ഡൗണ്‍ലോഡ്‌ MP3

ഏവം ദേവ ചതുര്‍ദ്ദശാത്മകജഗദ്രൂപേണ ജാത: പുന-
സ്തസ്യോര്‍ദ്ദ്വം ഖലു സത്യലോകനിലയേ ജാതോസി ധാതാ സ്വയം |
യം ശംസന്തി ഹിരണ്യഗര്‍ഭമഖിലത്രൈലോക്യജീവാത്മകം
യോഭൂത് സ്ഫീതരജോവികാരവികസന്നാനാസിസൃക്ഷാരസ: || 1 ||

പ്രകാശസ്വരുപി‍ന്‍!  ഇപ്രകാരം പതിന്നാലു ലോകമാകുന്ന സ്വരൂപത്തോടുകൂടി ആവിര്‍ഭവിച്ച നിന്തിരുവടി താന്‍തന്നെ പിന്നെ അതിന്റെ മേല്‍ഭാഗത്തുള്ള സത്യലോകമെന്നു പറയപ്പെടുന്ന സ്ഥാനത്തില്‍ ബ്രഹ്മാവ് എന്ന പേരോടുകൂടി അവതരിച്ചു. മൂന്നു ലോകങ്ങള്‍ക്കും ജീവാത്മാവായ യാതൊരു ഭഗവാനെ ഹിരണ്യഗര്‍ഭനെന്നു പറയുന്നു, ആ ഹിരണ്യഗര്‍ഭന്‍ വര്‍ദ്ധിച്ചിരിക്കുന്ന രജോഗുണവികാരം നിമിത്തം തെളിഞ്ഞു പ്രകാശിക്കുന്ന അനേകം വിധത്തിലുള്ള സൃഷ്ടിയെ ചെയ്യുവാനുള്ള ആഗ്രഹത്തോടുകൂടിയവനായി ഭവിച്ചു.

സോയം വിശ്വവിസര്‍ഗദത്തഹൃദയ: സമ്പശ്യമാന: സ്വയം
ബോധം ഖല്വനവാപ്യ വിശ്വവിഷയം ചിന്താകുലസ്തസ്ഥിവാന്‍ |
താവത്ത്വം ജഗത‍ാം പതേ തപ തപേത്യേവം ഹി വൈഹായസീം
വാണീമേനമശിശ്രവ: ശ്രുതിസുഖ‍ാം കുര്‍വംസ്തപ:പ്രേരണ‍ാം || 2 ||

അപ്രകാരമുള്ള ഈ ബ്രഹ്മാവ് പ്രപഞ്ചസൃഷ്ടിയില്‍ മനസ്സുറപ്പിച്ചവനായി തന്നത്താ‍ന്‍ വളരെയെല്ല‍ാം ആലോചിച്ചു നോക്കിയിട്ടും ലോകത്തെ സംബന്ധിച്ച യാതൊരറിവും ലഭിക്കാതെ ചിന്താവിവശനായി സ്ഥിതിചെയ്തു; ലോകനാഥ! അപ്പോള്‍ നിന്തിരുവടിതന്നെ തപസ്സിന് പ്രേരിപ്പിച്ചുകൊണ്ട് “തപസ്സുചെയ്താലും, തപസ്സുചെയ്താലും” എന്നിങ്ങനെ ചെവികള്‍ക്ക് സൗഖ്യമരുളുമാറുള്ള ആകാശവാണിയെ ഇദ്ദേഹത്തെ കേള്‍പ്പിച്ചു.

കോസൗ മാമവദത് പുമാനിതി ജലാപൂര്‍ണ്ണേ ജഗന്മണ്ഡലേ
ദിക്ഷൂദ്വീക്ഷ്യ കിമപ്യനീക്ഷിതവതാ വാക്യാര്‍മുത്പശ്യതാ |
ദിവ്യം വര്‍ഷസഹസ്രമാത്തതപസാ തേന ത്വമാരാധിത –
സ്തസ്മൈ ദര്‍ശിതവാനസി സ്വനിലയം വൈകുണ്ഠമേകാദ്ഭുതം || 3 ||

