യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 620 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

സുഷുപ്തേ തനുതാം യാതേ ഹൃദയാദിവ നിര്‍ഗതം
അപശ്യമഹമത്രൈവ ഭുവനം ഭാസ്കരാദിമത് (6.2/139/23)

മുനി തുടര്‍ന്നു: “അങ്ങനെ സുഷുപ്തി ക്ഷീണിതമായപ്പോള്‍ സൂര്യനും മറ്റും എന്റെ ഹൃദയത്തില്‍ ഉദിച്ചുയര്‍ന്നതുപോലെ ഞാന്‍ ലോകത്തെ കണ്ടു. ഞാന്‍ ഇതെല്ലാം കണ്ടത് ഞാനിരുന്നയിടത്തുവച്ച് തന്നെയാണ്.”

എന്നാല്‍ ഈ ലോകം വിശ്വപ്രളയത്തില്‍ ആണ്ടു മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ എന്റെ വധുവുമൊത്ത് എന്റെ വീട്ടിലിരിക്കുന്നതായും കണ്ടു. പ്രളയജലം ഞങ്ങളെയെല്ലാം വീടടക്കം ഒഴുക്കുകയായിരുന്നു. പ്രളയത്തെ ചെറുക്കാനെന്നമട്ടില്‍ ഞാന്‍ ജലത്തില്‍ പൊങ്ങികിടന്നു പൊരുതി.

പെട്ടെന്ന് ഒഴുക്കില്‍ എന്നെയും കൊണ്ട് നീങ്ങിയിരുന്ന വീട് പൊട്ടിത്തകര്‍ന്നു. ഞാന്‍ ജലത്തിലേയ്ക്കെടുത്തു ചാടി. ഞാന്‍ എന്റെ ജീവസംരക്ഷണത്തില്‍ മാത്രം ശ്രദ്ധാലുവായി ബന്ധുമിത്രാദികളെ അവഗണിച്ചാണ് ഇത്രനാള്‍ കഴിഞ്ഞത്. ഞാന്‍ പ്രളയജലത്തിന്റെ ആഴങ്ങളില്‍ ചിലപ്പോള്‍ ഇറങ്ങിച്ചെന്നു. മറ്റുചിലപ്പോള്‍ ഞാന്‍ ജലോപരി പൊങ്ങിക്കിടന്നു. ഇടയ്ക്കൊരു പാറക്കല്ലില്‍ ചവിട്ടി നിന്നു ഞാന്‍ വിശ്രമിച്ചു. എനിക്ക് അനുഭവവേദ്യമല്ലാത്ത യാതൊരു ദുരിതങ്ങളും ഇക്കാലത്ത് ലോകത്തുണ്ടായിരുന്നില്ല. വേദനജനകങ്ങളായ എല്ലാ അനുഭവങ്ങളും എനിക്കുണ്ടായി.

അപ്പോള്‍ തികച്ചും പരിതാപകരവും ആകുലതകള്‍ നിറഞ്ഞതുമായ എന്റെയീ അവസ്ഥയില്‍ എന്നില്‍ ബോധമുണ്ടായിരുന്നതുകൊണ്ട് ഞാനെനെന്റെ പൂര്‍വ്വജന്മത്തിലെ അനുഭവത്തെപ്പറ്റി സമാധിയിലെന്നവണ്ണം ഓര്‍ക്കുകയുണ്ടായി. അപ്പോള്‍ ഞാനൊരു മുനിയായിരുന്നു. ഞാന്‍ മറ്റൊരാളിന്റെ ഉള്ളില്‍ അവന്റെ സ്വപ്നാവസ്ഥയെ മനസ്സിലാക്കാനായി കയറിക്കൂടിയിരുന്നു. ഞാനൊരു ഭ്രമദൃശ്യമാണ് കാണുന്നതെന്ന് എനിക്കറിയാമായിരുന്നു. അതേസമയം തന്നെ എനിക്കിപ്പോഴത്തെ അനുഭവവും ഉണ്ടായിരുന്നു. എന്നെ പ്രളയജലം ഒഴുക്കിലെടുത്ത് കൊണ്ടുപോയിക്കൊണ്ടിരുന്നുവെങ്കിലും ഞാന്‍ ആനന്ദമനുഭവിച്ചു.

