ഡൗണ്‍ലോഡ്‌ MP3

ചേതസസ്തു ഭഗവന്നപരോ ഹി ദക്ഷ-
സ്ത്വത്സേവനം വ്യധിത സര്‍ഗ്ഗവിവൃദ്ധികാമ: |
ആവിര്‍ഭഭൂവിഥ തദാ ലസദഷ്ടബാഹു-
സ്തസ്മൈ വരം ദദിഥ ത‍ാം ച വധൂമസിക്‍നിം || 1||

ഹേ പ്രഭോ! പ്രചേതസ്സുകളുടെ പുത്രനായ വേറൊരു ദക്ഷന്‍ സൃഷ്ടിയെ വര്‍ദ്ദിപ്പിക്കുവാനുള്ള ആഗ്രഹത്തോടുകൂടിയവനായിട്ട് നിന്തിരുവടിയെ ഭജിച്ചു സേവിച്ചു; അപ്പോള്‍ നിന്തിരുവടി ശോഭിക്കുന്ന എട്ടു കൈകളോടുകൂടിവയനായിട്ട് പ്രത്യക്ഷനായി; അദ്ദേഹത്തിന്നു വരത്തേയും അസിക്‍നിയെന്നുപേരായ ആ കന്യകയേയും നല്‍കി.

തസ്യാത്മജാസ്ത്വയുതമീശ പുനസ്സഹസ്രം
ശ്രീനാരദസ്യ വചസാ തവ മാര്‍ഗ്ഗമാപു: |
നൈകത്രവാസമൃഷയേ സ മുമോച ശാപം
ഭക്തോത്തമസ്ത്വൃഷിരനുഗ്രഹമേവ മേനേ || 2 ||

ജഗദീശ! അദ്ദേഹത്തിന്റെ പതിനോരായിരം പുത്രന്മാരും നാരദമഹര്‍ശിയുടെ ഉപദേശത്താല്‍ അങ്ങയുടെ മാര്‍ഗ്ഗത്തെ പ്രാപിച്ചു. ആ ദക്ഷന്‍ മഹര്‍ഷിയ്ക്കു ഒരിടത്തും  സ്ഥിരമായിരിക്കാതിരിക്കട്ടെ എന്ന ശാപവും നല്കി.  ഭക്തന്മാരിലുത്തമനായ മഹര്‍ഷിയാവട്ടെ അത് അനുഗ്രഹമായിത്തന്നെ കരുതി.

ഷഷ്ട്യാ തതോ ദുഹിതൃഭി: സൃജത: കുലൗഘാന്‍
ദൗഹിത്രസൂനുരഥ തസ്യ സ വിശ്വരൂപ: |
ത്വത്സ്തോത്രവര്‍മ്മിതമജാപയദിന്ദ്രമാജൗ
ദേവ ത്വദീയമഹിമാ ഖലു സര്‍വ്വജൈത്ര: || 3 ||

അതിനുശേഷം അറുപതു പുത്രിമാരെക്കൊണ്ട് വംശപരമ്പരകളെ അഭിവൃദ്ധിപ്പെടുത്തുന്ന അദ്ദേഹത്തിന്നു മകളുടെ മകന്റെ പുത്രനായ ആ വിശ്വരൂപന്‍ അനന്തരം ദേവേന്ദ്രനെ നാരായണകവചമെന്ന അങ്ങയുടെ സ്തോത്രമാകുന്ന കവചം ധരിപ്പിച്ച് യുദ്ധത്തി‍ല്‍ ജയിപ്പിച്ചു. പ്രഭോ അങ്ങയുടെ മാഹാത്മ്യം സകലരേയും ജയിക്കുന്നതിന്നു സമര്‍ത്ഥമായതാണല്ലോ.

പ്രാക്‍ശൂരസേനവിഷയേ കില ചിത്രകേതു:
പുത്രാഗ്രഹീ നൃപതിരംഗിരസ: പ്രഭാവാത് |
ലബ്ധ്വൈകപുത്രമഥ തത്ര ഹതേ സപത്നീ-
സംഘൈരമുഹ്യദവശസ്തവ മായയാസൗ || 4 ||

പണ്ട് ശൂരസേനരാജ്യത്തി‍ല്‍ ചിത്രകേതു എന്ന രാജാവ് പുത്രനുണ്ടാവാ‍ന്‍ ആഗ്രഹിച്ചു; ഇദ്ദേഹം അംഗിരസ്സ് മഹര്‍ഷിയുടെ പ്രഭാവംകൊണ്ട് ഒരു പുത്രനെ ലഭിച്ചിട്ട് അനന്തരം ആ ശിശു സപത്നിമാരാ‍ല്‍ കൊല്ലപ്പെട്ടപ്പോ‍ള്‍ ദുഃഖത്താ‍ല്‍ വശംകെട്ട് അങ്ങയുടെ മായകൊണ്ട് മോഹിച്ചു.

