യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 578 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ജനോ ജരഢഭേദത്വാന്ന സങ്കല്‍പ്പാര്‍ത്ഥഭാജനം
സ ഏഷ ജീര്‍ണ്ണഭേദത്വാത്സത്യകാമത്വഭാജനം (6.2/94/22)

വസിഷ്ഠന്‍ തുടര്‍ന്നു: ഞാന്‍ മഹര്‍ഷിയോടിങ്ങനെ പറഞ്ഞു: അങ്ങയുടെ കഥ കേട്ടിട്ട് അങ്ങ് ആ പര്‍ണ്ണശാലയില്‍ത്തന്നെ തുടര്‍ന്നും ജീവിക്കണം എന്നാണെനിക്ക് പറയാനുള്ളത്. എഴുന്നേല്‍ക്കൂ, നമുക്ക് സിദ്ധപുരുഷന്മാരുടെ ഉത്തമലോകങ്ങളില്‍ വിഹരിക്കാം. നമുക്കൊരോരുത്തര്‍ക്കും അവരവര്‍ക്ക് ഉചിതമായ ചുറ്റുപാടുകളില്‍ ജീവിക്കുന്നതാണല്ലോ അഭികാമ്യമായുള്ളത്. അങ്ങനെ നമ്മുടെ മനസ്സിന് വ്യതിചലനമില്ലാതെ ഏകാഗ്രമായിരിക്കാം.

ഞങ്ങള്‍ ആകാശത്തുയര്‍ന്നുപൊങ്ങി പരസ്പരം ആദരവര്‍പ്പിച്ച് അവരവരുടെ വഴിക്ക് പിരിഞ്ഞു.

രാമന്‍ ചോദിച്ചു: അങ്ങയുടെ ദേഹം ഭൂമിയില്‍ പൊടിഞ്ഞു ജീര്‍ണ്ണമായിത്തീര്‍ന്നിരുന്നുവല്ലോ. അപ്പോള്‍പ്പിന്നെ ഏതു ദേഹത്തിലാണ് അങ്ങ് സിദ്ധലോകത്ത് പാറിനടന്നത്?

വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ ദേവരാജാവായ ഇന്ദ്രന്റെ നഗരിയില്‍ ചെന്നപ്പോള്‍ എനിക്ക് ആകാശദേഹമായിരുന്നതിനാല്‍ ആര്‍ക്കുമെന്നെ കാണാന്‍ കഴിഞ്ഞില്ല. എന്നെയാര്‍ക്കും തൊടാനോ പിടിക്കാനോ കഴിഞ്ഞിരുന്നില്ല. ഞാന്‍ ഒരു ചിന്താശകലം പോലെ ശുദ്ധസങ്കല്‍പ്പസമ്പന്നമായിരുന്നു. ഇത് സ്വപ്നത്തില്‍ സൃഷ്ടിക്കപ്പെടുന്ന വസ്തുദേഹാദികളെപ്പോലെയാണ്. അത്തരം സ്വപന്സൃഷ്ടികളുണ്ടാക്കാന്‍ പിണ്ഡമുള്ള പദാര്‍ത്ഥങ്ങള്‍ വേണ്ടല്ലോ.

ഇതെല്ലാം അസംഭാവ്യം എന്ന് തള്ളിക്കളയുന്നവര്‍ സ്വപ്നാനുഭവത്തെ തള്ളിക്കളയുന്നവരാണ്. അത്തരം സുവിദിതമായ അനുഭവങ്ങളെ തള്ളിക്കളയുന്നവരെ നമുക്കവഗണിക്കാം. എനിക്ക് മറ്റുള്ളവരെ, പ്രത്യേകിച്ചും ഭൌതികദേഹമുള്ളവരെ കാണാന്‍ കഴിഞ്ഞിരുന്നു. അവര്‍ക്ക് എന്നെ കാണാന്‍ കഴിയുമായിരുന്നില്ല.

രാമന്‍ വീണ്ടും ചോദിച്ചു: അപ്പോള്‍ ആ ഋഷിക്ക് അങ്ങയെ കാണാന്‍ സാധിച്ചതെങ്ങനെ?

വസിഷ്ഠന്‍ പറഞ്ഞു: ഞങ്ങളെപ്പോലുള്ളവര്‍ക്ക് സ്വാഭീഷ്ടങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കും. യാതൊന്നും ഞങ്ങളുടെ ഇഛകൂടാതെ സംഭവിക്കുകയില്ല. ലൌകീകജീവിതത്തില്‍ ആണ്ടുമുങ്ങിയവര്‍ മാത്രമേ തങ്ങളിലെ ആതിവാഹികനെ (സൂക്ഷ്മദേഹം) ക്ഷണനേരത്തെയ്ക്കെങ്കിലും മറക്കുകയുള്ളു. ‘ഈ ഋഷി എന്നെ കാണട്ടെ’ എന്ന് ഞാന്‍ ചിന്തിച്ചപ്പോള്‍ അദ്ദേഹം എന്നെ കണ്ടു.

“വിഭജനാത്മകമായ ദൃഷ്ടി ഉള്ളില്‍ വേരൂന്നിയവര്‍ക്ക് അവരവരുടെ ഇഛകളെ സാക്ഷാത്ക്കരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ആ മുനിയെപ്പോലെ ഭേദചിന്തയില്ലാത്തവര്‍ക്ക് അഭീഷ്ടസിദ്ധി ക്ഷിപ്രസാദ്ധ്യമത്രേ.”

മനോസുതാര്യതയുള്ള സിദ്ധപുരുഷന്മാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നിപുണതയുള്ളതാക്കാന്‍ സാധിക്കും.

ഇനി കഥയിലേയ്ക്ക് തിരിച്ചു വരാം. ഞാന്‍ ആകാശദേശങ്ങളില്‍ ഒരു പ്രേതപിശാചുക്കളെപ്പോലെ പാറിപ്പറന്നു നടന്നു.

രാമന്‍ ചോദിച്ചു: ഭഗവന്‍, വാസ്തവത്തില്‍ പ്രേതപിശാചുക്കള്‍ ഉണ്ടോ?

വസിഷ്ഠന്‍ പറഞ്ഞു: രാമാ, പിശാചുക്കള്‍ ഈ ലോകത്തുണ്ട്. അവര്‍ എന്താണെന്നും അവര്‍ എന്ത് ചെയ്യുന്നുവെന്നും ഞാനിനി പറയാം. ഒരു ചോദ്യം ചോദിക്കുമ്പോള്‍ അതിനുചിതമായ ഉത്തരങ്ങള്‍ നല്‍കാത്തവന്‍ നല്ലൊരു ഗുരുവല്ല.