ഏകദാഽസത്പ്രസംഗാന്നികൃതമതിര്‍വ്യുദകസ്രോതഃ സ്ഖലനവത്‌
ഉഭയതോഽപി ദുഃഖദം പാഖണ്ഢമഭിയാതി (5-14-13)

കഥാരൂപത്തില്‍ പറഞ്ഞ കാര്യത്തെ വിശദീകരിക്കാന്‍ പരീക്ഷത്തു രാജാവ്‌ അഭ്യര്‍ദ്ധിച്ചതനുസരിച്ച്‌ ശുകമുനി ഇങ്ങനെ തുടര്‍ന്നുഃ

ഇന്ദ്രിയാനുഭവങ്ങള്‍കൊണ്ടു നിറഞ്ഞലോകം, മായാബന്ധനത്താല്‍ മനുഷ്യന്‍ അലഞ്ഞുനടക്കുന്നു വനപാത തന്നെയാണ്‌. കച്ചവടക്കാര്‍ സ്വത്തുണ്ടാക്കാനായി പലേ വ്യാപാരങ്ങളിലേര്‍പ്പെടുന്നതുപോലെ മനുഷ്യന്‍ പലേവിധ കര്‍മ്മങ്ങളും വ്യാപൃതനായിരിക്കുന്നു. കടന്നുപോകുന്നവഴികളും പലേ പ്രശ്നങ്ങളും തടസ്സങ്ങളും ഉണ്ടായിട്ടുപോലും ശരിയായ പാതയേതെന്ന് തിരിച്ചരിയുവാന്‍ അവനു കഴിയുന്നില്ല. വഴിയില്‍ വെച്ച്‌ ഇന്ദ്രിയങ്ങള്‍ അവന്റെ വിവേകത്തെ അപഹരിച്ച്‌ കടന്നുകളയുന്നു. ഇന്ദ്രിയങ്ങളത്രേ കാട്ടുകൊളളക്കാര്‍. ധര്‍മ്മാധിഷ്ഠിതമായതുമാത്രമേ സ്വത്ത്‌ എന്ന്‌ പറയാനാവൂ. ഈ ധര്‍മ്മമാകട്ടെ ഭഗവദ്ഭക്തിയില്‍ അധിഷ്ഠിതവുമാണ്‌. അത്തരം ധര്‍മ്മം മാത്രമേ ഇഹലോകത്തില്‍ സന്തുഷ്ടിയുളവാക്കുന്നുളളൂ. എങ്കിലും ലൗകീകതയില്‍ മുങ്ങിയ മനുഷ്യര്‍ ധര്‍മ്മത്തിനെതിരായ പാതയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നു. പഞ്ചേന്ദ്രിയങ്ങളാണവരെ അങ്ങോട്ട്‌ നയിക്കുന്നുത്‌.

ലൗകീകജീവിതമെന്ന വനത്തില്‍ , സ്വന്തം ഭാര്യയും കുട്ടികളും പോലും ഒരുവന്റെ സ്വത്ത്‌ അപഹരിച്ചെടുക്കുന്നു. മതപരമായ ചടങ്ങുകളും യാഗങ്ങളും പോലും അവന്‌ നിതാന്തമായ ശാന്തത്തയും സന്തോഷവും നല്‍കുന്നില്ല. തിന്മയുടെ പൂച്ചെടികള്‍ അവന്റെ ജീവിതപാതയില്‍ വീണ്ടും വിണ്ടും വളര്‍ന്നു വരുന്നു. എത്ര ഉഴുതുമറിച്ചിട്ടും നശിക്കാത്ത കളകള്‍പോലെ ശക്തമാണവ. വേരുകള്‍ അപ്പാടെ നശിപ്പിച്ചെങ്കില്‍ മാത്രമേ കളകളുടെ വളര്‍ച്ച തടയുവാനാവൂ. മരുഭൂമിയിലെ മരുപ്പച്ച തേടിയുളള പ്രയാണം പോലെ അജ്ഞാനിയായ മനുഷ്യന്‍ ഇന്ദ്രിയസുഖത്തിനു പിന്നാലെ പരക്കം പായുന്നു. എല്ലാ തിന്മകളുടേയും അടിസ്ഥാനമായ സ്വര്‍ണ്ണത്തിനു വേണ്ടി അവന്‍ മത്തുപിടിച്ചലയുന്നു. ഗൃഹം, സ്വത്ത്‌ എന്നിങ്ങനെയുളള ക്ഷണപ്രഭാചഞ്ചലവും അശാശ്വതങ്ങളുമായ വസ്തുക്കളുമായുളള മമത മൂലം അന്ധമായി അവയ്ക്കു വേണ്ടി അലഞ്ഞുനടന്ന് വിലപിടിപ്പേറിയ മനുഷ്യജന്മം പാഴാക്കുന്നു. സര്‍വ്വസാക്ഷിയായ ജഗദീശ്വരന്റെ ദൃഷ്ടി എങ്ങുമുണ്ടെന്ന സത്യം മറന്നുകൊണ്ട്‌ അവന്‍ സ്ത്രീക്കു പിറകേ കാമാതുരനായും അലയുന്നു.

വല്ലപ്പോഴുമൊക്കെ ഈ ഇന്ദ്രിയസുഖഭോഗങ്ങളുടെ ക്ഷണികതയെപ്പറ്റി അവന്‌ ഉള്‍ക്കാഴ്ച്ചയുണ്ടാവുന്നു. എന്നാല്‍ പെട്ടെന്നു തന്നെ സുഖഭോഗങ്ങളുടെ പ്രേരണ അവനെ ആ ചിന്തകളില്‍നിന്നു പിന്‍വലിക്കുന്നു. പോയ ജന്മങ്ങളിലാര്‍ജ്ജിച്ച പുണ്യഫലമായി ഈ സുഖമെല്ലാം തീര്‍ന്നു കഴിയുമ്പോള്‍ ഈശ്വരനേയും ധര്‍മ്മത്തേയും അഭയം പ്രാപിക്കുന്നുതിനു പകരം അവന്‍ മറ്റു മനുഷ്യരേയാണ്‌ അഭയം പ്രാപിക്കുന്നുത്‌. അവന്‍ ചിലപ്പോള്‍ നാസ്തികരുടെ കൂടെ ചേര്‍ന്ന് നികൃഷ്ടരായ അവരാല്‍ നയിക്കപ്പെട്ട്‌ മോഹിതനായി ഇഹലോകത്തും പരലോകത്തും പറയാന്‍ പോലും വയ്യാത്തത്ര ദുരിതങ്ങള്‍ അനുഭവിക്കാനിടയാവുന്നു.

അവന്‍ തന്റെ സ്വത്തിനോട്‌ അമിതമായ മമതയോടെയിരിക്കുന്നു. അത്‌ നഷ്ടപ്പെടുമ്പോള്‍ സ്വന്തം മാതാപിതാക്കളുടേയോ കുട്ടികളുടേയോ പോലും സ്വത്ത്‌ അപഹരിക്കാന്‍ അവന്‌ മടിയില്ലാതാവുന്നു. സമൃദ്ധിയെല്ലാം പോയി നശിച്ച വീട്‌ അവന്‌ കത്തിനശിച്ച കാടുപോലെയാവുന്നു. മാത്രമല്ലാ, രാജാവിന്‌ നികുതിയും കൊടുത്ത്‌ തന്റെ സ്വത്തെല്ലാം നഷ്ടപ്രായമാവുമ്പോള്‍ അവന്‍ ചത്തതിനോക്കുമേ ജീവച്ചിരിക്കിലും, എന്ന മട്ടിലുമിരിക്കുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF