ഡൗണ്‍ലോഡ്‌ MP3

തതശ്ച വൃന്ദാവനതോഽതിദൂരതോ
വനം ഗതസ്ത്വം ഖലു ഗോപഗോകുലൈഃ
ഹൃദന്തരേ ഭക്തതര-ദ്വിജ‍ാംഗനാ
കദംബ കാനുഗ്രഹണാഗ്രഹം വഹന്‍ || 1 ||

അനന്തരം ഏറ്റവും ഭക്തകളായ വിപ്രസ്ത്രീകളെ അനുഗ്രഹിപ്പനുള്ള ആഗ്രഹത്തെ മനസ്സില്‍ വഹിച്ചുകൊണ്ട് നിന്തിരുവടി ഗോപന്മാരോടും പശുക്കൂട്ടങ്ങളോടും കൂടി വൃന്ദവനത്തില്‍നിന്നും വളരെ ദൂരത്തുള്ള ഒരു കാട്ടിലേക്ക് എഴുന്നെള്ളുകയുണ്ടായല്ലോ!

തതോ നിരീക്ഷ്യാശരണേ വനാന്തരേ
കിശോരലോകം ക്ഷുധിതം തൃഷാകുലം
അദൂരതോ യജ്ഞപരാന്‍ ദ്വിജാന്‍ പ്രതി
വ്യസര്‍ജ്ജയോ ദീദിവ്യാചനായ താന്‍ || 2 ||

അനന്തരം നിന്തിരുവടി മനുഷ്യവാസമില്ലാത്തതായ ആ വനപ്രദേശത്തി‍ല്‍ ഗോപബാലന്മാരെ വിശപ്പുള്ളവരായി ദാഹംകൊണ്ട് വലഞ്ഞിരിക്കുന്നവരായി കണ്ടിട്ട് അധികം ദൂരത്തല്ലാത്ത യാഗാനുഷ്ഠാനനിരതരായികഴിയുന്ന ബ്രാഹ്മണന്മരുടെ അടുത്തേക്ക് അന്നം യാചിക്കുന്നതിനായി അവരെ പറഞ്ഞയച്ചു.

ഗതേഷ്വഥോ തേഷ്വഭിധായ തേഽഭിധ‍ാം
കുമാരകേഷ്വോദനയാചിഷു പ്രഭോ !
ശ്രുതിസ്ഥിരാ അപ്യഭിനിന്യുരശ്രുതിം
ന കിഞ്ചിദുചുശ്ച മഹീസുരോത്തമാഃ || 3 ||

സര്‍വ്വേശ്വര! അനന്തരം അവിടെ ചെന്നുചേര്‍ന്ന ആ ബാലന്മാ‍ര്‍ അങ്ങയുടെ പേരും പറഞ്ഞുകൊണ്ട് അന്നം യാചിക്കവെ, ആ ബ്രാഹ്മണശ്രേഷ്ഠന്മാര്‍ ശ്രുതിസ്ഥിരത്യുണ്ടായിരുന്നിട്ടും കേട്ടില്ലെന്ന ഭാവം നടിച്ചു. യതൊന്നു പറയുകയുമുണ്ടായില്ല.

അനാദരാത് ഖിന്നധിയോ ഹി ബാലകാഃ
സമായയുര്‍ , യുക്തമിദം ഹി യജ്വസു
ചിരാദഭക്താഃ ഖലു തേ മഹീസുരാഃ
കഥം ഹി ഭക്തം ത്വയി തൈഃ സമര്‍പ്പ്യതേ || 4 ||

ആ കുട്ടികള്‍ ആദരവുലഭിക്കായ്കയാ‍ല്‍ ഇച്ഛാഭംഗത്തോടുകൂടിത്തന്നെ തിരിച്ചുവന്നു; യാഗകര്‍മ്മമനുഷ്ഠിക്കുന്നവരില്‍ ഇതു യോജിച്ചതുതന്നെയാണ്; ആ മഹാബ്രാഹ്മണന്മാര്‍ വളരെക്കാലമായിട്ടും അങ്ങയില്‍ ഭക്തി സംഭവിക്കാത്തവരാണല്ലോ അവരാ‍ല്‍ അങ്ങയില്‍ അന്നം സമര്‍പ്പിക്കപ്പെടുന്നതെങ്ങിനെ?

