാറശാല. പാറശാലയിലെ മഹാദേവര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയ്ക്ക്‌ സമീപം ‘കൊടിവിളാകം’ തറവാട്ടിലെ കൃഷ്ണപിള്ളയുടേയും ലക്ഷ്മിപിള്ളയുടേയും മകനായി 1084 മീനമാസം 26 ന്‌ (8-4-1909) വിശാഖം നക്ഷത്രത്തില്‍ അഭേദാനന്ദ സ്വാമികള്‍ ജനിച്ചു. സൂര്യതേജസ്സുള്ള ആ കുട്ടി, ശ്രീസുബ്രഹ്മണ്യസ്വാമികളുടെ കൃപയാല്‍ തങ്ങള്‍ക്ക്‌ ലഭിച്ച കുഞ്ഞിന്‌ അച്ഛനമ്മമാര്‍ ‘വേലായുധന്‍’ എന്നു പേരിട്ടു. പാണ്ഡിത്യവും സിദ്ധികളുമുള്ള മഹാത്മാവായ പത്മനാഭന്‍ സ്വാമികളുടെ ശിക്ഷണത്തില്‍ കുമാരനായ വേലായുധന്‍, ഭാഗവതം, രാമായണം, സംസ്കൃതം, സംഗീതം, വേദാന്തം തുടങ്ങിയ വിദ്യകള്‍ അഭ്യസിച്ചു തുടങ്ങി.

അഭേദാനന്ദ ഗുരുവിന്റെ സംഗീതജ്ഞാനവും ഭക്തിവൈഭവവും കലാവൈദഗ്ദ്ധ്യവും ആത്മബോധവും ചെറുപ്പത്തില്‍ തന്നെ പ്രകടമായി തുടങ്ങിയെന്ന്‌ അദ്ദേഹത്തിന്റെ ജീവചരിത്രം പ്രകടമാക്കിത്തരുന്നു. ദൈവത്തെക്കുറിച്ച്‌ നിരന്തരം സ്മരിക്കുകയും ഭജനവും നാമസങ്കീര്‍ത്തനങ്ങളുംകൊണ്ട്‌ സ്തുതിക്കുകയും ചെയ്യുന്നവരിലൂടെ അവരുടെ കണ്ണുകളിലൂടെ ഈ ലോകത്തെ നോക്കിക്കാണുന്നു എന്നതിനുദാഹരണമാണ്‌ അഭേദാനന്ദ ഗുരുദേവന്റെ ജീവിതം.

നന്നേ ചെറുപ്പത്തില്‍ തന്നെ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുമായി അടുത്തിടപഴകുവാന്‍ അദ്ദേഹത്തിന്‌ അവസരം കിട്ടുകയുണ്ടായി. ഇത്‌ തികച്ചും ദൈവനിയോഗമാണെന്നും ആത്മീയ മേഖലയിലെ തന്റെ യാത്രകള്‍ക്കുള്ള പ്രചോദനമായും ‘അഭേദാനന്ദന്‍’ ചട്ടമ്പിസ്വാമികളുടെ സാമീപ്യം അനുഭവിച്ചിരിക്കാം. വേലായുധന്‍ തന്റെ 14-ാ‍ം വയസ്സില്‍ രണ്ടാംഫോറത്തില്‍ പഠിച്ചിരുന്നപ്പോഴാണ്‌ സംപൂജ്യനായ ശ്രീചട്ടമ്പിസ്വാമികളെ നേരിട്ട്‌ സന്ദര്‍ശിച്ചത്‌. അദ്ദേഹമൊരു ഹഠയോഗിയാണെന്നും ജ്ഞാനയോഗിയാണെന്നും കരുതുന്നുണ്ടെങ്കിലും വാസ്തവത്തില്‍ ഒരു നാദോപാസകനായിരുന്നു സ്വാമികള്‍. അഗാധമായ പാണ്ഡിത്യം, അത്ഭുതകരമായ സിദ്ധിവൈഭവങ്ങള്‍, സര്‍വകലാവല്ലഭത്വം, അനിതരസാധാരണമായ തപസ്സിദ്ധി അങ്ങനെ വിവേകാനന്ദന്‌ ചിന്മുദ്രയെപ്പറ്റി അറിയിച്ചുകൊടുത്തതുമായ സാക്ഷാല്‍ ചട്ടമ്പിസ്വാമികളുടെ സാമീപ്യം 14-ാ‍ം വയസ്സില്‍ ലഭിച്ച അഭേദാനന്ദ ഗുരു നാമസങ്കീര്‍ത്ത പ്രിയനായി തീര്‍ന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

തികഞ്ഞ ഭക്തിയും ജ്ഞാനതൃഷ്ണയും ഒത്തൊരുമിച്ച മനസ്സുമായി അദ്ദേഹം പാടുന്ന കീര്‍ത്തനങ്ങള്‍ ഭക്തമനസ്സുകള്‍ക്ക്‌ ആഹ്ലാദവും ആശ്വാസവുമായി തീരുകയായിരുന്നു. ഏതൊരു നാട്ടിലെത്തിയാലും അവിടുത്തെ മതസമ്മേളനങ്ങളിലോ സത്സംഗങ്ങളിലോ ഭജനയില്‍ സ്വാമി പങ്കെടുക്കും. തന്റെ സ്വതസിദ്ധമായ ഗാനാലാപനമികവുകൊണ്ട്‌ ആരാധകരായി മാറുമ്പോള്‍ സ്വാമി അവിടെനിന്നും സ്ഥലം വിടും. ആരോടും മമതാബന്ധം ഉണ്ടാകാതിരിക്കാനായുള്ള ഉപായമായിരുന്നു. എങ്ങും തങ്ങിനില്‍ക്കാതെ നിരന്തരമായ യാത്രകള്‍.

ആ അവധൂത യാത്രകള്‍ക്കിടയില്‍ തിരുവണ്ണാമലയിലെ ഭഗവാന്‍ ശ്രീരമണ മഹര്‍ഷിയുടെ ആശ്രമത്തിലെത്തി അദ്ദേഹത്തോടൊപ്പം ജീവിക്കുവാന്‍ തുടങ്ങി. 14-4-1950 ല്‍ ശ്രീ രമണ മഹര്‍ഷി മഹാസമാധി പ്രാപിച്ചു. അന്നുവരെ മഹര്‍ഷിയുമായി ആത്മബന്ധം പുലര്‍ത്തിയ അഭേദാനന്ദസ്വാമി രമണാശ്രമം വിട്ടിറങ്ങി ഭിക്ഷാംദേഹിയായി അലഞ്ഞുനടന്നു തുടങ്ങി. തിരുപ്പതി, തിരുത്തണി, കാളഹസ്തി, തിരുപ്പരന്‍ കുണ്ട്രം, പഴനിമല, സ്വാമിമല, പഴമുതിര്‍ച്ചോല, അചലേശ്വരം, കതിര്‍കാമം എന്നീ ക്ഷേത്രങ്ങളില്‍ സന്ദര്‍ശിച്ച ഗുരു ശ്രീ സ്വരൂപാനന്ദ ഭാരതി സ്വാമികളില്‍നിന്നും സന്ന്യാസം സ്വീകരിച്ചത്‌ 1111 (എഡി 1936 ല്‍) ആയിരുന്നു. അതിനുശേഷം അദ്ദേഹം ഉത്തരദിക്കിലേക്ക്‌ സഞ്ചരിച്ചു. അഖണ്ഡനാമജപ യജ്ഞമായിരുന്നു ഗുരുവിന്റെ ഈശ്വരോപാസനകളില്‍ പ്രമുഖമായിരുന്നത്‌.

ഗുരുദേവന്റെ വാക്കുകള്‍, പ്രഭാഷണങ്ങള്‍ എന്നിവ ശ്രവിക്കുന്നവര്‍ക്ക്‌ അദ്ദേഹം നയിക്കുന്ന ദിവ്യജീവിതത്തിന്റെ മഹിമ മനസിലാകും. “ഈശ്വരന്‍ നമ്മുടെയെല്ലാം ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. നമ്മുടെ സമയവും മനസ്സും മൂല്യവസ്തുക്കളാണ്‌. അവയൊക്കെ ഭഗവത്സേവയാകുന്ന പരമാര്‍ത്ഥസാധനയില്‍ നിരന്തരം വ്യയം ചെയ്യേണ്ടതാണ്‌.” നമ്മള്‍ പഠിച്ചിട്ടുള്ള പുസ്തകങ്ങള്‍ക്ക്‌ കൈയും കണക്കുമില്ല. നമ്മള്‍ ഗ്രഹിച്ചിട്ടുള്ള തത്വജ്ഞാനവും ചില്ലറയൊന്നുമല്ല. എന്നാല്‍ നിങ്ങള്‍ മനുഷ്യരായി ജീവിച്ചില്ലെങ്കില്‍-മാനവസേവയാകുന്ന മനുഷ്യത്വം നിങ്ങളില്‍ പ്രകാശിച്ചില്ലെങ്കില്‍-എല്ലാവരിലും നിങ്ങള്‍ ഈശ്വരനെ ദര്‍ശിച്ചില്ലെങ്കില്‍ നിങ്ങളുടെ പഠിപ്പും തത്വജ്ഞാനവും വ്യര്‍ത്ഥമാണ്‌.

