യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 481 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

പ്രബുദ്ധസ്യ പ്രബുദ്ധസ്യ ദേഹിനോ ദേഹഗേഹകെ
അദേഹം വിദ്യതേ ചിത്തം ത്യാഗസ്തസ്യ ന വിദ്യതേ (6.2/2/35)

വസിഷ്ഠന്‍ തുടര്‍ന്നു: കളിമണ്ണുകൊണ്ടുണ്ടാക്കിയ കാലാള്‍പ്പട്ടാളം വെറും മണ്‍പ്രതിമകള്‍ മാത്രം. അതുപോലെ ഈ വിശ്വം നിര്‍മ്മലമായ, അദ്വൈതമായ ആത്മാവ് മാത്രമാണ്. രണ്ടാമതൊന്ന് ഇല്ലാതിരിക്കുമ്പോള്‍പ്പിന്നെ വിഷയമെന്ത്? വിഷയത്തെ അനുഭവിക്കുന്നവനാര്? ആ പരമാത്മാവല്ലാതെ ‘ഞാന്‍’, ‘എന്റെ’ എന്നിങ്ങിനെ വിവക്ഷിക്കാന്‍ മറ്റൊന്നുമില്ല.

രാമന്‍ പറഞ്ഞു: അങ്ങിനെയാണെങ്കില്‍ നാം ദുഷ്പ്രവൃത്തികള്‍ എന്തിനാണ് വേണ്ടെന്നു വയ്ക്കുന്നത്? എന്തിനാണൊരുവന്‍ സദ്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം എന്നു ശാസ്ത്രങ്ങള്‍ പറയുന്നത്?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, എന്താണീ കര്‍മ്മങ്ങള്‍ എന്ന് പറയൂ. എങ്ങിനെയാണ് കര്‍മ്മങ്ങള്‍ ഉണ്ടാവുന്നത്? അതിന്റെ വേരെവിടെയാണ്? കര്‍മ്മങ്ങളെ എങ്ങിനെയാണ് വേരോടെ പിഴുതെറിയാന്‍ കഴിയുക?

രാമന്‍ പറഞ്ഞു: ശരിയാണ് ഭഗവന്‍, വേരോടെ അറുത്തു കളയേണ്ടതിനെ പൂര്‍ണ്ണമായി നശിപ്പിക്കുകതന്നെ വേണം. ശരീരം നിലനില്‍ക്കുന്നിടത്തോളം കാലം കര്‍മ്മങ്ങള്‍ അനിവാര്യമാണ്. അതിന്റെ വേര് സംസാരം എന്ന പ്രത്യക്ഷലോകത്തിലാണ്. ദേഹത്തില്‍ കര്‍മ്മങ്ങള്‍ തുടങ്ങുന്നത് അവയവങ്ങളില്‍ നിന്നാണ് (കര്‍മ്മേന്ദ്രിയങ്ങള്‍). മനോപാധികള്‍ (വാസനകള്‍) ആണ് കര്‍മ്മങ്ങള്‍ക്ക് ബീജമാവുന്നത്. ഈ വാസനകള്‍ ഇന്ദ്രിയങ്ങളിലൂടെ പ്രവര്‍ത്തിക്കുമ്പോള്‍ അവ ദൂരവ്യാപകങ്ങളായ കാര്യങ്ങളെ സ്വാംശീകരിക്കാന്‍ പര്യാപ്തമാവുന്നു.

ഇന്ദ്രിയങ്ങള്‍ മനസ്സില്‍ വേരുറപ്പിച്ചിരിക്കുന്നു. മനസ്സ് ജീവനില്‍; ജീവന്‍ ഉപാധിസ്ഥമായ ബോധത്തില്‍; ആ ബോധം ഉപാധിരഹിതമായ അനന്താവബോധത്തിലാണ് നിലകൊള്ളുന്നത്. ബ്രഹ്മമാണ് ഈ ഉപാധിരഹിതമായ ബോധത്തിന്റെ മൂലം. ബ്രഹ്മത്തിനു വേരുകളില്ല. അതായത് ബ്രഹ്മം, അല്ലെങ്കില്‍ അനന്താവബോധമാണ് എല്ലാറ്റിന്റെയും മൂലം. അപ്പോള്‍ എല്ലാ കര്‍മ്മങ്ങളും ബോധത്തെ ആശ്രയിച്ചിരിക്കുന്നു. അത് സ്വയം വസ്തുനിഷ്ഠമായിത്തീര്‍ന്നു കര്‍മ്മങ്ങള്‍ക്ക് കാരണമാവുന്നു. എന്നാലീ കര്‍മ്മങ്ങള്‍ ഉദിക്കുന്നില്ലെങ്കില്‍ അത് സ്വയം പരമമായ അവസ്ഥയില്‍ത്തന്നെയാണ്.

വസിഷ്ഠന്‍ പറഞ്ഞു: കാര്യങ്ങള്‍ അങ്ങിനെയെങ്കില്‍, രാമാ എന്താണ് കരണീയം? എന്തൊക്കെയാണ് ഗര്‍ഹണീയമായ കര്‍മ്മങ്ങള്‍? “ദേഹമുള്ളിടത്തോളം കാലം മനസ്സുമുണ്ട്. ദേഹസ്ഥനായ ആള്‍ പ്രബുദ്ധതയാര്‍ജ്ജിച്ചവനാണെങ്കിലും അജ്ഞാനിയാണെങ്കിലും ഇത് ബാധകമാണ്.” എങ്ങിനെയാണ് ജീവന്റെ വ്യക്തിത്വം ഉപേക്ഷിക്കാനാവുക? എന്നാല്‍ ‘ഞാന്‍ ചെയ്യുന്നു’ എന്ന ഭാവത്തെ ഉപേക്ഷിച്ച് സദ്‌കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതാണുചിതം.

അന്തരാ ബുദ്ധിയ്ക്ക് ഉണര്‍ച്ചയുണ്ടാവുമ്പോള്‍ ലോകപ്രതീതി അവസാനിയ്ക്കുന്നു. അപ്പോള്‍ അനാസക്തി മൂലം മനോസ്വാതന്ത്ര്യം പ്രാപിക്കുന്നതാണ് വിമോചനം, അല്ലെങ്കില്‍ മുക്തി. വിഷയപ്രതീതി, അല്ലെങ്കില്‍ മനോപാധികള്‍ നിലയ്ക്കുമ്പോള്‍ പ്രശാന്തിയായി. അതിനെ ബ്രഹ്മം എന്ന് വിളിക്കുന്നു.

വിഷയങ്ങളെപ്പറ്റിയുള്ള ബോധമാണ് കര്‍മ്മമാവുന്നത്. അത് ലോകം മുഴുവന്‍ വ്യാപരിക്കുന്നു. അത്തരം വിഷയബോധം ഇല്ലാതാവുന്നതാണ് മുക്തി. അതിനാല്‍ രാമാ, ദേഹമുള്ളിടത്തോളം കര്‍മ്മങ്ങളെ ഉപേക്ഷിക്കുക എന്നത് അനുചിതമാണ്. കര്‍മ്മത്യാഗം കര്‍മ്മത്തിനെയും ത്യാഗത്തിനേയും മൂല്യമുള്ളതാക്കുന്നു. മൂല്യമുള്ളവയെ ഉപേക്ഷിക്കുക എന്നത് അസംഭവ്യം.