നിവേദയധ്വം ഗൃഹിണീജനായ മ‍ാം
ദിശേയുരന്നം കരുണാകുലാ ഇമാഃ
ഇതി സ്മിതാര്‍ദ്രം ഭവതേരിതാ ഗതാഃ
തേ ദാരകാ ദാരജനം യയാചിതേ || 5 ||

വിപ്രപത്നിമാരോടു ഞാന്‍ പറഞ്ഞയച്ചതായി അറിയിക്കുവി‍ന്‍; ദയാശീലരായ ഇവര്‍ ഭക്ഷണം നല്‍ക്കുന്നതാണ്; എന്നിങ്ങിനെ മന്ദസ്മിതം തൂകികൊണ്ട് അങ്ങയാല്‍ അരുളിചെയ്യപ്പെട്ടാതനുസരിച്ച് ആ കുട്ടികള്‍ വീണ്ടും ചെന്ന് ബ്രാഹ്മണപത്നിമാരോടു അന്നം യാചിച്ചു.

ഗൃഹീതനാമ്നി ത്വയി സംഭ്രമാകുലാഃ
ചതുര്‍വ്വിധം ഭോജ്യരസം പ്രഗൃഹ്യ താഃ
ചിരം ധൃത ത്വത്പ്രവിലോകനാഗ്രഹാഃ
സ്വകൈര്‍ നിരുദ്ധാ അപി തൂര്‍ണ്ണമായയുഃ || 6 ||

നിന്തിരുവടിയുടെ പേരുച്ചരിച്ചതുകേട്ട ക്ഷണംതന്നെ വളരെക്കാലമായി നിന്തിരുവടിയെ കാണുന്നതിനു കൊതിച്ചുകൊണ്ടിരുന്നവരായ അവ‍ര്‍ ഉഴറ്റോടെ നാലു വിധത്തിലുള്ള ഭക്ഷണദ്രവ്യങ്ങളുമെടുത്തുകൊണ്ട് സ്വജനങ്ങളാല്‍ തടുക്കപ്പെട്ടവരായിരുന്നിട്ടും അതിവേഗത്തില്‍ അങ്ങയുടെ സമീപമെത്തിച്ചേര്‍ന്നു.

വിലോലപിഞ്ഛും ചികുരേ, കപോലയോഃ
സമുല്ലസ്ത്കുണ്ഡല, മാര്‍ദ്രമീക്ഷിതേ
നിധായ ബാഹും സുഹൃദം സസീമനി
സ്ഥിതം ഭവന്തം സമളൊകയന്ത താഃ || 7 ||

തിരുമുടിയിലിളകിക്കൊണ്ടിരിക്കുന്ന മയില്‍പീലിയോടും കവിള്‍ത്തടങ്ങളില്‍ തിളങ്ങുന്ന കുണ്ഡലങ്ങളോടും കൂടിയവനായി ! കരുണാര്‍ദ്രമായ കടാക്ഷത്തോടുകൂടിയവനായി ഒരു കളിത്തോഴന്റെ ചുമലില്‍ കൈവെച്ചുംകൊണ്ട് നില്‍ക്കുന്നവന്നയി നിന്തിരുവടിയെ അവര്‍ കണ്‍കുളിരെ ദര്‍ശിച്ചു.

തദാ ച കാചിത് ത്വദുപാഗമോദ്യതാ
ഗൃഹീത ഹസ്താ ദയിതേന യജ്വനാ
തദൈവ സഞ്ചിന്ത്യ ഭവന്തമഞ്ജസാ
വിവേശ കൈവല്യമഹോ! കൃതന്യസൗ || 8 ||

അതേ സമയത്തുതന്നെ അങ്ങയുടെ അടുത്തേയ്ക്കു വരുവാന്‍ പുറപ്പെട്ടിരുന്ന ഒരുത്തിയാഗകര്‍മ്മതല്പരനായ ഭര്‍ത്താവിനാല്‍ കയ്യി‍ല്‍ പിടിച്ച് തടുക്കപ്പെട്ടവളായി ഉടനെതന്നെ അങ്ങയെത്തന്നെ നിനച്ചുകൊണ്ട് പൊടുന്നവെ മോക്ഷത്തെ പ്രാപിച്ചു. ഇവള്‍ തന്നെയാണ് മഹാഭാഗ്യവതി !

ആദായ ഭോജ്യാന്യനുഗൃഹ്യ താഃ പുനഃ
ത്വദംഗസംഗസ്പ്യഹയോജ്ഝതീര്‍ ഗൃഹം
വിലോക്യ യജ്ഞായ വിസര്‍ജ്ജയന്നിമാഃ
ചകര്‍ത്ഥ ഭര്‍ത്തൃനപി താസ്വഗര്‍ഹണാന്‍ || 9 ||

നിന്തിരുവടി ഭക്ഷണപദാര്‍ത്ഥങ്ങളെ സ്വീകരിച്ച് ആ വിപ്രസ്ത്രീകളെ അനുഗ്രഹിച്ചിട്ട് അതിനുശേഷവും അങ്ങയുടെ അംഗസംഗത്തിലുള്ള അഭിലാഷം നിമിത്തം ഗൃഹങ്ങളിലേക്കു തിരിച്ചുപോവാന്‍ മനസ്സില്ലാതെ നില്ക്കുന്ന അവരെ കണ്ടിട്ട് യാഗത്തിന്നുവേണ്ടി (സഹധര്‍മ്മീണിക‍ള്‍ യാഗത്തിന്നു ഭാഗഭാക്കു കളാവേണ മെന്നതുകൊണ്ട്) തിരികെ പറഞ്ഞയച്ച് അവരുടെ പതിമാരെ അവരില്‍ വിദ്വേഷമില്ലാത്തവരാക്കുകയും ചെയ്തു.

നിരുപ്യ ദോഷം നിജമംഗനാജനേ
വിലോക്യ ഭക്തിം ച പുനര്‍വിചാരിഭിഃ
പ്രബുദ്ധതത്ത്വൈസ്ത്വമഭിഷ്ടുതോ ദ്വിജൈഃ
മരുത്പുരാധീശ ! നിരുന്ധി മേ ഗദാന്‍ || 10 ||

ഗുരുവായൂരപ്പ! തങ്ങളുടെ കുറ്റത്തെ മനസ്സിലാക്കിയും സ്ത്രീകളില്‍ ഭക്തിയെ കണ്ടറിഞ്ഞും പരമാര്‍ത്ഥം മനസ്സിലാക്കപ്പെട്ടവരായ പുനര്‍വിചാരശീലന്മാരായ (കാര്‍യ്യം കഴിഞ്ഞതിന്നുശേഷം ആലോചിച്ചു മനസ്താപപ്പെടുന്നവരായ) ആ ബ്രാഹ്മണരാല്‍ സ്തുതിക്കപ്പെട്ട നിന്തിരുവടി എന്റെ രോഗങ്ങളെ തടുക്കേണമേ !

യജ്വപത്ന്യുദ്ധരാവര്‍ണ്ണണം എന്ന അറുപത്തൊന്ന‍ാം ദശകം സമാപ്തം.
ആദിതഃ ശ്ലോകാഃ 628.
വൃത്തം വംശസ്ഥം.

നാരായണീയം – അര്‍ത്ഥവും പാരായണവും എന്ന പംക്തിയുടെ ഭാഗമാണ് ഈ ലേഖനം.