തം നാരദസ്തു സമമംഗിരസാ ദയാലു:
സമ്പ്രാപ്യ താവദുപദര്ശ്യ സുതസ്യ ജീവം |
കസ്യാസ്മി പുത്ര ഇതി തസ്യ ഗിരാ വിമോഹം
ത്യക്ത്വാ ത്വദര്‍ചനവിധൗ നൃപതിം ന്യയുങ്‍ത || 5 ||

ആ സമയം കരൂണാമൂര്‍ത്തിയായ നാരദമഹര്‍ഷി അംഗിരസ്സോടുകൂടി ആ രാജാവിനെ സമീപിച്ച് പുത്രന്റെ ജീവനെ അടുത്തു കാണിച്ചു കൊടുത്തു; ‘ഞാന്‍ ആരുടെ പുത്രനാണ്’ എന്ന ആ ജീവന്റെ വാക്കുകേട്ട് മോഹത്തെ ഉപേക്ഷിച്ച രാജാവിനെ അങ്ങയെ ആരാധിക്കുന്ന വിഷയത്തില്‍ നിയോഗിച്ചു.

സ്തോത്രം ച മന്ത്രമപി നാരദതോഥ ലബ്ധ്വാ
തോഷായ ശേഷവപുഷോ നനു തേ തപസ്യന്‍ |
വിദ്യാധരാധിപതിത‍ാം സ ഹി സപ്തരാത്രേ
ലബ്ധ്വാപ്യകുണ്ഠമതിരന്വഭജദ്ഭവന്തം || 6 ||

അനന്തരം ആ രാജാവകട്ടെ നാരദമഹര്‍ഷിയില്‍നിന്ന് സ്തോത്രത്തേയും ദിവ്യമന്ത്രത്തേയും ലഭിച്ച് ആദിശേഷസ്വരൂപിയായ അങ്ങയുടെ പ്രീതിക്കായിത്തന്നെ തപസ്സുചെയ്തു ഏഴുദിവസംകൊണ്ട് വിദ്യാധരന്മാരുടെ ആധിപത്യം കൈവന്നിട്ടും മനം  മടുക്കാതെ നിന്തിരുവടിയെ ഭജിച്ചുകൊണ്ടേയിരുന്നു.

തസ്മൈ മൃണാലധവലേന സഹസ്രശീര്‍ഷ്ണാ
രൂപേണ ബദ്ധനുതിസിദ്ധഗണാവൃതേന |
പ്രാദുര്‍ഭവന്നചിരതോ നുതിഭി: പ്രസന്നോ
ദത്വാത്മതത്ത്വമനുഗൃഹ്യ തിരോദധാഥ || 7 ||

നിന്തിരുവടി താമരവളയംപോലെ വെളുത്തതും ആയിരം ശിരസ്സുകളോടുകൂടിയതും സ്തുതിചെയ്തുകൊണ്ടിരിക്കുന്ന സിദ്ധഗണങ്ങളാല്‍ പരിസേവിക്കപ്പെട്ടതുമായ ദിവ്യരൂപത്തോടെ താമസിയാതെ പ്രത്യക്ഷനായി സ്തോത്രങ്ങളാല്‍ സന്തുഷ്ടനായി ആ രാജാവിന്നായ്ക്കൊണ്ട് ആത്മതത്വത്തെ ഉപദേശിച്ച് അനുഗ്രഹിച്ചശേഷം അന്തര്‍ധാനംചെയ്തു.

ത്വദ്ഭക്തമൗലിരഥ സോപി ച ലക്ഷലക്ഷം
വര്‍ഷാണി ഹര്‍ഷുലമനാ ഭുവനേഷു കാമം |
സംഗാപയന്‍ ഗുണഗണം തവ സുന്ദരീഭി:
സംഗാതിരേകരഹിതോ ലലിതം ചചാര || 8 ||

അതില്‍പിന്നെ അങ്ങയുടെ ഭക്തശിരോമണിയായിത്തീര്‍ന്ന അദ്ദേഹം അങ്ങയുടെ ദിവ്യഗുണഗണങ്ങളെ സുന്ദരിമാരെക്കൊണ്ട് മനോഹരമായി പാടിച്ചുകൊണ്ട് വിഷയങ്ങളില്‍ ഒട്ടുംതന്നെ ആസക്തിയോടുകൂടാത്തവനായി മനഃ സന്തുഷ്ടിയോടുകൂടിയവനായി അനേകലക്ഷം വര്‍ഷം ലോകങ്ങളി‍ല്‍  ഇഷ്ടംപോലെ സഞ്ചരിച്ചു.

