ഡൗണ്‍ലോഡ്‌ MP3

സൂര്യസ്പര്‍ദ്ധികിരീടമൂര്‍ദ്ധ്വതിലകപ്രോദ്ഭാസി ഫാലാന്തരം
കാരുണ്യാകുലനേത്രമാര്‍ദ്രഹസിതോല്ലാസം സുനാസാപുടം |
ഗണ്ഡോദ്യന്മകരാഭകുണ്ഡലയുഗം കണ്ഠോജ്വലത്കൗസ്തുഭം
ത്വദ്രൂപം വനമാല്യഹാരപടലശ്രീവത്സദീപ്രം ഭജേ || 1 ||

സുര്യന്നെതിരൊളിയാര്‍ന്ന കിരീടത്തോടുകൂടിയതും ഗോപിക്കുറിയാ‍ല്‍ അത്യധികം ശോഭിക്കുന്ന നെറ്റിത്തടത്തോടുകൂടിയതും കൃപാവിവശങ്ങളായ കണ്ണുകളോടുകൂടിയതും പ്രേമാര്‍ദ്രമായ മന്ദസ്മിതംകൊണ്ടുല്ലസിക്കുന്നതും ചേതോഹരമായ നാസികയോടുകൂടിയതും കവിള്‍ത്തടങ്ങളി‍ല്‍ വിലസുന്ന മകരമത്സ്യാകൃതിയിലുള്ള കുണ്ഡലദ്വയത്തോടുകൂടിയതും കണ്ഠദേശത്തില്‍ ശോഭിക്കുന്ന കൗസ്തുഭമണിയോടുകൂടിയതും വനമാല,മുത്തുമാലകള്‍, ശ്രീവത്സചിഹ്നം ഇവയാല്‍ അത്യധികം ശോഭിക്കുന്നതുമായ അങ്ങയുടെ മോഹനരുപത്തെ ഞാന്‍ ഭജിക്കുന്നു.

കേയൂര‍ാംഗദ കങ്കണോത്തമ മഹാരത്ന‍ാംഗുലീയാങ്കിത-
ശ്രീമദ്ബാഹു ചതുഷ്കസംഗത ഗദാശംഖാരിപങ്കേരുഹ‍ാം |
കാഞ്ചിത് കാഞ്ചനകാഞ്ചിലാഞ്ച്ഛിതലസത്പീത‍ാംബരാലംബിനീം-
ആലംബേ വിമല‍ാംബുജദ്യുതിപദ‍ാം മൂര്‍ത്തിം തവാര്‍ത്തിച്ഛിദ്രം || 2 ||

തോള്‍വളക‍ള്‍, കൈക്കെട്ട്, ശ്രേഷ്ഠമായ കൈവളകള്‍, വിലകൂടിയ രത്നക്ക‍ല്‍ പതിച്ച മോതിരങ്ങള്‍, ഇവയാലടയാളപ്പെട്ട തൃക്കൈക‍ള്‍ നാലിലും ചേര്‍ക്കപ്പെട്ടിരിക്കുന്ന ഗദ, ശംഖം, ചക്രം, പദ്മം ഇവയോടുകൂടിയതും പൊന്നരഞ്ഞാണ്‍ കൊണ്ടടയാളപ്പെട്ടതും ഒളിചിന്തുന്ന മഞ്ഞപ്പട്ടുടയാട ചാര്‍ത്തിയതും നി‍ര്‍മ്മലമായ താമരപ്പുവിന്റെ കാന്തിതേടുന്ന തൃക്കാലടികളോടുകൂടിയതും ദുഃഖങ്ങളെയെല്ല‍ാം നശിപ്പിക്കുന്നതും നിര്‍വചിക്കുവാ‍ന്‍ സാധിക്കാത്തതും ആയ നിന്തിരുവടിയുടെ ദിവ്യരൂപത്തെ ഞാ‍ന്‍ ആശ്രയിക്കുന്നു.

യത്ത്ത്രൈലോക്യമഹീയസോപി മഹിതം സമ്മോഹനം മോഹനാത്
കാന്തം കാന്തിനിധാനതോപി മധുരം മാധുര്യധുര്യാദപി |
സൗന്ദര്യോത്തരതോപി സുന്ദരതരം ത്വദ്രൂപമാശ്ചര്യതോ-
പ്യാശ്ചര്യം ഭുവനേ ന കസ്യ കുതുകം പുഷ്ണാതി വിഷ്ണോ വിഭോ || 3 ||

