തിരുവണ്ണാമലയിലെ ശ്രീരമണാശ്രമം പ്രസിദ്ധീകരിച്ച ‘Talks with Sri Ramana Maharshi” എന്ന മഹദ്‌ഗ്രന്ഥത്തിന്  ശ്രീ തിരുവല്ലം ഭാസ്കരന്‍ നായര്‍ തയ്യാറാക്കിയ മലയാള പരിഭാഷയായ ഭഗവാന്‍ രമണമഹര്‍ഷി സംസാരിക്കുന്നു എന്ന ഗ്രന്ഥത്തിന്റെ സ്കാന്‍ ചെയ്ത രൂപം താങ്കളുടെ വായനയ്ക്കായി സമര്‍പ്പിക്കുന്നു. ശ്രീ രമണമഹര്‍ഷിക്കും ഗ്രന്ഥകര്‍ത്താവിനും അതിനു നിദാനമായ രമണഭക്തയായ ശ്രീമതി മാധവി അമ്മയ്ക്കും പ്രസിദ്ധീകരിക്കാന്‍ സഹായിച്ച എല്ലാപേര്‍ക്കും പ്രണാമം.

വളരെ താല്‍പ്പര്യത്തോടെ ഈ ഗ്രന്ഥം മലയാളത്തില്‍ ടൈപ്പുചെയ്ത് സഹായിച്ച ശ്രീ നവനീത് കുമാര്‍ (കണ്ണൂര്‍), അക്ഷരത്തെറ്റുകള്‍ കഴിയുന്നതും ഒഴിവാക്കാന്‍ നല്ല രീതിയില്‍ എഡിറ്റ്‌ ചെയ്ത് സഹായിച്ച ശ്രീ എബ്രഹാം പാറേക്കുന്നേല്‍ (മോസ്കോ), ദിവസേന ചിന്തോദ്ദീപകമായ ചെറിയ ഭാഗങ്ങളായി ശ്രേയസ്സില്‍ പോസ്റ്റ്‌ ചെയ്യുന്ന ശ്രീ മനു ചന്ദ്രന്‍ എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. ഈ ഗ്രന്ഥത്തിലെ ഭാഷ അല്പം പഴയ മലയാളമാണ്. അതിനാലുണ്ടായേക്കാവുന്ന ബുദ്ധിമുട്ട്, ഇതിന്റെ മൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ തുച്ഛമാണ്.

കൈവല്യ നവനീതം, ഒഴിവിലൊടുക്കം, തിരുക്കുറള്‍, തിരുമന്തിരം, ജ്ഞാനക്കടല്‍, തായുമാനവര്‍ ഗീതാവലി തുടങ്ങി ധാരാളം തമിഴ്‌ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ ശ്രീ ഭാസ്കരന്‍ നായര്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. അവയെല്ലാം ശ്രേയസ്സിലൂടെ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാക്കാന്‍ ശ്രമിക്കാം.

  1. ഭഗവാന്‍ രമണമഹര്‍ഷി സംസാരിക്കുന്നു ഭാഗം 1 PDF (സ്കാനിംഗ് വ്യക്തത കുറവാണ്)
  2. ഭഗവാന്‍ രമണമഹര്‍ഷി സംസാരിക്കുന്നു ഭാഗം 2 PDF

ആമുഖത്തില്‍ നിന്ന്:

ഈശ്വരന്‍ മനുഷ്യനെ സൃഷ്ടിക്കുന്നു. മനുഷ്യന്‍ ഈശ്വരനെയും സൃഷ്ടിക്കുന്നു. എന്നാല്‍ ഈശ്വരന്‍ ‘ഞാന്‍ ഇവിടെ ഉണ്ട്‘ എന്നോ ‘ഞാന്‍ എല്ലാത്തിനെയും സൃഷ്ടിക്കുന്നു‘ എന്നോ, രഹസ്യമായിട്ടെങ്കിലും ഇതുവരെ ആരോടും പറഞ്ഞിട്ടേയില്ല. ഈ നിലക്ക് ഈശ്വരനെ സൃഷ്ടിക്കുന്നതോ പോകട്ടെ, ഈശ്വരന്‍ ലോകത്തെ സൃഷ്ടിക്കാന്‍കൂടി മനുഷ്യന്‍ മൂലകാരണമായിത്തീരുന്നു. ഇങ്ങനെ സത്യാത്തിലോട്ടു നീങ്ങിയാല്‍ ജഗത്തിനും ഈശ്വരനും മനുഷ്യന്റെ മേല്‍വിലാസമല്ലാതെ സ്വന്തം മേല്‍വിലാസം ഉള്ളതായി ആ രണ്ടുപേരും പറയുന്നില്ല എന്നറിയാം.

ഇതൊരു വിരോധാഭാസമാണെന്നേ നമുക്ക് തോന്നാന്‍ ന്യായമുള്ളു. എന്നാലും വെട്ടത്തെ ഇരുട്റെന്നു കാണുന്ന നത്തിന്റെ സത്യത്തെ നാം എവിടെ മറച്ചു പിടിക്കും? ഇങ്ങനെ അറിവിന്‌ നിഷ്പക്ഷത വരാത്തിടത്തോളം അതിനവസാനവുമുണ്ടായിരിക്കുകയില്ല.

സര്‍വ്വത്തെയും അറിയുന്ന താന്‍ തന്നെ അറിയുന്നില്ലെന്നു വന്നാല്‍ താനരിഞ്ഞ അറിവ് അറിവായിരിക്കുകയില്ല. മഹര്‍ഷിയുടെ ഭാഷയില്‍ അത് അഹന്തയുടെ അറിവും, താന്‍ തന്നെ അറിയുന്ന അറിവ് ആത്മാവിന്റെ അറിവുമാണ്. അഹന്തയുടെ അറിവ് നാമരൂപപ്രപഞ്ചത്തെക്കാണുന്നു. ആത്മാവിന്റെ അറിവ് തനിക്കന്യമായി ട്ടൊന്നിനെയും കാണാതിരിക്കുന്നു. ആദ്യത്തേത് ജീവബോധം അഥവാ ലോകബോധവും രണ്ടാമത്തേത് ആത്മബോധവുമാണ്. ജീവബോധം വൃത്തിയിലും ആത്മബോധം നിവൃത്തിയിലുമായിരിക്കും. ആത്മബോധോദയത്തില്‍ ജീവബോധം വന്ധ്യാപുത്രനെപ്പോലെ ഒഴിയുന്നു. ഇവിടെ എപ്പോഴുമുള്ള ആത്മാവ് പുത്തനായുണ്ടാകേണ്ടതില്ല. ഒരിക്കലുമില്ലാത്ത ജീവബോധം അല്ലെങ്കില്‍ അവിദ്യ അല്ലെങ്കില്‍ മായ ഒഴിയാനുമില്ല. അതുകൊണ്ടാണ് ‘നീ ഇപ്പോഴും നിന്റെ സാക്ഷാത്കാരത്തില്‍ തന്നെ ഇരിക്കുകയാണ്‘ എന്ന് മഹര്‍ഷി ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളത്. ഇങ്ങനെ ഒഴിയാതെ ഒഴിയുന്ന ഒഴിവിനെയാണ് മഹര്‍ഷിയുടെ ലോകം കണ്ട അമ്പത്തഞ്ചില്‍പ്പരം വര്‍ഷകാലത്തെ ഋഷിജീവിതം പ്രഖ്യാപിച്ചിരുന്നത്‌. നാം അതിന്റെ മൌനം എന്ന് വിശേഷിപ്പിച്ച്ചതില്‍ തെറ്റില്ലതാനും.