അമൃതാനന്ദമയി അമ്മ

‘ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനെ യുദ്ധംചെയ്യാന്‍ പ്രേരിപ്പിച്ചില്ലേ?’എന്ന് ഒരു മോന്‍ ഈയിടെ സംശയം ചോദിച്ചു. യുദ്ധത്തില്‍ ആയിരങ്ങള്‍ മരിക്കുന്നതു കൊണ്ട് ഭഗവാന്‍ ഹിംസയ്ക്ക് കൂട്ടു നില്‍ക്കുകയായിരുന്നു. എന്ന് മക്കള്‍ക്ക് സംശയം തോന്നാം. ആ തോന്നല്‍ ശരിയല്ല ഭഗവാന്‍ ഒരിക്കലും യുദ്ധത്തിന് വേണ്ടി ആഗ്രഹിച്ചിട്ടില്ല. അവിടുത്തെ മാര്‍ഗം ക്ഷമയുടേതാണ്. ഭഗവാന്‍ പരമാവധി ക്ഷമിച്ചു. ശക്തനായ ഒരാള്‍ ക്ഷമിക്കുമ്പോള്‍, അത് മറ്റെരാള്‍ക്ക് കൂടുതല്‍ ഹിംസ ചെയ്യുവാന്‍, ജനങ്ങളെ ഉപദ്രവിക്കുവാന്‍ ധൈര്യം പകരുമെങ്കില്‍, ആ വ്യക്തിയുടെ ക്ഷമയാണ് ഏറ്റവും വലിയ ഹിംസ എന്ന് അമ്മ പറയും.

ഒരുവന്റെ ക്ഷമ മറ്റൊരുവനെ കൂടുതല്‍ അഹങ്കാരിയാക്കുമെങ്കില്‍ അവിടെ ക്ഷമ വെടിയുന്നതാണ് ഉത്തമം. എന്നാല്‍, നമുക്ക് ആ വ്യക്തിയോട് പകയോ സ്പര്‍ധയോ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വ്യക്തിയെ അല്ല, വ്യക്തിയുടെ തെറ്റായ പ്രവൃത്തിയെ വേണം ദ്വേഷിക്കുവാന്‍.

ഭഗവാന് ദുര്യോധനനോട് ദേഷ്യമില്ല. ദുര്യോധനന്‍ അധര്‍മ്മം വെടിയണമെന്നു മാത്രമാണ് അവിടുന്ന് ആഗ്രഹിച്ചത്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും ശ്രേയസ്സിന് അത് അത്യാവശ്യമായിരുന്നു. മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ടു മാത്രമാണ് ശ്രീകൃഷ്ണപരമാത്മാവ് യുദ്ധത്തിന് അനുമതി നല്‍കിയത് യുദ്ധത്തില്‍ ആയുധമെടുക്കില്ല; തേരാളിയായിരിക്കുക മാത്രമേയുള്ളൂ എന്ന് സര്‍വസംഹാരശക്തനായ അവിടുത്തെ തീരുമാനം തന്നെ യുദ്ധം അവിടുത്തേക്ക് താല്പര്യമുള്ള കാര്യമല്ല എന്നതിന് തെളിവല്ലേ?

ദുര്യോധനന്‍ പാണ്ഡവര്‍ക്ക് ഒരു വീടെങ്കിലും നല്കിയിരുന്നെങ്കില്‍, പാണ്ഡവരെ സമാധാനിപ്പിച്ച് അവിടുന്ന്, സംതൃപ്തിയോടെ കഴിയുവാന്‍ വേണ്ടമാര്‍ഗം ഉപദേശിക്കുമായിരുന്നു. എന്നാല്‍ അത്ര ദയ കൂടി കൗരവരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. വാസ്തവത്തില്‍ മറ്റുള്ളവരെക്കൂടി യുദ്ധത്തിന് പ്രേരിപ്പിച്ചത് കൗരവരാജാവായ ദുര്യോധനനാണ്.

