സ്വാമി വിവേകാനന്ദന്‍

(ന്യൂയോര്‍ക്കിലെ വേദാന്തസംഘത്തില്‍ 1900 ജൂണില്‍ചെയ്ത പ്രസംഗത്തിന്റെ കുറിപ്പ്)

ഭാരതത്തിലെ വിഭിന്നസമ്പ്രദായങ്ങളെല്ലാം ഏകത്വം അല്ലെങ്കില്‍ അദ്വൈതം എന്ന കേന്ദ്രാശയത്തില്‍നിന്ന് പ്രസരിക്കുന്നു. അവയെല്ലാം വേദാന്തത്തില്‍ ഉള്‍പ്പെടുന്നു; എല്ലാം വേദാന്തത്തെ ആസ്പദമാക്കി വ്യാഖ്യാനിക്കപ്പെടുന്നു. അവയുടെ ആത്യന്തികസാരം ഏകത്വം ഉപദേശിക്കലാണ്. നാം ഈ നാനാരൂപങ്ങളില്‍ കാണുന്നത് ഈശ്വരനെയാണ്. നാം ഇന്ദ്രിയങ്ങളില്‍ക്കൂടി നാനാത്വം ഗ്രഹിക്കുന്നു. എങ്കിലും സത്ത ഒന്നേ ഉള്ളൂ.

ഈ വിവിധനാമങ്ങള്‍ ആ ഒന്നിന്റെ അഭിവ്യക്തിയിലെ മാത്രാഭേദങ്ങളെ കുറിക്കുകയേ ചെയ്യുന്നുള്ളൂ. ഇന്നത്തെ പുഴു നാളത്തെ ഈശ്വരനാകുന്നു. നമുക്ക് അത്രയേറെ പ്രിയമായിരിക്കുന്ന ഈ ഭേദഭാവങ്ങള്‍ ഒരേ അനന്തവസ്തുതയുടെ അംശങ്ങളാണ്. അഭിവ്യക്തിയുടെ മാത്രയിലേ വ്യത്യാസമുള്ളു. ആ അനന്തവസ്തുത സ്വാതന്ത്യ്രപ്രാപ്തിയുമത്രേ.

മാര്‍ഗ്ഗത്തെസ്സംബന്ധിച്ച് നമുക്ക് എന്തെല്ലാം തെറ്റുകള്‍ പറ്റിയിരിക്കാമെങ്കിലും നമ്മുടെ അദ്ധ്വാനമെല്ലാം യഥാര്‍ത്ഥത്തില്‍ സ്വാതന്ത്യ്രാര്‍ത്ഥമാണ്. സുഖമോ ദുഃഖമോ അല്ല നാമന്വേഷിക്കുന്നത്. സ്വാതന്ത്യ്രമാണ്. ഈ ഒരു ലക്ഷ്യമത്രേ മനുഷ്യന്റെ അതര്‍പ്പണീയമായ പിപാസയുടെ രഹസ്യം. ഹിന്ദു പറയുന്നു, ബൌദ്ധനും പറയുന്നു, കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള മനുഷ്യന്റെ ഈ ദാഹം എരിപൊരികൊള്ളിക്കുന്ന, ഒരിക്കലും ശമിക്കാത്ത ഒരു ദാഹമാണെന്ന്. അമേരിക്കക്കാരായ നിങ്ങള്‍ സദാ കൂടുതല്‍ സുഖഭോഗങ്ങള്‍ കണ്ടെത്താന്‍ നോക്കുന്നുണ്ടല്ലോ. നിങ്ങള്‍ക്കു തൃപ്തിവരാന്‍ സാധ്യതയില്ല. ശരിതന്നെ; എന്നാല്‍ നിങ്ങളുടെ അന്വേഷണത്തിന്റെ അടിയിലുള്ള ലക്ഷ്യം സ്വാതന്ത്യ്രമാണ്.

മനുഷ്യതൃഷ്ണയുടെ ഈ വൈപുല്യം യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ അനന്തതയുടെ ലക്ഷണമാണ്. മനുഷ്യന്റെ തൃഷ്ണയും അതിനുള്ള നിവൃത്തിയും അനന്തമാകുമ്പോഴേ അവന് അലംഭാവം സാധ്യമാകൂ എന്ന വസ്തുതയുടെ നിദാനം അവന്റെ അനന്തതയത്രേ.

