കലാഭ്യ‍ാം ചൂഡാലങ്കൃതശശികലാഭ്യ‍ാം നിജതപഃ
ഫലാഭ്യ‍ാം ഭക്തേഷു പ്രകടിതഫലാഭ്യ‍ാം ഭവതു മേ |
ശിവാഭ്യാമസ്തോകത്രിഭുവനശിവാഭ്യ‍ാം ഹൃദി പുനര്‍
ഭവാഭ്യാമാനന്ദസ്ഫുരദനുഭവാഭ്യ‍ാം നതിരിയം || 1 ||

ഇയം – ഈ; മേ നതിഃ – എന്റെ നമസ്കാരം; ചൂഡ‍ാംലംകൃതശശികലാഭ്യ‍ാം – തലമുടിയിലലങ്കരിക്കപ്പെട്ട ചന്ദ്രക്കലയോടുകൂടിയവരായി; നിജപഃഫലാഭ്യ‍ാം – അന്യോന്യം ചെയ്യപ്പെട്ട തപസ്സിന്റെ ഫലഭൂതരായി; ഭക്തേഷു – ഭക്തന്മാരി‍ല്‍; പ്രകടിതഫലാഭ്യ‍ാം – പ്രകാശിപ്പിക്കപ്പെട്ട മോക്ഷം മുതലായ ഫലത്തോടുകൂടിയവരായി; അസ്തോകത്രിഭുവന ശിവാഭ്യ‍ാം – മൂന്നു ലോകത്തിന്റെയും ഏറ്റവുംമധികമായ മംഗളത്തിന്നു കാരണഭൂതരായി; ഹൃദി പുനര്‍ഭവാഭ്യ‍ാം – മനസ്സി‍‍ല്‍ (ധ്യാനിക്കുന്നതിനാ‍ല്‍ ) വീണ്ടും വിണ്ടും പ്രത്യക്ഷമാവുന്നവരായി; ആനന്ദസ്ഫുരദനുഭവാഭ്യ‍ാം – ആനന്ദത്തോടെ പ്രകാശിക്കുന്ന സ്വരൂപജ്ഞാനത്തോടുകൂടിയവരായിരിക്കുന്ന; ശിവാഭ്യ‍ാം – പാര്‍വ്വതീപരമേശ്വരന്മാര്‍ക്കായ്ക്കൊണ്ട്; ഭവതു – ഭവിക്കുമാറാകട്ടെ.

വേദം തുടങ്ങിയ വിദ്യകളെല്ലാറ്റിന്റേയും സ്വരൂപികളായി, ജടമുടിയില്‍ അലങ്കരിക്കപ്പെട്ട ചന്ദ്രക്കലയോടുകൂടിയവരായി, അന്യോന്യം തങ്ങള്‍ ചെയ്യുന്ന തപസ്സിന് ഒരാള്‍ക്കൊരാ‍ള്‍ ഫലഭൂതരായി സ്വഭക്തന്മാര്‍ക്ക്, ധര്‍മ്മം, മോക്ഷം തുടങ്ങിയ ഫലങ്ങളെ നല്‍ക്കുന്നവരായി, മൂന്നു ലോകത്തിനും അനല്പമായ മംഗളം നല്‍ക്കുന്നവരായി, ധ്യാനിക്കുന്തോറും മനസ്സില്‍ വീണ്ടും വീണ്ടും പ്രത്യക്ഷന്മാരാവുന്നവരായി, ആനന്ദരൂപികളായിരിക്കുന്ന ശ്രീ പാര്‍വ്വതിപരമേശ്വരന്മാര്‍ക്കായ്ക്കൊണ്ട് എന്റെ ഈ നമസ്കാരം ഭവിക്കട്ടെ.

ഗളന്തീ ശംഭോ ത്വച്ചരിതസരിതഃ കില്ബിഷരജോ
ദളന്തീ ധീകുല്യാസരണിഷു പതന്തീ വിജയത‍ാം |
ദിശന്തീ സംസാരഭ്രമണപരിതാപോപശമനം
വസന്തീ മച്ചേതോഹൃദഭുവി ശിവാനന്ദലഹരീ || 2 ||

ശംഭോ! – ഹേ പരമേശ്വര!; ത്വച്ചരിതസരിതഃ – ഭവാന്റെ ചരിതമാകുന്ന നദിയി‍ല്‍നിന്നു; ഗളന്തീ – പെരുകി ഒഴുകി; കില്ബിഷരജഃ – പാപമാകുന്ന ധൂളിയെ; ദളന്തീ – നശിപ്പിക്കുന്നതും; ധീകല്യാസരണിഷു – ബുദ്ധികളാകുന്ന കൈത്തോടുകളില്‍; പതന്തീ – വീഴുന്നതും; സംസാരഭ്രമണപരിതാപോപശമനം ദിശന്തീ – ജനനമരണാദിയായ സംസാരത്തി‍‍ല്‍ ചുഴലുന്നതിനാലുണ്ടാവുന്ന ദുഃഖത്തിന് ശാന്തി ന‌ല്‍ക്കുന്നതും; മച്ചേതോഹ്രദഭുവി – എന്റെ ഹൃദയമാകുന്ന കയത്തില്‍; വസന്തീ – വസിക്കുന്നതുമായ; ശിവാനന്ദലഹരീ – ശിവാനന്ദപ്രവാഹം; വിജയത‍ാം – വിജയിച്ചരുളട്ടെ.

ഹേ പരമേശ ! ഭവാന്റെ പാവനചരിതമാകുന്ന നദിയില്‍ നിന്നു പെരുകി ഒഴുകി, പാപമാകുന്ന ധൂളിയെ നശിപ്പിച്ചുകൊണ്ട് ബുദ്ധിയാകുന്ന അരുവിയുടെ മാര്‍ഗ്ഗങ്ങളില്‍ പതിച്ച്, ജനനമരണാദിയാകുന്ന സംസാരത്തില്‍ പെട്ടു കറങ്ങുന്ന(ചുഴലുന്ന)തിനാലുണ്ടാവുന്ന ദുഃഖത്തിന് ശാന്തിചേര്‍ത്തുകൊണ്ട് എന്റെ ഹൃദയമാകുന്ന സരസ്സില്‍ അലഞ്ഞുലഞ്ഞ് ഓളംതല്ലിക്കൊണ്ടു കുടികൊള്ളുന്ന ശിവാനന്ദപ്രവാഹം വിജയിച്ചരുളട്ടെ.

ത്രയീവേദ്യം ഹൃദ്യം ത്രിപുരഹരമാദ്യം ത്രിനയനം
ജടാഭാരോദാരം ചലദുരഗഹാരം മൃഗധരം |
മഹാദേവം ദേവം മയി സദയഭാവം പശുപതിം
ചിദാലംബം സ‍ാംബം ശിവമതിവിഡംബം ഹൃദി ഭജേ || 3 ||

ത്രയീവേദ്യം – മൂന്നു വേദങ്ങളാ‍ല്‍ അറിയത്തക്കവനായി; ഹൃദ്യം – മനസ്സിന്നിണങ്ങിയ; ത്രിപുരഹരം – മുപ്പുരങ്ങളെ ചുട്ടെരിച്ചവനായി; ആദ്യം ത്രിനയനം – എല്ലാറ്റിന്നുമാദിയായി മുക്കണ്ണനായി; ജടാഭാരോദാരം ചലദുരഗ്രഹാരം – ഇളകിക്കൊണ്ടിരിക്കുന്ന സര്‍പ്പങ്ങളെ മാലയായണിഞ്ഞവനായ്; മൃഗധരം – മാനിനെ ധരിച്ചവനായി; മഹാദേവം ദേവം – മഹാദേവനായി പ്രകാശസ്വരൂപിയായി; മയി സദയഭാവം – എന്നി‍‍‍ല്‍ കരുണയോടുകൂടിയവനായി; പശുപതിം – ജീവജാലങ്ങ‍ള്‍ക്കെല്ലാമാധാരമായി; ചിദാലംബം – സ്വരൂപജ്ഞാനത്തിന് സാധനഭൂതനായി; സ‍ാംബം – ഉമാസഹിതനായി; അതിവിഡംബം – പ്രപഞ്ചത്തെ അനുകരിക്കുന്ന; ശിവം – മംഗളമൂര്‍ത്തിയെ; ഹൃദി ഭജേ – ഹൃദയത്തി‍‍ല്‍ ഞാ‍‌ന്‍‍‍‍ ഭജിക്കുന്നു.

മൂന്നു വേദങ്ങളാല്‍ അറിയത്തക്കവനായി മനോജ്ഞനായി മുപ്പുരങ്ങളേയും ചുട്ടെരിച്ചവനായി, ആദ്യനായി മുക്കണ്ണനായി കനത്ത ജടാഭാരത്താലതിഗംഭീരനായി ഇളകിക്കൊണ്ടിരിക്കുന്ന സര്‍പ്പത്തെ ഭൂഷണമാക്കിയവനായി, മഹാദേവനായി, പ്രകാശ സ്വരൂപനായി, എന്നില്‍ കരുണയോടുകുടിയവനായി, ജീവജാലങ്ങാള്‍ക്കെല്ലാമാധാരമായി, സ്വരൂപജ്ഞാനത്തിന്നു സാധനഭൂതനായി, ഉമാസഹിതനായി പ്രപഞ്ചാനുസാരിയായിരിക്കുന്ന ആ മംഗളവിഗ്രഹനെ (ശിവനെ) ഞാന്‍ ഹൃദയത്തില്‍ ഭജിക്കുന്നു.

സഹസ്രം വര്‍ത്തന്തേ ജഗതി വിബുധാഃ ക്ഷുദ്രഫലദാ
ന മന്യേ സ്വപ്നേ വാ തദനുസരണം തത്കൃതഫലം |
ഹരിബ്രഹ്മാദീനാമപി നികടഭാജാമസുലഭം
ചിരം യാചേ ശംഭോ തവ പദ‍ാംഭോജഭജനം || 4 ||

ജഗതി – ലോകത്തി‌‍‍ല്‍; ക്ഷുദ്രഫലദഃ വിബുധാഃ – അതിതുച്ഛമായ ഫലത്തെമാത്രം; നല്‍ക്കുവാ‍ന്‍ – കഴിവുള്ളവരായ ദേവന്മാ‌‍ര്‍‍‍‍; സഹസ്രം വര്‍ത്തന്തേ – ആയിരക്കണക്കിലുണ്ട്; സ്വപ്നേ വാ – സ്വപ്നത്തിലുംകൂടി തദനുസരണം അവരുടെ ആശ്രയത്തേയും തത്കൃതഫലം അതുകൊണ്ടുണ്ടാകാവുന്ന ഫലത്തേയും; ന മന്യേ – കൊതിക്കുന്നില്ല; ശംഭോ! – സുഖങ്ങള്‍ക്കെല്ല‍ാം നിദാനമായ; ശിവ! – മംഗളമൂര്‍ത്തേ!; നികുടഭാജ‍ാം – അടുത്തുനില്‍ക്കുന്നവരായ; ഹരിബ്രഹ്മാദീന‍ാം – അപി അസുലഭം വിഷ്ണു, ബ്രഹ്മാവ് മുതലായവര്‍ക്കും കൂടി ലഭിക്കാവുന്നതല്ലാത്ത; തവ – നിന്തിരുവടിയുടെ; പദ‍ാംഭോജഭജനം – പദകമലങ്ങളുടെ ഭജനം; ചിരം – എന്നെന്നേക്കുമായി; യാചേ – ഞാ‍‍ന്‍ യാചിച്ചുകൊള്ളൂന്നു.

ലോകത്തില്‍ അതിനിസ്സാരങ്ങളായ ഫലങ്ങളെ ഉടനടി നല്‍ക്കുന്നവരായ ദേവന്മാര്‍ അനേകായിരമുണ്ട്. അവരെ ആശ്രയിക്കുന്നതിന്നോ, അവ‍ര്‍ തരുന്ന ഫലത്തിന്നോ ഞാന്‍ ക‍ാംക്ഷിക്കുന്നില്ല. ഹേ സുഖങ്ങള്‍ക്കാധാരഭൂതനായ മംഗളവിഗ്രഹ ! സമീപവര്‍ത്തികളായ വിഷ്ണു, ബ്രഹ്മദേവന്‍ മുതലായവര്‍ക്കുകൂടി അസുലഭമായിരിക്കുന്ന നിന്തിരുവടിയുടെ പാദസേവയെ മാത്രമെ എന്നന്നേക്കുമായി ഞാന്‍ യാചിക്കുന്നുള്ളു.

സ്മൃതൌ ശാസ്ത്രേ വൈദ്യേ ശകുനകവിതാഗാനഫണിതൌ
പുരാണേ മന്ത്രേ വാ സ്തുതിനടനഹാസ്യേഷ്വചതുരഃ |
കഥം രാജ്ഞ‍ാം പ്രീതിര്‍ഭവതി മയി കോഽഹം പശുപതേ
പശും മ‍ാം സ‍ര്‍വജ്ഞ പ്രഥിത കൃപയാ പാലയ വിഭോ || 5 ||

സ്മൃതൗ – മനുസ്മൃതി തുടങ്ങിയ ധര്‍മ്മശാസ്ത്രത്തിലോ; ശാസ്ത്രേ – തര്‍ക്ക വ്യാകരണാദിശാസ്ത്രങ്ങളിലോ; വൈദ്യേ – ധന്വന്തരീനിര്‍മ്മിതമായ വൈദ്യശാസ്ത്രത്തിലോ; ശകുനകവിതാ ഗാനഫണിതൗ – ശകുനം, കവിതാ, സംഗീതം ഇവയെ പറയുന്നതിലോ; പുരാണേ മന്ത്രേ – പുരാണങ്ങളിലോ മന്ത്രശാസ്ത്രത്തിലോ; സ്തുതിനടന-ഹാസ്യേഷുവാ – സ്തുതിക്ക‍ല്‍,നൃത്തം, ഫലിതം പറഞ്ഞു രസിപ്പിക്കുക ഇവയില്തന്നേയോ; അചതുരഃ – ഞാന്‍ സമര്‍ത്ഥനല്ല; രാജ്ഞ‍ാം പ്രീതിഃ – രാജാക്കന്മാര്‍ക്ക് പ്രീതി; മയി കഥം ഭവതി? – എന്നില്‍ എങ്ങിനെയുണ്ടാവും?; പശുപതേ! – സര്‍വ്വജ്ഞ!; ഹേ ജഗദീശ! – എല്ലാമറിയുന്നോവോ! പ്രഥിത!; ശ്രുതിപ്രസിദ്ധിയാര്ന്നുലള്ളോവേ! – വിഭോ! സര്‍വ്വവ്യാപക!; പശും അഹം കഃ – സാധുവായും, ഞാന്‍ ആരെന്നുതന്നെ അറിയാത്തവനായുമിരിക്കുന്ന; മ‍ാം കൃപയാ പാലായ! – എന്നെ കരുണയാര്‍ന്നു കാത്തരുളേണമേ.

മനുസ്മൃതി തുടങ്ങിയ ധര്‍മ്മശാസ്ത്രങ്ങളിലോ, തര്‍ക്കവ്യാകരണാദികളിലോ, വൈദ്യം, ശകുനശാസ്ത്രം, കവനകല, സംഗീതശാസ്ത്രം, പുരാണം, മന്ത്രശാസ്ത്രം, സ്തുതി, നൃത്തം, ഹാസ്യചേഷ്ടകളെ അഭിനയിക്ക‍‍ല്‍ എന്നിവയിലോ ഞാനല്പവും സമര്‍ത്ഥനല്ല. അങ്ങിനെയിരിക്കെ രാജപ്രീതി എനിക്ക് എങ്ങിനെ ലഭിക്കും? ഹേ ജഗദീശ്വര ! സര്‍വ്വജ്ഞനായി, ശ്രുതിപ്രസിദ്ധനായി, സര്‍വ്വവ്യാപിയായിരിക്കുന്നോവേ ! സാധുവും തന്നത്താനറിയാത്തവനുമായ എന്നെ കരുണയോടെ കാത്തരുളേണമേ.

ശ്രീശങ്കരാചാര്യരുടെ ശിവാനന്ദലഹരിയില്‍ നിന്നും (PDF).