“ലോകങ്ങളെല്ല‍ാം വെള്ളംകൊണ്ടു നിറഞ്ഞിരിക്കെ, ആരാണ് എന്നോടിങ്ങനെ പറഞ്ഞത്?” എന്നിങ്ങനെ ചുറ്റുപാടും നോക്കീ യാതൊന്നും കാണാതെ അശരീരിവാക്കിന്റെ അര്‍ത്ഥത്തെ നല്ലപോലെ ആലോചിച്ചറിഞ്ഞ് ആയിരം ദിവ്യവര്‍ഷങ്ങള്‍ തപസ്സുചെയ്തു; അദ്ദേഹത്താല്‍ ആരാധിക്കപ്പെട്ട നിന്തിരുവടി അത്ഭുതങ്ങളില്‍വെച്ച് മുഖ്യമായതും തന്റെ ഇരിപ്പിടവുമായ വൈകുണ്ഠത്തെ ആ ബ്രഹ്മദേവന് കാണിച്ചുകൊടുത്തു.

മായാ യത്ര കദാപി നോ വികുരുതേ ഭാതേ ജഗദ്ഭ്യോ ബഹി:
ശോകക്രോധവിമോഹസാധ്വസമുഖാ ഭാവാസ്തു ദൂരം ഗതാ: |
സാന്ദ്രാനന്ദഝരീ ച യത്ര പരമജ്യോതി:പ്രകാശാത്മകേ
തത്തേ ധാമ വിഭാവിതം വിജയതേ വൈകുണ്ഠരൂപം വിഭോ || 4 ||

വിശ്വവ്യാപിന്‍! ലോകങ്ങള്‍ക്കെല്ല‍ാം വെളിയി‍ല്‍ പ്രകാശിക്കുന്നതും ബ്രഹ്മതേജസ്സോടുകൂടിയതുമായ യാതൊരു ദിക്കില്‍ മായ ഒരിക്കലും വികാരത്തെ പ്രാപിക്കുന്നില്ലയോ, ദുഃഖം, കോപം, അജ്ഞാനം, ഭയം തുടങ്ങിയ ഭാവങ്ങളും എവിടെയില്ലയോ എവിടെ പരിപൂര്‍ണ്ണവും നിത്യവുമായ ആനന്ദം പ്രവഹിച്ചുകൊണ്ടിരിക്കുന്നുവോ ബ്രഹ്മാവിന് നേരില്‍ കാണിച്ചുകൊടുക്കപ്പെട്ട വൈകുണ്ഠമെന്ന പേരോടുകൂടിയ നിന്തിരുവടിയെ ആ സ്ഥാനം സര്‍വോത്കര്‍ഷേണ വര്‍ത്തിക്കുന്നു.

യസ്മിന്നാമ ചതുര്‍ഭുജാ ഹരിമണിശ്യാമാവദാതത്വിഷോ
നാനാഭൂഷണരത്നദീപിതദിശോ രാജദ്വിമാനാലയാ: |
ഭക്തിപ്രാപ്തതഥാവിധോന്നതപദാ ദീവ്യന്തി ദിവ്യാ ജനാ-
തത്തേ ധാമ നിരസ്തസര്‍വശമലം വൈകുണ്ഠരൂപം ജയേത് || 5 ||

യതൊരിടത്ത് നാലു കൈകളോടുകൂടിയവരായി ഇന്ദ്രനീലക്കല്ലുപോലെ ശ്യാമളവും സ്വച്ഛവുമായ ശോഭയോടുകൂടിയവരായി പലവിധത്തിലുള്ള ആഭരണങ്ങളാല്‍ പ്രകാശിക്കപ്പെട്ട ദിഗ്ഭാഗങ്ങളോടുകൂടിയവരായി കാന്തിതേടുന്ന വിമാനങ്ങളില്‍ ഇരിപ്പുറപ്പിച്ചവരായി ഭക്തി നിമിത്തം ആ വിധത്തിലുള്ള ഉത്തമസ്ഥാനത്തെ പ്രാപിച്ചുവരും ദിവ്യന്മാരുമായിരിക്കുന്ന ജനങ്ങള്‍ പ്രശോഭിക്കുന്നുവോ സര്‍വ്വ  കന്മഷങ്ങളും നശിപ്പിക്കപ്പെട്ട വൈകുണ്ഠമെന്ന അങ്ങയുടെ ആ സ്ഥാനം വിജയിക്കട്ടെ.

നാനാദിവ്യവധൂജനൈരഭിവൃതാ വിദ്യുല്ലതാതുല്യയാ
വിശ്വോന്മാദനഹൃദ്യഗാത്രലതയാ വിദ്യോതിതാശാന്തരാ |
ത്വത്പാദ‍ാംബുജസൗരഭൈകകുതുകാല്ലക്ഷ്മീ: സ്വയം ലക്ഷ്യതേ
യസ്മിന്‍ വിസ്മയനീയദിവ്യവിഭവം തത്തേ പദം ദേഹി മേ || 6 ||

യതൊരു സ്ഥലത്ത് സുരസുന്ദരിമാരാല്‍ ചൂഴപ്പെട്ടവളായ, മിന്നല്‍ക്കൊടിക്കു തുല്യവും ജഗന്മോഹനവും മനോഹരവുമായ ശരീരശോഭകൊണ്ട് പ്രകാശിപ്പിക്കപ്പെട്ട ദിഗന്തരാളത്തോടുകൂടിയവളായ ശ്രീദേവി അങ്ങയുടെ പദകമലത്തിലെ സൗരഭ്യമെന്ന ഒരു വിഷയത്തില്‍തന്നെയുള്ള കൗതുകംകൊണ്ട് തന്നത്താ‍ന്‍ പ്രത്യക്ഷപ്പെടുന്നുവോ, വിസ്മയിക്കത്തക്ക ദിവ്യവൈഭവത്തോടുകൂടിയ നിന്തിരുവടിയുടെ ആ സ്ഥാനത്തെ എനിക്ക് നല്‍കി അനുഗ്രഹിക്കേണമേ.

തത്രൈവം പ്രതിദര്‍ശിതേ നിജപദേ രത്നാസനാധ്യാസിതം
ഭാസ്വത്കോടിലസത്കിരീടകടകാദ്യാകല്പദീപ്രാകൃതി |
ശ്രീവത്സാങ്കിതമാത്തകൗസ്തുഭമണിച്ഛായാരുണം കാരണം
വിശ്വേഷ‍ാം തവ രൂപമൈക്ഷത വിധിസ്തത്തേ വിഭോ ഭാതു മേ || 7 ||

ഇപ്രകാരം ബ്രഹ്മദേവനു കാണിച്ചുകൊടുക്കപ്പെട്ട ആ വൈകുണ്ഠത്തില്‍ രത്‍നപീഠത്തി‍ല്‍ സ്ഥിതി ചെയ്യുന്നതും കോടി സൂര്യപ്രകാശത്തോടുകൂടിയ  കിരീടം, കടകം തുടങ്ങിയ ആഭരണങ്ങളാല്‍ അതിയായി ശോഭിക്കുന്ന തിരുമേനിയോടുകൂടിയതും ശ്രീവത്സം എന്ന മുറുവിനാല്‍ അടയാളപ്പെട്ടതും തന്നാ‍ല്‍ സ്വീകരിക്കപ്പെട്ട കൗസ്തുഭമണിയുടെ ശോഭയാ‍ല്‍ അരുണിമയിണങ്ങിയതും, ജഗത്ക്കാരണവും ആയ നിന്തിരുവടിയുടെ മോഹനസ്വരുപത്തെ ബ്രഹ്മാവ് ദര്‍ശിച്ചു; ഭഗവന്‍! നിന്തിരുവടിയുടെ ആ കോമളവിഗ്രഹം എനിക്കും പ്രകാശിക്കേണമേ.

ല‍ാംഭോദകലായകോമലരുചീചക്രേണ ചക്രം ദിശാ –
മാവൃണ്വാനമുദാരമന്ദഹസിതസ്യന്ദപ്രസന്നാനനം |
രാജത്കംബുഗദാരിപങ്കജധരശ്രീമദ്ഭുജാമണ്ഡലം
സ്രഷ്ടുസ്തുഷ്ടികരം വപുസ്തവ വിഭോ മദ്രോഗമുദ്വാസയേത് || 8 ||

മംഗളസ്വരൂപ! നീലക്കാര്‍‍, കായ‍ാംപൂ ഇവയ്ക്കു തുല്യമായ കാന്തിവിശേഷംകൊണ്ട് ദിങ്‍മണ്ഡലത്തെ മറയ്ക്കുന്നതും ഉല്‍കൃഷ്ടാമായ മന്ദസ്മിതധാരയാ‍ല്‍ പ്രസന്നമായ മുഖത്തോടുകൂടിയതും ശോഭവഹങ്ങളായ ശംഖ്, ചക്രം, ഗദാ, പദ്മം എന്നിവയെ ധരികുന്ന രമ്യങ്ങളായ കൈകളോടുകൂടിയതും ബ്രഹ്മാവിന് സന്തോഷത്തെ ചെയ്തതുമായ അങ്ങയുടെ പ്രസന്നവിഗ്രഹം എന്റെ രോഗങ്ങളെ ഉന്മൂലനം ചെയ്യേണമേ.

ദൃഷ്ട്വാ സംഭൃതസംഭൃമഃ  കമലഭൂസ്ത്വത്പാദപാഥോരുഹേ
ഹര്‍ഷാവേശവശംവദോ നിപതിത: പ്രീത്യാ കൃതാര്‍ത്ഥിഭവന്‍ |
ജാനാസ്യേവ മനീഷിതം മമ വിഭോ ജ്ഞാനം തദാപാദയ
ദ്വൈതാദ്വൈതഭവത്സ്വരൂപപരമിത്യാചഷ്ട തം ത്വ‍ാം ഭജേ || 9 ||

ബ്രഹ്മാവ് അങ്ങയുടെ ദിവ്യവിഗ്രഹത്തെ ദര്‍ശിച്ച് പരിഭ്രമിച്ച് അങ്ങയുടെ ചരണകമലങ്ങളില്‍ സന്തോഷാതിരേകത്തിന് വശപ്പെട്ടവനായി വീണു നമസ്മരിച്ച് സംപ്രീതിയാല്‍ കൃതാര്‍ത്ഥനായിട്ട്, “അല്ലേ ഭഗവ‍ന്‍! എന്റെ ആഗ്രഹത്തെ അവിടുന്നറിയുന്നുണ്ടല്ലോ! പരമെന്നും അപരമെന്നും അറിയപ്പെടുന്ന അങ്ങയുടെ സ്വരൂപത്തെ സംബന്ധിച്ചുള്ള ആ അറിവിനെ എനിയ്ക്കുണ്ടാക്കിത്തരേണമേ!” എന്നിങ്ങിനെ അപേക്ഷിച്ചു.  ആ നിന്തിരുവടിയെ ഞാന്‍ ഭജിക്കുന്നു.

ആതാമ്രേ ചരണേ വിനമ്രമഥ തം ഹസ്തേന ഹസ്തേ സ്പൃശ‍ന്‍
ബോധസ്തേ ഭവിതാ ന സര്‍ഗവിധിഭിര്‍ബന്ധോപി സഞ്ജായതേ |
ഇത്യാഭാഷ്യ ഗിരം പ്രതോഷ്യ നിതര‍ാം തച്ചിത്തഗൂഢ: സ്വയം
സൃഷ്ടൗ തം സമുദൈരയ: സ ഭഗവന്നുല്ലാസയോല്ലാഘത‍ാം || 10 ||

അനന്തരം നിന്തിരുവടി അരുണവര്‍ണ്ണമിണങ്ങിയ കാലിണകളി‍ല്‍ നമസ്കരിക്കുന്ന ആ സ്രഷ്ടാവിനോട്, കൈകൊണ്ട് കരത്തില്‍ പിടിച്ച് “അങ്ങയ്ക്കു ജ്ഞാനം ഉണ്ടായിക്കൊള്ളും; സൃഷ്ടികര്‍മ്മങ്ങളാ‍ല്‍ ബന്ധവും ഉണ്ടാവുന്നതല്ല” എന്നിങ്ങനെ അരുളിചെയ്തു, അത്യന്തം സന്തോഷിച്ചു, തന്നത്താന്‍ അദ്ദേഹത്തിന്റെ ഹൃദയത്തി‍ല്‍ മറഞ്ഞിരിക്കുന്നവനായി, അദ്ദേഹത്തേ സൃഷ്ടികര്‍മ്മത്തില്‍ പ്രേരിപ്പിച്ചു. ലോകേശ്വരാ! അപ്രകാരമുള്ള ഭഗവന്‍ എനിക്ക് ദേഹസൗഖ്യത്തെ നല്‍കി ആനന്ദിപ്പിക്കേണമേ.

ഹിരണ്യഗര്‍ഭോത്പത്തിവര്‍ണ്ണനം എന്ന ഏഴ‍ാംദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 75
ദ്വിതീയ സ്കന്ധം സമാപ്തം.
വൃത്തം : =- ശാര്‍ദൂലവിക്രീഡിതം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.