ഹേ രാമചന്ദ്രാ! ശ്രദ്ധവച്ചു കേള്‍ക്കൂ. പണ്ടു മന്ദരപര്‍വ്വതത്തിന്റെ സാനുപ്രദേശത്തുള്ള ഒരു ഗുഹയില്‍ വീതഹ്യവ്യനെന്നു പേരായി ഒരു തപസ്വി താമസിച്ചുവന്നു. അദ്ദേഹം കഠിനങ്ങളായ പല തപോനിഷ്ഠകളേയും ക്ലേശകരങ്ങളായ പലകര്‍മ്മങ്ങളെയും ചെയ‍്തുവന്നു. ആധിവ്യാധികളെയും ജനനമരണങ്ങളേയും സൃഷ്ടിക്കുന്ന കര്‍മ്മപരമ്പരകളില്‍ കാലംകൊണ്ട് അദ്ദേഹത്തിനു വൈരാഗ്യം വന്നു. അതുകാരണത്താല്‍ കര്‍മ്മസാഹസങ്ങളേയും തപോനിഷ്ഠകളേയുമെല്ല‍ാം അവസാനിപ്പിച്ചു നിര്‍വ്വികല്പസമാധിയെ പ്രാപിക്കണമെന്നു തീര്‍ച്ചപ്പെടുത്തി. അതിനുള്ള പരിശ്രമം ചെയ്യാന്‍ തുടങ്ങി. കേവലം അടങ്ങിലയിച്ചാലാണല്ലോ ഒരാള്‍ക്ക് അവസ്ഥാത്രയത്തെ വിട്ട് സമാധിയിലേക്ക് ഉയരാന്‍ സാധിക്കുന്നത്. എന്തൊക്കെ ചെയ‍്തിട്ടും തന്റെ മനസ്സടങ്ങുന്നില്ലെന്നു കണ്ടു വീതഹവ്യന്‍ വിഷമിച്ചു.

ഒരുദിവസം പതിവുപോലെ അദ്ദേഹം ഗുഹാന്തര്‍ഭാഗത്തു വിരിച്ച മാന്‍തോലില്‍ ബദ്ധപത്മാസനനായി നീണ്ടുനിവര്‍ന്നു ദൃഷ്ടികളെ ഭൂമദ്ധ്യത്തില്‍ കൂട്ടി യോചിപ്പിച്ചിട്ട് ഊര്‍ദ്ധ്വദൃഷ്ടിയായിരുന്നു. കണ്ണുതുടങ്ങിയ അഞ്ചിന്ദ്രിയദ്വാരങ്ങളില്‍ക്കൂടെ ലോകത്തിലെ സകലവസ്തുക്കളിലേക്കും ഓടിക്കളിച്ചുകൊണ്ടിരിക്കുന്ന മനസ്സിനെ വളരെ സാഹസപ്പെട്ടു അകത്തൊതുക്കി. അതുകൊണ്ടും സമാധാനം കിട്ടിയില്ല. ഓളത്തില്‍പ്പെട്ട ഇലയെപ്പോലെ തുള്ളിക്കളിച്ചുകൊണ്ടിരിക്കുന്ന മനസ്സു് അപ്പോഴും ഒന്നുവിട്ടാല്‍ മറ്റൊന്നിലേക്ക് വൃക്ഷങ്ങളില്‍ മര്‍ക്കടമെന്നപോലെ വിഷയങ്ങളില്‍ത്തന്നെ തുള്ളിക്കളിക്കാന്‍ തുടങ്ങി. വാസ്തവത്തില്‍ ദൃഗാദിഇന്ദ്രിയങ്ങളും ആത്മാവും തമ്മിലെന്താണ് സംബന്ധം? യാതൊരു സംബന്ധവുമില്ല. മനസ്സിനു വിഷയപ്രാപ്തിക്കുള്ള നിര്‍ഗ്ഗമനദ്വാരങ്ങളായി തീര്‍ന്നിരിക്കുന്നു ഇന്ദ്രിയങ്ങളെന്നുമാത്രം. ആത്മാവുമായി യാതൊരു സംബന്ധവും അവയ്ക്കില്ല. ആത്മപ്രകാശത്തിന്നു് അവ അടങ്ങുകതന്നെ വേണം. എന്നുവിചാരിച്ചു് തന്റെ തപശക്തികൊണ്ട് ഇന്ദ്രിയങ്ങളെയൊക്കെ അടക്കി അനന്തരം മനസ്സിന്റെ സ്വരൂപത്തെ നീരൂപിക്കാന്‍ തുടങ്ങി. എന്താണ് മനസ്സിന്റെ സ്വരൂപം? വിചാരിക്കപ്പെടുന്ന‌വസ്തുക്കളും ഭാവങ്ങളുമെല്ല‍ാം മനസ്സിന്റ രൂപമാവാന്‍ വയ്യ. എങ്കിലും അവയൊക്കെ എപ്പോഴും പ്രാപിച്ചുകൊണ്ടിരിക്കുകയെന്നതു മനസ്സിന്റെ സ്വഭാവമാണ്. ഒരിക്കലെങ്കിലും ഒന്നിനെയും സ്പര്‍ശിക്കാതെ സ്വന്തരൂപത്തില്‍ മാത്രം നില്ക്കുകയെന്ന സമ്പ്രദായംതന്നെ മനസ്സിനില്ല. ആ സ്ഥിതിക്കു മനസ്സിന്റെ സ്വരൂപമെന്തെന്ന് എങ്ങനെയറിയ‍ാം? എന്നിങ്ങനെ വിചാരം ചെയ‍്തുചെയ‍്ത് ഒടുവില്‍ വിചാരങ്ങളാണ് മനസ്സിന്റെ സ്വരൂപത്തെ മറച്ചിരിക്കുന്നത്, നിര്‍വ്വിചാരമാണ് മനസ്സിന്റെ സ്വന്തരൂപമെന്ന നിഗമനത്തിലെത്തി. ആത്മവിചാരം കൊണ്ട് അതുകേവലം നശിക്കുമെന്നും അദ്ദേഹത്തിനു ബോധ്യമായി.

അപ്പോള്‍ സിംഹം കൂട്ടിലെന്നപോലെ മനസ്സു സ്വയം അടങ്ങി. ഇന്ദ്രിയങ്ങളും മനസ്സുമടങ്ങി വാസനാപ്രവാഹവും പ്രാണസ്പന്ദനവും തടയപ്പെട്ടപ്പോള്‍, ഹേ രാമചന്ദ്രാ! ആ മുനീശ്വരന്‍ സമാധിയിലേക്കുയര്‍ന്നു. വികല്പങ്ങള്‍ ക്രമേണ ചുരുങ്ങിച്ചുരുങ്ങി പരമനിര്‍വ്വികല്പതാഭാവവും പ്രകാശിച്ചു. ശരീരം കേവലം സ്തബ്ധമായി. ആനിലയില്‍ നിര്‍വ്വികല്പമായ ബ്രഹ്മഭാവത്തില്‍ മുഴുകികൊണ്ട് അദ്ദേഹം വളരെക്കാലം ഒന്നും അറിയാതെ കഴിഞ്ഞു. മഴപെയ്ത ചേറും ചളിയും കൂടി കത്തിയൊഴുകിവന്ന വെള്ളത്തില്‍ അദ്ദേഹത്തിന്റെ ശരീരം ആണ്ടുപോയിട്ടും സമാധിയില്‍നിന്നുണരുകയോ അറിയുകയോ ചെയ‍്തില്ല. ഒഴുക്കില്‍പ്പെട്ട അദ്ദേഹത്തിന്റെ ശരീരം കാലംകൊണ്ടു വെള്ളം വറ്റിയപ്പോള്‍ മണ്ണിനടിയിലായിതീര്‍ന്നു. അങ്ങനെ കുറേകാലം കഴിഞ്ഞപ്പോള്‍ വാസനാവിശേഷത്താല്‍ വീണ്ടും മനസ്സു വികസിച്ചു. അപ്പോള്‍ വീതഹവ്യമുനി സമാധിയില്‍നിന്നുണര്‍ന്നു. എന്നാല്‍ താന്‍ മണ്ണിന്നടിയിലാണെന്നും തന്നത്താന്‍ മണ്ണു നീക്കി പുറത്തുവരാന്‍ കഴിവിലെന്നും കണ്ടു.

യോഗാനുഭൂതികൊണ്ടു സിദ്ധിവന്നു സിദ്ധനായിതീര്‍ന്ന ആ മഹാത്മാവു് ഉടന്‍ സൂക്ഷമശരീരമാത്രനായി ആദിത്യമണ്ഡലത്തിലേക്കുയര്‍ന്നു. അദ്ദേഹത്തിന്റെ ഇംഗിതത്തെ അറിഞ്ഞ ആദിത്യഭഗവാന്‍ പിംഗളനെന്നു പേരായ തന്റെ ഭൃത്യനെ അയച്ചു ഋഷിയുടെ സ്ഥൂലശരീരത്തെ കുത്തിപ്പൊക്കിയെടുക്കാന്‍ പറഞ്ഞു. പിംഗളന്‍ തന്റെ സ്വാമികല്പനപ്രകാരം നഖരങ്ങളെകൊണ്ടു മണ്ണുനീക്കി വീതഹവ്യന്റെ ശരീരത്തെ പുറത്തെടുത്തുവച്ചു പോവുകയും ചെയ്തു. ഋഷി സൂക്ഷ്മശരീരത്തോടുകൂടി തന്റെ സ്ഥൂലശരീരത്തില്‍ പ്രവേശിച്ചതോടെ കണ്‍മിഴിച്ച് ഉണര്‍ന്നെഴുന്നേല്ക്കുകയും ചെയ‍്തു. പിന്നീടു വളരെക്കാലം മന്ദരപര്‍വ്വതത്തിന്റെ സാനുപ്രദേശത്തുതന്നെ മറ്റൊരിടത്ത് ഒരു പൊയ‍്കയുടെതീരത്തു സുഖമായി ബ്രഹ്മിഷ്ടനായി കാലം കഴിച്ചു.

അങ്ങനെയിരിക്കെ വീണ്ടും ഒരു ദിവസ്സം അദ്ദേഹം വിചാരവാനായി. ഇന്ദ്രിയങ്ങളെയൊക്കെ പണ്ടേതന്നെ ഞാനടക്കിയിരിക്കുന്നു. ആസ്ഥിതിക്ക് അവയെപ്പറ്റിയൊന്നും ചിന്തിക്കേണ്ടതില്ല. വാസനാനിരതമായ മനസ്സിനെ കേവലം നശിപ്പിക്കുകതന്നെവേണം. എന്നുകരുതി മനസ്സിന്റെ സ്വരൂപത്തെപറ്റി ചിന്തിക്കാന്‍ തുടങ്ങിയതോടെ മനസ്സുലയിച്ചു് അദ്ദേഹം പണ്ടത്തെപ്പോലെ നിര്‍വ്വികല്പസമാധിയില്‍ മുഴുകി. എന്നാല്‍ ആ സമാധി ആദ്യത്തെമാതിരി വളരെ അധികസമയമൊന്നും നീണ്ടുനിന്നില്ല. കേവലം ആറുദിവസ്സങ്ങള്‍ മാത്രമാണ് അദ്ദേഹം സമാധിയില്‍മുഴുകിയിരുന്നത്. ഏഴ‍ാം ദിവസ്സം നിദ്രവിട്ടെഴുനേല്ക്കുംപോലെ സമാധിയില്‍നിന്നുണര്‍ന്ന വീതഹവ്യന്‍ ലോകസ്ഥിതിയെ നോക്കി തന്റെ സംസാരഗതിയെ എന്നെന്നേക്കുമായവസാനിപ്പിച്ചു വിദേഹകൈവല്യത്തെ പ്രാപിക്കാന്‍ തീര്‍ച്ചപ്പെടുത്തി.

അനാദികാലമായി തന്നില്‍ ഉദിച്ചു വളര്‍ന്നു തടിച്ചു കൊഴുത്ത സംസാരവാസനകളോടും ശരീരമനോബുദ്ധീന്ദ്രിയങ്ങളാകുന്ന കരണങ്ങളില്‍ ഓരോന്നിന്റയും ഓരോ ധര്‍മ്മത്തോടും അദ്ദേഹം പ്രത്യേകം പ്രത്യേകമായി യാത്ര പറഞ്ഞു. അതായതു് അവയെ ഓരോന്നോരോന്നായി തന്നില്‍നിന്നും നിശ്ശേഷം അകറ്റി. നല്ലതോ ചീത്തയോ വിധിച്ചതോ നിഷേധിച്ചതോ ആയ ഒരു ധര്‍മ്മവും തന്നിലില്ലാത്ത നിലയില്‍ നിശ്ശേഷം അകറ്റി. ലോകവാസന, ശാസ്ത്രവാസന, ദേഹവാസന തുടങ്ങിയ വാസനകളേയും നിശ്ശേഷം അകറ്റി. അനന്തരം അത്യന്തസൂക്ഷ്മമായ നാദത്തില്‍ക്കൂടെ പ്രജ്‍ഞസ്വരൂപത്തെ പ്രാപിച്ചതോടെ അദ്ദേഹത്തിന്റെ വ്യക്തിത്വം കേവലം നശിക്കുക തന്നെ ചെയ‍്തു. ബ്രഹ്മമെന്നും പുരുഷനെന്നും ആത്മാവെന്നും ശിവനെന്നും കാലമെന്നും മറ്റും പറയുന്നതേതൊരു തത്വത്തെയാണോ, ആ തത്ത്വമായിതീര്‍ന്നു അദ്ദേഹം. ശരീരം നശിച്ചിട്ടില്ലെങ്കിലും വീതഹവ്യനെന്ന വ്യക്തിനഷ്ടപ്പെട്ടു. സത്താമാത്രമായ ബ്രഹ്മാവായിത്തീര്‍ന്നു അദ്ദേഹം. വാക്കിനും മനസ്സിനും പിടികിട്ടാത്ത സത്താസാമാന്യഭാവത്തില്‍ പിന്നെയും കുറേക്കാലം ആ ശരീരം നിലനിന്നശേഷമാണ് ദൃശ്യഭാവം കൂടിവിട്ടു കേവലസ്വരൂപമായിതീര്‍ന്നതു്. മനസ്സു നശിച്ചശേഷം ദൃശ്യശരീരത്തെ മറ്റുള്ളവര്‍ കണ്ടിരുന്നുവെങ്കിലും അദ്ദേഹം അറിഞ്ഞിരുന്നില്ല. ഒരിക്കലും ഉണ്ടാവാന്‍ വയ്യാത്ത നിലയില്‍ മനസ്സുനശിച്ചതിനാല്‍ പിന്നീടദ്ദേഹം സംസാരത്തെ അറിയാന്‍ പോലും ഇടവന്നതുമില്ല. ഹേ രാമചന്ദ്രാ ! വീതഹവ്യനെപ്പോലെ മനസ്സിനെ നശിപ്പിക്കുന്ന സുകൃതികള്‍ പിന്നീടൊരിക്കലും സംസാരത്തെ അറിയാന്‍പോലും ഇടവരാത്ത നിലയില്‍ വിദേഹകൈവല്യത്തെ പ്രാപിക്കുന്നു.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്നും.