പ്രഭുവായിരിക്കുന്ന ഹേ കൃഷ്ണഭഗവ‍ന്‍! മൂന്നുലോകങ്ങളിലുംവെച്ചു ശ്രേഷ്ഠമായിരിക്കുന്നതിനേക്കാള്‍ ഉല്‍കൃഷ്ടവും മനോഹരമായിരിക്കുന്നതിനേക്കാ‍ള്‍ അതിമനോഹരമായിരിക്കുന്നതും, ശോഭയ്ക്കിരിപ്പിടമായിരിക്കുന്നതിനേക്കാള്‍ അതിശോഭനവും, മാധുര്യമെന്ന ഗുണവിശേഷം പൂര്‍ണ്ണമായിരിക്കുന്ന വസ്തുവിനേക്കാ‍ള്‍ അതിമധുരവും, സൗന്ദര്യത്തി‍ല്‍ മികച്ചുനില്‍ക്കുന്ന വസ്തുവിനേക്കാ‍ള്‍ അതിസുന്ദരവും, ആശ്ചര്യകരമായിരിക്കുന്നതിനേക്കാ‍ള്‍ അത്യാശ്ചര്യകരമായിരിക്കുന്ന അങ്ങയുടെ ദിവ്യരൂപം ലോകത്തില്‍ ആ‍ര്‍ക്കാണ് കൗതുകം വളര്‍ത്താതിരിക്കുക!

തത്താദൃങ്മധുരാത്മകം തവ വപു: സംപ്രാപ്യ സംപന്മയീ
സാ ദേവീ പരമോത്സുകാ ചിരതരം നാസ്തേ സ്വഭക്തേഷ്വപി |
തേനാസ്യാ ബത കഷ്ടമച്യുത വിഭോ ത്വദ്രൂപമാനോജ്ഞക –
പ്രേമസ്ഥൈര്യമയാദചാപലബലാത് ചാപല്യവാര്‍ത്തോദഭൂത് || 4 ||

സമ്പത്സ്വരുപിണിയായ ആ ശ്രീദേവി ഒന്നിനോടും ഉപമിക്കുവാന്‍ സാധിക്കാത്തതും മാധുയാതൊരുപരിപൂര്‍ണ്ണവും ആയ അങ്ങയുടെ വക്ഷസ്ഥലത്തെ പ്രാപിച്ചിട്ട് അത്യധികം അനുരക്തയായിട്ട് തന്റെ ഭക്തന്മാരില്‍പോലും അധികകാലം സ്ഥിതിചെയ്യുന്നില്ല; അതിനാല്‍ അല്ലേ നാശരഹിതനായ ഭഗവ‍ന്‍! അങ്ങയുടെ രുപസൗഭാഗ്യത്തിലുള്ള അനുരാഗത്തിന്റെ സ്ഥിരതയാകുന്ന ചാപല്യമില്ലായ്മ ഹേതുവായിട്ട് ഇവള്‍ക്ക് ചാപല്യമുണ്ടെന്നുള്ള ദുഷ്കീര്‍ത്തി ഉളവായി വലിയ കഷ്ടംതന്നെ !

ലക്ഷ്മീസ്താവകരാമണീയകഹൃതൈവേയം പരേഷ്വസ്ഥിരേ-
ത്യസ്മിന്നന്യദപി പ്രമാണമധുനാ വക്ഷ്യാമി ലക്ഷ്മീപതേ |
യേ ത്വദ്ധ്യാനഗുണാനുകീര്‍ത്തനരസാസക്താ ഹി ഭക്താ ജനാഃ
തേഷ്വേഷാ വസതി സ്ഥിരൈവ ദയിതപ്രസ്താവദത്താദരാ || 5 ||

അല്ലയോ ലക്ഷ്മീവല്ലഭ! ഈ ശ്രീദേവി അങ്ങയുടെ ലാവണ്യാതിശയത്താല്‍ കവ‍ര്‍ന്നെടുക്കപ്പെട്ട മനസ്സോടുകൂടിയവളായതുകൊണ്ടുതന്നെയാണ് അന്യന്മാരി‍ല്‍ സ്ഥിരതയില്ലാത്തവളായിത്തീര്‍ന്നത് എന്നുള്ള ഈ സംഗതിയി‍ല്‍‍ ഇപ്പോ‍ള്‍ വേറൊരു പ്രാമാണവുംകൂടി ഞാന്‍ പറായ‍ാം; യാതൊരു ഭക്തജനങ്ങള്‍ അങ്ങയെ ധ്യാനിക്കുന്നതിലും അങ്ങയുടെ ഗുണഗണങ്ങളെ കീര്‍ത്തിക്കുന്നതിലും ഉള്ള രസാനുഭൂതിയില്‍ മുഴുകിയവരായിരിക്കുന്നുവോ അവരി‍ല്‍ ഇവ‍ള്‍ പതിയെപറ്റി ചെയ്യുന്ന സ്തുതികളില്‍ ആദരവോടുകൂടിയവളായിട്ട് സ്ഥിരമായിട്ടുതന്നെ വസിക്കുന്നുണ്ടല്ലോ.

ഏവംഭൂത മനോജ്ഞതാ നവസുധാനിഷ്യന്ദസന്ദോഹനം
ത്വദ്രൂപം പരചിദ്രസായനമയം ചേതോഹരം ശൃണ്വത‍ാം |
സദ്യ: പ്രേരയതേ മതിം മദയതേ രോമാഞ്ചയത്യംഗകം
വ്യാസിഞ്ചത്യപി ശീതവാഷ്പവിസരൈരാനന്ദമൂ‍ര്‍ഛോദ്ഭവൈ: || 6 ||

ഇപ്രകാരമുള്ള സൗഭാഗ്യമാകുന്ന പുതിയ അമൃതധാരയെ വര്‍ഷിക്കുന്നതും ഉല്‍കൃഷ്ടമായ ബ്രഹ്മാനന്ദമയവും മനോഹരവുമായ അങ്ങയുടെ ദിവ്യരൂപം അങ്ങയുടെ കഥാശ്രവണം ചെയ്യുന്നവരുടെ മനസ്സിനെ ഉടനെതന്നെ ഇളക്കിത്തീര്‍ക്കുന്നു; ആനന്ദപരവശമാക്കിത്തീര്‍ക്കുന്നു; ശരീരത്തെ പുളകം കൊള്ളിക്കുകയും പരമാനന്ദത്തിന്റെ ആധിക്യംകൊണ്ടുണ്ടായ തണുത്ത ആശ്രുധാരകളാല്‍ നന്നായി നനയ്ക്കുകയും ചെയ്യുന്നു.

ഏവംഭൂതതയാ ഹി ഭക്ത്യഭിഹിതോ യോഗസ്സ യോഗദ്വയാത്
കര്‍മ്മജ്ഞാനമയാത് ഭൃശോത്തമതരോ യോഗീശ്വരൈര്‍ഗീയതേ |
സൗന്ദര്യൈകരസാത്മകേ ത്വയി ഖലു പ്രേമപ്രകര്‍ഷാത്മികാ
ഭക്തിര്‍നിശ്രമമേവ വിശ്വപുരുഷൈര്ലഭ്യാ രമാവല്ലഭ || 7 ||

ഭക്തി എന്നു പറയപ്പെടുന്ന ആ യോഗം (മോക്ഷാപായം) മുന്‍പറയപ്പെട്ടപ്രകാരമാകയാലാണല്ലോ കര്‍മ്മരുപം, ജ്ഞാനരുപം എന്ന രണ്ടു മോക്ഷാപായങ്ങളെക്കാളും ഏറ്റവും ഉത്തമമായതെന്നു യോഗീശ്വരന്മാരാല്‍ കൊണ്ടാടപ്പെടുന്നത്. അല്ലയോ ലക്ഷീപതേ! സൗന്ദ‍ര്യമൂര്‍ത്തിയായ അങ്ങയി‍ല്‍ പ്രേമാതിശയമാകുന്ന രുപത്തോടുകുടിയ ഭക്തി സകലജനങ്ങളാലും യാതൊരു പ്രയാസവും കൂടാതെതന്നെ ലഭിക്കപ്പെടാവുന്നതാണല്ലോ.

നിഷ്കാമം നിയതസ്വധര്‍മചരണം യത് കര്‍മ്മയോഗാഭിധം
തദ്ദൂരേത്യഫലം യദൗപനിഷദജ്ഞാനോപലഭ്യം പുന: |
തത്ത്വവ്യക്തതയാ സുദുര്‍ഗമതരം ചിത്തസ്യ തസ്മാദ്വിഭോ
ത്വത്പ്രേമാത്മകഭക്തിരേവ സതതം സ്വാദീയസീ ശ്രേയസീ || 8||

കര്‍മ്മയോഗം എന്നു പറയപ്പെടുന്നതും ഫലേച്ഛകുടാതെ നൈമിത്തികം എന്നിങ്ങനെ (വ‍ര്‍ണ്ണാശ്രമവിഹിതമായ) സ്വധര്‍മ്മാനുഷ്ഠാനം യാതൊന്നൊ, അത് കാലാന്തരത്താല്‍ മാത്രം കൈവരാവുന്ന ഫലത്തോടുകൂടിയതാകുന്നു; പിന്നീട് ഉപനിഷത്തുകളെ സംബന്ധിച്ച ബ്രഹ്മജ്ഞാനംകൊണ്ട് പ്രാപിക്കത്തക്കത് യാതൊന്നോ അതാവട്ടെ അനുഭവരുപത്തില്‍ ഗ്രഹിക്കുവാന്‍ കഴിയാത്തത് എന്നതിനാ‍ല്‍ മനസ്സിന്ന് പ്രാപിക്കുവാന്‍ വളരെ പ്രായസമുള്ളതാണ് അല്ലയോ ഈശ! അതുകൊണ്ട് അങ്ങയിലുള്ള പ്രേമസ്വരുപയായ ഭക്തിതന്നെയാണ് എപ്പോഴും നല്ലപോലെ ആസ്വദിക്കത്തക്കതും ശ്രേയസ്കരവുമായിരിക്കുന്നത്.

