ജാനാമി മഘവഞ്ഛത്രോരുന്നതേരസ്യ കാരണം
ശിഷ്യായോപഭൃതം തേജോ ഭൃഗുഭിര്‍ബ്രഹ്മവാദിഭിഃ (8-15-28)

ശുകമുനി തുടര്‍ന്നു:
ഇന്ദ്രനുമായുണ്ടായ യുദ്ധത്തില്‍ ബലി തോറ്റിരുന്നു. ഇന്ദ്രനാല്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട്‌ ഗുരുവായ ശുക്രന്‍ ബലിക്ക്‌ ജീവന്‍ നല്‍കി. ബലി തന്റെ വാസസ്ഥലത്തേക്ക്‌ തിരിച്ചുപോയി ഹൃദയം മുഴുവന്‍ തന്റെ ഗുരുസേവയ്ക്കായി സമര്‍പ്പിച്ചു. വിശ്വജിത്‌ എന്ന യജ്ഞം നടത്തി ബലിയെ ബലവാനാക്കാന്‍ മുനിമാര്‍ തിരുമാനിച്ചു. യാഗത്തിന്റെ പ്രധാനമായ ഒരു ഭാഗം, യാഗകര്‍ത്താവ്‌ തന്റെ എല്ലാ സമ്പാദ്യങ്ങളും ഉപേക്ഷിക്കുക എന്നതാണ്‌. ബലി അതെല്ലാം വളരെ ഭംഗിയായി നിര്‍വ്വഹിച്ച്‌ ഭഗവല്‍പ്രീതിയും നേടി.

യാഗാഗ്നിയില്‍നിന്നു്‌ ഒരു ദിവ്യരഥവും യുദ്ധസജ്ജീകരണങ്ങളും ലഭിച്ചതു ബലി സ്വീകരിച്ചു. തന്റെ മുത്തച്ഛനായ പ്രഹ്ലാദനും, ഗുരുവായ ശുക്രനും ബലിയെ അനുഗ്രഹിച്ചു. ബലി തന്റെ പ്രതാപമേറിയ സൈന്യവുമായി, സ്വര്‍ഗ്ഗത്തെ ആക്രമിച്ചു. സ്വര്‍ഗ്ഗത്തിന്റെ തലസ്ഥാനനഗരി അതിസുന്ദരവും ഐശ്വര്യം നിറഞ്ഞതും വിപുലവുമായിരുന്നു. നന്ദനോദ്യാനങ്ങളില്‍ വറ്റാത്ത നീരുരവകള്‍. അവിടെ വസിക്കുന്ന പക്ഷിമൃഗാദികള്‍. ദിവ്യനദിയായ ആകാശഗംഗയാല്‍ തീര്‍ത്ത കിടങ്ങാണ്‌ കോട്ടക്കു ചുറ്റും. കോട്ടയുടെ ചുമരുകള്‍ തനി തങ്കംകൊണ്ടു തീര്‍ത്തവയുമാണ്‌. സ്വര്‍ഗ്ഗശില്‍പ്പിയായ വിശ്വകര്‍മ്മാവിന്റെ സങ്കല്‍പ്പത്തിലും കൈവിരുതിലുമാണ്‌ നഗരം നിര്‍മ്മിച്ചിരിക്കുന്നത്‌. ഭംഗിയായി നിര്‍മ്മിച്ച പാതകളും നടപ്പാതകളും, അവിടങ്ങളില്‍ രത്നങ്ങളും വിലപിടിച്ച കല്ലുകളും പതിപ്പിച്ചിരിക്കുന്നു. അനിതരസാധാരണമായ സൗന്ദര്യമുളള അപ്സരസ്സുകള്‍ ഒരിക്കലും കുറയാത്ത യൗവനവുമായി സ്വര്‍ണ്ണനിറമുളള പാതയിലൂടെ നടക്കുമ്പോള്‍ അവര്‍ക്കു സൗന്ദര്യമേറുന്നു. സ്വര്‍ഗ്ഗീയമായ സംഗീതം എങ്ങും കേള്‍ക്കാം. അധാര്‍മ്മികള്‍ക്കീനഗരത്തില്‍ പ്രവേശനമില്ല. ധര്‍മ്മിഷ്ഠര്‍ക്കുമാത്രമാണിവിടെ പ്രവേശിക്കാനനുവാദമുളളു.

ബലിയുടെ സൈന്യം നഗരത്തെ കീഴടക്കുന്നതറിഞ്ഞു് നഗരവാസികള്‍ പരിഭ്രാന്തരായി. ഇന്ദ്രന്‍ ദേവഗുരുവായ ബൃഹസ്പതിയെ സമീപിച്ച്‌ ബലിക്ക്‌ ഇവ്വിധമായ ശക്തിയെങ്ങനെയുണ്ടായി എന്നാരാഞ്ഞു.

ബൃഹസ്പതി പറഞ്ഞു: ബലി എങ്ങനെയാണിത്ര ശക്തിമാനായതെന്നു് നമുക്കറിയാം. മാമുനിമാരുടെ അനുഗ്രഹം കൊണ്ടാണിതു സാധിച്ചിട്ടുളളത്‌. ഭൃഗുമുനിയും ആത്മസാക്ഷാത്കാരം നേടിയ മറ്റു മുനിമാരും ബലിയെ അനുഗ്രഹിച്ചിരിക്കുന്നു. അവരുടെ ആത്മീയശക്തി ബലിയിലേക്ക്‌ സംക്രമിച്ചിരിക്കുന്നു. ബലിയോട്‌ പൊരുതുന്നത്‌ ബുദ്ധിയല്ല. അതുകൊണ്ട്‌ സ്വര്‍ഗ്ഗത്തെ കുറച്ചു കാലത്തേക്ക്‌ വിട്ടു കൊടുക്കുക. ബലിക്ക്‌ മാമുനിമാരില്‍ നിന്നു്‌ കിട്ടിയ ഈ ശക്തിവിശേഷം താമസംവിനാ ഇല്ലാതാവും. ബലി മുനിമാരെ നിന്ദിക്കാനിടവരുമ്പോഴാണ്‌ അതു സംഭവിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക്‌ സിംഹാസനം തിരിച്ചു കിട്ടും. ഇന്ദ്രന്‍ ഒഴിഞ്ഞുപോയ സിംഹാസനം, ബലി കരസ്ഥമാക്കി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF