ബ്രിട്ടീഷുകാരില്‍ നിന്നുമുള്ള സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് തന്നെ ഭാരതത്തില്‍ ആധ്യാത്മികമായ ഒരു വിപ്ലവം നടന്നിരുന്നു. അനേകം മഹാത്മാക്കള്‍ ഉണ്ടായിരുന്നുവെങ്കിലും കേരളത്തിലെ ആദ്ധ്യാത്മിക നവോദ്ധാന നായകരില്‍ പ്രഥമ സ്ഥാനം സര്‍വ്വവിദ്യാധിരാജനായ പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികള്‍ക്കാണ്. അദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രമുഖസ്ഥാനം ഭാഷാപണ്ഡിതനും യോഗവേദാന്താദിശാസ്ത്രപാരംഗതനും സര്‍വ്വോപരി ബ്രഹ്മനിഷ്ഠനുമായ “സഞ്ചരിക്കുന്ന ഗ്രന്ഥശാല” എന്നറിയപ്പെടുന്ന ശ്രീ നീലകണ്‌ഠ തീര്‍ത്ഥപാദ സ്വാമികള്‍ ആയിരുന്നു. ആ മഹാനുഭാവന്റെ ജീവിതം ബ്രഹ്മവിദ്യാതത്പരരായ സാധകര്‍ക്ക് പഠനവിഷയം ആകേണ്ടതാണ്. നീലകണ്ഠതീര്‍ത്ഥപാദസ്വാമി ചരിത്ര സമുച്ചയം എന്ന പേരില്‍ അദ്ദേഹത്തിന്റെ ജീവചരിത്രം ലഭ്യമാണ്. മഹാപണ്ഡിതനായിരുന്ന അദ്ദേഹത്തിനു ഉത്തമമായ ശിഷ്യസമ്പത്തും ഉണ്ടായിരുന്നു. സ്വാമിജിയുടെ കൃതികളിലൂടെ സംസ്കൃതഭാഷയുടെ മനോഹാരിതയും പ്രൌഡിയും ഭാരതത്തിലും അമേരിക്ക, ജര്‍മ്മനി തുടങ്ങി വിവിധ വിദേശരാജ്യങ്ങളിലും പ്രചരിച്ചിരുന്നു. “സ്വാരാജ്യ സര്‍വസ്വം”, “സങ്കല്പകല്പലതിക” എന്നിവ അതിനു മകുടോദാഹരണങ്ങളാണ്.

സംസ്കൃത ഭാഷയില്‍ അസാമാന്യ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ജീവചരിത്രം സംസ്കൃതഭാഷയില്‍ത്തന്നെ “ശ്രീ നീലകണ്‌ഠതീര്‍ത്ഥസ്വാമിചര്യ” എന്ന പേരില്‍ ഒരു ഖണ്ഡകാവ്യമായി അദ്ദേഹത്തിന്റെ രണ്ടു ശിഷ്യന്മാര്‍ രചിച്ചിട്ടുണ്ട്. ഗുരുഭക്തിയുടെ പ്രത്യക്ഷപ്രമാണമായ ഈ മനോഹരകാവ്യത്തിന് രണ്ടു സര്‍ഗ്ഗങ്ങള്‍ ആണുള്ളത്. ഒന്നാം ഭാഗം കവിയും ആയുര്‍വേദ ആചാര്യനുമായിരുന്നു ശ്രീ എം. കെ. നാരായണപിള്ളയും രണ്ടാം ഭാഗം ശ്രീ ശിവപ്രസാദുമാണ് രചിച്ചത്. ഒന്നാം ഭാഗത്തില്‍ സ്വാമിയുടെ ജനനം മുതല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള പ്രധാന സംഭവങ്ങളെ കാവ്യഭംഗിയോടെ രേഖപെടുത്തിയിരിക്കുന്നു. രണ്ടാം ഭാഗത്തില്‍ ഭാരതത്തിലെ പുണ്യസ്ഥലങ്ങളിലേക്ക് അദ്ദേഹം നടത്തിയ തീര്‍ത്ഥയാത്രകളും മറ്റും ഒന്നാം ഭാഗത്തിന് അനുബന്ധമെന്നവണ്ണം അവതരിപ്പിച്ചിരിക്കുന്നു. യോഗിയും വേദാന്തിയും വിദ്യാധിരാജന്റെ പ്രിയ ശിഷ്യനും ആയിരുന്ന ശ്രീ നീലകണ്‌ഠ തീര്‍ത്ഥപാദ സ്വാമികളുടെ ജീവചരിത്രം ഖണ്ഡകാവ്യരൂപത്തില്‍ “ശ്രീ നീലകണ്‌ഠതീര്‍ത്ഥസ്വാമിചര്യ” എന്ന കൃതിയിലൂടെ ഇവിടെ വായിക്കാം.

ശ്രീനീലകണ്‌ഠതീര്‍ത്ഥസ്വാമിചര്യ (സംസ്കൃതം) PDF ഡൌണ്‍ലോഡ് ചെയ്യാം.