അമൃതാനന്ദമയി അമ്മ

മക്കളേ,
വക്കീലിനോടും ഡോക്ടറോടും കള്ളം പറയരുത് എന്നൊരു ചൊല്ല് നമ്മുടെ നാട്ടിലുണ്ട്. വക്കീലിനോടു കേസിന്റെ മുഴുവന്‍ കാര്യങ്ങളും വിശദീകരിച്ചു പറയണം. എങ്കിലേ അദ്ദേഹത്തിനു വാദിച്ചുജയിക്കാന്‍ കഴിയൂ. അതുപോലെ ഡോക്ടറോട് രോഗവിവരവും പൂര്‍ണമായി പറയണം. എങ്കില്‍ മാത്രമേ കൃത്യമായ രോഗനിര്‍ണയം സാധിക്കൂ. പിന്നെ ചികിത്സ എളുപ്പമായി.

എന്നാല്‍ ഇതൊന്നുമില്ലാതെ നമ്മുടെ പ്രശ്‌നങ്ങള്‍ മുഴുവന്‍ അറിയുന്ന ഒരാളുണ്ട്- ഈശ്വരന്‍. ഈശ്വരനെ അറിയിക്കാന്‍ വേണ്ടി നമ്മുടെ പ്രശ്‌നങ്ങള്‍ വിസ്തരിച്ചു പറയേണ്ട കാര്യമില്ല. ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ അവിടുത്തെ മുമ്പില്‍ നിരത്തിവെക്കുന്ന ധാരാളം ആളുകളുണ്ട്. അവര്‍ ഒരു കാര്യം മറക്കുന്നു. ഈശ്വരന്‍ എല്ല‍ാം അറിഞ്ഞുകൊണ്ടിരിക്കുന്നു. നമ്മുടെ ഓരോ ചലനവും കണ്ടുകൊണ്ട് അന്തര്യാമിയായി നമ്മുടെയുള്ളില്‍ത്തന്നെ കുടികൊള്ളുന്നു. അവിടുത്തെ ശക്തികൊണ്ടു മാത്രമാണ് നമുക്കെല്ല‍ാം കാണാനും കേള്‍ക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നത്.

ഈശ്വരനെ അറിയണമെങ്കില്‍ അവിടുന്ന് നമുക്ക് ശക്തി തരണം. എല്ല‍ാം അവിടുത്തേക്ക് സമര്‍പ്പിച്ചു സദാ അവിടുത്തെ സ്മരണ ചെയ്യാനാണ് മക്കള്‍ ശ്രമിക്കേണ്ടത്. എല്ലാറ്റിലുമധികം ബന്ധം നമുക്ക് ഭഗവാനോടായിരിക്കണം. അഥവാ ദുഃഖങ്ങള്‍ പറയുന്നെങ്കില്‍ അതും അവിടുത്തോടു കൂടുതല്‍ അടുക്കുവാന്‍ വേണ്ടി മാത്രമായിരിക്കണം. പലരും ഈശ്വരസന്നിധിയില്‍ ചെന്ന് വഴിപാടുകള്‍ നടത്തി കാര്യങ്ങള്‍ സാധിക്കാമെന്ന് വിചാരിക്കുന്നവരാണ്. എന്നാല്‍ ഈശ്വരനില്‍ നമുക്കുള്ള വിശ്വാസവും സമര്‍പ്പണവുമാണ് നമ്മുടെ ദുഃഖങ്ങളെല്ല‍ാം തീര്‍ക്കുന്നത്. അല്ലാതെ ഭഗവാന്റെ മുമ്പില്‍ ബുദ്ധിമുട്ടുകള്‍ വിസ്തരിച്ച് പൂജകള്‍ നടത്തിയതുകൊണ്ടു മാത്രം പ്രയോജനമില്ല. വിശ്വാസവും സമര്‍പ്പണവും ഉണ്ടാവണം.

ഒരിടത്തൊരു അച്ഛനും മകനും ഉണ്ടായിരുന്നു. മകന്റെ അസുഖത്തിന് വൈദ്യനെ കണ്ടു. ഒരു പ്രത്യേക തരം ഔഷധച്ചെടിയുടെ നീര് കൊടുത്താല്‍ അസുഖം മാറുമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അച്ഛനും മകനും കൂടി അതന്വേഷിച്ചു പല സ്ഥലത്തും അലഞ്ഞു. എങ്ങും കിട്ടിയില്ല. പലരോടും അന്വേഷിച്ചു. ആര്‍ക്കും അറിയില്ല. ആ ചെടി തേടി അവര്‍ നടന്നു തളര്‍ന്നു. തളര്‍ച്ച മൂലം ഇരുവര്‍ക്കും കലശലായ ദാഹം തോന്നി. കുറച്ചകലെ ഒരു കിണര്‍ കണ്ടു. വെള്ളം കോരിക്കുടിക്കുന്നതിനു വേണ്ടി മകനെയും കൂട്ടി അച്ഛന്‍ കിണറ്റിന്‍കരയില്‍ ചെന്നു. അവിടെ കയറും തൊട്ടിയുമുണ്ട്. വെള്ളം കോരുന്നതിനു വേണ്ടി തൊട്ടി കിണറ്റിലേക്ക് ഇറക്കി. ചുറ്റിലും കാട്ടുചെടികള്‍ വളര്‍ന്നുനില്‍ക്കുന്ന കിണര്‍. അതിന്റെ അടിഭാഗത്ത് തങ്ങള്‍ അന്വേഷിച്ചലയുന്ന ഔഷധച്ചെടികള്‍ വളര്‍ന്നുനില്‍ക്കുന്നത് അച്ഛന്റെ ശ്രദ്ധയില്‍പ്പെട്ടു.

