ഡൗണ്‍ലോഡ്‌ MP3

വൈകുണ്ഠ വര്‍ദ്ധിതബലോഥ ഭവത്പ്രസാദാ-
ദംഭോജയോനിരസൃജത് കില ജീവദേഹാന്‍ |
സ്ഥാസ്നൂനി ഭൂരുഹമയാനി തഥാ തിരശ്ച‍ാം
ജാതിം മനുഷ്യനിവഹാനപി ദേവഭേദാ‍ന്‍ || 1 ||

ഹേ വൈകുണ്ഠവാസിന്‍! നിന്തിരുവടിയുടെ അനുഗ്രഹത്താല്‍ വര്‍ദ്ധിച്ച ബലാതിശയത്തോടുകൂടിയ ബ്രഹ്മദേവന്‍ പിന്നീട് ഭൂമിയില്‍നിന്നു മുളയ്ക്കുന്ന മരങ്ങ‍ള്‍ മുതലായ സ്ഥാവരവസ്തുകള്‍ അതുപോലെതന്നെ (പശു, പക്ഷി മൃഗാദി) തിര്യക്‍വര്‍ഗ്ഗങ്ങ‍ള്‍, മനുഷ്യസമൂഹം, ദേവവിശേഷങ്ങള്‍ എന്നിങ്ങിനെയുള്ള ജീവദേഹങ്ങളെ സൃഷ്ടിച്ചുപോല്‍.

മിത്ഥ്യാഗ്രഹാസ്മിമതിരാഗവികോപഭീതി-
രജ്ഞാനവൃത്തിമിതി പഞ്ചവിധ‍ാം സ സൃഷ്ട്വാ |
ഉദ്ദാമതാമസപദാര്‍ത്ഥവിധാനദൂന –
സ്തേനേ ത്വദീയചരണസ്മരണം വിശുദ്ധ്യൈ || 2 ||

ആ ബ്രഹ്മദേവന്‍ മിഥ്യാജ്ഞാനം, അഹംഭാവം, രാഗം, കോപം, ഭയം എന്നിങ്ങനെ അഞ്ചു വിധത്തിലുള്ള അജ്ഞാനവ്യാപരങ്ങളെ സൃഷ്ടിച്ചശേഷം തമോഗുണപ്രധാനങ്ങളായ ഏതാദൃശപദാര്‍ത്ഥങ്ങളെ നിര്‍മ്മിച്ചതിനാലുണ്ടായ മൗഢ്യത്തോടെ പരിശുദ്ധി വരുവാനായ്ക്കൊണ്ട് അങ്ങയുടെ പാദാരവിന്ദത്തെ സ്മരിച്ചു.

താവത് സസര്‍ജ മനസാ സനകം സനന്ദം
ഭൂയ: സനാതനമുനിം ച സനത്കുമാരം |
തേ സൃഷ്ടികര്‍മ്മണി തു തേന നിയുജ്യമാനാ-
സ്ത്വത്പാദഭക്തിരസികാ ജഗൃഹുര്‍ന്ന വാണീം || 3 ||

അപ്പോഴേയ്ക്ക് മനഃശക്തികൊണ്ട്, സനകനേയും സനന്ദനേയും പിന്നീട് സനാതനമുനിയേയും സനത്കുമാരനെന്ന മഹര്‍ഷിയേയും അദ്ദേഹം  സൃഷ്ടിച്ചുകഴിഞ്ഞു.  ആ ബ്രഹ്മദേവനാല്‍ സൃഷ്ടികര്‍മ്മത്തി‍ല്‍ നിയോഗിക്കപ്പെട്ടവരായ അവരാകട്ടെ അങ്ങയുടെ പാദസേവയില്‍ കുതുകികളായി ആ വാക്യത്തെ സ്വീകരിച്ചില്ല.

താവത് പ്രകോപമുദിതം പ്രതിരുന്ധതോസ്യ
ഭ്രൂമധ്യതോജനി മൃഡോ ഭവദേകദേശ: |
നാമാനി മേ കുരു പദാനി ച ഹാ വിരിഞ്ചേ-
ത്യാദൗ രുരോദ കില തേന സ രുദ്രനാമാ || 4 ||

അപ്പോള്‍ ഉണ്ടായ കോപത്തെ അടക്കുവാന്‍ ശ്രമിക്കുന്നവനായ ആ സ്രഷ്ടാവിന്റെ പുരികക്കൊടികളുടെ മദ്ധ്യഭാഗത്തില്‍നിന്ന് നിന്തിരുവടിയുടെ ഒരംശമായ ഒരു മംഗളവിഗ്രഹന്‍  ഉത്ഭവിച്ചു; “ഹേ പ്രജാപതേ! എനിക്കു നാമങ്ങളേയും വാസസ്ഥാനങ്ങളേയും കല്പിച്ചരുളിയാലും” എന്നിങ്ങനെ അദ്ദേഹം ആദ്യംതന്നെ കരഞ്ഞുകൊണ്ടുണര്‍ത്തിച്ചുപോ‍ല്‍‍; അതിനാല്‍ രുദ്രനെന്ന പേരോടു കൂടിയവനായിത്തീര്‍ന്നു.

ഏകാദശാഹ്വയതയാ ച വിഭിന്നരൂപം
രുദ്രം വിധായ ദയിതാ വനിതാശ്ച ദത്വാ |
താവന്ത്യദത്ത ച പദാനി ഭവത്പ്രണുന്ന:
പ്രാഹ പ്രജാവിരചനായ ച സാദരം തം || 5 ||

നിന്തിരുവടിയാല്‍ പ്രേരിതനായ ആ ബ്രഹ്മാവ് രുദ്രനെ പതിനൊന്നു പേരുകളോടും വെവ്വേറെ രൂപങ്ങളോടുംകൂടിയവനാക്കിയിട്ട് അതിപ്രിയകളായ സ്ത്രീരത്നങ്ങളേയും നല്‍കി, അത്രയും സ്ഥാനങ്ങളേയും കല്പിച്ചരുളി അദ്ദേഹത്തോടു പ്രജകളെ സൃഷ്ടിക്കുന്നതിന് ആദരവോടെ ആവശ്യപ്പെടുകയും ചെയ്തു.

രുദ്രാഭിസൃഷ്ടഭയദാകൃതിരുദ്രസംഘ-
സമ്പൂര്യമാണഭുവനത്രയഭീതചേതാ: |
മാ മാ പ്രജാ: സൃജ തപശ്ചര മംഗലായേ-
ത്യാചഷ്ട തം കമലഭൂര്ഭവദീരിതാത്മാ || 6 ||

രുദ്രനാല്‍ സൃഷ്ടിക്കപ്പെട്ട ഭയങ്കരമൂര്‍ത്തികളായ രുദ്രസംഘങ്ങളാ‍ല്‍ മൂന്നുലോകവും നിറയുന്നതുകൊണ്ട് ഭയന്ന മനസ്സോടുകൂടിയവനായി നിന്തിരുവടിയാല്‍ പ്രേരിതനായ ബ്രഹ്മദേവന്‍ “പ്രജകളെ സൃഷ്ടിക്കേണ്ട; ലോകക്ഷേമത്തിനായി തപസ്സുചെയ്യുക” എന്നപ്രകാരം ആ രുദ്രനോട് ആജ്ഞാപിച്ചു.

തസ്യാഥ സര്‍ഗ്ഗരസികസ്യ മരീചിരത്രി-
സ്തത്ര‍ാംഗിരാ: ക്രതുമുനി: പുലഹ: പുലസ്ത്യ: |
അംഗാദജായത ഭൃഗുശ്ച വസിഷ്ഠദക്ഷൗ
ശ്രീനാരദശ്ച ഭഗവന്‍ ഭവദംഘ്രിദാസ: || 7 ||

അനന്തരം സൃഷ്ടികര്‍മ്മത്തിലുല്‍സുകനായ ആ ബ്രഹ്മാവിന്റെ അവയവങ്ങളില്‍നിന്ന് മരീചി, അത്രി, അംഗിരസ്സ്, ക്രുതുമഹര്‍ഷി, പുലഹന്‍, പുലസ്ത്യന്‍, ഭൃഗു, വസിഷ്ഠന്‍, ദക്ഷന്‍ എന്നിവരും അവരൊന്നിച്ച് നിന്തിരുവടിയുടെ തൃപ്പദദാസനായ ഷഡ്ഗുണപരിപൂര്‍ണ്ണനായ ശ്രീ നാരദമുനിയും ജനിച്ചു.

ധര്‍മ്മാദികാനഭിസൃജന്നഥ കര്‍ദ്ദമം ച
വാണീം വിധായ വിധിരംഗജസംകുലോഭൂത് |
ത്വദ്ബോധിതൈസ്സനകദക്ഷമുഖൈസ്തനൂജൈ-
രുദ്ബോധിതശ്ച വിരരാമ തമോ വിമുഞ്ചന്‍ || 8  ||

ബ്രഹ്മാവ് ധര്‍മ്മദേവ‍ന്‍ തുടങ്ങിയവരേയും അനന്തരം കര്‍ദമപ്രജാപതിയേയും സൃഷ്ടിച്ചിട്ട് സരസ്വതിദേവിയെ ഉല്‍പാദിപ്പിച്ചപ്പോള്‍ കാമവിവശനായി ഭവിച്ചു; അങ്ങയാല്‍ പ്രേരിതനായ സനകന്‍, ദക്ഷ‍ന്‍ തുടങ്ങിയ തനയന്മാരാ‍ല്‍ ഉണര്‍ത്തപ്പെട്ടവനായി ഉടനെതന്നെ അജ്ഞാനത്തെ ഉപേക്ഷിച്ച് അതില്‍നിന്നു മനസ്സിനെ പിന്‍തിരിച്ചു.

വേദാന്‍ പുരാണനിവഹാനപി സര്‍വ്വവിദ്യാ:
കുര്‍വന്‍ നിജാനനഗണാച്ചതുരാനനോസൗ |
പുത്രേഷു തേഷു വിനിധായ സ സര്‍ഗവൃദ്ധി-
മപ്രാപ്നുവംസ്തവ പദാമ്ബുജമാശ്രിതോഭൂത് || 9 ||

അപ്രകാരമിരിക്കുന്ന ഈ നാന്മുഖന്‍ തന്റെ മുഖങ്ങളിള്‍നിന്നു (ഋക്‍, യജുസ്സ്, സാമം, അഥര്‍വ്വണം) എന്ന നാലു വേദങ്ങളേയൂം പുരാണസമൂഹങ്ങളേയും വേദ‍ാംഗങ്ങളടങ്ങിയ എല്ലാ വിദ്യകളേയും നിര്‍മ്മിക്കുകയും മരീചി മുതലായ ആ പുത്രന്മാരി‍ല്‍  പ്രതിഷ്ഠിക്കുകയും ചെയ്തശേഷം പ്രജാസൃഷ്ടിയുടെ അഭിവൃദ്ധിയെ പ്രാപിക്കാത്തവനായി അങ്ങയുടെ ചരണകമലത്തെ ശരണം പ്രാപിച്ചവനായി ഭവിച്ചു.

ജാനന്നുപായമഥ ദേഹമജോ വിഭജ്യ
സ്രീപുംസഭാവമഭജന്മനുതദ്വധൂഭ്യ‍ാം |
താഭ്യ‍ാം ച മാനുഷകുലാനി വിവര്‍ദ്ധയംസ്ത്വം
ഗോവിന്ദ മാരുതപുരേശ നിരുന്ധി രോഗാന്‍ || 10 ||

അതില്‍പിന്നെ ബ്രഹ്മദേവന്‍ പ്രജാഭിവൃദ്ധിയ്ക്കുള്ള ഉപായത്തെ അറിഞ്ഞ് തന്റെ ശരീരത്തെ രണ്ടായി പകുത്ത് മനുവിനെക്കൊണ്ടും ഭാര്യയായ ശതരൂപയെക്കൊണ്ടും സ്ത്രീപുരുഷാവസ്ഥയെ പ്രാപിച്ചു.  വാതലയേശ! കൈവല്യപ്രഭു! അവരെക്കൊണ്ടുതന്നെ മനുഷ്യവര്‍ഗ്ഗങ്ങളെ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന നിന്തിരുവടി എന്റെ രോഗങ്ങളെ നിവാരണം ചെയ്യേണമേ !

സൃഷ്ടിഭേദവര്‍ണ്ണനം എന്ന പത്തംദശകം
ആദിതഃ ശ്ലോകാഃ 108. – വൃത്തം – വസന്തതിലകം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.