സ്വാമി വിവേകാനന്ദന്‍

പഞ്ചാബില്‍ സിയല്‍ക്കോട്ടില്‍വെച്ചു ചെയ്ത പ്രസംഗം – തുടര്‍ച്ച

പണം കിട്ടാന്‍ ഈശ്വരനെ ആരാധിക്കുന്ന ചിലരുണ്ട്: മറ്റു ചിലര്‍ പുത്രനുണ്ടാകാന്‍ അങ്ങനെ ചെയ്യുന്നു: അവര്‍ സ്വയം ഭാഗവത (ഭക്ത)ന്മാരെന്നു കരുതുകയും ചെയ്യുന്നു. ഇതു ഭക്തിയല്ല: അവര്‍ യഥാര്‍ത്ഥത്തില്‍ ഭാഗവതന്മാരുമല്ല. അക്കൂട്ടര്‍ സ്വര്‍ണ്ണമുണ്ടാക്കാന്‍ കഴിവുണ്ടെന്നു പറയുന്ന വല്ല സന്ന്യാസിമാരും വന്നാല്‍ അയാളുടെ അടുക്കലേക്ക് ഓടുകയായി. എങ്കിലും സ്വയം ഭക്തന്മാരാണെന്നത്രേ ഭാവം. പുത്രനുണ്ടാകണമെന്ന ആഗ്രഹത്തോടുകൂടി ഈശ്വരനെ ആരാധിക്കുന്നതും ഭക്തിയല്ല: സമ്പത്തിനുവേണ്ടി ആരാധിക്കുന്നതും ഭക്തിയല്ല: സ്വര്‍ഗ്ഗം കൊതിച്ചുകൊണ്ടുള്ള ആരാധനപോലും ഭക്തിയല്ല. ഭയത്തിന്റെയോ ലോഭത്തിന്റെയോ സന്താനമല്ല ഭക്തി. ”ഭഗവന്‍, സുന്ദരിയായ ഭാര്യയെ വേണ്ട: ജ്ഞാനമോ മുക്തിയോ വേണ്ട; നൂറു നൂറു ജന്മങ്ങളും മരണങ്ങളും എനിക്കു നേരിട്ടുകൊള്ളട്ടെ. എന്റെ ആഗ്രഹം സദാ അങ്ങയെ സേവിച്ചു കഴിയണമെന്നാണ്.” ഇങ്ങനെ പറയുന്നവനത്രേ തനി ഭക്തന്‍. ഈ ഘട്ടത്തില്‍ അയാള്‍, അണു മുതല്‍ ബ്രഹ്മാവുവരെയുള്ളവയിലെല്ലാം, ഈശ്വരനെ കാണുന്നു: എല്ലാറ്റിലും ഈശ്വരന്‍ അഭിവ്യഞ്ജിക്കുന്നതായി കാണുന്നു. ഈശ്വരനെക്കൂടാതെ മറ്റൊന്നുമില്ലെന്ന് അയാള്‍ക്ക് ബോധപ്പെടുന്നു. ഇപ്പോള്‍, ഇപ്പോള്‍ മാത്രമാണ്, അയാള്‍ തന്നെത്താന്‍ ഏറ്റവും നിസ്സാരനെന്നു കരുതി, ഭക്തന്റെ യഥാര്‍ത്ഥഭാവത്തില്‍ ഈശ്വരനെ ആരാധിക്കുന്നത്. അപ്പോള്‍ തീര്‍ത്ഥങ്ങളും ബാഹ്യാരാധനാരൂപങ്ങളും അയാള്‍ ഉപേക്ഷിക്കുന്നു: ഓരോ മനുഷ്യനെയും തികവുറ്റ ദേവാലയമായി കാണുന്നു.

ശാസ്ത്രങ്ങളില്‍ പല മട്ടിലും ഭക്തി വര്‍ണ്ണിക്കപ്പെട്ടിട്ടുണ്ട്. നാം പറയാറുണ്ട് ഈശ്വരന്‍ പിതാവാണെന്ന്. ഇതേ തരത്തില്‍ ഈശ്വരനെ അമ്മയെന്നും മറ്റും വിളിക്കാറുണ്ട്. നമ്മിലുള്ള ഭക്തിയെ ദൃഢീകരിപ്പാനാണ് ഈവക ബന്ധങ്ങള്‍ കല്പിക്കുന്നത്. അങ്ങനെ നമുക്ക് ഈശ്വരനോടു കൂടുതല്‍ അടുപ്പവും സ്നേഹവും തോന്നുന്നു. അതിനാല്‍ ഒരുതരത്തില്‍ ഈ പേരുകള്‍ ന്യായങ്ങളാണ്: ഈ വാക്കുകള്‍ സ്നേഹപ്രകാശകങ്ങളാണ്: യഥാര്‍ത്ഥഭക്തന് ഈശ്വരനോടു തോന്നുന്ന തനി സ്നേഹത്തില്‍ നിന്നുടലെടുത്തതാണ്. രാസലീലയിലെ രാധാകൃഷ്ണന്മാരുടെ കഥയെടുക്കുക. ഭക്തന്റെ തനി മനോഭാവത്തെ ഉദാഹരിക്കയാണ് ഈ കഥ ആര്‍ജ്ജവത്തോടെ ചെയ്യുന്നത്. കാരണം, സ്ര്തീപുരുഷസ്നേഹത്തെ കവിഞ്ഞുപോകുന്ന ഒരു സ്നേഹം ലോകത്തിലില്ല. ആ മട്ടിലുള്ള തീവ്രസ്നേഹമുള്ളിടത്ത് ഭയമില്ല. മറ്റ് ആസക്തിയൊന്നുമില്ല. ഉള്ളത് ഒരേയൊരാസക്തിമാത്രം; അതു രണ്ടുപേരെയും അവിഭാജ്യവും ഏകതാനവുമായ ഒരു കെട്ടുപാടില്‍ പെടുത്തുന്നു. മാതാപിതാക്കന്മാരോടുള്ള സ്നേഹത്തോടുകൂടിത്തന്നെ അവരോടുള്ള ആദരവില്‍നിന്നുണ്ടാകുന്ന ഭയവുമുണ്ട്. ഈശ്വരന്‍ എന്തെങ്കിലും സൃഷ്ടിച്ചോ ഇല്ലയോ എന്നു നാം തിരക്കുന്നതെന്തിന്? അവിടുന്നു നമ്മുടെ രക്ഷകനാണെന്ന വസ്തുതയുമായി നമുക്ക് എന്തു ബന്ധമുള്ളു? അവിടുന്നു നമ്മുടെ പ്രേമഭാജനം മാത്രം. ഭയലേശമില്ലാതെ അവിടുത്തെ നാം ആരാധിക്കണം. മറ്റാഗ്രഹങ്ങളൊന്നുമില്ലെങ്കില്‍, ഒരുവന്‍ ഈശ്വരനെ മാത്രമാണ് സ്നേഹിക്കുന്നത്. മറ്റൊന്നിനെക്കുറിച്ചും വിചാരമില്ല. ഈശ്വരനെച്ചൊല്ലി ഭ്രാന്തു പിടിച്ചിരിക്കയാണയാള്‍ക്ക്. ഒരുവനു തന്റെ പ്രേയസിയോടുള്ള സ്നേഹം ഈശ്വരനോടു നമുക്കുണ്ടായിരിക്കേണ്ട സ്നേഹത്തെ ഉദാഹരിക്കുന്നു. കൃഷ്ണനാണ് ഈശ്വരന്‍: രാധ അവിടുത്തെ സ്നേഹിക്കുന്നു. ആ കഥ വര്‍ണ്ണിക്കുന്ന പുസ്തകങ്ങള്‍ വായിച്ചാല്‍ ഈശ്വരനെ എങ്ങനെ സ്നേഹിക്കണമെന്നു കല്പന ചെയ്യാം. എന്നാല്‍ എത്രപേര്‍ക്ക് ഇതറിയാം? ഉള്ളു മുഴുവന്‍ മാലിന്യം നിറഞ്ഞവര്‍, സദാചാരമെന്തെന്ന ബോധമേ ഇല്ലാത്തവര്‍, ഇതെങ്ങനെ ധരിക്കും? പ്രാപഞ്ചികചിന്തകളെ മനസ്സില്‍ നിന്നോടിക്കുമ്പോള്‍, സദാചാരത്തിന്റെയും ആദ്ധ്യാത്മികതയുടെയും ശുദ്ധമായ അന്തരീക്ഷത്തില്‍ ജീവിക്കുമ്പോള്‍, അനഭ്യസ്തവിദ്യര്‍ക്കു പോലും ഏറ്റവും സൂക്ഷ്മമായ ചിന്തകളും ഗ്രാഹ്യമാകും. ആ തരക്കാര്‍ എത്ര കുറച്ചു മാത്രം! മനുഷ്യനു വഷളാക്കാന്‍ പാടില്ലാത്ത ഒരു മതവുമില്ല. ഉദാഹരണമായി, ശരീരത്തില്‍നിന്നു തികച്ചും വ്യത്യസ്തമാണ് ആത്മാവെന്ന് ഒരുവനു കരുതാം: അപ്പോള്‍, ശരീരംകൊണ്ടു പാപം ചെയ്യുമ്പോള്‍ അവന്റെ ആത്മാവിനു ലേപമില്ലതന്നെ! വാസ്തവത്തില്‍ മതങ്ങള്‍ അനുസരിക്കപ്പെട്ടാല്‍ പരിശുദ്ധിയുടെ മൂര്‍ത്തിയായിക്കൂടാത്ത ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ ഇല്ല. നല്ലതോ ചീത്തയോ ആയ സ്വഭാവമനുസരിച്ചാണ് മനുഷ്യരുടെ നടത്തം. ഇതില്‍ സംശയമില്ല. എന്നാല്‍ ലോകത്തില്‍, ഈശ്വരനെപ്പറ്റി കേള്‍ക്കുമ്പോള്‍ മത്തുപിടക്കുന്ന ചിലരുണ്ട്: ഈശ്വരനെപ്പറ്റി വായിക്കുമ്പോള്‍. അവര്‍ ആനന്ദാശ്രുക്കള്‍ പൊഴിക്കുന്നു. അവരാണ് യഥാര്‍ത്ഥഭക്തന്മാര്‍.

മതപരമായ വികാസത്തിന്റെ തുടക്കത്തില്‍, ഈശ്വരനെ തന്റെ പ്രഭുവെന്നും, സ്വയം അവിടുത്തെ കിങ്കരനെന്നും മനുഷ്യന്‍ കരുതുന്നു. അനുദിനജീവിതാവശ്യങ്ങള്‍ നിറവേറ്റിത്തരുന്നതുകൊണ്ടും മറ്റും ഈശ്വരനോടുള്ള കടപ്പാടിനെക്കുറിച്ച് അയാള്‍ക്കു ബോധമുണ്ടാകുന്നു. ആവക ചിന്തകള്‍ ഉപേക്ഷിക്കുക: ആകര്‍ഷകമായ ശക്തി ഒന്നേയുള്ളു: അതാണുതാനും ഈശ്വരന്‍. സൂര്യനും ചന്ദ്രനും മറ്റെല്ലാ വസ്തുക്കളും തന്നെ ആകര്‍ഷകമായ ആ ശക്തിയെ അനുസരിച്ചാണ് ചലിക്കുന്നത്. നല്ലതും തീയതുമായി ഈ ലോകത്തുള്ളതെല്ലാം ഈശ്വരന്റെതാണ്. നല്ലതും തീയതുമായി നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം നമ്മെ ഈശ്വരനിലേക്ക് നയിക്കയാണ്. എന്തോ സ്വാര്‍ത്‌ഥോദ്ദേശ്യം കൊണ്ട് ഒരുവന്‍ മറ്റൊരുവനെ കൊല്ലുന്നു: അതിന്റെ പിന്നിലുള്ള ഉദ്ദേശ്യവും സ്നേഹമാണ്. അതു തന്നോടുള്ളതോ മറ്റു വല്ലവരോടുള്ളതോ ആകാം. നാം നന്മ ചെയ്താലും തിന്മ ചെയ്താലും പ്രേരക ശക്തി സ്നേഹംതന്നെ. കടുവാ പോത്തിനെ കൊല്ലുന്നതു കടുവായ്‌ക്കോ അവന്റെ കുട്ടികള്‍ക്കോ വിശപ്പുള്ളതുകൊണ്ടാണ്.

വ്യക്തീഭവിച്ച സ്നേഹമാണ് ഈശ്വരന്‍. എല്ലാറ്റിലും വ്യക്തമാകുന്നത് ഈശ്വരനാണ്. അറിഞ്ഞും അറിയാതെയും ഓരോരുത്തനും ഈശ്വരങ്കലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. ഒരു സ്ര്തീ അവളുടെ ഭര്‍ത്താവിനെ സ്നേഹിക്കുമ്പോള്‍ അയാളില്‍ കുടികൊള്ളുന്ന ദിവ്യതയാണ് തന്നെ ആകര്‍ഷിക്കുന്ന മഹാശക്തിയെന്ന് അവള്‍ക്കു ധാരണയില്ല. സ്നേഹമൂര്‍ത്തിയായ ഈശ്വരനെ മാത്രമാണ് ആരാധിക്കേണ്ടത്. സ്രഷ്ടാവെന്നും രക്ഷകനെന്നും മാത്രം അദ്ദേഹത്തെപ്പറ്റി നാം ചിന്തിക്കുന്നിടത്തോളം കാലം ബാഹ്യപൂജ നമുക്ക് അര്‍പ്പിക്കാം. അതിനെല്ലൊം അപ്പുറം ചെല്ലുമ്പോള്‍, ഈശ്വരനെ പ്രേമമൂര്‍ത്തിയായി കരുതുമ്പോള്‍, അവിടുത്തെ എല്ലാ വസ്തുക്കളിലും എല്ലാ വസ്തുക്കളെയും അവിടുന്നിലും കാണുമ്പോള്‍, ആണ് പരമഭക്തി പ്രാപ്തമാകുന്നത്.