swami tapovanamഗ്രന്ഥത്തിന്റെ പേരില്‍ നിന്നും, ശ്രീ തപോവനസ്വാമികള്‍ ഹിമാലയത്തില്‍ ചെയ്തതായ യാത്രകളുടെ വിവരണം മാത്രമായിരിക്കാം ഈ ഗ്രന്ഥമെന്നു തോന്നാമെങ്കിലും, പരമപുരുഷാര്‍ത്ഥസിദ്ധിക്കായി സ്വാനുഭവമാകുന്ന ഉരകല്ലില്‍ ഉരച്ചുപരീക്ഷിച്ചതും വിലമതിക്കാന്‍ കഴിയാത്തതുമായ വേദാന്തതത്ത്വചിന്തകള്‍ അതിസരളവും അതിമധുരവുമായ ശൈലിയില്‍ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ഇക്കാലത്ത് പ്രചരിക്കപ്പെടുന്ന പ്രസിദ്ധങ്ങളായ പല ഹിമാലയ യാത്രാവിവരണങ്ങളെക്കാള്‍ ഈ ഗ്രന്ഥം തത്ത്വജിജ്ഞാസയുള്ളവര്‍ക്ക് പ്രയോജനപ്പെടും.

ഈ ഗ്രന്ഥപാരായണത്തിലൂടെ ഋഷികേശ്, ഉത്തരകാശി, യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ്,ശാരദാക്ഷേത്രം, അമര്‍നാഥ്, ജ്വാലാമുഖി, മണികര്‍ണിക, ത്രിലോകീനാഥ്, പശുപതീനാഥ്, ചന്ദനനാഥ്, മാനസസരസ്, കൈലാസം, ഗോമുഖ് തുടങ്ങിയ പുണ്യസ്ഥലങ്ങളിലേയ്ക്കുള്ള ഒരു ആദ്ധ്യാത്മിക യാത്രയുടെ ജ്ഞാനം അനുഭവിക്കാം.

1889ല്‍ പാലക്കാട് ആലത്തൂരിനടുത്തുള്ള ഒരു ഗ്രാമത്തില്‍ ജനിച്ച ശ്രീ തപോവനസ്വാമികളുടെ ജീവചരിത്രസംഗ്രഹവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹിമഗിരിവിഹാരം – ശ്രീ തപോവനസ്വാമികള്‍ : PDF ഡൌണ്‍ലോഡ് ചെയ്യൂ.

തപോവനം സ്വാമികളുടെ അഭിപ്രായത്തില്‍ “ഹിമാലയത്തിലെ ധാമങ്ങളില്‍ യാത്ര ചെയ്ത് അവിടെയൊരു പ്രത്യേകിച്ച് ഒരീശ്വരനെ ദര്‍ശനം ചെയ്യുവാനോ അവിടെനിന്ന്‍ വല്ല പുണ്യവുംസമ്പാദനം ചെയ്യുവാനോഎനിക്കിച്ഛയുണ്ടായിരുന്നില്ല. എല്ലാ പ്രദേശങ്ങളും പരമാര്‍ത്ഥദൃഷ്ടിയില്‍ ബ്രഹ്മം തന്നെ; അഥവാ വ്യവഹാരദൃഷ്ടിയില്‍ പഞ്ചഭൂതാത്മകം തന്നെ. എങ്കിലും പ്രാകൃതികവിലാസം കൊണ്ടും ദേശവിശുദ്ധികൊണ്ടും പ്രശാന്തിമഹിമകൊണ്ടും സര്‍വ്വാതിശായിയായി വിരാജിക്കുന്ന ഹിമഗിരിശിഖരങ്ങളില്‍ ആനന്ദവിഹരണം ചെയ്യുന്നതില്‍ ഞാനുത്സുകനായിരുന്നു. ബ്രഹ്മാസ്വാദനംതന്നെ ഇത്തരം യാത്രകളുടെ മുഖ്യഫലം. ബ്രഹ്മത്തിന്റെ ഐശ്വര്യവും സൗന്ദര്യവും മാഹാത്മ്യവും പ്രതിഫലിച്ചു കാണുന്നതിനുള്ള ഒരു മഹാദര്‍പ്പണമാകുന്നു പ്രകൃതിയെങ്കില്‍, ബ്രഹ്മരസാസ്വാദനത്തില്‍ പ്രകൃഷ്ടമായ പ്രകൃതി വലിയ സഹായകമാണെന്നുള്ളത് അനുഭവരസികന്മാര്‍ക്ക് അവിദിതമല്ല. തീര്‍ഥാടനവ്യാജേന ഇതേ ഉദ്ദേശത്തിലാണ് ഞാന്‍ പലപ്പോഴും ഹിമഗിരിശിഖരങ്ങളില്‍ മുമ്പും ഇപ്പോഴും വിഹരണം ചെയ്യാറുള്ളത്.”