അത്യായാസകരാണി കര്‍മ്മപടലാന്യാചര്യ നിര്‍യ്യന്മലാഃ
ബോധേ ഭക്തിപഥേഥവാപ്യുചിതതാമായാന്തി കിം താവതാ |
ക്ലിഷ്ട്വാ തര്‍കപഥേ പരം തവ വപുര്‍ബ്രഹ്മാഖ്യമന്യേ പുന-
ചിത്താര്‍ദ്രത്വമൃതേ വിചിന്ത്യ ബഹുഭിസ്സിദ്ധ്യന്തി ജന്മാന്തരൈ: || 9 ||

ഏറ്റവും ക്ലേശകരങ്ങളായ കര്‍മ്മസമൂഹങ്ങളെ അനുഷ്ഠിച്ചിട്ട് ദോഷങ്ങളെല്ല‍ാം നശിച്ച് ചിത്തശുദ്ധി വന്നിട്ടുള്ള യോഗികള്‍ ജ്ഞാനയോഗത്തിലോ അതല്ലെങ്കി‍ല്‍ ഭക്തിമാര്‍ഗ്ഗത്തില്‍തന്നെയോ അധികാരികളായിത്തീരുന്നു. അത്രയുംകൊണ്ട് എന്തു ഫലം? മറ്റുചിലരാവട്ടെ വേദാന്തമാര്‍ഗ്ഗത്തി‍ല്‍ കിടന്ന് കഷ്ടപ്പെട്ടിട്ട് മനസ്സിന് ശുദ്ധിവരാതെ ബ്രഹ്മമെന്ന പേരോടുകൂടിയ അങ്ങയുടെ നിര്‍ഗുണസ്വരുപത്തെ ധ്യാനിച്ച് അനേകം ജന്മാന്തരങ്ങളെക്കൊണ്ട് മോക്ഷഫലത്തെ സാധിക്കുന്നു.

ത്വദ്ഭക്തിസ്തു കഥാരസാമൃതഝരീനിര്മജ്ജനേന സ്വയം
സിദ്ധ്യന്തീ വിമലപ്രബോധപദവീമക്ലേശതസ്തന്വതീ |
സദ്യസ്സിദ്ധികരീ ജയത്യയി വിഭോ സൈവാസ്തു മേ ത്വത്പദ-
പ്രേമപ്രൗഢിരസാര്‍ദ്രതാ ദ്രുതതരം വാതാലയാധീശ്വര || 10 ||

ഭഗവത് കഥാരസമാകുന്ന അമൃതപ്രവാഹത്തില്‍ മുഴുകുകനിമിത്തം തന്നത്താന്‍ കൈവരുന്നതും നിര്‍മ്മലമായ ജ്ഞാനത്തിന്റെ ഉല്‍കൃഷ്ടസ്ഥാനത്തെ യാതൊരു പ്രയാസവും കൂടാതെ വെളിപ്പെടുത്തിത്തരുന്നതും ആയ അങ്ങയുടെ ഭക്തിയൊന്നു മാത്രം ഉടനടി കൈവല്യത്തെ നല്‍ക്കുന്നതായിട്ട് ഉല്‍ക്കര്‍ഷത്തോടെ വര്‍ത്തിക്കുന്നു. അല്ലയോ പ്രഭുവായിരിക്കുന്ന ഗുരുവായൂര്‍ പുരേശ! എനിക്ക് അങ്ങയുടെ പൊല്‍താരടിയിലുള്ള പ്രേമാതിശയമാകുന്ന രസംകൊണ്ട് കുളിര്‍മ ലഭിക്കുക എന്ന ആ അവസ്ഥതന്നെ അതിവേഗത്തില്‍ സംഭവിക്കേണമേ!

ഭഗവത് രൂപവര്‍ണ്ണനം നാമ ദ്വീതീയം ദശകം സമാപ്തം.

ആദിതഃ ശ്ലോകാഃ 20- വൃത്തം – ശാര്‍ദൂലവിക്രീഢിതം – ലക്ഷണം – പന്ത്രണ്ടാല്‍ മസജം സതംതഗുരുവും ശാര്‍ദൂലവിക്രീഡിതം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.