അത്യന്തസംഗവിലയായ ഭവത്പ്രണുന്നോ
നൂനം സ രൂപ്യഗിരിമാപ്യ മഹത്സമാജേ |
നിശ്ശങ്കമങ്കകൃതവല്ലഭമംഗജാരിം
തം ശങ്കരം പരിഹസന്നുമയാഭിശേപേ || 9 ||

വിഷയാസക്തിയുടെ ഉന്മൂലനാശത്തിന്നുവേണ്ടി അങ്ങയാല്‍ പ്രേരിപ്പിക്ക പ്പെട്ടാവനായിട്ടുതന്നെ കൈലാസവര്‍വ്വതത്തെ പ്രാപിച്ചിട്ട് മഹാന്മാരുടെ സദസ്സി‍ല്‍ ശങ്കകൂടാതെ പത്നിയെ മടിയി‍ല്‍ കയറ്റിവെച്ചുകൊണ്ടിരിക്കുന്ന കാമാരിയായ ആ ശ്രീ പരമേശ്വരനെ പരിഹസിക്കുന്നവനായിട്ട് പാര്‍വ്വതിയാ‍ല്‍ ശപിക്കപ്പെട്ടു.

നിസ്സമ്ഭ്രമസ്ത്വയമയാചിതശാപമോക്ഷോ
വൃത്രാസുരത്വമുപഗമ്യ സുരേന്ദ്രയോധീ |
ഭക്ത്യാത്മതത്ത്വകഥനൈ: സമരേ വിചിത്രം
ശത്രോരപി ഭ്രമമപാസ്യ ഗത: പദം തേ || 10 ||

ഈ ചിത്രകേതുവാകട്ടെ യാതൊരു പരിഭ്രമവുംകൂടാതെ ശാപത്തിന്നു മോക്ഷം യാചിക്കാത്തവനായി വൃതന്‍ എന്ന അസുരനായി ഭവിച്ച് ദേവേന്ദ്രനോടു യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഭക്തികൊണ്ട് ആത്മതത്വോപദേശങ്ങളാല്‍ യുദ്ധമദ്ധ്യത്തി‍ല്‍ ശത്രുവിന്റെ അജ്ഞാനംകൂടി തീര്‍ത്തിട്ട് അങ്ങായുടെ സ്ഥാനത്തെ പ്രാപിച്ചു, ആശ്ചര്‍യ്യംതന്നെ !

ത്വത്സേവനേന ദിതിരിന്ദ്രവധോദ്യതാപി
താര്‍ പ്രത്യുതേന്ദ്രസുഹൃദോ മരുതോഭിലേഭേ |
ദുഷ്ടാശയേപി ശുഭദൈവ ഭവന്നിഷേവാ
തത്താദൃശസ്ത്വമവ മ‍ാം പവനാലയേശ || 11 ||

ദിതി ഇന്ദ്രനെ വധിക്കുന്നതിന്ന് ഉദ്യമിച്ചവളാണെങ്കിലും അങ്ങയുടെ ആരാധനയാല്‍ ഉദ്ദേശത്തിന്നു വിരോധമായി ഇന്ദ്രന്നു സുഹൃത്തുക്കളായ ആ മരുത്തുകളെ പുത്രന്മാരായി ലഭിച്ചു; അങ്ങയെ ഭജിക്കുന്നത് ദുഷ്ടബുദ്ധിയോടു കൂടിയാണെങ്കിലും ശുഭത്തെ കൊടുക്കുന്നു. ഹേ ഗുരുവായൂരപ്പ! അപ്രകാരമുള്ള നിന്തിരുവടി എന്നെ രക്ഷിക്കേണമേ.

ദക്ഷചരിതവും ചിത്രകേതുപാഖ്യാനവും വൃത്രവധവര്‍ണ്ണനവും സപ്തമരുത് പത്തികഥാവര്‍ണ്ണനവും എന്ന ഇരുപത്തിമൂന്ന‍ാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 243.
വൃത്തം. വസന്തതിലകം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.