സ്വീയം വാക്യമൃതം കര്‍ത്തുമവതീര്‍ണ്ണോഽസി മേ ഗൃഹേ
ചികീര്‍ഷുര്‍ഭഗവാന്‍ ജ്ഞാനം ഭക്താന‍ാം മാനവര്‍ദ്ധനഃ (3-24-30)
താന്യേവതേഽഭിരൂപാണി രൂപാണി ഭഗവംസ്തവ
യാനി യാനി ച രോചന്തേ സ്വജനാനാമരൂപിണഃ (3-24-31)

മൈത്രേയന്‍ തുടര്‍ന്നു:
കര്‍ദ്ദമന്‍ ഭഗവദനുഗ്രഹത്തെപ്പറ്റി ഓര്‍ത്തിട്ട്‌ ദേവഹൂതിയോട്‌ അവളുടെ ആഗ്രഹം സഫലമാകും എന്ന പറഞ്ഞു. ഭഗവാന്‍ സ്വയം പുത്രനായി ജനിക്കും എന്നാണല്ലോ പറഞ്ഞിട്ടുളളത്‌. ദേവഹൂതി, തന്റെ സര്‍വ്വസ്വവും ഭഗവാനിലര്‍പ്പിച്ചു കഴിഞ്ഞു പോന്നു. പിന്നെയും കുറേക്കാലംകഴിഞ്ഞു ഭഗവാന്‍ സ്വയം കര്‍ദ്ദമന്റെ ഊര്‍ജ്ജമായി ദേവഹൂതിയില്‍ക്കൂടി പുറത്തുവന്നു. വിറകുതടിയില്‍ ലീനമായിരിക്കുന്ന തീ പുറത്തുവരുന്നുതു പോലെ. ദേവതകള്‍പോലും ഭഗവല്‍ജനനത്തെ വാഴ്ത്തി. സൃഷ്ടാവുതന്നെ കുട്ടിക്ക്‌ കപിലന്‍ എന്ന പേരിട്ടു. ബ്രഹ്മാവിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ കര്‍മ്മമന്‍ തന്റെ ഒന്‍പത്‌ പുത്രിമാരെ ഒന്‍പതു മഹര്‍ഷിമാര്‍ക്ക്‌ വിവാഹംചെയ്തു കൊടുത്തു. കലയെ മരീചിക്കും, അനസൂയയെ അത്രിക്കും, ശ്രദ്ധയെ അംഗിരസ്സിനും, ഹവിര്‍ഭുവിനെ പുലസ്ത്യനും, ഗതിയെ പുലഹനും, ക്രിയയെ കൃതുവിനും, ഖ്യാതിയെ ഭൃഗുവിനും, അരുന്ധതിയെ വസിഷ്ടനും, ശാന്തിയെ അഥര്‍വ്വനും വിവാഹം കഴിച്ചു. അവരെല്ല‍ാം സ്വഗൃഹങ്ങളുംക്ക്‌ പോവുകയും ചെയ്തു.

ഭഗവാന്‍സ്വയം സ്വപുത്രനായി പിറന്ന കപിലനോട്‌ കര്‍മ്മമമുനി ഇപ്രകാരം പറഞ്ഞു: “പല ജന്മങ്ങളിലെ ഭക്തിസാധനകളിടെ മാത്രമേ അങ്ങയെ സാക്ഷാത്കരിക്കാന്‍ സാധകര്‍ക്ക്‌ സാധിക്കൂ. പരിപൂര്‍ണ്ണമായി പവിത്രമാവാതെ ദുഷ്ടബുദ്ധികള്‍ക്ക്‌ ഇത്‌ സാദ്ധ്യമാവുകയില്ല തന്നെ. എന്നിലും അങ്ങയുടെ കാരുണ്യവും മഹിമയും അപാരം. അല്ലെങ്കില്‍ എന്നെപ്പോലുളള ഒരു സാധാരണക്കാരന്റെ വീട്ടില്‍വന്നു ജനിക്കുമോ? സര്‍വ്വസാധാരണമായ നിരൂപണത്തെപോലും അവഗണിച്ച്‌ ഇവിടെ അവതരിച്ചിരിക്കുന്നത്‌ അവിടുത്തെ പരമകാരുണ്യം തന്നെയാണ്‌. ആത്മവിദ്യാപരമായ അറിവ്‌ പ്രചരിപ്പിക്കാന്‍ സ്വയമവതരിച്ച്‌ ഭക്തജനങ്ങളുടെ മഹിമ ലോകത്തെ അറിയിക്കാന്‍വേണ്ടിയാണല്ലോ അവിടുന്ന്‍ ഇങ്ങനെ ചെയ്തത്‌. അങ്ങ്‌ എല്ലാ രൂപഭാവങ്ങള്‍ക്കും അതീതനാണെന്ന് ഞാന്‍ അറിയുന്നു. എങ്കിലും ഭക്തജനങ്ങള്‍ക്ക് ഇഷ്ടമാവുന്ന രൂപങ്ങളെ സ്വീകരിക്കാന്‍ അങ്ങ്‌ തയ്യാറുമാണ്‌. സര്‍വ്വചരാചരങ്ങളുടെയും ബോധമണ്ഢലത്തെ നിയന്ത്രിക്കുന്നുതും, അവയെ സൃഷ്ടിച്ച്, സംരക്ഷിച്ച്, സംഹരിച്ച്, പഞ്ചഭൂതങ്ങളേയും കാലത്തേയും നിയന്ത്രിച്ച് വിശ്വബോധത്തിന്റെ നിയന്താവായും, പരമാത്മസ്വരൂപനായും നിലകൊളളുന്ന കപിലനെ ഞാന്‍ അഭയം പ്രാപിക്കുന്നു. എന്റെ പിതാവായ ബ്രഹ്മദേവനു ഞാന്‍ നല്‍കിയ വാഗ്ദാനപ്രകാരം എന്റെ എല്ലാ ആഗ്രഹങ്ങളും നിന്നില്‍ സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു. ഇനി ഈ ലൗകികജീവിതം ഉപേക്ഷിച്ച്‌ പൂര്‍ണ്ണമായും സന്യസിക്കാന്‍ അനുമതിയേകിയാലും.”

കപിലനായി അവതരിച്ച ഭഗവാന്‍ പറഞ്ഞു: “ആത്മവിദ്യാചരണത്തിനാണ് ഈ അവതാരത്തില്‍ ഞാന്‍ വന്നിട്ടുളളത്‌. ഗൃഹസ്ഥാശ്രമത്തില്‍ നിന്നും വിട്ടുപോകാന്‍ ഞാന്‍ അനുമതി നല്‍കുന്നു. എന്നിലുളള ഭക്തിയാലും പ്രവൃത്തികളാലും മരണത്തില്‍ നിന്നും അങ്ങ് വിമുക്തനത്രെ. ഹൃദയം എന്നില്‍ ലീനമായതിനാല്‍ ദുഃഖത്തില്‍ നിന്നും ഭയത്തില്‍ നിന്നും മുക്തിയും ഉണ്ടാകട്ടെ.”എന്നുപറഞ്ഞ് സ്വപുത്രരൂപത്തില്‍ ഭഗവാന്‍ മുനിയെ അനുഗ്രഹിച്ചു. കര്‍ദ്ദമന്‍ ഗൃഹംവിട്ട്‌ മനസുമുഴുവന്‍ ഭഗവാനിലര്‍പ്പിച്ച്‌ ആത്മക്ഷാത്കാരം നേടി. പരമാത്മാവില്‍ നിന്നും സ്വയം വിഭന്നമല്ലെന്നും സര്‍വ്വചരാചരങ്ങളും, ആത്മാവും ഒന്നാണെന്നും അദ്ദേഹം കണ്ടു. അങ്ങനെ ജനനമരണചക്രങ്ങളില്‍ നിന്നും കര്‍ദ്ദമന്‍ എന്നെന്നേക്കുമായി മുക്തി നേടി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF