ഡൗണ്‍ലോഡ്‌ MP3

സ്തംഭേ ഘട്ടയതോ ഹിരണ്യകശിപോ: കര്‍ണ്ണൗ സമാചൂര്‍ണ്ണയ-
ന്നാഘൂര്‍ണ്ണജ്ജഗദണ്ഡകുണ്ഡകുഹരോ ഘോരസ്തവാഭൂദ്രവ: |
ശ്രുത്വാ യം കില ദൈത്യരാജഹൃദയേ പൂര്‍വ്വം കദാപ്യശ്രുതം
കമ്പ: കശ്ചന സംപപാത ചലിതോപ്യംഭോജഭൂര്‍വ്വിഷ്ടരാത്  || 1 ||

തൂണിന്മേല്‍ ഇടിക്കുന്നവനായ ഹിരണ്യകശിപുവിന്റെ ചെവികളെ തകര്‍ത്തുകൊണ്ടും ബ്രഹ്മാണ്ഡകടാഹത്തിന്റെ ഉള്ളെല്ല‍ാം ഇളക്കിമറിച്ചുകൊണ്ടും ഭയങ്കരമായ അങ്ങയുടെ ഗര്‍ജ്ജനം ഉണ്ടായി.  മുമ്പ് ഒരിക്കലും കേട്ടിട്ടില്ലത്തതായ യാതൊരു ആ ശബ്ദത്തെ കേട്ട് അസുരശ്രേഷ്ഠന്റെ ഹൃദയത്തില്‍ ഒരു വിറയാല്‍ ഉണ്ടായി ! ബ്രഹ്മദേവന്‍കൂടി തന്റെ ആസനത്തില്‍നിന്ന് ഇളകിപ്പോയി.

ദൈത്യേ ദിക്ഷു വിസൃഷ്ടചക്ഷുഷി മഹാസംരംഭിണി സ്തംഭത:
സംഭൂതം ന മൃഗാത്മകം ന മനുജാകാരം വപുസ്തേ വിഭോ |
കിം കിം ഭീഷണമേതദദ്ഭുതമിതി വ്യുദ്ഭ്രാന്തചിത്തേസുരേ
വിസ്ഫൂര്‍ജ്ജദ്ധവലോഗ്രരോമവികസദ്വര്‍ഷ്മാ സമാജൃംഭഥാ: || 2 ||

ഹേ ഭഗവന്‍ ! ഏറ്റവും വലിയ സംരംഭത്തോടുകൂടിയ ആ അസുരന്‍ എല്ലാ ഭാഗങ്ങളിലും നോക്കികൊണ്ടിരിക്കവേ മൃഗരൂപമോ മനുഷ്യസ്വരൂപമോ അല്ലാത്തതായ അങ്ങയുടെ ശരീരത്തെ തൂണില്‍നിന്നു പുറത്തു വന്നിരിക്കുന്നതായി കണ്ടിട്ട് ഭയപ്പെടുത്തുന്നതും ആശ്ചര്യകരവുമായ ഇത് എന്താണ് എന്താണ് എന്നിങ്ങനെ അസുരന്‍ പരിഭ്രമിച്ച മനസ്സോടുകൂടിയിരിക്കുമ്പോള്‍ ഗര്‍ജ്ജിക്കുന്നതും വെളുത്ത ഉഗ്രമായ സ്കന്ധ രോമങ്ങളെക്കൊണ്ടു വിടര്‍ന്നതുമായ ശരീരത്തോടുകൂടിയവനായിട്ട് നിന്തിരുവടി വളര്‍ന്നുവന്നു.

തപ്തസ്വര്‍ണ്ണസവര്‍ണ്ണഘൂര്‍ണ്ണദതിരൂക്ഷാക്ഷം സടാകേസര-
പ്രോത്കമ്പപ്രനികുംബിത‍ാംബരമഹോ ജീയാത്തവേദം വപു: |
വ്യാത്തവ്യാപ്തമഹാദരീസഖമുഖം ഖഡ്ഗോഗ്രവല്ഗന്മഹാ-
ജിഹ്വാ നിര്‍ഗ്ഗമദൃശ്യമാനസുമഹാദംഷ്ട്രായുഗോഡ്ഡാമരം || 3 ||

