സ്വാമി വിവേകാനന്ദന്‍

ഭക്തിയോഗപ്രഭാഷണങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും.

II ആദ്യത്തെ പടികള്‍

ഭക്തിയെക്കുറിച്ചെഴുതിയ ദാര്‍ശനികന്മാര്‍ അതിനെ ഈശ്വരനോടുള്ള പരമപ്രേമമെന്നു നിര്‍വ്വചിച്ചിട്ടുണ്ട്. ഒരുവന്‍ എന്തിന് ഈശ്വരനെ പ്രേമിക്കണം? ഇതാണ് പരിഹരിക്കേണ്ട പ്രശ്നം. അതു മനസ്സിലാക്കുംവരെ ഈ വിഷയം നാം തീരെ ഗ്രഹിക്കുന്നതല്ല. തികച്ചും വ്യത്യസ്തമായ രണ്ടു ജീവിതാദര്‍ശങ്ങളുണ്ട്. ഏതു രാജ്യത്തുമുള്ള ഏതെങ്കിലുമൊരു മതമുള്ള ഒരുവന്നറിയാം. താനൊരു ശരീരവും ഒരാത്മാവുകൂടെയുമാണെന്ന്. പക്ഷേ, മനുഷ്യജീവിതത്തിന്റെ ലക്ഷ്യത്തെസ്സംബന്ധിച്ചിടത്തോളം വലിയൊരളവു അന്തരമുണ്ട്.

പടിഞ്ഞാറന്‍നാടുകളില്‍, ആളുകള്‍ നിയമേന, മനുഷ്യന്റെ ശരീരഭാവത്തില്‍ കൂടുതല്‍ ഊന്നുന്നു. ഭാരതത്തില്‍ ഭക്തിയെക്കുറിച്ചെഴുതിയ ദാര്‍ശനികന്മാര്‍ മനുഷ്യന്റെ ആത്മവശത്താണ് ഊന്നിയത്. ഈ അന്തരം പൌരസ്ത്യപാശ്ചാത്യജനതകള്‍ക്കു നിദര്‍ശനഭൂതമാണെന്നു തോന്നുന്നു. സാമാന്യഭാഷയില്‍പ്പോലും അങ്ങനെയാണ്. ഇംഗ്ളണ്ടില്‍ മരണത്തെപ്പറ്റി പറയുമ്പോള്‍ മനുഷ്യന്‍ തന്റെ ആത്മാവിനെ ഉപേക്ഷിച്ചു എന്നു പ്രസ്താവിക്കും. ഭാരതത്തില്‍ മനുഷ്യന്‍ തന്റെ ദേഹം ഉപേക്ഷിച്ചെന്നും. ഒരാശയം: മനുഷ്യന്‍ ശരീരമാണ്, അവന്നൊരു ആത്മാവുണ്ട്; മറ്റേതു മനുഷ്യന്‍. അവന്നൊരു ശരീരമുണ്ട്. ഇതില്‍നിന്നു കൂടുതല്‍ സങ്കീര്‍ണ്ണങ്ങളായ പ്രശ്നങ്ങളുദിക്കുന്നു. മനുഷ്യന്‍ ശരീരമാണ്. അവനു ആത്മാവുണ്ട് എന്ന ആദര്‍ശം ഊന്നുന്നതു മുഴുവന്‍ ശരീരത്തിലാണ്. മനുഷ്യന്‍ ജീവിക്കുന്നതെന്തിനെന്നു ചോദിച്ചാല്‍ പറഞ്ഞുതരും. ഇന്ദ്രിയാസ്വാദനത്തിനാണ്. സ്വത്തിലും സമ്പത്തിലും സുഖിക്കാനാണ് എന്ന്. അതിനപ്പുറമൊന്നിനെപ്പറ്റിയും പറഞ്ഞുകൊടുത്താല്‍പ്പോലും അവനു കിനാവുകാണുക സാദ്ധ്യമല്ല. ഒരു ഭാവിജീവിതത്തെപ്പറ്റി അയാളുടെ ഭാവന ഈ ഭോഗങ്ങളുടെ ഒരു തുടര്‍ച്ചയാണ്. എക്കാലവും അതിവിടെ തുടരാനാവില്ല. താനിവിടം വിട്ടേ ഒക്കൂ എന്നതില്‍ അയാള്‍ക്കു വളരെ സങ്കടമുണ്ട്. എന്നിട്ട്, ഇതൊക്കെ ഇനിയും പുതുക്കി കിട്ടുന്ന ഏതെങ്കിലും സ്ഥലത്തേയ്ക്കു വല്ല തരത്തിലും ചെല്ലുമെന്നു വിചാരിക്കയുമാണ്. അയാള്‍ക്ക് അതേ ഭോഗങ്ങള്‍ കിട്ടും. ഇതേ ഇന്ദ്രിയങ്ങള്‍, ഉത്കൃഷ്ടങ്ങളും ബലിഷ്ഠങ്ങളും എന്നുമാത്രം. അയാള്‍ക്ക് ഈശ്വരനെ ആരാധിക്കണം. ഈശ്വരനാണല്ലോ ഈ ഉപേയത്തിനുള്ള ഉപായം. അയാളുടെ ജീവിതലക്ഷ്യം ഇന്ദ്രിയവിഷയഭോഗമാണ്. ഈ ഭോഗങ്ങളെ നീണ്ട കാലത്തേയ്ക്കു ചാര്‍ത്തിക്കൊടുക്കുന്ന ഒരു സത്ത്വമുണ്ടെന്ന് അയാള്‍ അറിഞ്ഞുവശായിട്ടുണ്ട്. അതാണ് അയാള്‍ ഈശ്വരനെ ആരാധിക്കുന്നത്.

നേരെമറിച്ച്, ഭാരതീയാശയം ഈശ്വരന്‍ ജീവിതലക്ഷ്യമെന്നാണ്. ഈശ്വരനില്‍പരമൊന്നുമില്ല. ഇന്ദ്രിയഭോഗങ്ങളാകട്ടെ, കൂടുതല്‍ മെച്ചപ്പെട്ടവ കിട്ടുമെന്നാശിച്ച് നാം തല്‍ക്കാലം കടന്നുപോകുന്ന എന്തോ മാത്രമാണ്. അതുമല്ല. മനുഷ്യന് ഇന്ദ്രിയഭോഗങ്ങളല്ലാതെ മറ്റൊന്നുമില്ലെങ്കില്‍ അതു വിനാശകവും ഭയങ്കരവുമാണ്. നമ്മുടെ ദൈനംദിനജീവിതത്തില്‍ നമുക്കു കാണാം, ഒരുവന്ന് ഇന്ദ്രിയഭോഗങ്ങള്‍ എത്രയ്ക്കു കുറവോ അത്രയ്ക്കുന്നതമാണ് അയാളുടെ ജീവിതമെന്ന്. നായയെ നോക്കു, അവന്‍ തീറ്റി തിന്നുമ്പോള്‍, അതേ സംതൃപ്തിയോടുകൂടി ഒരു മനുഷ്യനും ഒരു കാലത്തും തന്നിട്ടില്ല. തിന്നു തൃപ്തി കാട്ടുന്ന പന്നിയെ നോക്കൂ. അതവന്റെ സ്വര്‍ഗ്ഗമാണ്. മഹത്തമനായ ദേവരാജാവു വന്നു നോക്കിനിന്നാലും പന്നി കണ്‍പാര്‍ക്കുകയേ ഇല്ല. അവന്റെ വാഴ്വു മുഴുവനും തന്റെ തീറ്റിയിലാണ്. അമ്മട്ടു തിന്നാവുന്ന ഒരു മനുഷ്യനും ഒരിക്കലും പിറന്നിട്ടില്ല.താണജീവികള്‍ക്കുള്ള ശ്രവണശക്തിയേയും ദര്‍ശനശക്തിയേയും കുറിച്ചു വിചാരിക്കുക. അവയുടെ സര്‍വ്വേന്ദ്രിയങ്ങളും ഉന്നതമായ കഴിവിയന്നവയാണ്. അവയുടെ ഇന്ദ്രിയസുഖം അത്യന്തമാണ്. സന്തോഷവും പ്രീതിയുംകൊണ്ടു അവയങ്ങുന്മത്തമാകുന്നു. മനുഷ്യനും എത്രയേറെ താഴ്ന്നവനോ അത്രയേറെ സുഖം. അവന്‍ ഇന്ദ്രിയങ്ങളില്‍ കാണുന്നു. അവന്‍ ഉയരത്തിലേയ്ക്കെത്തുംതോറും ലക്ഷ്യം യുക്തിയും സ്നേഹവുമായിത്തീരുന്നു. ഈ കഴിവുകള്‍ വികസിക്കുന്ന തോതിന് ഇന്ദ്രിയാസ്വാദനത്തിനുള്ള ശക്തി അവനു നഷ്ടമാകുന്നു.

ഉദാഹരണത്തിന്, ഒരു മനുഷ്യന് ഒരു ക്ളിപ്തമായ അളവു ശക്തി നല്‍കിയിട്ടുണ്ടെന്നും, അതു ശരീരത്തിലോ മനസ്സിലോ ആത്മാവിലോ ചെലവു ചെയ്യാവുന്നതാണെന്നും നാം സ്വീകരിക്കുന്നപക്ഷം ഇവയിലേതെങ്കുലുമൊന്നില്‍ ചെലവായ ശക്തി മുഴുവനും കഴിച്ച് അത്ര കുറച്ചേ മറ്റുള്ളവയില്‍ ചെലവാക്കാന്‍ ബാക്കിയാവൂ. അറിവില്ലാത്തവര്‍ക്കും കാട്ടുവര്‍ഗ്ഗക്കാര്‍ക്കും നാഗരികവര്‍ഗ്ഗക്കാരെക്കാള്‍ വളരെയെറെ ശക്തിയുള്ള ഇന്ദ്രിയവൈഭവങ്ങളാണുള്ളത്. വാസ്തവത്തില്‍ ചരിത്രത്തില്‍നിന്നു നാം പഠിക്കുന്ന ഒരു പാഠവുമിതാണ്. ഒരു ജനത നാഗരികമായി വരുന്നതോടെ അതിന്റെ നാഡീസംഘടന കൂടുതല്‍ ലോലമാകയും ശാരീരികമായി അവര്‍ കൂടുതല്‍ ദുര്‍ബ്ബലരാകയും ചെയ്യുന്നു. ഒരു കാട്ടുവര്‍ഗ്ഗത്തെ നാഗരികരിക്കുക. അതുതന്നെ നിങ്ങള്‍ക്കു കാണാം. വേറൊരു ബര്‍ബ്ബരവര്‍ഗ്ഗം ഉയര്‍ന്നുവന്നു. അതിനെ ആക്രമിക്കുന്നു. മിക്കവാറും എല്ലായ്പോഴും ബര്‍ബ്ബരവര്‍ഗ്ഗമാണ്. ആക്രമിക്കുന്നത്. സര്‍വ്വസമയവും ഇന്ദ്രിയാനന്ദം കിട്ടാന്‍മാത്രം ആശിക്കുന്നെങ്കില്‍ നാം മൃഗീയാവസ്ഥയിലേക്കു നമ്മെ തരം താഴ്ത്തുകയാണെന്നു നമുക്കു കാണാം. തന്റെ ഇന്ദ്രിയാനന്ദങ്ങള്‍ തീക്ഷ്ണമായിത്തീരുന്ന ഒരിടത്തു തനിക്കു പോകണമെന്ന് ഒരുവന്‍ പറയുമ്പോള്‍, താന്‍ ചോദിക്കുന്നതെന്താണെന്ന് ആ മനുഷ്യന്‍ അറിയുന്നില്ല. മൃഗങ്ങളിലേക്ക് അധഃപതിച്ചുമാത്രമേ അയാള്‍ക്കതു കിട്ടാനാവൂ.

ഇന്ദ്രിയഭോഗഭരിതമായ ഒരു സ്വര്‍ഗ്ഗം കൊതിക്കുന്നവരെസ്സംബന്ധിച്ചും അങ്ങനതെന്നെ. ഇന്ദ്രിയച്ചെളിക്കുണ്ടില്‍ പുളയ്ക്കുന്ന പന്നിയെപ്പോലാണവര്‍. ഈ ഇന്ദ്രിയാനന്ദമാണവര്‍ക്ക് വേണ്ടത്. അതിന്റെ നഷ്ടം അവര്‍ക്കു സ്വര്‍ഗ്ഗത്തിന്റെ നഷ്ടവുമാണ്. ഇവര്‍ക്ക് ഒരിക്കലും ഭക്തന്മാരാകാന്‍ കഴിവില്ല. ആ വാക്കിന്റെ അത്യുന്നതാര്‍ത്ഥത്തില്‍, അവര്‍ക്കൊരിക്കലും ഈശ്വരപ്രേമികളാകാനാവില്ല. അതേ സമയം ഈ താഴ്ന്ന ആദര്‍ശത്തെ പിന്‍തുടര്‍ന്നാല്‍ത്തന്നെയും കാലഗതിയില്‍ അതും മാറും. താനറിയാത്ത എന്തോ ഉല്‍കൃഷ്ടമായ ഒന്ന് ഒരോരുവനും കണ്ടെത്തും. അങ്ങനെ ജീവിതത്തോടും ഇന്ദ്രിയാര്‍ത്ഥങ്ങളോടുമുള്ള ഈ അള്ളിപ്പിടുത്തം ക്രമേണ നശിച്ചുപോകും. ഞാന്‍ സ്കൂളില്‍ ഒരു കൊച്ചുവിദ്യാര്‍ത്ഥിയായിരിക്കെ, കുറെ മധുരപലഹാരങ്ങള്‍ക്കുവേണ്ടി ഒരു സഹപാഠിയുമായി പടയുണ്ടായി. അവന്‍ കൂടുതല്‍ കരുത്തനായിരുന്നതുകൊണ്ട് അവ എന്റെ കൈയില്‍നിന്നു തട്ടിപ്പറിച്ചു. ഞാനോര്‍ക്കുന്നു എനിക്കുണ്ടായ താപത്തെ. ജനിച്ചിട്ടുള്ളതിലേയ്ക്കും അതിദുഷ്ടനാണവനെന്നും വളര്‍ന്നു വേണ്ടത്ര കരുത്തനായാലുടന്‍ അവനെ ശിക്ഷിക്കണമെന്നും ഞാന്‍ വിചാരിച്ചു. അവന്റെ ദുഷ്ടതക്കും മാത്രമുള്ള ഒരു ശിക്ഷയും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ടു പേരു ഇപ്പോള്‍ വളര്‍ന്നു മുതിര്‍ന്നിരിക്കുന്നു. ഞങ്ങള്‍ ഉറ്റ സ്നേഹിതരുമാണ്. ഈ ലോകം നിറയെ ശിശുക്കളാണ്. തീനും കുടിയും ഇക്കണ്ട ഉണ്ണിയപ്പങ്ങളൊക്കെയുമാണ്. അവരുടെ സര്‍വ്വസ്വം. അവര്‍ ഈ അപ്പങ്ങള്‍ സ്വപ്നം കാണും. ഭാവിജീവിതത്തെക്കുറിച്ചുള്ള അവരുടെ ഭാവന ഈ അപ്പങ്ങള്‍ സമൃദ്ധമായേടമെന്നാണ്. വളരെ നല്ല ഒരു നായാട്ടുഭൂമിയിലായിരിക്കും. തന്റെ ഭാവിജീവിതമെന്നു വിശ്വസിക്കുന്ന അമേരിക്കന്‍-ഇന്ത്യനെക്കുറിച്ച് വിചാരിക്കുക. നാം ആഗ്രഹിക്കുംമട്ടുതന്നെയുള്ള ഒരു സ്വര്‍ഗ്ഗത്തെക്കുറിച്ചു നമ്മിലോരോരുവന്നും ഒരു ഭാവനയുണ്ട്. എന്നാല്‍, കാലഗതിയില്‍ നാം വളരുകയും ഉച്ചതരവസ്തുക്കള്‍ കാണുകയും ചെയ്യുംതോറും അപ്പുറത്ത് അതിലും ഉയര്‍ന്ന ഈഷദ്ദര്‍ശനങ്ങള്‍ നമുക്കു ലഭിക്കുന്നു. എങ്കിലും ഭാവിജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ഭാവനകളെ, ഇക്കാലത്തു സാധാരണമായ രീതിയില്‍ ഒരു വസ്തുവിലും വിശ്വാസമില്ലാതെ-അതു നാശമാണ്-കൈവിട്ടുകൂടാ അങ്ങനെ എല്ലാം നശിപ്പിക്കുന്ന അജ്ഞേയവാദി പിഴച്ചിരിക്കുന്നു, ഭക്തന്‍ ഉച്ചതരത്തെ ദര്‍ശിക്കുന്നു. അജ്ഞേയവാദിക്കു സ്വര്‍ഗ്ഗത്തില്‍ പോകേണ്ടാത്തത് അയാള്‍ക്കതൊന്നുമില്ലാഞ്ഞിട്ടാണ്. അതേ സമയം ഭക്തനു സ്വര്‍ഗ്ഗത്തില്‍ പോകേണ്ടാത്തത് അതു കുട്ടിക്കളിയെന്നു അയാള്‍ വിചാരിക്കുന്നതുകൊണ്ടാണ്. അയാള്‍ക്കു വേണ്ടത് ഈശ്വരനെയാണ്.

ഈശ്വരനേക്കാള്‍ ഉയര്‍ന്ന ഒരു ലക്ഷ്യമെന്ത്? ഈശ്വരന്‍തന്നെയാണ് മനുഷ്യന്റെ അത്യുച്ചലക്ഷ്യം. അവിടുത്തെ കാണുക. അവിടുത്തെ രസിക്കുക. അതിലധികം ഉയര്‍ന്ന ഒന്നിനെയും നമുക്കു സങ്കല്‍പ്പിച്ചുകൂടാ. കാരണം, ഈശ്വരന്‍ പൂര്‍ണ്ണതയാണ്. പ്രേമാനന്ദത്തെക്കാള്‍ ഉയര്‍ന്ന ഒന്നിനെ നമുക്കു സങ്കല്‍പ്പിച്ചുകൂടാ. പക്ഷേ പ്രേമമെന്ന ഈ വാക്കിനു വിവിധാര്‍ത്ഥങ്ങളുണ്ട്. ഈ ലോകത്തിലെ സാധാരണമായ സ്വാര്‍ത്ഥപ്രേമമെന്നല്ല ഇതിന്നര്‍ത്ഥം. അതിനെ പ്രേമമെന്നു പറയുന്നതു ഈശ്വരനിന്ദയാണ്. നമ്മുടെ പുത്രദാരങ്ങളോടുള്ള പ്രേമം വെറും മൃഗീയപ്രേമമാണ്. സമ്പൂര്‍ണ്ണം നിസ്സ്വാര്‍ഥമായ പ്രേമമാണ് ഒരേ പ്രേമം. അതു ഈശ്വരനാണുതാനും. അതു എത്തിക്കിട്ടാന്‍ വളരെ വിഷമമുള്ള ഒന്നാണ്. ഈ വിവിധ പ്രേമങ്ങളിലെല്ലാംകൂടെ കുട്ടികളോടും അച്ഛനോടും അമ്മയോടും മറ്റുമുള്ള പ്രേമത്തിലൂടെ, നം കടന്നുപോകയാണ്. പ്രേമസാമര്‍ത്ഥ്യം നാം പതുക്കെ പ്രയോഗിക്കയാണ്. പക്ഷേ, മിക്കപ്പോഴും അതില്‍ നിന്നൊന്നും നമ്മളൊരിക്കലും പഠിക്കുന്നില്ല. ഒരു ചുവടിനോട്, ഒരാളിനോട്, നാം കെട്ടുപെടുന്നു. ചിലപ്പോള്‍ മനുഷ്യന്‍ ഈ കെട്ടില്‍നിന്നു പുറത്തു കടക്കുന്നു. ഈ ലോകത്തില്‍ മനുഷ്യര്‍ ഭാര്യമാരുടെയും ധനത്തിന്റെയും മാനത്തിന്റെയും പിന്നാലെ എന്നുമേ പറഞ്ഞുകൊണ്ടിരിക്കുന്നു. ചിലപ്പോള്‍ അവരുടെ തലയ്ക്കു അതികഠിനമായി തട്ടുകിട്ടുന്നു. ഈ ലോകം യഥാര്‍ത്ഥത്തിലെന്തെന്ന് അവര്‍ കണ്ടെത്തുകയും ചെയ്യുന്നു. ഈ ലോകത്തില്‍ ഒരുവന്നും ഈശ്വരനെ ഒഴിച്ചൊന്നിനെയും യഥാര്‍ത്ഥത്തില്‍ പ്രേമിക്കാനാവില്ല. മാനുഷപ്രേമമെല്ലാം പൊള്ളയാണെന്ന് മനുഷ്യന്‍ കണ്ടുപിടിക്കുന്നു. മനുഷ്യര്‍ക്ക് പ്രേമിക്കാനാവില്ല. അവര്‍ അതെപ്പറ്റി പറയുന്നുണ്ടെങ്കിലും താന്‍ ഭര്‍ത്താവിനെ പ്രേമിക്കുന്നെന്നു ഭാര്യ പറയുന്നു. അയാളെ ചുംബിക്കയും ചെയ്യുന്നു. എന്നാല്‍ അയാള്‍ മരിക്കേണ്ട താമസം, അവള്‍ ആദ്യം വിചാരിക്കുന്നതു ബാങ്കുകണക്കിനെയും അടുത്തനാളെന്തു ചെയ്യണമെന്നുമാണ്. ഭര്‍ത്താവ് ഭാര്യയെ പ്രേമിക്കുന്നു. പക്ഷേ, അവള്‍ രോഗിണിയായി വിരൂപിണിയായിത്തീരുമ്പോള്‍, അഥവാ കിഴവിയാകുമ്പോള്‍ അഥവാ തെറ്റു ചെയ്യുമ്പോള്‍ അവളെ അയാള്‍ നോക്കാതാകുന്നു. ഈ ലോകത്തിലെ പ്രേമമെല്ലാം തട്ടിപ്പും പൊള്ളത്തവുമാണ്.

പരിമിതവിഷയിക്കു പ്രേമിക്കാനും പരിമിതവിഷയത്തിനു പ്രേമിക്കപ്പെടാനും കഴിവില്ല. മനുഷ്യന്റെ പ്രേമവിഷയം അനുനിമിഷം മരിക്കെ, താന്‍ വളരുംതോറും തന്റെ മനസ്സും നിരന്തരം മാറിക്കൊണ്ടിരിക്കെ, എന്തു ശാശ്വതപ്രേമം കണ്ടെത്താനാണ്. ഈ ലോകത്തില്‍ നിങ്ങള്‍ക്കു പ്രതീക്ഷിക്കാനാവുക? ഈശ്വരനിലല്ലാതെ ഒരു യഥാര്‍ത്ഥപ്രേമവും ഭവിക്കാനാവില്ല. അപ്പോള്‍ ഈ പ്രേമങ്ങളെല്ലാമെവിടെ? ഇവ വെറും പടവുകളാണ്. നമ്മെ മുന്നോട്ടു തള്ളുന്ന ഒരു ശക്തി പിന്നിലുണ്ട്. നമുക്കറിവില്ല. യഥാര്‍ത്ഥവിഷയത്തെ എവിടെത്തേടണമെന്ന്, എങ്കിലും ഈ പ്രേമമാണ് അതിനെ അന്വേഷിക്കാന്‍ നമ്മെ മുന്നോട്ടയയ്ക്കുന്നത്. വീണ്ടും വീണ്ടും നാം നമ്മുടെ തെറ്റുകള്‍ കണ്ടുപിടിക്കുന്നു. നാം ചിലതു പിടികൂടുന്നു, അതു വിരലുകള്‍ക്കിടയിലൂടെ വഴുതിപ്പോകുന്നതായും കാണുന്നു. പിന്നെയും നാം വേറൊന്നു പിടികൂടുന്നു. അങ്ങനെ നാം മുന്നോട്ടു മുന്നോട്ടു പോകുന്നു, ഒടുവില്‍ വെളിച്ചം വരികയും ചെയ്യുന്നു. നാം ഈശ്വരനിലെത്തുന്നു. പ്രേമിക്കുന്ന ഒരേ ഈശ്വരനില്‍, അവിടുത്തെ പ്രേമം മാറ്റമറ്റതാണ്. നമ്മെ ഉള്‍ക്കൊള്ളാന്‍ അതെപ്പോഴും തയ്യാറുമാണ്. ഞാന്‍ നിങ്ങള്‍ക്കു മുറിവേല്‍പ്പിച്ചാല്‍ നിങ്ങളിലേതൊരാളും എന്നെ എത്രത്തോളം പൊറുക്കും? ആരുടെ മനസ്സില്‍ കോപമോ ദ്വേഷമോ അസൂയയോ ഇല്ലയോ, ആര്‍ക്കൊരിക്കലും തന്റെ സമനില നഷ്ടമാകുന്നില്ലയോ. ആര്‍ ഒരിക്കലും മരിക്കുന്നും ജനിക്കുന്നുമില്ലയോ-അവിടുന്നു ഈശ്വരനല്ലാതെ ആരാണ്? പക്ഷേ ഈശ്വരനിലേക്കുള്ള മാര്‍ഗ്ഗം ദീര്‍ഘവും ദുര്‍ഗ്ഗമവുമാണ്. വളരെ ചുരുക്കം പേരേ അവിടുത്തെ പ്രാപിക്കുന്നുള്ളു. നാമെല്ലാം പണിപ്പെടുന്ന പൈതങ്ങളാണ്. കോടിക്കണക്കാളുകള്‍ മതത്തെ ഒരു കച്ചവടമാക്കുന്നു. ഒരു നൂറ്റാണ്ടില്‍ അല്പം പേര്‍ ആ ഈശ്വരപ്രേമത്തെ പ്രാപിക്കുന്നു. ആ നാടു മുഴുവനും അനുഗൃഹീതവും പവിത്രീകൃതവുമാകുന്നു. ഒരീശ്വരപുത്രന്‍ ആവിര്‍ഭവിക്കുമ്പോള്‍ ഒരു നാടു മുഴുവന്‍ അനുഗൃഹീതമായിത്തീരുന്നു. അത്തരക്കാര്‍ അല്പംമാത്രമേ ഏതു നൂറ്റാണ്ടിലും ലോകമൊട്ടുക്കുണ്ടാകുന്നുള്ളു എന്നതു സത്യം. എങ്കിലും ആ ഈശ്വരപ്രേമം പ്രാപിക്കുവാന്‍ ഏവരും പ്രയത്നിക്കേണ്ടതാണ്. ആര്‍ക്കറിയാം, അടുത്തു പ്രാപിക്കേണ്ടതു നിങ്ങളോ ഞാനോ ആവില്ലെന്ന്? അതുകൊണ്ടു നമുക്കു പണിപ്പെടാം.

നാം പറയുന്നു, ഭാര്യ തന്റെ ഭര്‍ത്താവിനെ പ്രേമിക്കുന്നെന്ന്. അവള്‍ വിചാരിക്കുന്നു, തന്റെ ആത്മാവാകെ അവനില്‍ ആമഗ്നമെന്ന്, ഒരു കുട്ടി ഉണ്ടാകുന്നു. അതിന്റെ പകുതിയോ അധികമോ അതിങ്കലേക്കു പുറപ്പെട്ടുപോകുന്നു. അവള്‍ക്കുതന്നെ തോന്നുന്നു. അതേ പ്രേമം ഭര്‍ത്താവിനോടു ഇപ്പോഴില്ലെന്ന്. അപ്രകാരം അച്ഛനോടും, കൂടുതല്‍ കനപ്പെട്ട പ്രേമവിഷയം നമുക്കു വന്നുചേരുമ്പോള്‍ മുന്‍പ്രേമം പതുക്കെ മായുന്നതായി നമുക്കെപ്പോഴും കാണാം. പള്ളിക്കുടപ്പിള്ളേര്‍ വിചാരിക്കാറുണ്ട്. തങ്ങള്‍ക്കു ജീവിതത്തില്‍ അത്യന്തം പ്രിയപ്പെട്ടവര്‍ തങ്ങളുടെ കൂട്ടുകുട്ടികളോ അച്ഛന്മാരോ അമ്മമാരോ ആണെന്ന്. പിന്നെ വരികയായി ഭര്‍ത്താവോ ഭാര്യയോ. അപ്പോള്‍ പഴയ വികാരം മറയുന്നു. പുതിയ പ്രേമം ഉച്ചതമമായിത്തീരുകയും ചെയ്യുന്നു. ഒരു നക്ഷത്രം ഉദിച്ചുയരുന്നു. വേറൊന്ന് അതിലും വലിയതു വരുന്നു. പിന്നെ അതിലും വലിയത്. അങ്ങനെ ഒടുവില്‍ സൂര്യന്‍ വരുന്നു. അപ്പോള്‍ ചെറിയ വിളക്കുകളെല്ലാം മായുകയും ചെയ്യുന്നു. ആ സൂര്യനാണ് ഈശ്വരന്‍. നക്ഷത്രങ്ങള്‍ ഈ അല്പതരപ്രേമങ്ങളാണ്. ആ സൂര്യന്‍ ഒരു മനുഷ്യന്റെമേല്‍ പൊട്ടിവീഴുമ്പോള്‍ അവന്‍ ഉന്മത്തനായിത്തീരുന്നു. എമേഴ്സണ്‍ പറയുന്നു ‘ഈശ്വരലഹരി പെട്ടവന്‍ മനുഷ്യന്‍ ഈശ്വരനായി രൂപാന്തരപ്പെടുന്നു. ഏകമായ ആ പ്രേമസാഗരത്തില്‍ എല്ലാം ലയിക്കുന്നു. സാധാരണ പ്രേമം മൃഗീയാകര്‍ഷണം. ഒരുവന്‍ ഒരു പ്രതിമയുടെ മുമ്പില്‍ മുട്ടുകുത്തിയാല്‍ അതു ഭയാനകമായ വിഗ്രഹാരാധനയാണ്. പക്ഷേ ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ മുമ്പില്‍ ഒരാള്‍ മുട്ടുകുത്തുന്നെങ്കില്‍ അതു തികച്ചും അനുവദനീയമത്രേ!

ഈ ലോകം പ്രേമത്തിന്റെ പല മടക്കു പടവുകളെ നമുക്കു കാട്ടിത്തരുന്നു. ആദ്യം നാം ചുവടു തെളിയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ജീവിതവീക്ഷണത്തിന്മേലാണ്. പ്രേമസിദ്ധാന്തം മുഴുവന്‍ നിലകൊള്ളുക. ഈ ലോകം ജീവിതത്തിന്റെ ലക്ഷ്യവും അന്ത്യവുമാണെന്നു വിചാരിക്കുക, മൃഗീയവും പാതകവുമാണ്. ജീവിതത്തില്‍ ആ ആശയവുമായി ആരംഭിക്കുന്നവന്‍ തന്നെത്താന്‍ പതിപ്പിക്കുന്നു. അവന്‍ ഒരിക്കലും ഉയരുകയില്ല. പിന്നില്‍നിന്നുള്ള ഈ ഈഷദ്ദര്‍ശനം അവനൊരിക്കലും ലഭിക്കയില്ല. അവന്‍ സദാ ഇന്ദ്രിയങ്ങള്‍ക്കടിമയായിരിക്കും. അവന്‍ ഡോളറിനുവേണ്ടി പണിപ്പെടും. അതവനു തിന്നാന്‍ കുറച്ചപ്പം കൊടുപ്പിക്കും. ആ ജീവിതം ജീവിക്കുന്നതിലും നല്ലതു മരിക്കുക. ഈ ലോകത്തിന്റെ അടിമകള്‍, ഇന്ദ്രിയങ്ങളുടെ അടിമകള്‍-നമുക്കു നമ്മെ ഉണര്‍ത്താം; ഈ ഇന്ദ്രീയജീവിതത്തെക്കാള്‍ ഉയര്‍ന്ന ചിലതുണ്ട്. മനുഷ്യന്‍, അനന്തചൈതന്യം. പിറന്നതു തന്റെ കണ്ണിനും തന്റെ മൂക്കിനും തന്റെ കാതിനും അടിമപ്പെടാനാണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? ക്രിയകളെല്ലാം ചെയ്യാനും കെട്ടുകളെല്ലാം പൊട്ടിക്കാനും പോന്ന ഒരു അനന്ത-സര്‍വ്വജ്ഞ-ചൈതന്യം പിന്നിലുണ്ട്. നാമാകട്ടെ ആ ചൈതന്യമത്രേ. ആ ശക്തി നമുക്കു കിട്ടുന്നതു പ്രേമത്തിലൂടെയാണുതാനും. ഇതാണ് നാം ഓര്‍ക്കേണ്ട ആദര്‍ശം. സ്വാഭാവികമായി അതു നമുക്കൊരു നാള്‍കൊണ്ടു കിട്ടാവുന്നതല്ല. അതു നമുക്കുണ്ടെന്നു കല്‍പ്പിക്കാം. പക്ഷേ, ഒക്കെക്കഴിഞ്ഞാലും അതൊരു കല്‍പ്പനമാത്രം. അതു വളരെവഴിദൂരെയാണ്. മനുഷ്യന്‍ നില്‍ക്കുന്നിടത്തുനിന്ന് അവനെ എടുത്തു നാം മുകളിലേക്കു തുണയ്ക്കണം. മനുഷ്യന്‍ ഭൌതികവാദത്തില്‍ നില്‍ക്കുന്നു. നിങ്ങളും ഞാനും ഭൌതികവാദികളാണ്. ഈശ്വരനേയും ചൈതന്യത്തെയും കുറിച്ചുള്ള നമ്മുടെ പറച്ചില്‍ നല്ലതാണ്. പക്ഷേ,ആ പറച്ചില്‍ നമ്മുടെ സമൂഹത്തിലെ വെറുമൊരു മോടിയായിരിക്കയാണ്. നാമതു തത്തയെപ്പോലെ പഠിച്ചിട്ടുണ്ട്. ആവര്‍ത്തിക്കുന്നുമുണ്ട്. അതുകൊണ്ട് ഭൌതികവാദികളായി നാം നില്‍ക്കുന്നിടത്തുനിന്നു നമ്മെ സ്വയം കൈക്കൊള്ളേണ്ടിയിരിക്കുന്നു. ഭൌതികാവലംബം സ്വീകരിച്ച്, നാം യഥാര്‍ത്ഥചൈതന്യവാദികളായിത്തീരുകയും സ്വയം ചൈതന്യമെന്ന് അനുഭവിക്കുകയും, ചൈതന്യത്തെ അറിയുകയും അനന്തമെന്നു നാം വിളിക്കുന്ന ഈ ലോകം പിന്നിലുള്ള ആ ലോകത്തിന്റെ സ്ഥൂലബാഹ്യരൂപം മാത്രമാണെന്ന് കാണുകയും ചെയ്യുന്നതുവരെ മന്ദംമന്ദം ഗമിക്കേണ്ടിയിരിക്കുന്നു.

എന്നാല്‍ അതോടൊപ്പം ചിലതു വേണ്ടതുണ്ട്. ഗിരിപ്രഭാഷണത്തില്‍ നിങ്ങള്‍ വായിക്കുന്നു: ‘ചോദിക്കുവിന്‍, അതു നിങ്ങള്‍ക്കു നല്‍കപ്പെടും. അന്വേഷിക്കുവിന്‍ അതു കണ്ടെത്തും. മുട്ടുവിന്‍ അതു നിങ്ങള്‍ക്കു തുറക്കപ്പെടും.’ ആരന്വേഷിക്കുന്നു, ആര്‍ക്കു വേണം? അതാണ് വിഷമം. നാമെല്ലാം പറയുന്നു, നമുക്കീശ്വരനെ അറിയാമെന്ന്. ഒരുവന്‍ ഈശ്വരനെ അപ്രമാണീകരിക്കാന്‍ ഒരു പുസ്തകം എഴുതുന്നു, വേറൊരുവന്‍ അവിടുത്തെ പ്രമാണീകരിക്കാന്‍. തന്റെ ജീവിതം മുഴുവന്‍ ഈശ്വരനെ പ്രമാണീകരിക്കയാണ് തന്റെ കര്‍ത്തവ്യമെന്ന് ഒരുവന്‍ വിചാരിക്കുന്നു. അവിടുത്തെ അപ്രമാണീകരിക്കയാണെന്നു വേറൊരുവന്‍. എന്നിട്ടയാള്‍ ഈശ്വരനില്ലെന്നു മനുഷ്യരെ പഠിപ്പിക്കാന്‍ ചുറ്റിത്തിരിയുന്നു. എന്തു പ്രയോജനമാണ്, ഈശ്വരനെ പ്രമാണീകരിക്കാനോ അപ്രമാണീകരിക്കാനോ ഒരു പുസ്തകമെഴുതിയിട്ട്? മിക്കപേര്‍ക്കും ഒരീശ്വരനുണ്ടോ ഇല്ലയോ, മിക്കപേര്‍ക്കും അതുകൊണ്ടെന്തു കാര്യം? ഭൂരിപക്ഷം മനുഷ്യരും ഈശ്വരനെക്കുറിച്ച് ഒരു ചിന്തയും കൂടാതെ, അവിടുത്തെ ഒട്ടു വേണമെന്നും തോന്നാതെ, വെറുമൊരു യന്ത്രംപോലെ പണിയെടുക്കുകയാണ്. അനന്തരം, ഒരു നാള്‍ മൃത്യു വരുന്നു, ‘വരു’ എന്നു പറയുകയും ചെയ്യുന്നു. മനുഷ്യന്‍ പറയുന്നു: ‘തെല്ലു കാക്കൂ, എനിക്ക് അല്പകാലംകൂടെ വേണം. എന്റെ മകന്‍ ലേശംകൂടെ വളര്‍ന്നു വലുതാകുന്നതെനിക്കു കാണണം.’ പക്ഷേ മൃത്യു പറയുന്നു: ‘ഉടന്‍ വരണം’ അതങ്ങനെ തുടരുന്നു. അങ്ങനെ പാവം ജോണ്‍ പോകുന്നു. പാവം ജോണിനോടു നാമെന്തു പറയും? യാതൊന്നിലോ ഈശ്വരന്‍ അത്യുച്ഛം, അതൊന്നും അയാള്‍ ഒരിക്കലും കണ്ടില്ല. പക്ഷേ, ഭൂതകാലത്തില്‍ അയാള്‍ ഒരു പന്നിയായിരുന്നു, (ഇന്ന്) ഒരു മനുഷ്യനായിട്ട് അയാള്‍ വളരെ മെച്ചമാണ്. എന്നാല്‍ ചിലരുണ്ട്. തെല്ലുണര്‍വു കിട്ടുന്നവര്‍. ചില കഷ്ടത വരുന്നു. നാം ഏറ്റവും പ്രേമിച്ചിരുന്ന ഏതോ ഒരുവന്‍ മരിക്കുന്നു. യാതൊന്നില്‍ നാം സര്‍വ്വാത്മസമര്‍പ്പണം ചെയ്തുവോ, യാതൊന്നിനുവേണ്ടി നാം ലോകത്തെ മുഴുവന്‍-പക്ഷേ നമ്മുടെ സോദരനെത്തന്നെയും-ചതിച്ചുവോ, അതു മായുന്നു, നമുക്കൊരടി കിട്ടുകയും ചെയ്യുന്നു. പക്ഷേ നമ്മുടെ ആത്മാവില്‍ ഒരു ശബ്ദം വരുന്നു, അതു ചോദിക്കയും ചെയ്യുന്നു. ‘ഇതു കഴിഞ്ഞെന്ത്?’ചിലപ്പോള്‍ ഒരടികൂടാതെ മരണം വരുന്നു; പക്ഷേ അത്തരം വേളകള്‍ വളരെ ചുരുക്കം. നമ്മുടെ വിരലുകള്‍ക്കിടയിലൂടെ വല്ലതും വഴുതിപ്പോയാല്‍ നമ്മള്‍ മിക്കവരും ചോദിക്കുന്നു: ‘ഇനിയെന്ത്?’ ഇന്ദ്രിയങ്ങളില്‍ നാം എങ്ങനെ അള്ളിപ്പിടിച്ചിരിക്കുന്നു! മുങ്ങുന്ന ഒരുവന്‍ ഒരു വയ്ക്കോലില്‍ ഇറുകെപ്പിടിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ട്; ഒരു മനുഷ്യന്‍ ആദ്യം ഒരു വയ്ക്കോലില്‍ ഇറുകെപ്പിടിക്കും. അതു പരാജയപ്പെടുമ്പോള്‍ തന്നെ വല്ലവരും സഹായിക്കണമെന്നു പറയും. എന്നാലും ആളുകള്‍ക്ക്, ഉയര്‍ന്ന സാധനങ്ങളിലേക്കുയരുന്നതിനുമുമ്പ്, ഇംഗ്ളീഷ് ചൊല്ലിന്നനുസരിച്ച് ‘തങ്ങളുടെ കാട്ടുവിത്തുകള്‍ വിതയ്ക്കണം.’ (വിഷയങ്ങള്‍ അതിമാത്രം സേവിക്കണം)

ഭക്തി ഒരു മതമാണ്. മതം വളരെപ്പേര്‍ക്കുള്ളതല്ല, അതസാധ്യമാണ്. ഒരുതരം വ്യായാമം, എഴുന്നേല്‍ക്കലും താണിരിക്കലും പലര്‍ക്കും പറ്റിയതായിരിക്കാം. പക്ഷേ, മതം ചുരുക്കം പേര്‍ക്കുവേണ്ടിയാണ്. ഓരോ രാജ്യത്തും മതപരരാകാവുന്നവര്‍, ആയിരിക്കുന്നവരും, കുറേ നൂറാളുകള്‍മാത്രമുണ്ട്. മറ്റുള്ളവര്‍ക്ക് മതപരരാവാന്‍ കഴിവില്ല. കാരണം, അവര്‍ ഉണര്‍ത്തപ്പെടില്ല. അവര്‍ക്കതു വേണമെന്നുമില്ല. മുഖ്യസംഗതി ഈശ്വരനെ വേണം എന്നുള്ളതാണ്. നമുക്കോ ഈശ്വരനെയൊഴിച്ചു സര്‍വ്വവും വേണം കാരണം, സാധാരണ നമുക്കു വേണ്ടതെല്ലാം നിറവേറ്റുന്നത് ബാഹ്യലോകമാണ്. നമ്മുടെ ആവശ്യങ്ങള്‍ ബാഹ്യലോകത്തെ കവിഞ്ഞാല്‍മാത്രമാണ് ആഭ്യന്തരത്തില്‍നിന്ന്, ഈശ്വരനില്‍നിന്ന്, നിറവേറല്‍ നമുക്കു വേണ്ടിവരിക. ഈ ഭൌതികവിശ്വത്തിന്റെ ഇടുങ്ങിയ പരിധികള്‍ക്കകത്തു നമ്മുടെ ആകാംക്ഷകള്‍ ഒതുങ്ങിയിരിക്കുവോളം, നമുക്കു ഈശ്വരനുവേണ്ടി ഒരാകാംക്ഷയും ഉണ്ടാകാവതല്ല. ഇവിടെയുള്ള എല്ലാംകൊണ്ട് മതിവരുമ്പോള്‍മാത്രമാണ് നിരവേറലിനുവേണ്ടി നാം അപ്പുറത്തേയ്ക്കു നോക്കുന്നത്. ആകാംക്ഷയുള്ളപ്പോള്‍മാത്രമാണ് അഭ്യര്‍ത്ഥന വരുന്നത്. ഈ ലോകത്തിന്റെ കുട്ടിക്കളി കഴിയുന്നത്ര വേഗം മതിയാക്കുക. അപ്പോള്‍ ഈ ലോകത്തിനപ്പുറമുള്ള ചിലതിന്റെ ആവശ്യം നിങ്ങള്‍ക്കു തോന്നും. മതത്തിലെ ഒന്നാംപടി വന്നുചേരുകയും ചെയ്യും.

മോടിയായ ഒരുതരം മതമുണ്ട്. എന്റെ സ്നേഹിതയ്ക്കു തന്റെ സ്വീകരണമുറിയില്‍ പല പരിച്ഛദങ്ങളുമുണ്ട്. ഒരു ജപ്പാന്‍ കലശം ഉണ്ടായിരിക്കുകയാണ് മോടി. അതുകൊണ്ട് അവര്‍ക്കൊന്നു കിട്ടിയേ ഒക്കൂ, അതിന് ആയിരം ഡോളര്‍ വിലയായാലും. അതേവിധം അവള്‍ക്കു ലേശം മതം ഉണ്ടായിരിക്കണം. ഒരു പളളിയില്‍ ചേരുകയും ചെയ്യുന്നു. അത്തരക്കാര്‍ക്കല്ല ഭക്തി. അത് ‘ആവശ്യം’ അല്ല. യാതൊന്നുകൂടാതെ നമുക്കു ജീവിക്കാനാവില്ലയോ അതാണ് ആവശ്യം. നമുക്കു ശ്വാസം വേണം. നമുക്കു ഭക്ഷണം വേണം. നമുക്കു വസ്ത്രം വേണം. അവ കൂടാതെ നമുക്കു ജീവിച്ചുകൂടാ. ഈ ലോകത്തില്‍ ഒരു മനുഷ്യന്‍ ഒരു സ്ത്രീയെ പ്രേമിക്കുമ്പോള്‍ അവളെക്കൂടാതെ തനിക്കു ജീവിക്കാനാവില്ല എന്നു തോന്നുന്ന-അതൊരു തെറ്റാണെന്നിരിക്കിലും-വേളകളുണ്ട്. ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യ വിചാരിക്കുന്നു. തനിക്കയാളെക്കൂടാതെ ജീവിക്കാനാവില്ലെന്ന് അങ്ങനെയൊക്കെയാണെങ്കിലും അവള്‍ ജീവിക്കുന്നു. ഇതാണ് ആവശ്യത്തിന്റെ രഹസ്യം. യാതൊന്നു കൂടാതെ നമുക്കു ജീവിക്കാനാവില്ലയോ അതാണത്-അതു നമുക്കു കൈവരണം. അല്ലെങ്കില്‍ നാം മരിക്കുന്നു. അവ്വിധം നമുക്ക് ഈശ്വരനെക്കുറിച്ചു തോന്നുന്ന, അഥവാ വേറൊരുവിധം പറഞ്ഞാല്‍, ഈ ലോകത്തിനപ്പുറം ചിലത്- സര്‍വ്വഭൌതികങ്ങള്‍ക്കപ്പുറം ചിലത്-നമുക്കു വേണ്ടുന്ന കാലം വരുമ്പോള്‍, അപ്പോള്‍, നാം ഭക്തന്മാരായേക്കാം. ഒരു നിമിഷത്തേയ്ക്കു മേഘം മാറിപ്പോകയും അപ്പുറത്തുനിന്നു ഒരീഷദ്ദര്‍ശനം കിട്ടുകയും, അക്ഷണത്തേയ്ക്കു ഈ താഴ്ന്ന കാമങ്ങളെല്ലാം കടലിലൊരു തുള്ളിപോലെ കാണപ്പെടുകയും ചെയ്യുമ്പോള്‍ നമ്മുടെ അല്പജീവിതങ്ങളെന്താകുന്നു? അപ്പോള്‍ ആത്മാവു വളരുന്നു. ഈശ്വരന്റെ ആവശ്യം തോന്നുന്നു. അവിടുത്തെ കിട്ടുകയും വേണം.

