അമൃതാനന്ദമയി അമ്മ

ജീവിതത്തില്‍ വിഷമഘട്ടങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ നമ്മള്‍ പലപ്പോഴും കാര്യത്തെയാണ് മാറ്റാന്‍ ശ്രമിക്കുന്നത്, കാരണത്തെയല്ല. അതുകൊണ്ട് ദുഃഖം ഇരട്ടിയാകും.

ഒരു കുട്ടി വിശന്നു കരയുമ്പോള്‍ സമാധാനിപ്പിക്കാന്‍ കളിപ്പാട്ടം കൊടുത്താല്‍ തല്‍ക്കാലം അടങ്ങിയിരിക്കും. വിശപ്പ് കൂടുമ്പോള്‍ പത്തിരട്ടി ശക്തിയില്‍ കരയും. വിശപ്പു മാറിയാലേ ആ കുഞ്ഞിന്റെ കരച്ചിലിന് ശമനം ഉണ്ടാകുകയുള്ളൂ. ഇതുപോലെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ മനസ്സിലാക്കിവേണം നാം പരിഹരിക്കേണ്ടത്. പലപ്പോഴും നാം പരിഹാരം കണ്ടെത്തുന്നത് മറ്റൊരു പ്രശ്നത്തെ ഏറ്റെടുത്തുകൊണ്ടാണ്.

പ്രസ്സില്‍ ജോലിചെയ്തിരുന്ന ഒരാളുടെ കൈ മുക്കാല്‍ ഭാഗവും അറ്റിരുന്നു. കൈ ചേര്‍ത്ത് തുന്നിക്കെട്ടിയ ഡോക്ടര്‍ രോഗിയോട് സഹതാപം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു: “ഏതായാലും ഭാഗ്യമായി ഇടതുകൈയാണല്ലോ മുറിഞ്ഞത്. വലതുകൈ ആയിരുന്നെങ്കില്‍ കഷ്ടമായേനേ! ഭാഗ്യമുണ്ട്. വലതുകൈക്ക് ഒന്നും പറ്റിയില്ലല്ലോ?”

“അതല്ലേ ഡോക്ടറെ എന്റെ മിടുക്ക്! ജോലി ചെയ്യുമ്പോള്‍ എന്റെ വലതുകൈയാണ് യന്ത്രത്തില്‍ ഉണ്ടായിരുന്നത്. ബ്ലെയ്ഡ് ഒടിഞ്ഞുവരുന്ന കണ്ടപ്പോള്‍ വലതുകൈ മാറ്റി ഞാന്‍ ഇടതുകൈ വച്ചു.” ഇതായിരുന്നു അയാളുടെ മറുപടി.

ഇതുപോലെയാണ് നമ്മുടെ ജീവിതത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു പ്രശ്നത്തെ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ നാം പുതിയൊരു പ്രശ്നം സൃഷ്ടിക്കുന്നു. ഇതു പാടില്ല. പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം കണ്ടെത്തി അതു പരിഹരിക്കണം.

നമ്മള്‍ ഒറ്റപ്പെട്ട ദ്വീപുകളല്ല, ഒരേ ശൃംഖലയിലെ കണ്ണികളാണ്. മറ്റുള്ളവര്‍ മാറിയിട്ട്, ഞാന്‍ മാറാം എന്ന് ചിന്തിക്കരുത്. മറ്റുള്ളവര്‍ മാറുന്നതിനുവേണ്ടി കാത്തുനില്‍ക്കാതെ നമ്മള്‍ സ്വയം മാറാന്‍ തയ്യാറാകണം. ഇതിലൂടെ സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് കഴിയും.

വനവുമായി ചേര്‍ന്ന ഒരു ഗ്രാമമുണ്ട്. അവിടെ വഴിവിളക്കുകള്‍ ഇല്ലായിരുന്നു. ഇതുമൂലം രാത്രി കാലങ്ങളില്‍ കൊള്ളകള്‍ വര്‍ദ്ധിച്ചു. വഴിയാത്രക്കാരെ പിടിച്ചു പറിക്കുന്നത് സ്ഥിരം സംഭവമായി. കുറ്റകൃത്യങ്ങള്‍ പെരുകിയപ്പോള്‍ നാട്ടുകാര്‍ ഉദ്ദ്യോഗസ്ഥരെ സമീപിച്ചു. വഴിവിളക്ക് സ്ഥാപിക്കാന്‍ അപേക്ഷ നല്‍കി. പ്രയോജനം ഉണ്ടായില്ല. ഇരുട്ടിന്റെ മറവിലെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞില്ല. ഒരു ദിവസം അവിടെയുള്ള താമസക്കാരില്‍ ഒരാളിനുതോന്നി, തന്റെ‍ വീടിന്റെ‍ മുന്നില്‍ ഒരു റാന്തല്‍ വിളക്ക് കത്തിച്ചുവച്ചാലോ എന്ന്! അത്രയും സ്ഥലത്ത് പ്രകാശം കിട്ടുമല്ലോ! അദ്ദേഹം തന്റെ‍ വീടിന്റെ‍ മുമ്പില്‍ വഴിയരികില്‍ ഒരു റാന്തല്‍ വിളക്ക് കത്തിച്ചുവച്ചു. ഇതു കണ്ട് അടുത്ത വീട്ടുകാരും അതു തന്നെ ചെയ്തു. ഗ്രാമത്തിലാകെ പ്രകാശം നിറഞ്ഞു. കൊള്ളയും കൊലയും ഇല്ലാതായി. കള്ളന്മാരുടെ ശല്യം ഇല്ലാതായി. ഒരാളില്‍ നിന്ന് തുടങ്ങിയ സത്പ്രവൃത്തി ആ നാട്ടില്‍ മുഴുവന്‍ വലിയ പരിവര്‍ത്തനത്തിന് കാരണമായി.

ഇന്ന് ലോകത്തില്‍ കാണുന്ന യുദ്ധങ്ങളുടേയും ഭീകരാക്രമണങ്ങളുടേയും മുഖ്യകാരണം വ്യക്തി മനസ്സുകളിലെ സംഘര്‍ഷമാണ്. അതിനാല്‍ വ്യക്തി മനസ്സ് മാറ്റിയെടുക്കണം. വ്യക്തിമനസ്സുകളിലെ മാറ്റം സമൂഹപരിവര്‍ത്തനം വരുത്തിത്തീര്‍ക്കും എന്ന് ഉറപ്പാണ്.

കടപ്പാട്: മാതൃഭുമി