ഉരുക്കിയ തങ്കത്തിന്റെ നിറപ്പകിട്ടാര്‍ന്ന ഉരുട്ടിമിഴിക്കുന്ന ഭയങ്കരമായ കണ്ണുകളോടും കഴുത്തിലെ സടയുടെ ചലനംകൊണ്ട് മറയ്ക്കുപ്പെട്ട വസ്ത്രശോഭയോടും തുറന്ന വിശാലമായ വലിയ ഗുഹയോടു കിടനില്‍ക്കുന്ന മുഖത്തോടുകൂടിയതും വാളെന്നതുപോലെ ഭയങ്കരവും ചലിച്ചുകൊണ്ടിരിക്കുന്നതുമായ വലിയ നാവു പുറത്തേക്കു നീട്ടിയിരിക്കകൊണ്ടു കാണപ്പെടുന്ന രണ്ടു ദംഷ്ട്രങ്ങളെക്കൊണ്ടു ഭയാനകവുമായ അങ്ങയുടെ ഈ ദിവ്യരൂപം ജയിച്ചിരുളട്ടെ !

ഉത്സര്‍പ്പദ്വലിഭംഗഭീഷണഹനു ഹ്രസ്വസ്ഥവീയസ്തര-
ഗ്രീവം പീവരദോശ്ശതോദ്ഗതനഖക്രൂര‍ാംശുദൂരോല്ബണം |
വ്യോമോല്ലംഘി ഘനാഘനോപമഘനപ്രധ്വാനനിര്‍ദ്ധാവിത-
സ്പര്‍ദ്ധാലുപ്രകരം നമാമി ഭവതസ്തന്നാരസിംഹം വപു: || 4 ||

ഉയര്‍ന്നുനില്ക്കുന്ന വലികളുടെ ചുളിവുകൊണ്ടു ഭയങ്കരങ്ങളായ കവി‍ള്‍ ത്തടങ്ങളോടുകൂടിയതും നീളംകുറഞ്ഞു തടിച്ച കഴുത്തോടുകൂടിയതും തടിച്ചു കൊഴുത്ത അനേകം കൈകളില്‍നിന്നൂം പുറപ്പെട്ട നഖങ്ങളുടെ പ്രകാശാധിക്യത്താ‍ല്‍ ഏറ്റവും തിളങ്ങുന്നതും ആകാശത്തിനോടുരുമ്മുന്നതും കാര്‍മേഘങ്ങളുടെതെന്ന പോലേ ഭയങ്കരമായ ഗര്‍ജ്ജനങ്ങള്‍കൊണ്ട് തുരത്തപ്പെട്ട ശത്രുസംഘങ്ങളോടുകൂടിയതുമായ നിന്തിരുവടിയുടെ ആ നരസിംഹസ്വരൂപത്തെ ഞാന്‍ നമസ്കരിക്കുന്നു.

നൂനം വിഷ്ണുരയം നിഹന്മ്യമുമിതി ഭ്രാമ്യദ് ഗദാഭീഷണം
ദൈത്യേന്ദ്രം സമുപാദ്രവന്തമധൃഥാ ദോര്‍ഭ്യം  പൃഥുഭ്യാമമും |
വീരോ നിര്‍ഗ്ഗളിതോഥ ഖഡ്ഗഫലകൗ ഗൃഹ്ണന്വിചിത്രശ്രമാന്‍
വ്യാവൃണ്വന്‍ പുനരാപപാത ഭുവനഗ്രാസോദ്യതം ത്വാമഹോ || 5 ||

ഇതു തീര്‍ച്ചയായും മഹാവിഷ്ണുതന്നെയാണ്; ഇവനെ ഞാന്‍ കൊല്ലുന്നുണ്ടു എന്നിങ്ങിനെ പറഞ്ഞുകൊണ്ട് ഗദ ചുഴറ്റിക്കൊണ്ട ഭയങ്കരനായി നേരിട്ടു പാഞ്ഞുവരുന്നവനായ ഈ ഹിരണ്യകശിപുവിനെ തടിച്ചുകൊഴുത്തിരിക്കുന്നതായ രണ്ടു കൈകള്‍കൊണ്ടു നിന്തിരുവടി പിടിച്ചുനിര്‍ത്തി; വീരനായ അവന്‍ പിടിയില്‍നിന്നു വിടുവിച്ചു ചാടി, അനന്തരം വാളും പരിചയും എടുത്തുകൊണ്ടും വിചിത്രങ്ങളായ അഭ്യാസങ്ങളെ കാണിച്ചുകൊണ്ടും വീണ്ടും ലോകത്തെ മുഴുവന്‍ ഒന്നായി വിഴുങ്ങവാ‍ന്‍ ഒരുങ്ങിയിരിക്കുന്ന നിന്തിരുവടിയുടെ നേര്‍ക്കു ചാടിവീണു; ആശ്ചര്‍യ്യംതന്നെ !

