സ്വാമി വിവേകാനന്ദന്‍

ആത്മാവിന്റെ സ്വഭാവവും അതിന്റെ ലക്ഷ്യവും

മരണത്തോടെ മനുഷ്യന്‍ ശൂന്യനാകുന്നില്ലെന്നത് ആദ്യകാലം മുതല്‍ക്കേ ഉള്ള ആശയമാണ്. മനുഷ്യന്റെ മരണശേഷവും ഏതോ ഒന്നു ജീവിച്ചിരിക്കുന്നു. ആയതു തുടര്‍ന്നു ജീവിക്കുകയും ചെയ്യുന്നു. ഈ ആശയം സംബന്ധിച്ച് ഈജിപ്തുകാര്‍, ബാബിലോണിയക്കാര്‍, പ്രാചീനഹിന്ദുക്കള്‍ എന്നീ മൂന്ന് അതിപുരാതനജനസമുദായങ്ങളുടെ ഒരു താരതമ്യപഠനം നടത്തുന്നതു പക്ഷേ സമുചിതമാവും. ഈജിപ്തുകാരുടെയും ബാബിലോണിയക്കാരുടെയും കാര്യത്തില്‍ ആത്മാവിനെസ്സംബന്ധിച്ച ഒരാശയവിശേഷം നിലവിലിരുന്നു- അതു ബാഹ്യശരീരത്തിന്റെ ഇണ ആണെന്നുള്ളത്. അവരുടെ വിശ്വാസമനുസരിച്ച്, ഈ ബാഹ്യശരീരത്തിനുള്ളില്‍ ചലിക്കുന്നതായും പ്രവര്‍ത്തിക്കുന്നതായും മറ്റൊരു ശരീരമുണ്ട്. ബാഹ്യശരീരം നശിക്കുമ്പോള്‍ അതിന്റെ ഇണ (ആന്തരശരീരം) വെളിയില്‍ പോകുകയും, കുറേക്കാലംകൂടി ജീവിച്ചിരിക്കയും ചെയ്യുന്നു. എന്നാല്‍, ഈ ഇണയുടെ തുടര്‍ന്നുള്ള ജീവിതം ബാഹ്യശരീരത്തിന്റെ സംരക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. ബാഹ്യശരീരത്തിന്റെ വല്ലഭാഗത്തിനും കേടുപറ്റിയാല്‍ ആന്തരശരീരത്തിന്റേയും അതേ ഭാഗത്തിനു നിശ്ചയമായും കേടു പറ്റും. ഇതുമൂലമാണ്, പുരാതന ഈജിപതുകാര്‍ തൈലലേപനവിദ്യകൊണ്ടും പിരമിഡുകള്‍ പണിയിച്ചും മറ്റും ശവശരീരം കേടു വരാതെ സൂക്ഷിക്കുവാന്‍ വ്യഗ്രത കാണിച്ചിരുന്നത്. ബാബിലോണിയക്കാരുടേയും, പുരാതന ഈജിപ്തുകാരുടേയും വിശ്വാസപ്രകാരം ഈ ‘ഇണ’യ്ക്ക് നിത്യജീവിതം സാധ്യമല്ല. അതിനു പരമാവധി ജീവിച്ചിരിക്കാന്‍ കഴിയുന്ന ഒരു കാലപരിധിയുണ്ട്- അതായത് അത് ഉപേക്ഷിച്ചു പോയ ശരീരം സംരക്ഷിക്കാന്‍ കഴിയുന്നിടത്തോളംമാത്രം.

പിന്നെയൊരു സവിശേഷത, ഈ ഇണയ്ക്കും ‘ഭയപീഡ’യുണ്ടെന്നുള്ളതാണ്. അതു സര്‍വദാ ദുഃഖിതവും വ്യാകുലവുമാണ്. അതിന്റെ ജീവിതം അത്യന്തം വിഷാദാത്മകമാണ്. (ബാഹ്യശരീരവുമായി വേര്‍പെട്ടതിനുശേഷം) തനിക്ക് അലഭ്യമായിരിക്കുന്ന ഭക്ഷ്യപേയങ്ങളും മറ്റു സുഖസാമഗ്രികളും തേടി. അതു കൂടെക്കൂടെ ജീവിച്ചിരിക്കുന്നവരെ സമീപിക്കുന്നു. നൈല്‍നദിയിലെ വെള്ളം, ഇപ്പോള്‍ അതിനു കുടിക്കാന്‍ നിവൃത്തിയില്ലാത്ത ശുദ്ധജലം, കുടിക്കാന്‍ അതാഗ്രഹിക്കുന്നു. ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ അതിനു പ്രിയമായിരുന്ന ഭക്ഷ്യങ്ങള്‍ വീണ്ടും ലഭിക്കാന്‍ അതാഗ്രഹിക്കുന്നു. ഇവയൊന്നും കിട്ടാനിടയില്ലായെന്നു കാണുമ്പോള്‍, ‘ഇണ’ ഒരു ഭയങ്കരസത്ത്വമായി, ജീവിച്ചിരിക്കുന്നവരെ ചിലപ്പോള്‍ മരണമാരണാദിവിപത്തുകള്‍ കാട്ടി ഭീഷണിപ്പെടുത്തുന്നു.

ആര്യന്മാരുടെ ഇടയില്‍ നിലവിലിരുന്ന ആശയത്തിലേക്ക് കടക്കുമ്പോള്‍ പൊടുന്നനവേ വലിയൊരന്തരം ദൃശ്യമാകുന്നു. അവിടെയും ഇണയെന്ന സങ്കല്‍പ്പമുണ്ട്. എന്നാല്‍ അത് ഒരുതരം ആത്മീയശരീരമാണ്. ഇവിടെയുള്ള വലിയൊരു വ്യത്യാസം, ഈ ആത്മീയശരീരം അഥവാ ആത്മാവ്-അതിന്റെ പേരെന്തുമാകട്ടെ-അതുപേക്ഷിച്ചുപോയ ശരീരത്താല്‍ ബദ്ധമല്ലെന്നുള്ളതാണ്. നേരെമറിച്ച്, അത് ഈ ശരീരത്തില്‍നിന്നു സ്വാതന്ത്യ്രം നേടിയിരിക്കുന്നു; ഇതത്രേ ശവം ദഹിപ്പിച്ചുകളയുകയെന്ന ആര്യന്മാരുടെ പ്രത്യേകാചാരത്തിന്റെ നിദാനവും. ആത്മാവ് ഉപേക്ഷിച്ചുപോയ ശരീരത്തെ നിഷ്കാസനം ചെയ്യാന്‍ ആര്യന്മാര്‍ ആഗ്രഹിക്കുന്നു. ഈജിപ്തുകാരാകട്ടെ അതിനെ മണ്ണില്‍ മൂടിയും, തൈലലേപനം ചെയ്തും, പിരമിഡുകള്‍ പണിയിച്ചും മറ്റും എങ്ങനെയും സംരക്ഷിക്കാനാഗ്രഹിക്കുന്നു. ഏറ്റവും ആദിമങ്ങളായ ശവസംസ്കാരരീതികളെ വിട്ടു ഒരുമാതിരി പുരോഗതി പ്രാപിച്ച ജനസമുദായങ്ങളുടെ ശവസംസ്കരണരീതികള്‍ നോക്കിയാലും അവ ആത്മാവിനെപ്പറ്റി ആ ജനസമുദായങ്ങള്‍ക്കുണ്ടായിരുന്ന ആശയത്തിനു ഗണ്യമായ സൂചനയരുളുന്നതാണ്. വിട്ടുപോയ ദേഹിക്ക് അവശിഷ്ടദേഹവുമായി ഉറ്റ ബന്ധമുണ്ട് എന്ന ആശയം എവിടെയൊക്കെ കാണുന്നുവോ, അവിടെയൊക്കെ ശരീരത്തെ സംരക്ഷിക്കാനുള്ള പ്രവണതയും സദാപി കാണുന്നു; ഏതെങ്കിലും തരത്തിലുള്ള കുഴിച്ചുമൂടലും കാണുന്നുണ്ട്. നേരേമറിച്ച്, ആത്മാവ് ശരീരത്തില്‍നിന്നു വ്യതിരിക്തമായ വസ്തുവാണെന്നും ശരീരത്തെ നശിപ്പിച്ചാലും അതിനു ഹാനി ഭവിക്കുന്നില്ലെന്നുമുള്ള ആശയം ആരുടെയൊക്കെയിടയില്‍ വളര്‍ന്നുവന്നുവോ, അവിടെയൊക്കെ എപ്പോഴും ശരീരത്തെ ദഹിപ്പിക്കുകയെന്ന ഏര്‍പ്പാടാണ് നടപ്പിലുള്ളത്. അങ്ങനെ, എല്ലാ പുരാതനാര്യവര്‍ഗ്ഗക്കാരും മരിച്ചവരെ ദഹിപ്പിച്ചിരുന്നതായി നാം കാണുന്നു. പാഴ്സികള്‍ ഈ രീതിക്ക്, ശവം ഒരു മാളികമുകളില്‍ കൊണ്ടുപോയിടുക എന്ന രൂപത്തില്‍ ഒരു മാറ്റം വരുത്തിയിട്ടുള്ളതു ശരിതന്നെ; എന്നാല്‍ ആ മാളികയ്ക്കു നല്‍കിയ പേരിന്റെ (ദഖ്മാ) അര്‍ത്ഥം തന്നെ “ദഹനസ്ഥലം” എന്നാണ്. പുരാതനകാലത്ത് അവരും ശവം ദഹിപ്പിക്കുകയായിരുന്നു പതിവെന്ന് ഇതില്‍നിന്നു വ്യക്തമാകുന്നു. മറ്റൊരു സവിശേഷത ആര്യന്മാരുടെ ഇടയില്‍ ഈ ഇണയ്ക്കു ഭയപീഡയുണ്ടായിരുന്നില്ലെന്നുള്ളതാണ്. അവ ഭക്ഷണമോ സഹായമോ അര്‍ത്ഥിച്ചുകൊണ്ടു ജീവിച്ചിരിക്കുന്നവരെ സമീപിക്കുന്നില്ല. അര്‍ത്ഥനകള്‍ നിരസിക്കപ്പെടുമ്പോള്‍ ക്രൌര്യപൂര്‍വ്വം ജീവിച്ചിരിക്കുന്നവരെ ഹിംസിക്കാനൊരുമ്പെടുന്നുമില്ല. അവര്‍, നേരെമറിച്ച്, ആനന്ദയുക്തരായി, സ്വാതന്ത്യ്രം ലഭിച്ചതില്‍ സന്തുഷ്ടരായി, വര്‍ത്തിക്കുന്നു. ചിതാഗ്നി ശരീരവിലയത്തിന്റെ പ്രതീകമാണ്. പിരിഞ്ഞുപോയ ആത്മാവിനെ പിതൃക്കള്‍ വസിക്കുന്നിടത്തേക്ക്- ഒരിക്കലും ദുഃഖമില്ലാത്തതും എക്കാലവും സുഖസമ്പൂര്‍ണ്ണവുമായ പിതൃലോകത്തേക്ക്-പതുക്കെ നയിക്കുവാന്‍ ഈ പ്രതീകത്തോട് (അഗ്നിശിഖകളോട്) അഭ്യര്‍ത്ഥിക്കുന്നു.

ഈ രണ്ടാശയങ്ങളും സാദൃശ്യമുള്ളവയാണെന്നു നമുക്കു പൊടുന്നനവേ കാണാം-ഒന്നു പ്രസാദാത്മകവും മറ്റേതു (പ്രാഥമികമാകയാല്‍) വിഷാദാത്മകവും. ഒന്നു മറ്റേതിന്റെ പരിണാമമാണ്. ഈജിപ്തുകാരുടെ ആ ആശയംതന്നെയാവാം അതിപുരാതനകാലത്ത് ആര്യന്മാരും പുലര്‍ത്തിയിരുന്നത്. ആര്യന്മാരുടെ അതിപുരാതനരേഖകള്‍ പരീക്ഷിക്കുമ്പോള്‍ ഇതേ ആശയം നിലവിലിരുന്നതിന്റെ സംഭാവ്യത കാണുന്നുണ്ട്. എന്നാല്‍ ആര്യന്മാരുടെ ആത്മാവ് തികച്ചും തേജസ്വിയായ, പ്രഭാപൂര്‍ണ്ണമായ ഒരു വസ്തുവത്രേ. മനുഷ്യന്‍ മരിക്കുമ്പോള്‍, അയാളുടെ ആത്മാവ് പിതൃക്കളോടു ചേര്‍ന്നു വസിക്കാന്‍ പോകുന്നു; അവരോടൊത്ത് അവിടെ ആനന്ദമായി പാര്‍ക്കുകയും ചെയ്യുന്നു. ആ പിതൃക്കള്‍ ഇവിടെ ദയാവായ്പോടെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയില്‍ ആത്മാവിനെപ്പറ്റിയുള്ള ഏറ്റവും പുരാതനമായ ആശയമിതാണ്. പില്‍ക്കാലത്ത് ഈ ആശയം ഉയര്‍ന്നുയര്‍ന്നുപോകുന്നുണ്ട്. ആദ്യം അവര്‍ ആത്മാവെന്നു പറഞ്ഞുവന്നത് യഥാര്‍ത്ഥത്തിലുള്ള ആത്മാവല്ലെന്നു പിന്നീടു കണ്ടുപിടിച്ചു; ഈ തേജസ്വിയായ ശരീരം, സൂക്ഷ്മശരീരം; എത്ര സൂക്ഷ്മമായാലും ശരീരംതന്നെ. എല്ലാ ശരീരവും സ്ഥൂലമോ സൂക്ഷ്മമോ ആയ ദ്രവ്യത്താല്‍ നിര്‍മ്മിതമാകണം; അതിനാല്‍ അതു ശാശ്വതമാകാനിടയില്ല. രൂപമുള്ള ഏതൊന്നിനും മാറ്റമുണ്ട്. മാറ്റമുള്ളത് എങ്ങനെ ശാശ്വതമാകും? അതിനാല്‍ മനുഷ്യന്റെ ആത്മാവായി, തേജോമയശരീരത്തിന്റെ പിന്നില്‍-എന്നു പറയട്ടെ-മറ്റൊരു വസ്തുവിനെ അവര്‍ കണ്ടെത്തി. അതിന് ആത്മാവെന്നു പേരിട്ടു അങ്ങനെയാണ് ആത്മാവെന്ന ഈ ആശയം ഉല്പന്നമായത്. ഈ ആശയത്തിനും അനേകം മാറ്റങ്ങള്‍ക്കു വിധേയമാകേണ്ടിവന്നു. ആത്മാവു ശാശ്വതമാണെന്നും, അണുവിനെപ്പോലെ അത്യന്തം ചെറുതാണെന്നും, അതു ശരീരത്തിന്റെ ഒരു സവിശേഷഭാഗത്തു കുടികൊള്ളുന്നുവെന്നും, മനുഷ്യന്‍ മരിക്കുമ്പോള്‍ അയാളുടെ ആത്മാവ് തേജോമയശരീരത്തോടുകൂടി സ്ഥൂലശരീരത്തില്‍നിന്നു വിട്ടുപോകുന്നുവെന്നും മറ്റും ചിലര്‍ വിചാരിച്ചു. എന്നാല്‍, തേജോമയശരീരം ആത്മാവാണെന്നുള്ള ആശയം ഏതു കാരണത്താല്‍ നിഷേധിക്കപ്പെട്ടുവോ, അതേ കാരണത്താല്‍ ഈ ‘ആത്മാ’വിന്റെ അണുസ്വഭാവത്തെ നിഷേധിക്കാനും മറ്റും ചിലര്‍ മുതിര്‍ന്നുവന്നു.

ഈ വിവിധാഭിപ്രായങ്ങളില്‍നിന്നാണ് സാംഖ്യദര്‍ശനം ഉത്ഭവിച്ചത്. അതോടെ വലിയൊരന്തരം ദൃശ്യമാകുന്നു. സാംഖ്യദര്‍ശനപ്രകാരം, മനുഷ്യന് ഒന്നാമത് ഈ സ്ഥൂലശരീരവും ഇതിന്റെ പിന്നില്‍ സൂക്ഷ്മശരീരവുമുണ്ട്. സൂക്ഷ്മശരീരം മനസ്സിന്റെ വാഹനമെന്നപോലെ വര്‍ത്തിക്കുന്നു. ഇതിന്റെയും പിന്നിലാണ് ആത്മാവ്, അഥവാ സാംഖ്യന്മാര്‍ പറയുംപോലെ, മനസ്സിന്റെയും ദ്രഷ്ടാവായ പുരുഷന്‍. ഇതു സര്‍വ്വവ്യാപിയാണ്. അതായത്, നിങ്ങളുടെ ആത്മാവും എന്റെ ആത്മാവും മറ്റു സകലരുടെയും ആത്മാക്കളും ഒരേ സമയം എല്ലായിടത്തുമുണ്ട്. അതു രൂപരഹിതമാണെങ്കില്‍, ഏതെങ്കിലും സ്ഥലത്തിരിക്കുന്നുവെന്ന് എങ്ങനെ പറയാം? ഒരു സ്ഥലത്തിരിക്കുന്ന ഒന്നിനു രൂപമുണ്ട്. രൂപരഹിതം അനന്തമാകാനേ തരമുള്ളു. അതിനാല്‍ ഓരോ ആത്മാവും എല്ലായിടത്തുമുണ്ട്. രണ്ടാമത്തെ വാദം കുറേക്കൂടി ആശ്ചര്യജനകമാണ്. മനുഷ്യജീവികള്‍,അഥവാ അവരില്‍ ഒട്ടുവളരെ പേരെങ്കിലും, പുരോഗമിച്ചുവരുന്നതായി പുരാതനകാലത്തുതന്നെ അവര്‍ കണ്ടറിഞ്ഞു. മനുഷ്യനില്‍ പവിത്രതയും ജ്ഞാനവും ശക്തിയും വളര്‍ച്ച പ്രാപിച്ചുകൊണ്ടിരുന്നു. മനുഷ്യന്‍ പ്രകാശിപ്പിച്ച വര്‍ദ്ധമാനമായ ജ്ഞാനവും പവിത്രതയും ശക്തിയും അവന്ന് എവിടെനിന്നു കിട്ടി? ഇതാ, ഒരറിവുമില്ലാത്ത ഒരു പൈതല്‍. അതു വളര്‍ന്നു ശക്തനും പ്രഭാവശാലിയും ജ്ഞാനിയുമായ മനുഷ്യനാകുന്നു. അതിന് ആ വിജ്ഞാനസമ്പത്തും ശക്തിസമുച്ചയവും എവിടെനിന്നു കിട്ടി? അവ അതിന്റെ ആത്മാവില്‍ത്തന്നെയുണ്ടായിരുന്നുവെന്നാണ് ഇതിനുത്തരം; ശിശുവിന്റെ ആത്മാവില്‍ ആദ്യം മുതല്‍ക്കേ ഈ ശക്തിയും ജ്ഞാനവും ഉണ്ടായിരുന്നു. ഈ ശക്തിയും പവിത്രതയും പ്രഭാവവുമെല്ലാം ആ ആത്മാവിലുണ്ടായിരുന്നു; പക്ഷേ അവ അനഭിവ്യക്തമായിരുന്നു. അവ പിന്നീട് അഭിവ്യക്തമായി. ഈ അഭിവ്യക്തിയെന്നും അനഭിവ്യക്തിയെന്നും പറഞ്ഞാലെന്താണ്? ഓരോ ആത്മാവും സാംഖ്യന്മാര്‍ പറയും പോലെ പവിത്രനും പൂര്‍ണ്ണനും സര്‍വ്വശക്തനും സര്‍വ്വജ്ഞനുമാണ്, എന്നാല്‍ അതിനു സിദ്ധിച്ച മനസ്സിനെ ആശ്രയിച്ചാണ് സ്വയം ബഹിഃസ്ഫുരണത്തിനുള്ള അതിന്റെ കഴിവിരിക്കുന്നത്. മനസ്സ് ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ദര്‍പ്പണംപോലെയാണ്. എന്റെ മനസ്സ് ഒരു നിശ്ചിതപരിധിവരെ എന്റെ ആത്മാവിന്റെ ശക്തികളെ പ്രതിഫലിപ്പിക്കുന്നു. അതുപോലെ നിങ്ങളുടേയും മറ്റൊരോരുത്തന്റേയും കാര്യത്തിലും. കൂടുതല്‍ നിര്‍മ്മലമായ ദര്‍പ്പണം ആത്മാവിനെ കൂടുതല്‍ നന്നായി പ്രതിഫലിപ്പിക്കും. അതിനാല്‍, ഓരോരുത്തനും സ്വായത്തമായുള്ള മനസ്സിന്റെ സ്ഥിതിഭേദമനുസരിച്ച് ആത്മാവിന്റെ ബഹിഃസ്ഫുരണവും വ്യത്യസ്തമാകും. എന്നാലും എല്ലാ ആത്മാക്കളും സ്വതവേ നിര്‍മ്മലവും പൂര്‍ണ്ണവുമത്രേ.

ഇങ്ങനെയാവാന്‍ വയ്യെന്നഭിപ്രായപ്പെട്ട മറ്റൊരു ചിന്താസരണിക്കാരുണ്ടായിരുന്നു. അവരുടെ പക്ഷം, ആത്മാക്കള്‍ സ്വഭാവേന പവിത്രവും പൂര്‍ണ്ണവുമാണെങ്കിലും, ഈ പവിത്രതയും പൂര്‍ണ്ണതയും ചിലപ്പോള്‍ സങ്കോചനവും മറ്റു ചിലപ്പോള്‍ വികാസവും പ്രാപിക്കുമെന്നാണ്. ചില കര്‍മ്മങ്ങളും ചില വിചാരങ്ങളും ആത്മാവിനെ സങ്കോചിപ്പിക്കുന്നു; മറ്റു ചില കര്‍മ്മങ്ങളും വിചാരങ്ങളും ആത്മസ്വരൂപത്തെ പ്രകാശിപ്പിക്കുന്നു. അഭിവ്യക്തമാക്കുന്നു. ഇതിനു വീണ്ടും വിശദീകരണം നല്‍കപ്പെട്ടിട്ടുണ്ട്. ആത്മാവിന്റെ ശക്തിയേയും പവിത്രതയേയും സങ്കോചിപ്പിക്കുന്ന വിചാരങ്ങളും പ്രവൃത്തികളുമെല്ലാം ദുര്‍വിചാരങ്ങളും ദുഷ്പ്രവൃത്തികളുമാണ്. ആത്മാവിനു സ്വസ്വരൂപത്തെ അഭിവ്യക്തമാക്കാന്‍, സ്വശക്തികളെ വെളിയില്‍ പ്രകാശിപ്പിക്കാന്‍, സഹായിക്കുന്ന