യൗവനത്തിലും ഭോഗസുഖത്തിലും സമ്പത്തിലും അഹങ്കരിച്ചാല്‍ നിങ്ങള്‍ മനുഷ്യപ്രേതങ്ങളായിത്തീരും. അതായത്‌ കാലം നിങ്ങളെ അടുത്ത നിമിഷത്തില്‍ പ്രേതങ്ങളാക്കി മാറ്റും. അതുകൊണ്ട്‌ അഹങ്കാരത്തെ ത്യജിച്ച്‌ മനുഷ്യരായി ജീവിക്കുക. ജീവിതയാത്രയില്‍ സുഖ-ദുഃഖങ്ങളെ മറന്ന്‌ ഈശ്വരനെ ഓര്‍മിക്കുവാന്‍ നമ്മെ സഹായിക്കുന്നത്‌ ഈശ്വരനാമങ്ങളാണ്‌. ഭക്തിയിലും ഭഗവത്‌ നാമത്തിലും മുഴുകി ജീവിച്ച അഭേദാനന്ദ ഗുരു ഭാരതമൊട്ടാകെ അഖണ്ഡനാമജപങ്ങളും കോടിയര്‍ച്ചനകളും നടത്തുവാന്‍ പ്രേരണയായിത്തീര്‍ന്നു. ഗീതയുടെ പ്രചാരകനും ബാലഗോപാലന്റെ പൊന്‍ചിലമ്പൊലിയുടെ താളത്തിനൊത്ത്‌ ആടിക്കുഴഞ്ഞ്‌ പാടി പറന്ന സര്‍വതന്ത്രസ്വതന്ത്രനായ ലീലാലോലുപനും ആയിരുന്നു അഭേദാനന്ദ ഗുരു.

1983-ഒക്ടോബര്‍ മാസം 29നു ദല്‍ഹിയിലെ മുല്‍ചന്ദ്‌ ആശുപത്രിയില്‍ വച്ച്‌ സ്വശരീരം വെടിഞ്ഞു. അഭേദാനന്ദന്‍ ഭാരതത്തിന്റെ തെക്കെ അറ്റത്തുള്ള ഒരു ഗ്രാമത്തില്‍ ജനിച്ച്‌ യൗവ്വനകാലത്തുതന്നെ ഭാരതമാകെ സഞ്ചരിച്ച്‌ സകലലോകാരാധ്യനായ ശ്രീകൃഷ്ണ ഭഗവാനെ നിരന്തരം മനസ്സില്‍ ധ്യാനിച്ച്‌ ഭക്തിപ്രഹര്‍ഷവും സംഗീതസാന്ദ്രവുമായ ഭജനാവലികള്‍ ചൊല്ലി ഭക്തജനകോടികളെ ഈശ്വരസാന്നിദ്ധ്യമുള്ളവരാക്കി മാറ്റി.

ഗുരുവായൂര്‍ ആഞ്ഞം തിരുമേനി അഭേദാനന്ദ ഗുരുവിനെക്കുറിച്ച്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌.

“നമ്മുടെ പുരാണങ്ങളില്‍ നാമജപങ്ങളില്‍ പ്രമുഖ ര്‍ നാരദമഹര്‍ഷിയും ആഞ്ജനേയനുമാണ്‌. ആഞ്ജനേയര്‍ സദാ രാമനാമ ജപത്തില്‍ മുഴുകി ജീവിക്കുന്നു. നാരദന്‍ സദാ ‘നാരായണമന്ത്രം ചൊല്ലുന്നു. അതുപോലെ ഗുരു മഹാമന്ത്രജപത്തില്‍ സദാ മുഴുകിയിരിക്കുന്നു. അതുമാത്രമല്ല, അദ്ദേഹത്തിന്റെ ഓരോ രോമകൂപങ്ങളും ധാരമുറിയാതെ മഹാമന്ത്രങ്ങള്‍ സദാ ജപിക്കുന്നു. തന്മൂലം ശരീരം മുഴുവന്‍ സദാ പ്രകമ്പനം കൊള്ളുന്നു. ഈ പ്രകമ്പനത്തില്‍നിന്നും 19 തരത്തിലുള്ള ഭാവാവേശങ്ങള്‍ പ്രകടമാകുന്നു. ഈ മഹാഭാവത്തില്‍ വര്‍ത്തിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ നില ആഞ്ജനേയ പ്രഭുവിന്റെ നിലയ്ക്ക്‌ തുല്യമായിരിക്കുന്നു.”

1951 ല്‍ തുടങ്ങിയ നാമസങ്കീര്‍ത്തനവും നഗരസങ്കീര്‍ത്തനവും സ്വാമിജിയുടെ എല്ലാ യോഗക്ഷേമങ്ങളും നടത്തിക്കൊടുക്കുകയും അദ്ദേഹത്തിന്റെ ആശ്രമങ്ങളായ മഹാമന്ത്രാലയങ്ങളിലെ ഐശ്വര്യമായും നിലനില്‍ക്കുന്നു.

പരിപൂര്‍ണ ശരണാഗതി എന്നാല്‍ സ്വാമി അഭേദാനന്ദ ഭാരതി എന്നാണ്‌ പലരും പറഞ്ഞുവരുന്നത്‌. ആഗ്രഹിച്ചവര്‍ക്കെല്ലാം അവരുടെ യോഗ്യതയ്ക്കനുസരിച്ച്‌ ചൈതന്യം പകര്‍ന്നുകൊടുത്ത ഗുരു ഇരുപത്തിയൊന്‍പതുപേര്‍ക്ക്‌ സന്ന്യാസദീക്ഷ നല്‍കിയിട്ടുണ്ട്‌ എന്നാണറിവ്‌.

ഗുരുദേവന്‍ രചിച്ചിട്ടുള്ള കൃതികളും ലേഖനങ്ങളും ഒട്ടനവധിയാണ്‌. കൃഷ്ണാര്‍ജ്ജുനവിജയം തമിഴ്‌നാടകം, വിശ്വാമിത്രന്‍ തുറവി തമിഴ്‌ നാടകം, ഗൃഹസ്ഥനായി ആറയൂരില്‍ താമസിക്കുമ്പോള്‍ നാട്ടുകാരുമായി ചേര്‍ന്ന്‌ അഭിനയിച്ച ‘ശാന്തിമയം’എന്ന നാടകം, ശങ്കരവിജയം, ജയദേവ ചരിതം, ചൈതന്യചരിതം, ധര്‍മം ശരണം, ഭക്തമീര, ഭജനപദ്ധതി, ശിഷ്ടാഷ്ടകം (1968)ചൈതന്യമഹാപ്രഭുവിന്റെ പ്രസിദ്ധമായ എട്ടു ശ്ലോകങ്ങളുടെ സരളമായ വ്യാഖ്യാനം ഇതിന്റെ രണ്ടാം പതിപ്പും അച്ചടിയിലാണ്‌. ഗുരുദേവന്റെ കഥകളുടെ ഇംഗ്ലീഷ്‌ തര്‍ജ്ജമ, സമാധിയ്ക്കുമുന്‍പ്‌ മൗനമായിരിക്കുമ്പോള്‍ അദ്ദേഹം എഴുതിയ ‘കഥാമൃതം’ തുടങ്ങിയവയാണ്‌ ഗുരുദേവ രചനകള്‍, അമരവാണി, ശാന്തി, ശരണമയ്യപ്പ, പൂതനാമോക്ഷം, സ്ഥിതിപ്രജ്ഞലക്ഷണങ്ങള്‍, മഹാത്മാക്കള്‍, വേദനാദം, ദീപാരാധന, ശ്രീമഹാഭാരതവും ഗീതാധര്‍മവും, മനുഷ്യത്വം, ശരണാഗതി, ഭജന, പുനര്‍ജന്മവും മരണാനന്തര ജീവിതവും, ഈശ്വരനാമവും അര്‍ച്ചനയും തുടങ്ങി നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്‌.