ഭ്രാമ്യന്തം ദിതിജാധമം പുനരപി പ്രോദ്ഗൃഹ്യ ദോര്ഭ്യ‍ാം ജവാത്
ദ്വാരേഥോരുയുഗേ നിപാത്യ നഖരാന്‍ വ്യുത്ഖായ വക്ഷോഭുവി |
നിര്‍ഭിന്ദന്നധിഗര്‍ഭനിര്‍ഭരഗലദ്രക്ത‍ാംബു ബദ്ധോത്സവം
പായം പായമുദൈരയോ ബഹു ജഗത്സംഹാരിസിംഹാരവാന്‍ || 6 ||

ആ സമയം നിന്തിരുവടി വട്ടത്തി‍ള്‍ ചുറ്റുന്നവനായ ആ ദുഷ്ടനായ അസുരനെ വീണ്ടും വേഗത്തില്‍ രണ്ടു കൈകള്‍കൊണ്ടും മുറുകെ പിടിച്ചു വാതില്‍പടിയി‍ല്‍ തന്റെ ഇരുതുടകളിലുമായി കിടത്തി മാറിടത്തില്‍  നഖങ്ങളെ തറച്ച് പിളര്‍ന്നുകൊണ്ട്  അകത്തുനിന്നു അതിയായി പ്രഹഗിച്ചുവരുന്ന രക്തധാരയെ വര്‍ദ്ധിച്ച ഉത്സാഹത്തോടെ ഇടവിടാതെ കുടിച്ചിട്ട് ലോകമെല്ല‍ാം തകര്‍ക്കുന്ന സിംഹനാദങ്ങളെ പുറപ്പെടുവിച്ചു.

ത്യക്ത്വാ തം ഹതമാശു രക്തലഹരീസിക്തോന്നമദ്വര്‍ഷ്മണി
പ്രത്യുത്പത്യ സമസ്തദൈത്യപടലീം ചാഖാദ്യമാനേ ത്വയി |
ഭ്രാമ്യദ്ഭൂമി വികമ്പിത‍ാംബുധികുലം വ്യാലോലശൈലോത്ക്കരം
പ്രോത്സര്‍പ്പത്ചരം ചരാചരമഹോ ദു:സ്ഥാമവസ്ഥ‍ാം ദധൗ ||7||

രക്തംപ്രവാഹംകൊണ്ടു നനയ്ക്കുപ്പെട്ട ഏറ്റവുമുയര്‍ന്ന ശരീരത്തൊടുകൂടിയ നിന്തിരുവടി കൊല്ലപ്പെട്ട അവനെ വിട്ട് വേഗത്തില്‍ ചാടിവീണ് എല്ലാ അസുരഗണങ്ങളേയും തിന്നുതുടങ്ങിയപ്പോള്‍ ചരാചരാത്മകമായ പ്രപഞ്ചം മുഴുവ‍ന്‍ വട്ടംചുറ്റുന്ന ഭൂമിയോടും ഇളകിമറിയുന്ന സമുദ്രങ്ങളേടും കുലുങ്ങിക്കൊണ്ടിരിയ്ക്കുന്ന മലകളോടും സ്ഥാനച്യുതി സംഭവിച്ച നക്ഷത്രങ്ങളോടുംകൂടി ദുഃഖാവസ്ഥയെ പ്രാപിച്ചുപോയി !

താവന്മ‍ാംസവപാകരാലവപുഷം ഘോരാന്ത്രമാലാധരം
ത്വ‍ാം മധ്യേസഭമിദ്ധകോപമുഷിതം ദുര്‍വാരഗുര്‍വാരവം |
അഭ്യേതും ന ശശാക കോപി ഭുവനേ ദൂരേ സ്ഥിതാ ഭീരവ:
സര്‍വ്വേ ശര്‍വവിരിഞ്ചവാസവമുഖാ: പ്രത്യേകമസ്തോഷത || 8 ||

ആ സമയം സഭാമദ്ധ്യത്തിലിരിക്കുന്നവനൂം മ‍ാംസം, വപ മുതലായവയാല്‍ ഭയങ്കരമായ ശരീരത്തോടുകൂടിയവനും കുടല്‍മാലയണിഞ്ഞ് ഘോരരൂപത്തോടേയും അത്യുഗ്രമായ കോപത്തോടുകൂടിയും ഇരിക്കുന്നവനും തടുപ്പാന്‍ കഴിയാത്തതും ഗംഭീരവുമായ സിംഹനാദം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നവനുമായ നിന്തിരുവടിയെ സമീപിക്കുന്നതിന്നു ലോകത്തിലാരുംതന്നെ ശക്തനായില്ല. രുദ്രന്‍, ബ്രഹ്മാവ്, ദേവേന്ദ്രന്‍ തുടങ്ങിയ ദേവന്മാരെല്ല‍ാം ധൈര്യമില്ലാത്തവരായി ദൂരെ നിന്നുകൊണ്ട് വേവ്വേറെ സ്തുതിച്ചു.

ഭൂയോപ്യക്ഷതരോഷധാമ്നി ഭവതി ബ്രഹ്മാജ്ഞയാ ബാലകേ
പ്രഹ്ലാദേ പദയോര്‍ന്നമത്യപഭയേ കാരുണ്യഭാരാകുല: |
ശാന്തസ്ത്വം കരമസ്യ മൂര്‍ദ്ധ്നി സമധാ: സ്തോത്രൈരഥോദ്ഗായത-
സ്തസ്യാകാമധിയോപി തേനിഥ വരം ലോകായ ചാനുഗ്രഹം || 9 ||

എന്നിട്ടും നിന്തിരുവടി ശമിക്കാത്ത കോപത്തോടുകൂടിയവനായിരിക്കവേ ബ്രഹ്മദേവന്റെ നിയോഗത്താല്‍ ബാലകനായ പ്രഹ്ലാദന്‍ ഭയമൊട്ടും കൂടാതെ കാല്ക്കല്‍വീണു നമസ്കരിച്ചപ്പോള്‍ നിന്തിരുവടി ശാന്തനായി കാരുണ്യംകൊണ്ടു ആവര്‍ജ്ജിതനായിട്ടു പ്രഹ്ലാദന്റെ നെറുകയില്‍ തൃകൈവച്ച് അനന്തരം സ്തോത്രങ്ങളെകൊണ്ട് ഗാനംചെയ്യുന്നവനായ അവന്ന് യാതൊന്നുമാഗ്രഹിക്കാത്തവനാണെങ്കിലും വരത്തേയും ലോകത്തിന്നനുഗ്രഹത്തേയും നല്കി.

ഏവം നാടിതരൗദ്രചേഷ്ടിത വിഭോ ശ്രീതാപനീയാഭിധ-
ശ്രുത്യന്തസ്ഫുടഗീതസര്‍വമഹിമന്നത്യന്തശുദ്ധാകൃതേ |
തത്താദൃങ്ഖിലോത്തരം പുനരഹോ കസ്ത്വ‍ാം പരോ ലംഘയേത്
പ്രഹ്ലാദപ്രിയ ഹേ മരുത്പുരപതേ സര്‍വാമയാത് പാഹി മ‍ാം  ||10 ||

ഇപ്രകാരം നടിക്കപ്പെട്ട ഭയങ്കരമായ ചേഷ്ടിതത്തോടുകൂടിയ ഹേ ഭഗവന്‍! ശ്രീതാപനീയോപനിഷത്തില്‍ സ്പഷ്ടമായി പ്രതിപാദിക്കപ്പെട്ട സകല മഹിമ യോടുകൂടിയവനും ഏറ്റവും പരിശുദ്ധമായ ആകൃതിയോടുകൂടിയവനും മറ്റൊന്നിനോടുപമിപ്പാനില്ലാത്തവനും സര്‍വ്വോടുകൃഷ്ടനുമായ നിന്തിരുവടിയെ വേറെ ഏതൊരുവനാണ് അതിക്രമിക്കുന്നത്? പ്രഹ്ലാദപ്രിയനായ ഗുരുവായൂരപ്പ! എന്നെ സകല രോഗങ്ങളില്‍ നിന്നും രക്ഷിക്കേണമേ !

നരസിംഹാവതാരവര്‍ണ്ണനം എന്ന ഇരുപത്തഞ്ച‍ാം ദശകം സമാപ്തം.
സപ്തമസ്കന്ധം സമാപ്തം.
വൃത്തം. :- ശാര്‍ദൂലവിക്രീഡിതം.
ആദിതഃ ശ്ലോകാഃ 263

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.