മറ്റെന്തിനു കഴിവുണ്ട് മനുഷ്യനെ തൃപ്തനാക്കാന്‍? സ്വര്‍ണ്ണത്തിനില്ല, ഭോഗങ്ങള്‍ക്കില്ല, സൌന്ദര്യത്തിനില്ല. ഏകമായ അനന്തതയ്ക്കുമാത്രമേ അവനെ തൃപ്തിപ്പെടുത്താന്‍ കഴിയൂ. ആ അനന്തത അവന്‍തന്നെയാണുതാനും. ഈ വസ്തുത അവന്‍ സാക്ഷാല്‍ക്കരിക്കുമ്പോഴേ സ്വാതന്ത്യ്രം വന്നുചേരുന്നുള്ളു.

‘ഇന്ദ്രിയങ്ങളാകുന്ന രാഗസുഷിരങ്ങളോടുകൂടിയതും വേദാന്തദര്‍ശനാദി കഴിവുകളുള്ളതും സംഗീതയുക്തവുമായ ഈ ഓടക്കുഴല്‍ ഒറ്റക്കാര്യത്തെക്കുറിച്ചാണ് പാടിക്കൊണ്ടിരിക്കുന്നത് – അതിനെ മുറിച്ചെടുത്ത കാട്ടിലേക്കു മടങ്ങിപ്പോകാന്‍ അതു വ്യാകുലപ്പെടുന്നു.’

‘‘ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത്
ആത്മൈവഹ്യാത്മനോ ബന്ധുരാത്മൈവ രിപുരാത്മനഃ’’
അനന്തത്തെ സഹായിക്കാന്‍ ആര്‍ക്കു കഴിയും? ഇരുട്ടില്‍ക്കൂടി നിങ്ങളുടെ അടുത്തേയ്ക്കു നീണ്ടുവരുന്ന കൈപോലും നിങ്ങളുടേതുതന്നെയാകാനേ തരമുള്ളു.

ഭയവും തൃഷ്ണയുമാണ് ഇതിന്റെയെല്ലാം ഹേതുക്കളായ രണ്ടു സംഗതികള്‍. അവയെ ആരു സൃഷ്ടിക്കുന്നു? നാം തന്നെ. നമ്മുടെ ജീവിതം സ്വപ്നസ്വപ്നാന്തരമുള്ള ഒരു പര്യടനം മാത്രം. അനന്തസ്വപ്നദര്‍ശിയായ മനുഷ്യന്‍ പരിമിതസ്വപ്നങ്ങള്‍ കാണുന്നു! ഹാ! ബാഹ്യമായതൊന്നുമേ നിത്യമല്ല എന്നുള്ളതിന്റെ ആ ധന്യത! ആ വ്യാവഹാരികലോകത്തിലുള്ളതൊന്നുമേ നിത്യമാകാന്‍ തരമില്ല എന്നു കേള്‍ക്കുമ്പോള്‍ ഹൃദയം തുടിക്കുന്നവര്‍ ഇതിന്റെ അര്‍ത്ഥമെന്തെന്നറിയുന്നില്ല.

ഞാന്‍ അനന്തമായ നീലാകാശം, എന്റെ മീതേക്കൂടി ഈ വിവിധവര്‍ണ്ണോജ്ജ്വലങ്ങളായ മേഘങ്ങള്‍ കടന്നുപോകുന്നു. ഒരു നിമിഷം നിന്നിട്ട് അപ്രത്യക്ഷമാകുന്നു. പക്ഷേ, ഞാന്‍ എക്കാലവും ഒരേ നീലാകാശമായി നിലകൊള്ളുന്നു. ഞാന്‍ എല്ലാത്തിന്റേയും നിത്യസാക്ഷിയായി വര്‍ത്തിക്കുന്നു. ഞാന്‍ കാണുന്നു: അതിനാല്‍ പ്രകൃതിയുണ്ട്. ഞാന്‍ കാണുന്നില്ല; അതിനാല്‍ പ്രകൃതിയില്ല. ഈ അനന്തമായ ഏകത്വം ഒരുനിമിഷമെങ്കിലും വിച്ഛേദിക്കപ്പെടുന്നുവെങ്കില്‍, (വല്ലതും) കാണാനോ കേള്‍ക്കാനോ നമ്മളിലാര്‍ക്കും സാധിക്കില്ല.