ഡൗണ്‍ലോഡ്‌ MP3

തദനു നന്ദമമന്ദശുഭാസ്പദം നൃപപുരീം കരദാനകൃതേ ഗതം |
സമവലോക്യ ജഗാദ ഭവത്പിതാ വിദിതകംസസഹായജനോദ്യമ: || 1 ||

അതില്‍പിന്നെ അനല്പമായ ഭാഗ്യത്തിന്നിരിപ്പിടവും കപ്പം കൊടുപ്പാ‍ന്‍ വേണ്ടി മധുരപുരിയിലേക്ക് വന്നിരിക്കുന്നവനുമായ നന്ദഗോപനെ, കംസന്റെ അനുയായികളുടെ ഉദ്യമത്തെ മനസ്സിലാക്കിയവനായ അങ്ങയുടെ പിതാവ് ചെന്നുകണ്ട് ഇപ്രകാരം അറിയിച്ചു.

അയി സഖേ തവ ബാലകജന്മ മ‍ാം സുഖയതേദ്യ നിജാത്മജജന്മവത് |
ഇതി ഭവത്പിതൃത‍ാം വ്രജനായകേ സമധിരോപ്യ ശശംസ തമാദരാത് || 2 ||

“അല്ലേ സ്നേഹിത! അങ്ങയ്ക്കു ആണ്‍കുഞ്ഞുണ്ടായത് എനിക്കുതന്നെ ഒരു പുത്രനുണ്ടായതുപോലെ ഇപ്പോള്‍ എന്നെ ആനന്ദിപ്പിക്കുന്നു” എന്നിപ്രകാരം അങ്ങയുടെ പിതൃസ്ഥാനത്തെ ആ നന്ദഗോപനില്‍ ആരോപിച്ചിട്ട് അദ്ദേഹത്തോട് ആദരവോടെ ഇപ്രകാരം പറഞ്ഞു.

ഇഹ ച സന്ത്യനിമിത്തശതാനി തേ കടകസീമ്നി തതോ ലഘു ഗമ്യത‍ാം |
ഇതി ച തദ്വചസാ വ്രജനായകോ ഭവദപായഭിയാ ദ്രുതമായയൗ || 3 ||

“ഇവിടേയും , അങ്ങയ്ക്ക് ഗോപവാടത്തിലും അനേക ദുര്‍ന്നിമിത്തങ്ങ‍ള്‍ ഉണ്ട്. അതിനാല്‍ വേഗത്തില്‍ പോയാലും; ” എന്നിങ്ങിനെയുള്ള അദ്ദേഹത്തിന്റെ വാക്യത്താ‍ല്‍ ആ ഗോകുലനായകന്‍ അങ്ങയ്ക്കു വിപത്തുണ്ടായേയ്ക്കുമോ എന്ന ഭയത്താല്‍ തല്‍ക്ഷണംതന്നെ മടങ്ങിപ്പോന്നു.

അവസരേ ഖലു തത്ര ച കാചന വ്രജപദേ മധുരാകൃതിരംഗനാ |
തരളഷട്പദലാലിതകുന്തലാ കപടപോതക തേ നികടം ഗതാ || 4 ||

ആ അവസരത്തില്‍ ഗോകുലത്തില്‍ സൗന്ദര്യവതിയായ ഏതോ ഒരു സ്ത്രീ ഇളകിക്കൊണ്ടിരിക്കുന്ന വണ്ടുകളാല്‍ ലാളിക്കപ്പെട്ട കേശഭാരത്തോടുകൂടിയവളായി അല്ലേ കപടശിശോ ! അങ്ങയുടെ അരികത്തു വന്നുചേര്‍ന്നു.

സപദി സാ ഹൃതബാലകചേതനാ നിശിചരാന്വയജാ കില പൂതനാ |
വ്രജവധൂഷ്വിഹ കേയമിതി ക്ഷണം വിമൃശതീഷു ഭവന്തമുപാദദേ || 5 ||

ബാലകന്മാരുടെ ജീവനെ അപഹരിക്കുന്ന രാക്ഷസവംശത്തി‍ല്‍ ജനിച്ചവളായ ആ പുതനയാവട്ടെ ഗോപസ്ത്രീകള്‍ ‘ഇവള്‍ ആരാണ്’, എന്നിങ്ങിനെ ഒരു മുഹൂര്‍ത്തം ആലോചിച്ചുകൊണ്ടിരിക്കത്തന്നെ അങ്ങയെ കടന്നെടുത്തു.

ലളിതഭാവവിലാസഹൃതാത്മഭിര്യുവതിഭി: പ്രതിരോദ്ധുമപാരിതാ |
സ്തനമസൗ ഭവനാന്തനിഷേദുഷീ പ്രദദുഷീ ഭവതേ കപടാത്മനേ || 6 ||

മനോഹരങ്ങളായ ഭാവവിലാസങ്ങളാല്‍ ചിത്തവൃത്തികളപഹരിക്കപ്പെട്ടാവരായ യുവതികളാള്‍ തടുക്കപ്പെടുവാ‍ന്‍ അശക്യനായ ഇവ‍ള്‍ ഗൃഹാന്തഭാഗത്തിരുന്നു കൊണ്ട് കപടമൂര്‍ത്തിയായ അങ്ങയ്ക്ക് സ്തനം നല്കി.

സമധിരുഹ്യ തദങ്കമശങ്കിതസ്ത്വമഥ ബാലകലോപനരോഷിത: |
മഹദിവാമ്രഫലം കുചമണ്ഡലം പ്രതിചുചൂഷിഥ ദുര്‍വിഷദൂഷിതം || 7 ||

അനന്തരം നിന്തിരുവടി ഒട്ടും സംശയിക്കാതെ അവളുടെ മടിയില്‍ കയറിയിരുന്ന് ബാലകന്മാരെ കൊന്നതുകൊണ്ടുണ്ടായ കോപത്തോടുകൂടിയവനായി കഠിനമായ വിഷത്താല്‍ ദൂഷിതമായ കുചകുംഭത്തെ വലിയ മാമ്പഴത്തെയെന്നപൊലെ ചുണ്ടുകൊണ്ട് അമര്‍ത്തി വലിച്ചു കുടിച്ചു.

അസുഭിരേവ സമം ധയതി ത്വയി സ്തനമസൗ സ്തനിതോപമനിസ്വനാ |
നിരപതദ്ഭയദായി നിജം വപു: പ്രതിഗതാ പ്രവിസാര്യ ഭുജാവുഭൗ || 8 ||

നിന്തിരുവടി പ്രാണങ്ങളോടുകൂടിതന്നെ സ്തനത്തെ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇവ‍ള്‍ ഇടിമുഴക്കംപോലെ അലറുന്നവളായി ഭയങ്കരമായ തന്റെ സ്വയരുപത്തെ പ്രാപിച്ച് രണ്ടു കൈകളേയും നെടുനീളെ പരത്തിക്കൊണ്ട് നിലത്തുവീണു.

ഭയദഘോഷണഭീഷണവിഗ്രഹശ്രവണദര്‍ശനമോഹിതവല്ലവേ |
വ്രജപദേ തദുര:സ്ഥലഖേലനം നനു ഭവന്തമഗൃഹ്ണത ഗോപികാ: || 9 ||

ഗോകുലത്തില്‍ ഭയങ്കരമായ അലര്‍ച്ച കേള്‍ക്കുകയും ഭയാനകമായ ശരീരത്തെ കാണൂകയും ചെയ്കയാല്‍ ഗോപന്മാര്‍ അമ്പരന്നുനിന്നസമയം ഗോപിക‍ള്‍ അവളുടെ മാര്‍വ്വിടത്തി‍ല്‍ കളിച്ചുകൊണ്ടിരുന്ന അങ്ങയെ വാരിയെടുത്തുവല്ലോ !

ഭുവനമംഗലനാമഭിരേവ തേ യുവതിഭിര്‍ബഹുധാ കൃതരക്ഷണ: |
ത്വമയി വാതനികേതനനാഥ മാമഗദയന്‍ കുരു താവകസേവകം || 10 ||

ജഗന്മംഗളവിഗ്രഹ! ഭവാന്റെ തിരുനാമങ്ങളെക്കൊണ്ടുതന്നെ ഭവാന്‍ ആ വനിതകളാ‍ല്‍ പലപ്രാകാരത്തിലും രക്ഷചെയ്യപ്പെട്ടു; ഹേ വാതാലയേശ ! എന്നെ രോഗരഹിതനാക്കി അങ്ങയുടെ സേവകനാക്കിത്തീര്‍ക്കേണമേ !

പൂതനാമോക്ഷവര്‍ണ്ണനം എന്ന നാല്പത‍ാം ദശകം സമാപ്തം
ആദിതഃ ശ്ലോകാഃ 415.
വൃത്തം : – ദ്രുതവിളംബിതം. – ലക്ഷണം: ദ്രുതവിളംബിതമ‍ാം നഭവും ഭരം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.