ആരേയും പ്രതികുറിച്ചു പറയാതെ ആര്‍ക്കും വേദന തോന്നാത്തവിധത്തില്‍ ദിവ്യപ്രേമമാകുന്ന നറുതേനില്‍മുക്കി അദ്ദേഹം നമുക്കായി നല്‍കിയ ഉപദേശങ്ങള്‍ അദ്ദേഹത്തിന്റെ പിന്‍തലമുറക്കാരായി വന്നവര്‍ക്ക്‌ ഉള്‍ക്കൊള്ളുവാനോ, നടപ്പാക്കുവാനോ സാധിച്ചില്ലാ എന്നതും ഒരു ദുഃഖ സത്യം തന്നെയാണ്‌. പ്രേമത്തിന്റെ നിറകുടവും വിനയത്തിന്റെ ഇരിപ്പിടവുമായി പേരും പെരുമയും വിഷമായി കരുതി, സിദ്ധിപ്രകടനങ്ങളേയും പ്രദര്‍ശന വാസനകളേയും തിരിഞ്ഞുനോക്കാതെ നിര്‍വികാരനായി നിസ്സംഗനായി ജീവിക്കുകയായിരുന്നു ശ്രീ അഭേദാനന്ദ ഗുരുദേവന്‍.

വ്യത്യസ്ഥമായ ആത്മീയ വീക്ഷണമായിരുന്നു ഗുരുവിന്റേതെന്ന്‌ വെളിവാക്കുന്ന ചില വാക്കുകള്‍കൂടി ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട്‌ ലേഖനം അവസാനിപ്പിച്ചേക്കാം.

മതപ്രചാരംകൊണ്ടും പ്രസംഗങ്ങള്‍കൊണ്ടും ജനസമുദായത്തെ ഉദ്ധരിക്കുവാന്‍ സാധ്യമല്ല എന്നാണ് അദ്ദേഹം പറയുന്നത്‌‌. ശ്രീബുദ്ധനെപ്പോലെയോ, ശ്രീശങ്കരനെപ്പോലെയോ ഈ യുഗത്തില്‍ ആരും പ്രചാരം ചെയ്തിട്ടില്ല. എന്നിട്ടും സ്ഥിതി ഇതാണെങ്കില്‍ പിന്നെന്തു ചെയ്യും. ബുദ്ധിജീവികളുടെ ദൃഷ്ടിയില്‍ സാമാന്യമായതും യാതൊരാപത്തുമില്ലാത്തതും പരമപവിത്രവുമായ നാമജപപ്രസ്ഥാനമാരംഭിച്ചു.

ഇന്ന്‌ ലോകത്തില്‍ 50 ശതമാനംപേരും പഠിപ്പുള്ളവരാണ്‌. പഠിച്ചത്‌ കമ്മ്യൂണിസമാണെങ്കില്‍ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം മുതലാളിത്തമാണെന്ന്‌ പറയും. പഠിച്ചത്‌ ഹിന്ദുത്വമാണെങ്കില്‍ ജഗത്മായ ആണെന്ന്‌ പ്രസംഗിക്കും. പഠിച്ചത്‌ പൊളിറ്റിക്സാണെങ്കില്‍ തന്റെ സാമര്‍ത്ഥ്യംകൊണ്ട്‌ ജനങ്ങളെ വശീകരിച്ച്‌ ധനവും കീര്‍ത്തിയും സമ്പാദിക്കും. യഥാര്‍ത്ഥ പഠിപ്പ്‌ മനുഷ്യനെ ചിന്താശീലനാക്കുന്നു. യഥാര്‍ത്ഥ പഠിപ്പ്‌ മനസ്സിന്‌ തെളിവും ശാന്തിയുമായിത്തീരുന്നു. യഥാര്‍ത്ഥ പഠിപ്പുള്ളവന്‍ ഉപദേശിക്കാറില്ല. സ്വയം തനിക്കുപദേശിച്ച്‌ നന്നാവും. അതിലൂടെ ലോകം ഉദ്ധരിക്കപ്പെടും. അഭേദാനന്ദ സ്വാമികളെക്കുറിച്ച്‌ അറിയുവാനും ഈ ലേഖനം എഴുതുവാനും സഹായിച്ച ഗുരുദേവന്റെ അനുഗ്രഹാശിര്‍വാദങ്ങള്‍ ലഭിച്ച ടി.കുമാരന്‍ തമ്പി രചിച്ച അഭേദാനന്ദ ഗുരുദേവന്‍ എന്ന പുസ്തകത്തോട്‌ കടപ്പാട്‌ അറിയിച്ചുകൊണ്ട്‌ നിര്‍ത്തുന്നു. [ കടപ്പാട് : ജന്മഭൂമി ]