ഒന്നാം പടി നമുക്ക് എന്തുവേണം എന്നാണ്. ഈ ചോദ്യം നമുക്കു നമ്മോടുതന്നെ എന്നും ചോദിക്കാം. നമുക്ക് ഈശ്വരനെ വേണോ? ഈ വിശ്വത്തിലെ ഗ്രന്ഥങ്ങളെല്ലാം നിങ്ങള്‍ക്കു വായിക്കാം. പക്ഷേ, ഈ പ്രേമം ഭക്ഷണവൈഭവംകൊണ്ട് കിട്ടുന്നതല്ല. അത്യുച്ചബുദ്ധികൊണ്ടല്ല, വിവിധശാസ്ത്രങ്ങളുടെ പഠനംകൊണ്ടല്ല, ഈശ്വരനെ ആശിക്കുന്നവന് ഈ പ്രേമം കിട്ടും. അവന്നായി ഈശ്വരന്‍തന്നെത്താന്‍ നല്‍കുന്നു. പ്രേമം എപ്പോഴും പരസ്പരമാണ്. പ്രതിബിംബകമാണ്. നിങ്ങളെന്നെ ദ്വേഷിക്കയാവാം. എനിക്കു നിങ്ങളെ പ്രേമിക്കണം. എങ്കിലും നിങ്ങളെന്നെ തള്ളിനീക്കുന്നു. എന്നാല്‍ ഞാന്‍ അങ്ങനെ തുടര്‍ന്നുനിന്നാല്‍ ഒരു മാസത്തിനകം അല്ലെങ്കില്‍ ഒരു കൊല്ലത്തിനകം നിങ്ങള്‍ എന്നെ പ്രേമിക്കാന്‍ നിര്‍ബ്ബദ്ധനാണ്. ഇത് ഒരു സുഖ്യാതമായ മനോവിജ്ഞാനീയപ്രതിഭാസമാണ്. വിദൂരഗതനായ തന്റെ ഭര്‍ത്താവിനെ പ്രേയസി വിചാരിക്കുംപോലെ, അതേ പ്രേമത്തോടെ നാം ഈശ്വരനെ വിചാരിക്കണം. അപ്പോഴെ നാം ഈശ്വരനെ കാണും. സര്‍വ്വഗ്രന്ഥങ്ങള്‍ക്കും വിവിധശാസ്ത്രങ്ങള്‍ക്കും നമ്മെ ഒരു വസ്തുവും പഠിപ്പിക്കാനാവില്ല. ഗ്രന്ഥങ്ങള്‍ വായിച്ച് നാം തത്തമ്മകളായിത്തീരുന്നു. പുസ്തകങ്ങള്‍ വായിച്ച് ഒരുവനും പണ്ഡിതനാകുന്നില്ല. ഒരൊറ്റ പ്രേമപദം വായിച്ചാല്‍ അവന്‍ വാസ്തവത്തില്‍ പണ്ഡിതനായിത്തീരുന്നു. അതുകൊണ്ട് ആദ്യം നമുക്ക് ആ ആഗ്രഹം കിട്ടണം.

നമുക്കെന്നും നമ്മോടുതന്നെ ചോദിക്കാം. നമുക്കീശ്വരനെ വേണോ? നാം മതം പറയാന്‍ തുടങ്ങുമ്പോള്‍, വിശേഷിച്ചും നമ്മള്‍ ഒരുന്നതനില കൈക്കൊണ്ടു മറ്റുള്ളവരെ പഠിപ്പിക്കാന്‍ തുടങ്ങുമ്പോള്‍, അതേ ചോദ്യം നാം നമ്മോടു ചോദിക്കണം. എനിക്കീശ്വരനെ വേണ്ട, ഏറെയും എനിക്കപ്പമാണ് വേണ്ടതെന്ന് പലപ്പോഴും ഞാന്‍ കാണുന്നു. ഒരപ്പക്കഷ്ണം കിട്ടിയില്ലെങ്കില്‍ ഞാന്‍ ഭ്രാന്തനായിപ്പോയേക്കാം. പല സ്ത്രീകള്‍ക്കും ഭ്രാന്തുപിടിക്കും. തങ്ങള്‍ക്കൊരു വൈരപ്പിന്‍ (pin)കിട്ടിയില്ലെങ്കില്‍, പക്ഷേ അതേ ആഗ്രഹം അവര്‍ക്ക് ഈശ്വരനോടില്ല. ഈ വിശ്വത്തിലെ ഒറ്റ യാഥാര്‍ത്ഥ്യത്തെ അവരറിയുന്നില്ല. ഞങ്ങളുടെ ഭാഷയിലൊരു പഴഞ്ചൊല്ലുണ്ട്-എനിക്കൊരു വേടനാകണമെങ്കില്‍ കണ്ടാമൃഗത്തെ വേട്ടയാടും. കൊള്ളക്കാരനാകണമെങ്കില്‍ രാജകോശം കൊള്ളയടിക്കും. തെണ്ടിയെ കൊള്ളയടിച്ചിട്ടോ, ഉറുമ്പിനെ വേട്ടയാടിട്ടോ എന്തു പ്രയോജനം? അതുകൊണ്ട് നിങ്ങള്‍ക്കു പ്രേമിക്കണമെങ്കില്‍ ഈശ്വരനെ പ്രേമിക്കുക. ഈ ലൌകികവസ്തുക്കളെ ആര്‍ കാര്യമാക്കുന്നു? ഈ ലോകം തികച്ചും മിഥ്യയാണ്. മഹാജഗദ്ഗുരുക്കന്മാരെല്ലാം അതു കണ്ടുപിടിച്ചു. ഈശ്വരനിലൂടെയല്ലാതെ അതില്‍നിന്നു പുറത്തേയ്ക്കു വഴിയില്ല. അവിടുന്നാണ് നമ്മുടെ ജീവിതലക്ഷ്യം. ഈ ലോകമാണ് ജീവിതലക്ഷ്യമെന്ന എല്ലാ ആശയവും വിനാശകമാണ്. ഈ ലോകത്തിനും ഈ ശരീരത്തിനും അവയുടേതായ വിലയുണ്ട്. രണ്ടാംതരം വില, ഒരു സാധ്യത്തിലേക്കുള്ള സാധനമായിട്ട്. പക്ഷേ, ലോകം സാധ്യമായിക്കൂടാ. ദൌര്‍ഭാഗ്യത്തിന്, കണക്കിലേറെ പ്രാവശ്യം നാം ലോകത്തെ സാധ്യവും, ഈശ്വരനെ സാധനവുമാക്കുന്നു, ആളുകള്‍ പള്ളിയില്‍ പോകുന്നതും ‘ഈശ്വരാ, അത്തരമത്തരം എനിക്കു തരേണമേ,’ ‘ഈശ്വരാ, എന്റെ രോഗം ഭേദമാക്കണേ’ എന്നു പറയുന്നതും നാം കാണുന്നു. അവര്‍ക്കു നല്ല അരോഗശരീരങ്ങള്‍ വേണം. തങ്ങള്‍ക്കു വേണ്ടി ആരോ ഒരുവന്‍ പണിചെയ്യുമെന്നു കേള്‍ക്കുന്നതുകൊണ്ട്, അവര്‍ ചെന്ന് അവിടുത്തോടു പ്രാര്‍ത്ഥിക്കുന്നു. മതത്തെപ്പറ്റി അത്തരം ഒരാശയം ഉണ്ടായിരിക്കുന്നതിലും ഭേദം നാസ്തികനാകുന്നതാണ്. ഞാന്‍ പറയുന്നതുപോലെ, ഈ ഭക്തി അത്യുച്ചാദര്‍ശമാണ്. കോടിക്കണക്കിനാണ്ടുകള്‍ക്കകം നാം അതിനെ പ്രാപിക്കാമോ എന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷേ അതിനെ നാം നമ്മുടെ അത്യുച്ചാദര്‍ശമാക്കണം. അത്യുച്ചത്തെ ലാക്കാക്കാന്‍ നമ്മുടെ ഇന്ദ്രിയങ്ങളെ പ്രേരിപ്പിക്കണം. സാധ്യത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നാം അതിനോടടുക്കുകയെങ്കിലും ചെയ്യും. ഈശ്വരനെ പ്രാപിക്കാന്‍ ഈ ലോകത്തിലൂടെയും ഇന്ദ്രിയങ്ങളിലൂടെയും നമുക്കു പതുക്കെ പണിയെടുത്തു കടക്കേണ്ടിയിരിക്കുന്നു