യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 496 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

അത്രാഹാരാര്‍ത്ഥം കര്‍മ കുര്യാദനിന്ദ്യം
കുര്യാദാഹാരം പ്രാണസംധാരണാര്‍ത്ഥം
പ്രാണ: സംധാര്യസ്തത്വജിജ്ഞാസനാര്‍ത്ഥം
തത്വം ജിജ്ഞാസ്യം യേന ഭൂയോ ന ദു:ഖം (6.2/21/10)

വസിഷ്ഠന്‍ തുടര്‍ന്നു: ധാരണ, സങ്കല്‍പ്പം, ചിന്ത എന്നീ വാക്കുകളാലെല്ലാം വിവക്ഷിക്കപ്പെടുന്നത്‌ വിശ്വപുരുഷന്റെ സ്വരൂപം തന്നെയാണ്. അദ്ദേഹം എന്തെന്ത് ധാരണകള്‍ വച്ച് പുലര്‍ത്തുന്നുവോ, എന്തെന്ത് സങ്കല്‍പ്പിക്കുന്നുവോ അത് അപ്രകാരം പഞ്ചഭൂതാത്മകമായി ബ്രഹ്മാണ്ഡത്തില്‍ മൂര്‍ത്തീകരിക്കുന്നു. അതുകൊണ്ട് രാമാ, എന്തെന്ത് സൃഷ്ടിക്കപ്പെട്ടു എന്ന് കാണപ്പെട്ടാലും അത് ധാരണാത്മകമാണ് എന്ന് ജ്ഞാനിക്കറിയാം. വിശ്വപുരുഷനാണ് എല്ലാ ലോകങ്ങളുടെയും മൂല കാരണം. കാര്യം കാരണത്തിന്റെ പ്രതിരൂപമാണല്ലോ. എങ്കിലും ഇതെല്ലാം ബോധത്തിന്റെ മണ്ഡലത്തിലാണ്‌ നടക്കുന്നത്. അബോധാവസ്ഥയില്‍ ഇതൊന്നുമില്ല എന്ന് ഓര്‍മ്മിക്കുക.

വൈവിദ്ധ്യമാര്‍ന്ന എല്ലാ സൃഷ്ടികളും – ഒരു ചെറുപുഴുമുതല്‍ രുദ്രഭാഗവാന്‍വരെ – ആദിസങ്കല്‍പ്പത്തില്‍ നിന്നും ഉണ്ടായതാണ്. ചെറുവിത്തില്‍ നിന്നാണല്ലോ വന്മരം ഉണ്ടാവുന്നത്. ഇപ്രകാരം അണുമാത്രമുതല്‍ ബ്രഹ്മാണ്ഡവിസ്തൃതിയായി വികസ്വരം പ്രാപിച്ച വിശ്വം നിലനില്‍ക്കുന്നത് ചൈതന്യതലത്തിലാണ്, ജഡമായല്ല. വിശ്വപുരുഷന്‍ വിശ്വത്തെ ദേഹമാക്കിയതുപോലെ എല്ലാ ജീവനിര്‍ജ്ജീവവസ്തുക്കളും അങ്ങനെ ഉണ്ടായി.

എന്നാല്‍ സത്യത്തില്‍ ചെറുതും വലുതുമായി ഒന്നുമില്ല. ആത്മാവില്‍ എന്തെന്ത് ധാരണകള്‍ ഉണ്ടാകുന്നുവോ അത് അപ്രകാരം അനുഭവത്തിന് വേദിയാകുന്നു. മനസ്സ് ചാന്ദ്രഘടകത്തില്‍ ഉദിക്കുന്നതിനാല്‍ മനസ്സാണ് ചന്ദ്രനെ സൃഷ്ടിച്ചത്. അതുപോലെ ഒരു ജീവന്‍ മറ്റ് ജീവനുകളെ സൃഷ്ടിക്കുന്നു. ജ്ഞാനികള്‍ ശുക്ളബീജത്തില്‍ ജീവന്റെ സത്തയാണുള്ളത് എന്ന് പറയുന്നു.

അതില്‍ ആത്മാനന്ദം ഒളിഞ്ഞിരിക്കുന്നു. അതിന്റെ അനുഭവമോ, ആത്മവിഭിന്നമാണെന്ന മട്ടിലുമാണ് നമ്മില്‍ അനുഭവവേദ്യമാവുന്നത്. ഇത് കാരണമേതുമില്ലാതെ ജീവനെ പഞ്ചഭൂതങ്ങളുമായി താതാത്മ്യം പ്രാപിക്കാന്‍ ഇടയാക്കുന്നു. എങ്കിലും ഈ ഘടകങ്ങളുടെ പരിമിതികള്‍ ബാധിക്കാതെ അത് ജീവനായിത്തന്നെ തുടരുന്നു. ഈ ഘടകങ്ങള്‍ അകത്തും പുറത്തും മൂര്‍ത്തീകരിച്ചു ദേഹാദികള്‍ ഉണ്ടാവുന്നു. പഞ്ചഭൂതങ്ങളാകുന്ന മൂടുപടം സ്വരൂപത്തെ മറയ്ക്കുന്നതിനാല്‍ ജീവന്‍ തന്നെക്കുറിച്ചുള്ള സത്യം കാണാതെ പോകുന്നു. ജന്മനാ കുരുടനായ ഒരുവന് വഴി ‘കാണാന്‍’ കഴിയുന്നില്ലല്ലോ.

മോക്ഷം എന്നത് ഈ അജ്ഞാനത്തിന്റെ അന്ത്യമാണ്. ജീവന്‍ ഈ ഘടകങ്ങളില്‍ നിന്നും അഹംകാരത്തില്‍ നിന്നും സ്വതന്ത്രമാണെന്ന തിരിച്ചറിവാണ് മോക്ഷം.

രാമാ ഒരുവന്‍ ജ്ഞാനിയാവാന്‍ പരിശ്രമിക്കുകതന്നെ വേണം. എന്നാല്‍ അയാള്‍ വെറുമൊരു ജ്ഞാനബന്ധു (കപടജ്ഞാനി) ആയതുകൊണ്ട് കാര്യമില്ല. ആരാണീ ജ്ഞാനബന്ധു? ശില്‍പകല പഠിക്കുന്ന ഒരുവന്‍ അതിന്റെ പൂര്‍ണ്ണതയില്‍ എത്താതേതന്നെ പഠനം നിര്‍ത്തുന്നതുപോലെ അപക്വമതിയാണയാള്‍. പണത്തിനും സുഖത്തിനും വേണ്ടി ശാസ്ത്രം പഠിക്കുന്നവനാണ് കപടജ്ഞാനി. അയാളുടെ നിത്യജീവിതത്തില്‍ അയാള്‍ പഠിച്ച ജ്ഞാനം പ്രതിഫലിക്കുന്നില്ല. അയാള്‍ തന്റെ ജ്ഞാനവും ശാസ്ത്രസംബന്ധിയായ അറിവും ഭൌതീകാഭിവൃദ്ധിക്കായും ഇന്ദ്രിയസുഖങ്ങള്‍ക്കായും ഉപയോഗിക്കുന്നു. അതിനാല്‍ അജ്ഞാനികളെയാണ് ഞാന്‍ ഇത്തരം കപടജ്ഞാനികളേക്കാള്‍ ഏറെ വിലമതിക്കുന്നത്.

ജ്ഞാനം-വിവേകം എന്നത് ആത്മജ്ഞാനമാണ്. മറ്റെല്ലാത്തരം അറിവും ആത്മജ്ഞാനത്തിന്റെ മങ്ങിയ പ്രതിഫലനങ്ങള്‍ മാത്രം.

“ഒരുവന്‍ ഈ ലോകത്ത് തനിക്ക് സത്യസന്ധനായി, ഭംഗിയായി ജീവിക്കാനുള്ള പരിശ്രമം ചെയ്യണം. ഒരുവന്‍ അവന്റെ ജീവസന്ധാരണാര്‍ത്ഥം മാത്രം ഭക്ഷണം കഴിച്ചു ജീവിക്കണം. ഒരുവന്‍ ഈ ജീവനെ നിലനിര്‍ത്തുന്നത് ജ്ഞാനസമ്പാദനത്തിനായി മാത്രമായിരിക്കണം. ഒരുവന്‍ എന്താണോ തനിക്ക് ദുഖനിവൃത്തി തരുന്നത്, അതിനെക്കുറിച്ച് സദാ അന്വേഷണനിരതനായിരിക്കണം