എല്ലാ വിചാരങ്ങളും പ്രവൃത്തികളും സദാചാരമാണ്, സത്കര്‍മ്മങ്ങളാണ്. രണ്ടു വാദങ്ങളും തമ്മിലുള്ള അന്തരം വളരെ ലോലമാണ്, ഏറെക്കുറേ ‘സങ്കോചം’, ‘വികാസം’ എന്നീ വാക്കുകളെക്കൊണ്ടുള്ള തിരിമറിമാത്രമാണ്. ആത്മാവിനു ലഭ്യമായ മനസ്സിനെ ആശ്രയിച്ചാണ് വൈവിധ്യമുണ്ടാകുന്നതെന്ന വാദമാണ് കൂടുതല്‍ തൃപ്തികരമായ സമാധാനം നല്‍കുന്നതെന്നതില്‍ സംശയമില്ല. സങ്കോച-വികാസവാദക്കാര്‍ ആ പദദ്വയത്തിന്റെ പിന്നില്‍ അഭയം തേടുകയാണ്. ആത്മാവിന്റെ സങ്കോചമെന്നും വികാസമെന്നും പറഞ്ഞാലെന്താണെന്ന് അവരോടു ചോദിക്കേണ്ടതാണ്. ആത്മാവും ചൈതന്യാത്മകമാണ്. ദ്രവ്യത്തെസ്സംബന്ധിച്ച്-സ്ഥൂലരൂപത്തിലുള്ള ദ്രവ്യമോ, മനസ്സിനെപ്പോലെ സൂക്ഷ്മരൂപത്തിലുള്ള ദ്രവ്യമോ ആകട്ടെ-സങ്കോച-വികാസപ്രശ്നം നമുക്കുന്നയിക്കാം. എന്നാല്‍ അതിനപ്പുറം ദ്രവ്യമല്ലാത്ത ഒന്നിനെക്കുറിച്ച്, സ്ഥലകാലനിബദ്ധമല്ലാത്ത ഒന്നിനെക്കുറിച്ച്, സങ്കോച-വികാസപദങ്ങള്‍ക്ക് എന്തു വിശദീകരണമാണ് നല്‍കാന്‍ കഴിയുക? അതിനാല്‍, ആത്മാവ് നിത്യശുദ്ധനും നിത്യപൂര്‍ണ്ണനുമാണെന്നും, എന്നാല്‍ അതിന്റെ സ്വരൂപം ചില മനസ്സുകളില്‍ മറ്റു ചിലതിലേക്കാള്‍ കൂടുതല്‍ പ്രതിഫലിക്കുന്നുണ്ടെന്നുമുള്ള വാദമാണ് തമ്മില്‍ ഭേദമെന്നു തോന്നുന്നു. മനസ്സിനു മാറ്റം വരുന്നതിനനുസരിച്ച് അതിന്റെ പ്രകൃതി കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു കിട്ടുകയും, അപ്പോള്‍ അത് ആത്മാവിനെ കൂടുതല്‍ കൂടുതല്‍ നന്നായി പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ആത്മസ്വഭാവത്തെ സമ്പൂര്‍ണ്ണം പ്രതിഫലിപ്പിക്കത്തക്കവണ്ണം മനസ്സു നിര്‍മ്മലമാകുവോളം അതിന്റെ പുരോഗതി തുടരുന്നു. അതോടെ ആത്മാവു മുക്തനാവുകയും ചെയ്യുന്നു.

ഇതത്രേ ആത്മാവിന്റെ സ്വരൂപം.