യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 630 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

ക്ഷുബ്ദൈരന്തര്‍ബഹിശ്ചൈവ സ്വല്‍പൈ: സ്വല്പം പ്രപശ്യതി
സമൈ: സമമിദം ദൃശ്യം വാതപിത്തകഫാദിനാ (6.2/145/59)

മുനി തുടര്‍ന്നു: ജീവന്‍ വാതം, പിത്തം, ശ്ലേഷ്മം എന്നിവയാല്‍ നിറഞ്ഞിരിക്കുമ്പോള്‍ അവന്‍ വായുവിന്റെ സ്വാധീനത്തില്‍പ്പെട്ട് ആകുലതകള്‍ അനുഭവിക്കുന്നു. മലകളും പാറകളും മഴപോലെ ആകാശത്തു നിന്നും വര്‍ഷിക്കുന്നതായി അവന്‍ കാണുന്നു. ഭീകരനാദങ്ങള്‍ അവനു കേള്‍ക്കാകുന്നു. ഭൂമിയുടെ ഉദരത്തില്‍ വന്മരങ്ങള്‍ ഉരുണ്ടു പിരളുന്നു.

കാട്ടിലെ മൃഗസഞ്ചയത്തോടൊപ്പം കാടും ചുറ്റിത്തിരിയുന്നു. മരങ്ങള്‍ക്ക് തീ പിടിച്ചിരിക്കുന്നു. ഗുഹകളില്‍ നിന്നും തീയാളുന്നതിന്റെ ഘോരനിനാദം കേള്‍ക്കുന്നു. മാമലകള്‍ പൊട്ടിത്തകര്‍ന്നു നിലംപൊത്തുന്നു. ആകാശംവരെ ഉയരത്തില്‍ കടലലകള്‍ പൊങ്ങുന്നു. ഈ അലകള്‍ കാടുകളേയും മേഘങ്ങളെപ്പോലും ഉയര്‍ത്തിയെടുത്ത് ബ്രഹ്മലോകത്തേയ്ക്ക് എത്തിക്കുന്നു.

ഈദൃശമായ ഉരസലും ഘര്‍ഷണവും തുടരുന്നതുകൊണ്ട് ആകാശം ശുഭ്രമായും തെളിമയാര്‍ന്നും കാണപ്പെടുന്നു. സേനകളുടേയും രണവീരന്മാരുടേയും രോദനം കൊണ്ട് മൂലോകങ്ങളും നിറഞ്ഞതുപോലെ തോന്നുന്നു.

ഇങ്ങനെയുള്ള ഭയാനകമായ കാഴ്ചകള്‍ കണ്ടു വിവശമായി അവന്‍ മോഹാലസ്യപ്പെടുന്നു. ഭൂമിക്കടിയില്‍ക്കിടക്കുന്ന പുഴുവിനെപ്പോലെ, പാറയ്ക്കുള്ളില്‍ ഒതുങ്ങിയ തവളയെപ്പോലെ, ഗര്‍ഭപാത്രത്തിലെ ശിശുവിനെപ്പോലെ, കായ്ക്കുള്ളിലെ വിത്തിനെപ്പോലെ, വിത്തിനുള്ളിലെ ഇനിയും മുളപൊട്ടിയിട്ടില്ലാത്ത കൂമ്പുപോലെ, തന്മാത്രയ്ക്കുള്ളിലെ അണുപോലെ, ശിലയിലെ ഇനിയും കൊത്തിയെടുത്തിട്ടില്ലാത്ത ശില്‍പംപോലെ അയാള്‍ സ്വയം വിശ്രമത്തിലാണപ്പോള്‍. അവിടെ പ്രാണന്റെ സഞ്ചാരമില്ല. പ്രാണന് സഞ്ചരിക്കാന്‍ അതില്‍ തുളകളോ നിര്‍ഗമനമാര്‍ഗ്ഗങ്ങളോ ഇല്ല.

അന്ധകൂപത്തില്‍ ഇറങ്ങുന്നതുപോലെയോ പാറയ്ക്കുള്ളില്‍ ഒതുങ്ങുന്നതുപോലെയോ ആണ് ഒരുവന്‍ ദീര്‍ഘനിദ്രയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ആ പൂര്‍ണ്ണവിശ്രമാവസ്ഥയില്‍ മാനസീകവ്യാപരത്താല്‍ ഒരു ‘തുള’ വീഴുമ്പോള്‍ അവന് സ്വപ്നലോകത്തെ അറിയാനാകുന്നു. കാരണം പ്രാണവായുവിന്റെ സഞ്ചാരം ഇതിനുമുന്പേ അവന്‍ അനുഭവിച്ചവബോധിച്ചിട്ടുണ്ടല്ലോ. പ്രാണശക്തി ഒരു നാഡിയില്‍ നിന്നും മറ്റൊന്നിലേയ്ക്ക് സംക്രമിക്കുമ്പോള്‍ മാമലകള്‍ വര്‍ഷിക്കുന്നതിന്റെ ദൃശ്യം കാണാകുന്നു.

വാത-പിത്ത-കഫങ്ങളുടെ ചലനം കൂടുന്നതനുസരിച്ച് ഇത്തരം അനുഭവങ്ങളും കൂടുതലായി ഉണ്ടാവും. ഒരുവന്‍ ഈ മൂന്നു രസങ്ങളാല്‍ ഉല്‍പ്പന്നമായ അനുഭവങ്ങള്‍ അകമേ എന്തെന്തെല്ലാം ഉണ്ടാകുന്നുവോ അവയൊക്കെ ബാഹ്യമായും അവനനുഭവപ്പെടുന്നു. അതിനനുസരണമായി അവന്റെ കര്‍മ്മേന്ദ്രിയങ്ങള്‍ പ്രവര്‍ത്തനനിരതമാവുകയാണ് ചെയ്യുന്നത്.

ജീവന്‍ അകമെയോ പുറമേയോ കലുഷമായിത്തീരുമ്പോള്‍ വാതപിത്തകഫങ്ങളുടെ ചലനം നേരിയതോതിലാണെങ്കില്‍ അവനില്‍ ചെറിയ വൈരുദ്ധ്യങ്ങളേ പ്രകടമാവുകയുള്ളു. ഈ മൂന്നും സമസംതുലമായി നിലകൊള്ളുമ്പോള്‍ ജീവനില്‍ സമതാഭാവത്തിന്റെ പ്രശാന്തതയായി അത് പ്രകടമാവുന്നു.

എരിഞ്ഞു നീറ്റല്‍, മുങ്ങിത്താഴല്‍, പറക്കല്‍, മലകളിലും പാറകളിലും വിശ്രമിക്കല്‍, നരകാനുഭവങ്ങള്‍, ആകാശത്തുയര്‍ന്നും താഴ്ന്നും ചലിക്കല്‍, കളിസ്ഥലത്ത് മുങ്ങിത്താഴുന്നതുപോലെയുള്ള മോഹവിഭ്രമങ്ങള്‍, പാതിരാവില്‍ക്കാണുന്ന സൂര്യപ്രകാശം, ബുദ്ധിയിലുളവാകുന്ന വികലവിഭ്രമങ്ങള്‍, സ്വന്തക്കാരെ ശത്രുക്കളായും ശത്രുക്കളെ മിത്രങ്ങളായും കാണല്‍, എന്നിവയെല്ലാം ജീവനില്‍ അനുഭവമാകുന്നത് ഈ മൂന്നുരസങ്ങളും ഇളകിവശായി കാലുഷ്യമാര്‍ന്നു നിലകൊള്ളുമ്പോഴാണ്.

കണ്ണടച്ചാല്‍ ഇവയെല്ലാം ഉള്ളില്‍ക്കാണാം; കണ്ണുതുറന്നാല്‍ ഇവയെല്ലാം പുറത്തും കാണാം. എന്നാല്‍ ഇവയെല്ലാം ഈ മൂന്നു രസങ്ങളുടെ സമതാ ഭാവത്തിലുണ്ടായ വ്യതിയാനംമൂലം സംഭവിച്ചതാണ്. എന്നാല്‍ വാതപിത്തകഫങ്ങള്‍ സമസംതുലിതമാകുമ്പോള്‍ ലോകത്തെ ബ്രഹ്മത്തില്‍ നിന്നും വേറിടാത്ത ഒന്നായി, യഥാര്‍ത്ഥ്യമായി, സത്തായി ജീവനില്‍ കാണാകുന്നു.