കിണറ്റിലിറങ്ങാന്‍ നോക്കിയെങ്കിലും സാധിക്കുന്നില്ല. നല്ല ആഴവുമുണ്ട്. അച്ഛന്‍ മറ്റൊന്നും ചിന്തിച്ചില്ല. മകന്റെ അരയില്‍ കിണറ്റുകയറിന്റെ ഒരറ്റം ശ്രദ്ധാപൂര്‍വം കെട്ടി മകനെ സാവധാനം കിണറ്റിലേക്കിറക്കി. അടിയിലെത്തിയാല്‍ ശ്രദ്ധയോടെ ചെടികള്‍ പിഴുതെടുക്കണമെന്ന് അച്ഛന്‍ പറഞ്ഞു. ഈ സമയത്താണ് മറ്റു ചില യാത്രക്കാര്‍ അവിടെയെത്തിയത്. അച്ഛന്റെ പ്രവര്‍ത്തി കണ്ട് അവര്‍ അമ്പരന്നു. ”ഈ കൊച്ചു കുട്ടിയെ അരയ്ക്കു കയര്‍ കെട്ടി കിണറ്റിലിറക്കുന്ന നിങ്ങള്‍ മനുഷ്യനാണോ?”- അവര്‍ ചോദിച്ചു. അച്ഛന്‍ നിശ്ശബ്ദനായി കയര്‍ പിടിച്ചുകൊണ്ടു നിന്നു. താഴെയെത്തിയ മകന്‍ ചെടികളെല്ല‍ാം പിഴുതെടുത്തു. അച്ഛന്‍ ശ്രദ്ധേയാടെ സാവകാശം മകനെ കിണറ്റില്‍നിന്ന് ഉയര്‍ത്തി.

കരയിലെത്തിയ മകനോട് യാത്രക്കാര്‍ ചോദിച്ചു: ”എങ്കിലും നിനക്കെങ്ങനെ ധൈര്യം വന്നു, അരയ്ക്കു കയറും കെട്ടി ഈ കിണറ്റിലിറങ്ങാന്‍”. മകന്‍ സംശയിക്കാതെ ഉത്തരം നല്‍കി: ”എന്റെ അച്ഛനാണ് ആ കയറില്‍ പിടിച്ചിരുന്നത്.” സ്വന്തം പിതാവിനെ ആ പുത്രന് അത്രയേറെ വിശ്വാസമുണ്ടായിരുന്നു. അച്ഛന്റെ വാക്കുകളില്‍ അവന് ഒട്ടും സംശയമുണ്ടായിരുന്നില്ല. ആ വിശ്വാസം പ്രവര്‍ത്തിയില്‍ കൊണ്ടുവന്നപ്പോള്‍ കിണറ്റിലിറങ്ങി ഔഷധച്ചെടികള്‍ പറിച്ചെടുക്കാന്‍ സാധിച്ചു. അവ ഉപയോഗിച്ച് മരുന്ന് നിര്‍മിച്ച് കഴിച്ചപ്പോള്‍ അസുഖം ഭേദമായി.

ഈയൊരു വിശ്വാസമാണ് നമുക്ക് ഈശ്വരനോട് ഉണ്ടായിരിക്കേണ്ടത്. എന്നെ രക്ഷിക്കാന്‍ ഈശ്വരനുണ്ട്. പിന്നെ ഞാനെന്തിനു ദുഃഖിക്കണം, വിഷമിക്കണം? ആത്മസാക്ഷാത്ക്കാരത്തെപ്പറ്റി പോലും വേവലാതി വേണ്ട. ഈ ഒരു ഉറപ്പാണ് ഈ ജീവിതത്തില്‍ മക്കള്‍ വെച്ചു പുലര്‍ത്തേണ്ടത്. ഓരോ നിമിഷവും സംശയം വെച്ചുകൊണ്ടിരിക്കുന്ന ഭക്തി ഭക്തിയല്ല. വിശ്വാസം വിശ്വാസവുമല്ല. ഈശ്വരനില്‍ പൂര്‍ണ വിശ്വാസം ഉണ്ടാകുന്നതു തന്നെയാണ് സാക്ഷാത്ക്കാരം. പ്രാര്‍ഥനയിലൂടെയും സാധനയിലൂടെയും ശരിയായ വിശ്വാസം വളര്‍ത്തിയെടുക്കണം. അതിനുള്ള ശ്രമം മക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാവട്ടെ.

അമ്മ

കടപ്പാട് : അമൃതവചനം, മാതൃഭൂമി