സര്‍വ അധര്‍മ്മങ്ങളുടെയും സ്വരൂപമായ ഒരാളുടെ കൈയ്യില്‍ രാജ്യമിരുന്നാല്‍ അതു ലോകത്തിനു തന്നെ നാശമായിത്തീരും. നമ്മുടെ ചുറ്റുമുള്ള ലോകത്തില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് ഇതുതന്നെയല്ലേ? അങ്ങനെയുള്ളവരെ ഏതുവിധേനയും നേര്‍വഴിക്ക് നടത്തണം അതാണ് ജനങ്ങളോടുള്ള കാരുണ്യം. ഒരു വിഷവൃക്ഷം വെട്ടിവീഴ്ത്തുമ്പോള്‍, അനേകം ചെറുചെടികള്‍ ഇല്ലാതാകും. ഒരു ഫലവൃക്ഷം വളര്‍ത്തുന്നതിനായി അതിന്റെ തൈ നടുമ്പോള്‍ കുറെ ചെറുചെടികള്‍ പഴുതുമാറ്റേണ്ടി വരും. നെല്ലിനുചുറ്റും വളരുന്ന കളകളെ നമ്മള്‍ പിഴുതുമാറ്റാറില്ലേ? എന്നാല്‍ ആ തൈ, അല്ലെങ്കില്‍ നെല്ല് വളര്‍ന്ന് വലുതായാല്‍ സമൂഹത്തിന് അതുകൊണ്ട് പ്രയോജനം ഉണ്ടാവും. വളര്‍ന്നു വലുതാവുന്ന വൃക്ഷത്തിന്റെ തണലില്‍ എത്രയോ ചെറുചെടികള്‍ക്ക് വളരാന്‍ കഴിയും. അങ്ങനെ നോക്കുമ്പോള്‍ ചെറുചെടികളുടെ നാശം ഒരു നഷ്ടമല്ല. വയലിലെ കള പറിച്ചു കളഞ്ഞാല്‍ മാത്രമേ നെല്ല് വളരുകയും മികച്ച വിളവ് ഉണ്ടാകുകയും ഉള്ളൂ. അരി ഇല്ലാതെ ക്ഷാമം ഉണ്ടാകുന്നതിലും നല്ലത് കളകള്‍ നശിപ്പിക്കുന്നത് തന്നെയാണ്. അതു ഹിംസയല്ല. ദുര്യോധനനെ നശിപ്പിച്ചില്ലെങ്കില്‍ ആ അധര്‍മി, ധര്‍മിഷ്ടരായ മറ്റു രാജാക്കന്‍ന്മാരെ ആക്രമിച്ച് കുരുക്ഷേത്രയുദ്ധത്തില്‍ മരിച്ചതിലും അതികം ജനങ്ങളെ കൊല്ലുമായിരുന്നു. മാത്രമല്ല, ഭാവിയില്‍ അതു സമൂഹത്തിനും സംസ്കാരത്തിനും വലിയ ദോഷം ചെയ്യും. അധര്‍മ്മികളെ എന്നെന്നും വാഴാന്‍ അനുവദിക്കുന്നതിലും എത്രയും നല്ലതാണ് യുദ്ധം. കുറച്ചു പേരുടെ മരണത്തിനിടയായ യുദ്ധം ധര്‍മ്മത്തെ രക്ഷിക്കുവാന്‍ വേണ്ടിയായിരുന്നു ഭഗവാന്‍ ചെയ്തത്. ധര്‍മ്മത്തെ നിലനിര്‍ത്തുവാന്‍ അതേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. അവിടുന്ന് ചെയ്തത് നൂറുശതമാനവും ശരിയാണ്. സ്വന്തമായ കാര്യലാഭത്തിനു വേണ്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ഭഗവാന് തെറ്റുപറ്റുമായിരുന്നു, അങ്ങനെയെന്നും ഉണ്ടായിട്ടില്ല. തനിക്കുവേണ്ടിയോ സ്വന്തം മക്കള്‍ക്ക് വേണ്ടിയോ അല്ല അവിടുന്ന് പ്രവര്‍ത്തിച്ചത്.

ധര്‍മ്മത്തെ നിലനിര്‍ത്തുക, ജനങ്ങളുടെ സുരക്ഷയും സംതൃപ്തിയും ആനന്ദവും ഉറപ്പുവരുത്തുക- ഇതായിരുന്നു അവിടത്തെ പ്രവൃത്തിയുടെ പിന്നിലെ ഉദ്ദേശ്യം.

ധര്‍മ്മത്തിന്റെയും അധര്‍മ്മത്തിന്റെയും പൊരുള്‍ മനസ്സിലാക്കി ജീവിക്കാനാണ് അവിടുന്ന് പഠിപ്പിച്ചത്. ധര്‍മം രക്ഷിക്കുവാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ലെങ്കില്‍ യുദ്ധവും ആകാം എന്ന് അവിടുന്ന് പഠിപ്പിച്ചു. തെറ്റുതിരുത്തുവാന്‍ വോണ്ടുവോളം അവസരം നല്കിയിട്ടും ധര്‍മം സ്വീകരിക്കുവാന്‍ തയ്യാറാകുന്നില്ല എങ്കില്‍ മാത്രമേ ആയുധം എടുക്കാവു എന്ന് ശ്രീകൃഷ്ണഭഗവാന്‍ കാട്ടിത്തരുന്നുണ്ട്.

നമ്മള്‍ മനസ്സിലാക്കേണ്ട തത്വം അതാണ്. അല്ലാതെ ഭഗവാന്‍ അര്‍ജുനനെ നിര്‍ബന്ധിച്ച് യുദ്ധം ചെയ്തിട്ടില്ല ഇത് മക്കള്‍ ഓര്‍മിക്കണം.

വീടിനു തീ പിടിക്കുന്ന സമയത്ത് മാറിയിരുന്ന് ധ്യാനിക്കുവാന്‍ പറയുന്നതാണോ ധര്‍മോപദേശം? എത്രയും വേഗം വെള്ളം ഒഴിച്ച് തീ അണയ്ക്കുവാന്‍ വേണ്ട നിര്‍ദേശം നല്കുകയാണ് വേണ്ടത്. വേണ്ടിവന്നാല്‍ തീ അടിച്ച് കെടുക്കുവാന്‍ പറമ്പിലെ വാഴവെട്ടാനും മടിക്കേണ്ടതില്ല അതാണ് ആ സമയത്തെ ശരിയായ ധര്‍മം. അതുതന്നെയാണ് പാര്‍ത്ഥസാരഥി ചെയ്തത്.

കടപ്പാട്: മാതൃഭുമി