പ്രളയജലത്തെയും അതുണ്ടാകുന്ന നാശനഷ്ടങ്ങളെയും കണ്ടു ഞാനിങ്ങനെ ആലോചിച്ചു. ‘വിധിയ്ക്ക് ചെയ്യാന്‍ കഴിയാത്തതായി എന്താണുള്ളത്?’

മൂന്നു കണ്ണുള്ള ദേവദേവന്‍ പോലും ഈ പ്രളയത്തിന്റെ ദുരിതത്തില്‍ ഉഴറുകയാണ്. ദേവന്മാരും അസുരന്മാരുമെല്ലാം പ്രളയജലത്തിലെ ചുഴികളില്‍പ്പെട്ടു കറങ്ങുകയാണ്. മലകളോളം ഉയര്‍ന്നുപൊങ്ങുന്ന പ്രളയത്തിരമാലകള്‍ സൃഷ്ടാവായ ബ്രാഹ്മാവിന്റെ സവിധംവരെ അതിക്രമിക്കുന്നു. ആനകളേപ്പോലെയാണീ തിരകള്‍. സിംഹങ്ങളെപ്പോലെ പ്രബലമാണവ. ആകാശത്തില്‍ മേഘങ്ങളെന്നപോലെയവ ഒഴുകി നടക്കുന്നു.

ഭൂമിപാലകന്മാരായ രാജാക്കന്മാര്‍ അവരുടെ കൊട്ടാരങ്ങളും രഥങ്ങളുമടക്കം പ്രളയജലത്തില്‍ മുങ്ങിപ്പോകുന്നു. ദേവന്മാരും അസുരന്മാരും വെള്ളത്തില്‍ മുങ്ങുന്ന സമയം അവര്‍ പരസ്പരം സഹായത്തിനായി കൈകോര്‍ക്കുന്നു!

തകര്‍ന്നടിഞ്ഞു വീഴുന്ന നഗരങ്ങളും പൊങ്ങിയൊഴുകുന്ന കൊട്ടാരങ്ങളും നിറഞ്ഞ് പ്രളയജലം വലിയൊരു മതില്‍ കെട്ടിയതുപോലെ കാണപ്പെടുന്നു.

സൂര്യനെപ്പോലും പ്രളയം ബാധിച്ചതായി കാണുന്നു. സൂര്യനെ പാതാളലോകത്തേയ്ക്ക് കൊണ്ടുപോകുന്നതുപോലെ കാണപ്പെടുന്നു. സത്യം സാക്ഷാത്ക്കരിച്ചവരും ആത്മജ്ഞാനമാര്‍ജ്ജിച്ചവരുമായ മാമുനികള്‍ ഒഴികെ ആകുലമൊഴിഞ്ഞതായി മറ്റാരും ഉണ്ടായിരുന്നില്ല. ഈ മാമുനിമാര്‍ അവരുടെ ദേഹം പ്രളയജലത്തില്‍ എടുത്തെറിയപ്പെടുമ്പോഴും അക്ഷോഭ്യരായിന്നു. ‘ഇതെന്റെ ദേഹമാണ്’ എന്ന തെറ്റിദ്ധാരണ അവര്‍ക്കില്ലല്ലോ.

നിരാലംബരായ സ്ത്രീകളും മുങ്ങിത്താണുകൊണ്ടിരുന്നു. വിശ്വപ്രളയത്തില്‍ സകലരും മൃത്യുവിനു ഭക്ഷണമാവുമ്പോള്‍ ആര്‍ക്കാണവരെ രക്ഷിക്കാനാവുക? വിശ്വമാകെ അനന്തമായ ഒരു സമുദ്രമായതുപോലെ കാണപ്പെട്ടു. ഇന്ദ്രാദികളുടെ കീഴിലുള്ള ദേവവൃന്ദം എവിടെയാണ് പോയി മറഞ്ഞത്?